വെറുതെയിരിക്കുമ്പോൾ കുറ്റബോധം തോന്നാറുണ്ടോ?വിശ്രമിക്കാൻ പോലും കഴിയാത്തതിന് പിന്നിൽ ഈ കാരണങ്ങൾ

representative image|photo:canva
representative image|photo:canva

ഞായറാഴ്ചയാണ്, ജോലിയില്ല, അത്യാവശ്യമായി ചെയ്തുതീർക്കേണ്ട കാര്യങ്ങളുമില്ല. അൽപനേരം കിടന്നുറങ്ങാമെന്നോ ഇഷ്ടമുള്ള സിനിമ കാണാമെന്നോ കരുതുന്നു. എന്നാൽ വിശ്രമിക്കാൻ തുടങ്ങുമ്പോഴേക്കും മനസ്സിൽ മറ്റൊരു ചിന്തയെത്തും. 'ഇങ്ങനെ വെറുതെയിരുന്ന് സമയം കളയണോ?', 'ഈ സമയംകൊണ്ട് എന്തെങ്കിലും ഉപകാരമുള്ള കാര്യം ചെയ്യാമായിരുന്നില്ലേ?', 'മറ്റുള്ളവരെല്ലാം എന്തെങ്കിലും ചെയ്യുന്നുണ്ടാകും'. ഒടുവിൽ വിശ്രമിക്കാനുള്ള സമയം പോലും കുറ്റബോധത്തോടെ ചെലവഴിക്കും. ഇത്തരം ചിന്തകൾ നിങ്ങൾക്ക് ഉണ്ടാകാറുണ്ടോ?

ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ ക്ഷീണം തോന്നുകയും വിശ്രമിക്കാൻ അവസരം ലഭിക്കുമ്പോൾ മനസ്സമാധാനം നഷ്ടപ്പെടുകയും ചെയ്യുന്ന അനുഭവം പലർക്കുമുണ്ട്. ഒന്നും ചെയ്യാതിരിക്കുന്നത് സമയം പാഴാക്കുന്നതാണെന്ന ചിന്തയാണ് ഇതിന് പിന്നിൽ. എന്നാൽ വിശ്രമിക്കുമ്പോൾ പോലും കുറ്റബോധം തോന്നുന്നത് എന്തുകൊണ്ടാണ്? ഇതിന് പിന്നിലെ മനഃശാസ്ത്രപരമായ കാരണങ്ങൾ വിശദീകരിക്കുകയാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. അനിത ഭരതൻ. ഒരു അഭിമുഖത്തിലാണ് വിശ്രമത്തെയും ഉൽപാദനക്ഷമതയെയും കുറിച്ചുള്ള നമ്മുടെ ചിന്തകൾ മാനസികാരോഗ്യത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് അവർ വിശദീകരിച്ചത്.

എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കണം എന്ന ചിന്ത

ജോലി ചെയ്യുന്നതും തിരക്കിലായിരിക്കുന്നതും വിജയത്തിന്റെ അടയാളങ്ങളായാണ് പലരും കാണുന്നത്. കൂടുതൽ സമയം ജോലി ചെയ്യുന്നവരെയും ഒരേസമയം നിരവധി ഉത്തരവാദിത്വങ്ങൾ കൈകാര്യം ചെയ്യുന്നവരെയും സമൂഹം അഭിനന്ദിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ഒരാൾ സ്വന്തം മൂല്യത്തെ വിലയിരുത്തുന്നതുപോലും എത്രത്തോളം ജോലി ചെയ്യുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കാമെന്ന് ഡോ. അനിത ഭരതൻ പറയുന്നു. ചെറുപ്പം മുതൽ 'വെറുതെയിരിക്കരുത്', 'സമയം പാഴാക്കരുത്', 'എപ്പോഴും എന്തെങ്കിലും ചെയ്യണം' തുടങ്ങിയ നിർദേശങ്ങൾ കേട്ടുവളരുന്നവരുണ്ട്. വിശ്രമിക്കുന്നത് മടിയുടെ ലക്ഷണമാണെന്ന ധാരണയും ചിലരിൽ രൂപപ്പെട്ടേക്കാം.

