തെറ്റ് ചെയ്തിട്ട് പങ്കാളി മാപ്പ് പറഞ്ഞില്ലെങ്കിൽ കടുത്ത ദേഷ്യം തോന്നാറുണ്ടോ? കാരണമിതാണ്

#ലൈഫ് സ്റ്റൈല്‍ ഡെസ്‌ക്
representative image|photo:canva
representative image|photo:canva

ബന്ധങ്ങളിൽ പങ്കാളിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന തെറ്റുകൾക്ക് ശേഷം അവർ എങ്ങനെ പ്രതികരിക്കുന്നു എന്നത് ബന്ധത്തിന്റെ ഭാവിയെ സ്വാധീനിക്കുമെന്ന് പുതിയ പഠനം. പങ്കാളി മാപ്പുപറയാതെ ഒഴിഞ്ഞുമാറുകയോ കുറ്റം തിരിച്ചേൽപ്പിക്കുകയോ ചെയ്യുമ്പോൾ ആൻഷ്യസ് അറ്റാച്ച്‌മെന്റ് ശൈലിയുള്ളവർക്ക് മനസ്സിൽ വൈരാഗ്യം സൂക്ഷിക്കാനും പങ്കാളിയിൽനിന്ന് അകന്നുനിൽക്കാനും ക്ഷമിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടാനും സാധ്യത കൂടുതലാണെന്നാണ് കണ്ടെത്തൽ. ഒരു ബന്ധത്തിൽ ചെറിയ പിണക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും തെറ്റിദ്ധാരണകളുമെല്ലാം സ്വാഭാവികമാണ്. ചിലപ്പോൾ ഒരാളുടെ വാക്കുകളോ പ്രവൃത്തികളോ മറ്റൊരാളെ വേദനിപ്പിച്ചെന്നും വരാം. അത്തരം സാഹചര്യങ്ങളിൽ തെറ്റ് ചെയ്തയാൾ ആത്മാർഥമായി മാപ്പുപറയുകയും പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്താൽ ബന്ധത്തിൽ വീണ്ടും വിശ്വാസം വളർത്താൻ കഴിയും. എന്നാൽ തെറ്റ് സമ്മതിക്കാതെ ഒഴിഞ്ഞുമാറുകയോ മറിച്ച് മറ്റേയാളുടെ മേൽ കുറ്റം ചുമത്തുകയോ ചെയ്താലോ? അത്തരം പ്രതികരണങ്ങൾ ബന്ധത്തിൽ കൂടുതൽ അകൽച്ചയുണ്ടാക്കാം.പ്രത്യേകിച്ച്, പങ്കാളിയിൽനിന്ന് അകന്നുപോകുമോ എന്ന ഭയവും നിരന്തരം സ്‌നേഹവും പരിഗണനയും ഉറപ്പാക്കണമെന്ന ആഗ്രഹവുമുള്ളവരെ (ആൻഷ്യസ് അറ്റാച്ച്‌മെന്റ്)ഇത് കൂടുതൽ ബാധിച്ചേക്കാം. പങ്കാളി മാപ്പുപറയാൻ തയ്യാറാകാത്ത സാഹചര്യത്തിൽ ഇത്തരക്കാർ കൂടുതൽ കാലം പക മനസ്സിൽ സൂക്ഷിക്കാനും ക്ഷമിക്കാൻ മടിക്കാനും സാധ്യതയുണ്ടെന്നാണ് 'The Journal of Social Psychology'യിൽ പ്രസിദ്ധീകരിച്ച പുതിയ പഠനം പറയുന്നത്.

also read : മകൾ ഇനായയുടെ ജനനത്തിന് മുൻപ് രണ്ട് തവണ കെമിക്കൽ പ്രഗ്‌നൻസി; തുറന്നുപറഞ്ഞ് സോഹ അലി ഖാൻ

എന്താണ് അറ്റാച്ച്‌മെന്റ് ശൈലി?

