റിലേഷൻഷിപ്പ് തകർത്തുകളയുന്ന മെഴ്സി സെക്സ്,സമ്മർദമായി മാറുന്ന സെക്സ്പെക്ടേഷൻ; അറിഞ്ഞിരിക്കാം

ദിവസം മുഴുവൻ ജോലിത്തിരക്ക്. വീട്ടിലെത്തിയിട്ടും തീരാത്ത ഉത്തരവാദിത്തങ്ങൾ. ഒടുവിൽ കിടക്കയിലെത്തുമ്പോൾ ആഗ്രഹിക്കുന്നത് ഒന്നുമാത്രം, സ്വസ്ഥമായൊന്ന് ഉറങ്ങണം. എന്നാൽ പങ്കാളിക്ക് ആ സമയത്ത് ശാരീരികബന്ധത്തിലേർപ്പെടാനാണ് താൽപര്യമെങ്കിലോ? താൽപര്യമില്ലെങ്കിലും പങ്കാളിയെ നിരാശപ്പെടുത്തേണ്ടെന്ന് കരുതി സമ്മതിക്കുന്നവരുണ്ട്. ഇനി വേണ്ടെന്നുപറഞ്ഞാൽ പങ്കാളിക്ക് വിഷമമാകുമോ, അതൊരു വഴക്കിന് കാരണമാകുമോ എന്നിങ്ങനെയുള്ള ചിന്തകളായിരിക്കും അപ്പോൾ മനസ്സിലൂടെ കടന്നുപോകുന്നത്. ഇത്തരത്തിൽ സ്വന്തം ആഗ്രഹത്തെക്കാൾ പങ്കാളിയുടെ പ്രതീക്ഷകൾക്ക് പ്രാധാന്യം നൽകി ശാരീരികബന്ധത്തിലേർപ്പെടുന്നതിനെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന പദമാണ് 'മെഴ്സി സെക്സ്'. ദീർഘകാല പ്രണയബന്ധങ്ങളിലും ദാമ്പത്യബന്ധങ്ങളിലും പലരും അനുഭവിക്കുന്നതും എന്നാൽ തുറന്നുപറയാൻ മടിക്കുന്നതുമായ വിഷയമാണിത്. ലൈംഗികബന്ധത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ എങ്ങനെയാണ് ബന്ധങ്ങളിൽ സമ്മർദം സൃഷ്ടിക്കുന്നതെന്ന് വിശദീകരിക്കുകയാണ് സെക്സ് ആൻഡ് റിലേഷൻഷിപ്പ് വിദഗ്ധർ.
സ്വന്തമായി ലൈംഗികതാൽപര്യമില്ലാത്തപ്പോഴും പങ്കാളിയെ സന്തോഷിപ്പിക്കാനോ വഴക്ക് ഒഴിവാക്കാനോ ബന്ധം നിലനിർത്താനോ വേണ്ടി ലൈംഗികബന്ധത്തിലേർപ്പെടുന്നതിനെയാണ് മെഴ്സി സെക്സ് എന്നു പറയുന്നത്. ഗവേഷണങ്ങളിൽ ഇതിനെ 'സെക്ഷ്വൽ കംപ്ലയൻസ്' എന്നും വിശേഷിപ്പിക്കാറുണ്ടെന്ന് സെക്സ് ആൻഡ് റിലേഷൻഷിപ്പ് കോച്ച് മരിയൻ മാർട്ടിനെസ് പറയുന്നു. പങ്കാളിയുടെ ആഗ്രഹം നിറവേറ്റാനോ നിരസിച്ചതിന്റെ പേരിലുണ്ടാകാവുന്ന പ്രതികരണങ്ങൾ ഒഴിവാക്കാനോ സ്വന്തം താൽപര്യമില്ലാതെ ലൈംഗികബന്ധത്തിന് സമ്മതിക്കുന്ന സാഹചര്യങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. മാർട്ടിനെസ് ഒരു പഠനത്തിൽ പറയുന്നത് സ്ഥിരമായ പ്രണയബന്ധങ്ങളിലുള്ള 34 ശതമാനം പേർ പങ്കാളിയെ സന്തോഷിപ്പിക്കാൻ ശാരീരികബന്ധത്തിലേർപ്പെട്ടതായാണ്. പ്രതികൂലമായ പ്രത്യാഘാതങ്ങൾ ഭയന്നാണ് അങ്ങനെ ചെയ്തതെന്ന് 14 ശതമാനം പേരും വ്യക്തമാക്കി.
ജേണൽ ഓഫ് സെക്സ് ആൻഡ് മാരിറ്റൽ തെറാപ്പിയിൽ പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തിൽ, ദീർഘകാലമായി ലൈംഗികതാൽപര്യം കുറഞ്ഞ സ്ത്രീകൾ പോലും മാസത്തിൽ രണ്ടോ മൂന്നോ തവണ ശാരീരികബന്ധത്തിലേർപ്പെടുന്നതായി കണ്ടെത്തിയിരുന്നു. എന്നാൽ താൽപര്യമില്ലാത്തപ്പോഴുള്ള എല്ലാ ലൈംഗികബന്ധങ്ങളും ഒരുപോലെയല്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ചില അവസരങ്ങളിൽ താൽപര്യം തുടക്കത്തിൽ അനുഭവപ്പെടണമെന്നില്ല. എന്നാൽ പങ്കാളിയുമായുള്ള അടുപ്പവും സ്നേഹപ്രകടനങ്ങളും ആ താൽപര്യം പിന്നീട് വളർത്തിയെടുക്കാം.
