സ്ഥലപരിമിതി മാറി, കാറ്റും വെളിച്ചവും വന്നു; പുത്തനായി മാറി 25 വര്‍ഷം പഴക്കമുള്ള ഇരുനിലവീട്

പഴയവീടും പുതുക്കി പണിത വീടും | Photo: Special arrangement
പഴയവീടും പുതുക്കി പണിത വീടും | Photo: Special arrangement

ര്‍ഷങ്ങള്‍ക്ക് മുമ്പ് പണിത വീട്ടില്‍ താമസിക്കുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് സ്ഥലപരിമിതി. വിവിധ സാഹചര്യങ്ങളില്‍ വീട്ടില്‍ ആളു കൂടുമ്പോള്‍ വീട്ടുകാർക്ക് ഇതൊരു വലിയ പ്രതിസന്ധിയാണ്. അതുകൊണ്ടുതന്നെ ഇന്ന് അണുകുടുംബങ്ങളുള്ളവർ പോലും വിശാലമായ സ്ഥലം ഉറപ്പുവരുത്തിക്കൊണ്ടാണ് വീട് നിര്‍മിക്കുന്നത്. എന്നാല്‍, വലിയ കേടുപാടുകളൊന്നുമില്ലാത്ത പഴയ വീട് പൂര്‍ണമായും പൊളിച്ചുപണിയാതെ പുതുക്കിപ്പണിയുക എന്നത് ഒരു നല്ല ചോയ്‌സാണ്. 

സ്ഥലപരിമിതിയുള്ള വീട് വിശാലമാക്കി, നന്നായി വെളിച്ചവും വായുവും കടക്കുന്ന രീതിയിലാക്കി മാറ്റാനാണ് കോഴിക്കോട് കൊയിലാണ്ടിയിലെ തോട്ടത്തില്‍ വീട്ടിലെ മജീദും കുടുംബവും തീരുമാനിച്ചത്. 25 വര്‍ഷം പഴക്കമുള്ള അവരുടെ വീട് പൊളിക്കാതെ കൂടുതല്‍ സൗകര്യമുള്ളതാക്കി മാറ്റണം എന്നതായിരുന്നു ആവശ്യം. 

10.5 സെന്റ് സ്ഥലത്ത് രണ്ടുനിലയുള്ള കോണ്‍ക്രീറ്റ് വീടായിരുന്നു മുമ്പത്തേത്. ഇത് 1300 സ്‌ക്വയര്‍ഫീറ്റായിരുന്നു ഉണ്ടായിരുന്നത്. ഗ്രൗണ്ട് ഫ്‌ളോറില്‍ ഒന്നും മുകളിലത്തെ നിലയില്‍ രണ്ടും കിടപ്പുമുറികളുണ്ടായിരുന്ന പഴയവീടിനെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി പണിതെടുത്തപ്പോള്‍ രണ്ടായിരം സ്‌ക്വയര്‍ഫീറ്റാണുള്ളത്. 

വീട് പുതുക്കിയപ്പോള്‍ താഴത്തെ നിലയില്‍ ഡൈനിങ്, ലിവിങ്, ഏരിയകള്‍ ചേര്‍ത്തുവെച്ച് വിശാലമാക്കി. ഇതിന് ലളിതമായൊരു ഫാള്‍സ് സീലിങ് നല്‍കിയിട്ടുണ്ട്. ഡൈനിങ്ങില്‍ വലിയ ജനലുകളും വാഷ് ഏരിയയും കൂട്ടിച്ചേര്‍ത്തു. ഓപണ്‍ കിച്ചണ്‍ നിര്‍മിക്കുകയും അടുക്കളയില്‍ ലോണ്‍ട്രി സ്‌പേസ് നല്‍കുകയും ചെയ്തു. മുകളിലെ നിലയിലാകട്ടെ നിലവിലുണ്ടായിരുന്ന ബെഡ് റൂമിന് പുറമെ ഒന്നുകൂടി നിര്‍മിച്ചു. മൂന്ന് കിടപ്പുമുറികള്‍ക്കും അറ്റാച്ച്ഡ് ബാത്‌റൂം നല്‍കിയിട്ടുണ്ട്. 

ട്രോപിക്കല്‍ തീമിലാണ് അകവും പുറവും(ഇന്റീരിയറും എക്സ്റ്റീരിയറും) ഡിസൈന്‍ ചെയ്തത്. ടു ബൈ ടു കോട്ടാ സ്‌റ്റോണ്‍(Kota stone) ഉപയോഗിച്ചാണ് ഫ്‌ളോറിങ്. പഴയ വീട്ടിലെ  സ്റ്റെയര്‍ പൊളിച്ച് മരവും സ്റ്റീലും ഉപയോഗിച്ചാണ് പുത്തന്‍ രീതിയില്‍ സ്‌റ്റെയര്‍ പണിതിരിക്കുന്നത്. അകത്തെ ചുമരുകളില്‍ സിമന്റിന്റെ ടെക്സ്റ്റര്‍ പെയിന്റുകളും നല്‍കിയിട്ടുണ്ട്. 

എക്‌സ്റ്റീരിയറിന് ട്രോപ്പിക്കല്‍ ഫീല്‍ കൊണ്ടുവരാനായി ലാറ്ററേറ്റ് ക്ലാഡിങും നാചുറല്‍ സ്റ്റോണ്‍ ക്ലാഡിങും ചെയ്തിട്ടുണ്ട്. റൂഫില്‍ ട്രസ് വര്‍ക്ക് ചെയ്ത് സീലിങ് ഓടും ചെയ്തതോടെ പഴയ വീടിന്റെ ലുക്ക് പാടേ മാറി. പഴയ ഓടാണ് റൂഫ് ടൈലിനായി ഉപയോഗിച്ചത്.  

പഴയവീട്ടില്‍ കാര്‍ പോര്‍ച്ചുണ്ടായിരുന്നില്ല.  ഇപ്പോള്‍ പോര്‍ച്ച് പുതുതായി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. വലിയ ടെറസ്സായിരുന്നു പഴയ വീടിനുണ്ടായിരുന്നതെങ്കില്‍ വീടിന്റെ പുതിയ ലുക്കിന് പുതുതായി നിര്‍മിച്ച ഓപണ്‍ ബാല്‍ക്കണി ഭംഗികൂട്ടിയിട്ടുണ്ട്. മെറ്റല്‍ ഗ്രില്ലുകൊണ്ട് ബാല്‍ക്കണിയുടെ മുന്‍ഭാഗം കവര്‍ ചെയ്തതായും കാണാം. 

Location : Koyilandi, Kozhikode
Architectural firm : Meadowbrown Architecture, Chevarambalam, Kozhikode
Email: meadowbrownarchitecture@gmail.com
Mob: 9037776672

Content Highlights: 25 years old renovated house Kerala