അടുത്ത ബന്ധങ്ങളിൽ ഒരാൾ എങ്ങനെ പെരുമാറുന്നു, സ്‌നേഹവും അടുപ്പവും എങ്ങനെ അനുഭവിക്കുന്നു, പങ്കാളിയുടെ പ്രതികരണങ്ങളെ എങ്ങനെ വിലയിരുത്തുന്നു തുടങ്ങിയ കാര്യങ്ങളെ സ്വാധീനിക്കുന്ന മാനസിക രീതിയാണ് അറ്റാച്ച്‌മെന്റ് ശൈലി. മനഃശാസ്ത്രജ്ഞർ പ്രധാനമായും രണ്ട് തരത്തിലുള്ള അറ്റാച്ച്‌മെന്റ് അരക്ഷിതാവസ്ഥകളെക്കുറിച്ചാണ് പറയുന്നത്.

ആൻഷ്യസ് അറ്റാച്ച്‌മെന്റ്

പങ്കാളിയുടെ സ്‌നേഹവും ശ്രദ്ധയും നിരന്തരം ഉറപ്പാക്കാൻ ആഗ്രഹിക്കുന്നവരിലാണ് ഈ രീതി കൂടുതലായി കാണുന്നത്. പങ്കാളി അകന്നുപോകുമോ, തങ്ങളെ ഉപേക്ഷിക്കുമോ, വേണ്ടത്ര സ്‌നേഹിക്കുന്നില്ലേ തുടങ്ങിയ ചിന്തകൾ ഇവരെ അലട്ടാം. ചെറിയ തർക്കങ്ങൾ പോലും ബന്ധം തകരുമോ എന്ന ഭയത്തിലേക്ക് നയിച്ചേക്കാം.

അവോയ്ഡന്റ് അറ്റാച്ച്‌മെന്റ്

വൈകാരികമായ അടുപ്പത്തോട് അസ്വസ്ഥത തോന്നുകയും സ്വന്തം സ്വാതന്ത്ര്യത്തിനും വ്യക്തിപരമായ ഇടത്തിനും കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്യുന്ന രീതിയാണിത്. പ്രശ്‌നങ്ങളുണ്ടാകുമ്പോൾ വികാരങ്ങൾ തുറന്നുപറയുന്നതിനുപകരം അകന്നുനിൽക്കാൻ ഇവർ ശ്രമിച്ചേക്കാം.

പങ്കാളി മാപ്പുപറയാതിരുന്നാൽ എന്ത് സംഭവിക്കും?

തെറ്റ് ചെയ്ത പങ്കാളി ആത്മാർഥമായി മാപ്പുപറയുന്നതിനുപകരം ഒഴികഴിവുകൾ പറയുകയോ സ്വന്തം തെറ്റ് നിഷേധിക്കുകയോ മറ്റേയാളെ കുറ്റപ്പെടുത്തുകയോ ചെയ്യുമ്പോൾ അതിനെ ഗവേഷകർ 'നോൺ-അപ്പോളജി' എന്നാണ് വിശേഷിപ്പിക്കുന്നത്.അതായത്, വെറുതെ മാപ്പുപറയാതിരിക്കുന്നതല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. സ്വന്തം തെറ്റ് അംഗീകരിക്കാതിരിക്കുകയും ഉത്തരവാദിത്തം ഏറ്റെടുക്കാതെ പ്രതിരോധത്തിലേക്ക് മാറുകയും ചെയ്യുന്ന പ്രതികരണങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. പങ്കാളിയുടെ ഇത്തരം പെരുമാറ്റം ആൻഷ്യസ് അറ്റാച്ച്‌മെന്റ് ശൈലിയുള്ളവരിൽ കൂടുതൽ അസ്വസ്ഥതയുണ്ടാക്കാം. തങ്ങളുടെ വികാരങ്ങൾക്ക് പങ്കാളി വിലകൽപ്പിക്കുന്നില്ലെന്നും തങ്ങളെ മനസ്സിലാക്കാൻ ശ്രമിക്കുന്നില്ലെന്നും അവർക്ക് തോന്നാം. ഇതിന്റെ ഫലമായി പക മനസ്സിൽ സൂക്ഷിക്കുക, പങ്കാളിയിൽനിന്ന് അകന്നുനിൽക്കുക, ക്ഷമിക്കാൻ തയ്യാറാകാതിരിക്കുക തുടങ്ങിയ പ്രതികരണങ്ങൾ ഉണ്ടാകാം.