അതുകൊണ്ടുതന്നെ തുടക്കത്തിൽ വലിയ താൽപര്യമില്ലെങ്കിലും സ്വന്തം ഇഷ്ടപ്രകാരം പങ്കാളിയുമായി അടുത്തിടപഴകുന്നത് എല്ലായ്പ്പോഴും ദോഷകരമല്ലെന്ന് തെറാപ്പിസ്റ്റ് ലൂസി ഫ്രാങ്ക് പറയുന്നു.പക്ഷേ, പങ്കാളിയുടെ വികാരങ്ങൾ നിയന്ത്രിക്കാനോ വഴക്ക് ഒഴിവാക്കാനോ ബന്ധം തകരാതിരിക്കാനോ വേണ്ടി ഒരാൾ പതിവായി സ്വന്തം ആഗ്രഹങ്ങൾ മാറ്റിവയ്ക്കുന്നുണ്ടെങ്കിൽ അത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇത്തരത്തിലുള്ള അനുഭവങ്ങൾ ആവർത്തിക്കുമ്പോൾ ലൈംഗികബന്ധം സന്തോഷം നൽകുന്ന ഒന്നെന്നതിനു പകരം നിർബന്ധമായും ചെയ്തുതീർക്കേണ്ട ഉത്തരവാദിത്തമായി തോന്നിത്തുടങ്ങാം. ഇത് പങ്കാളിയിൽ ആശങ്കയുണ്ടാക്കാനും കാരണമാകും. ഇത് മറ്റൊരു പ്രശ്നത്തിനും കാരണമാകാം. ലൈംഗികബന്ധം നടക്കാത്തപ്പോൾ ഒരാൾക്ക് താൻ നിരസിക്കപ്പെട്ടതായി തോന്നുന്നു. മറ്റേയാൾക്ക് സമ്മർദവും അനുഭവപ്പെടുന്നു. ആ സമ്മർദം ഒഴിവാക്കാൻ ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ അത് ഒരു കടമയായി മാറുകയും പിന്നീട് താൽപര്യം കൂടുതൽ കുറയുകയും ചെയ്യാം.
എന്താണ് 'സെക്സ്പെക്ടേഷൻ'?
ഒരു പ്രണയബന്ധത്തിലോ ദാമ്പത്യത്തിലോ നിശ്ചിത ഇടവേളകളിൽ ലൈംഗികബന്ധം ഉണ്ടായിരിക്കണമെന്ന പ്രതീക്ഷയെയാണ് 'സെക്സ്പെക്ടേഷൻ' എന്ന പദം സൂചിപ്പിക്കുന്നത്. ആഴ്ചയിൽ എത്ര തവണ, എത്ര ദിവസം ഇടവേള വരാം, പങ്കാളിയുടെ ആഗ്രഹം എത്രത്തോളം നിറവേറ്റണം തുടങ്ങിയ ചിന്തകൾ ചില ബന്ധങ്ങളിൽ സമ്മർദമായി മാറാറുണ്ട്. ഇത്തരം പ്രതീക്ഷകൾ പങ്കാളികൾ തുറന്നുപറഞ്ഞിരിക്കണമെന്നില്ല. എന്നാൽ പറയാതെതന്നെ അവ ബന്ധത്തിനുള്ളിൽ നിലനിൽക്കാം. ലൈംഗികബന്ധം ഒരു നിശ്ചിത ആവൃത്തിയിൽ നടക്കേണ്ടതാണെന്ന ധാരണ രൂപപ്പെടുമ്പോൾ പ്രതീക്ഷകൾ വളരെ വേഗം സമ്മർദമായി മാറുമെന്ന് ലൂസി ഫ്രാങ്ക് വിശദീകരിക്കുന്നു. ആ സമ്മർദം സ്വാഭാവികമായ ലൈംഗികതാൽപര്യം വളരാൻ സഹായിക്കണമെന്നില്ല. മറിച്ച് താൽപര്യം കുറയാൻ കാരണമാകുകയും ചെയ്യുമെന്ന് അവർ പറയുന്നു.
സ്വന്തം ആഗ്രഹങ്ങൾ തുറന്നുപറയാൻ പഠിക്കണം
പങ്കാളിയെ നിരാശപ്പെടുത്തുമെന്ന ഭയം കാരണം ശാരീരികബന്ധത്തിന് സമ്മതിക്കുന്ന ശീലം മാറ്റിയെടുക്കുന്നത് എളുപ്പമാകണമെന്നില്ല. സമ്മതം നൽകുന്നതും അത് യഥാർഥത്തിൽ ആഗ്രഹിക്കുന്നതും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കേണ്ടതുണ്ട്. സ്വന്തം തീരുമാനത്തിൽ സമ്മർദമോ ഭയമോ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കാം.പങ്കാളിയുടെ സന്തോഷത്തിനുവേണ്ടി സ്വന്തം അസ്വസ്ഥതകൾ നിരന്തരം അവഗണിക്കേണ്ടിവരുന്നുണ്ടെങ്കിൽ അതിനെക്കുറിച്ച് തുറന്നുസംസാരിക്കണം. ആവശ്യമെങ്കിൽ റിലേഷൻഷിപ്പ് കൗൺസലറുടെയോ സെക്സ് തെറാപ്പിസ്റ്റിന്റെയോ സഹായവും തേടാം.
Content Highlights: Mercy sex is engaging in physical intimacy without personal desire to please a partner or avoid conflict., Sexpectations refer to unexpressed or rigid expectations about the frequency and nature of sex in a relationship., Constant sexual compliance can turn intimacy into a stressful chore, reducing natural desire., Open communication and setting boundaries are essential to reduce pressure and improve emotional connection.