കാനഡയിലെ ഗവേഷകരായ ബ്രിയാന ഡേവിസണും സഹപ്രവർത്തകരുമാണ് പഠനത്തിന് നേതൃത്വം നൽകിയത്.

കുറഞ്ഞത് ആറുമാസമെങ്കിലും പ്രണയബന്ധത്തിലായിരുന്ന 121 ജോഡികളിലെ 242 പേരാണ് ആദ്യ പഠനത്തിൽ പങ്കെടുത്തത്. ഇവരുടെ ശരാശരി പ്രായം 36 വയസ്സായിരുന്നു. ശരാശരി 12.6 വർഷമായിരുന്നു ബന്ധത്തിന്റെ ദൈർഘ്യം.

പങ്കാളിയുമായുണ്ടായിട്ടുള്ളതും ഇതുവരെ പരിഹരിക്കപ്പെടാത്തതുമായ ഒരു തർക്കത്തെക്കുറിച്ച് ഓരോരുത്തരോടും വിവരിക്കാൻ ആവശ്യപ്പെട്ടു. പങ്കാളി മാപ്പുപറയാൻ തയ്യാറായിരുന്നോ, സ്വന്തം തെറ്റ് നിഷേധിച്ചോ, മറിച്ച് കുറ്റം ചുമത്തിയോ തുടങ്ങിയ കാര്യങ്ങളും പരിശോധിച്ചു.പങ്കാളിയോട് പക സൂക്ഷിക്കുന്നുണ്ടോ, അവരിൽനിന്ന് അകന്നുനിൽക്കുന്നുണ്ടോ, ക്ഷമിക്കാൻ തയ്യാറാകുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും വിലയിരുത്തി.

ആദ്യ പഠനത്തിലെ കണ്ടെത്തലുകൾ കൂടുതൽ വ്യക്തമായി പരിശോധിക്കാൻ 538 പേരെ ഉൾപ്പെടുത്തി രണ്ടാമത്തെ പഠനം നടത്തി. ഇവരുടെ ശരാശരി പ്രായം 25 വയസ്സായിരുന്നു. ശരാശരി 5.5 വർഷമായി പ്രണയബന്ധത്തിലായിരുന്നു ഇവർ. ആദ്യ പഠനത്തിന് സമാനമായി പങ്കാളിയിൽനിന്നുണ്ടായ തെറ്റുകളും അതിനുശേഷമുള്ള പ്രതികരണങ്ങളും വിലയിരുത്തി. ഇവിടെയും പങ്കാളിയുടെ പ്രതികരണത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് കണ്ടെത്തി. പങ്കാളി മാപ്പുപറയാൻ തയ്യാറാകാത്ത സാഹചര്യത്തിൽ ആൻഷ്യസ് അറ്റാച്ച്‌മെന്റ് ശൈലിയുള്ളവർ കൂടുതൽ പക സൂക്ഷിക്കുകയും പങ്കാളിയിൽനിന്ന് അകന്നുനിൽക്കുകയും ക്ഷമിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്തു.

മൂന്നാമത്തെ പഠനത്തിൽ ശരാശരി 22 വയസ്സുള്ള 334 സർവകലാശാല വിദ്യാർഥികളാണ് പങ്കെടുത്തത്. ഇവരുടെ പ്രണയബന്ധങ്ങളുടെ ശരാശരി ദൈർഘ്യം 2.5 വർഷമായിരുന്നു. പങ്കാളിയുമായുണ്ടായ യഥാർഥ തർക്കത്തെക്കുറിച്ച് എഴുതിയശേഷം ഗവേഷകർ പഠനം നടത്തി. എന്നാൽ പങ്കാളി പൂർണമായും പ്രതികരിക്കാതിരിക്കുന്ന സാഹചര്യത്തിൽ ആൻഷ്യസ് അറ്റാച്ച്‌മെന്റ് ശൈലിയുള്ളവർക്ക് കൂടുതൽ വൈകാരിക ബുദ്ധിമുട്ടും പ്രതികൂലമായ പെരുമാറ്റത്തിനുള്ള പ്രവണതയും ഉണ്ടായി.

മാപ്പുപറയാതിരിക്കുന്നതിനേക്കാൾ വേദനിപ്പിക്കുന്നത് മൗനമോ?

പഠനത്തിലെ ഏറ്റവും ശ്രദ്ധേയമായ കണ്ടെത്തലുകളിലൊന്നായിരുന്നു പങ്കാളിയുടെ മൗനവുമായി ബന്ധപ്പെട്ടത്. പങ്കാളി കുറ്റപ്പെടുത്തിക്കൊണ്ടുള്ള സന്ദേശമയച്ചാലും അത് ഒരു തരത്തിലുള്ള പ്രതികരണമാണ്. അതിലൂടെ ആശയവിനിമയത്തിനും പിന്നീട് പ്രശ്‌നം പരിഹരിക്കാനുമുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. എന്നാൽ തർക്കത്തിനുശേഷം പങ്കാളി പൂർണമായും മിണ്ടാതിരിക്കുകയോ സന്ദേശങ്ങൾക്ക് മറുപടി നൽകാതിരിക്കുകയോ ചെയ്യുന്നത് ബന്ധത്തിൽനിന്നുള്ള പൂർണമായ പിന്മാറ്റമായി തോന്നാം. ഇത്തരം സാഹചര്യങ്ങൾ ആൻഷ്യസ് അറ്റാച്ച്‌മെന്റ് ശൈലിയുള്ളവരിൽ കൂടുതൽ ഭയമുണ്ടാക്കാമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. മാത്രമല്ല, പങ്കാളിയുടെ മൗനം പലതരത്തിൽ വ്യാഖ്യാനിക്കപ്പെടാം. എന്തുകൊണ്ടാണ് മറുപടി നൽകാത്തത്, ബന്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടോ, ഇനി തങ്ങളോട് സംസാരിക്കില്ലേ തുടങ്ങിയ ചിന്തകൾ ഇവരിൽ ഉയരാം. അനിശ്ചിതത്വമുള്ള സാഹചര്യങ്ങളെ കൂടുതൽ നെഗറ്റീവായി കാണാനുള്ള പ്രവണതയും ഇതിന് കാരണമാകാമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ചുരുക്കത്തിൽ, പ്രണയബന്ധങ്ങളിലെ തർക്കങ്ങൾക്കുശേഷം മാപ്പുപറയുക എന്നത് ഒരു ഔപചാരികത മാത്രമല്ല. പങ്കാളിയുടെ വികാരങ്ങളെ അംഗീകരിക്കുകയും തെറ്റിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും വീണ്ടും ആശയവിനിമയത്തിന് തയ്യാറാകുകയും ചെയ്യുന്നതും പ്രധാനമാണ്. അതേസമയം, ക്ഷമിക്കാനും ബന്ധത്തിലെ പ്രശ്‌നങ്ങൾ ആരോഗ്യകരമായി കൈകാര്യം ചെയ്യാനും ഇരുപങ്കാളികൾക്കും ഉത്തരവാദിത്തമുണ്ട്.

Content Highlights: Partners refusing to apologize or shifting blame creates emotional distance., Individuals with anxious attachment styles struggle more with forgiveness and hold onto resentment., Complete silence or stonewalling can be more painful than defensive arguments., Genuine apologies and taking responsibility rebuild trust in relationships.