കാലക്രമേണ ഈ ചിന്തകൾ മനസ്സിൽ ഉറച്ചുപോകും. എത്രമാത്രം ക്ഷീണിച്ചാലും വിശ്രമിക്കാൻ തനിക്ക് അർഹതയുണ്ടോ എന്ന് സ്വയം ചോദിക്കുന്ന അവസ്ഥയിലേക്ക് ഒരാൾ എത്തിച്ചേരാം. ശരീരത്തിന് വിശ്രമം ആവശ്യമാണെങ്കിലും മനസ്സ് ചെയ്തുതീർത്ത ജോലികളുടെ കണക്കെടുത്തുകൊണ്ടിരിക്കും. മതിയായത്ര ജോലി ചെയ്തിട്ടില്ലെന്ന തോന്നൽ വിശ്രമസമയത്തുപോലും കുറ്റബോധമുണ്ടാക്കും.

ഒന്നും ചെയ്യാതിരിക്കുമ്പോൾ അസ്വസ്ഥത തോന്നുന്നത് എന്തുകൊണ്ട്?

ചിലർക്ക് തിരക്കില്ലാത്ത സമയം തന്നെ അസ്വസ്ഥതയുണ്ടാക്കാറുണ്ട്. ജോലി ചെയ്യുമ്പോഴോ മറ്റ് കാര്യങ്ങളിൽ മുഴുകിയിരിക്കുമ്പോഴോ സ്വന്തം ആശങ്കകളെക്കുറിച്ചും വിഷമങ്ങളെക്കുറിച്ചും അധികം ചിന്തിക്കാൻ അവസരം ലഭിക്കണമെന്നില്ല.എന്നാൽ ജോലികളെല്ലാം മാറ്റിവച്ച് ശാന്തമായി ഇരിക്കുമ്പോൾ മനസ്സിൽ അടക്കിവച്ചിരുന്ന ചിന്തകൾ പുറത്തുവരാം. പരിഹരിക്കാത്ത പ്രശ്‌നങ്ങൾ, ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ, സ്വന്തം കഴിവുകളെക്കുറിച്ചുള്ള സംശയങ്ങൾ തുടങ്ങിയവ ഈ സമയത്ത് കൂടുതൽ ശക്തമായി അനുഭവപ്പെട്ടേക്കാം. ഇത്തരം ചിന്തകളെ നേരിടുന്നതിനെക്കാൾ വീണ്ടും എന്തെങ്കിലും ജോലിയിൽ മുഴുകുന്നതാണ് ചിലർക്ക് എളുപ്പമായി തോന്നുന്നതെന്ന് ഡോ. അനിത പറയുന്നു.

അതുകൊണ്ടുതന്നെ വിശ്രമിക്കാൻ സമയം ലഭിച്ചാലും വീട്ടുജോലികളിലോ ഫോണിലോ മറ്റ് പ്രവർത്തനങ്ങളിലോ മുഴുകാൻ ശ്രമിക്കും. തിരക്കിലായിരിക്കുന്നത് മനസ്സിലെ അസ്വസ്ഥതകളിൽനിന്ന് താൽക്കാലികമായി ശ്രദ്ധ മാറ്റാനുള്ള മാർഗമായി മാറിയേക്കാം.

എല്ലാം പെർഫെക്ടായിരിക്കണം എന്ന നിർബന്ധം

എല്ലാ കാര്യങ്ങളും ഏറ്റവും മികച്ച രീതിയിൽ ചെയ്യണമെന്ന ആഗ്രഹവും വിശ്രമിക്കാൻ കഴിയാത്തതിന് കാരണമാകാം. ജോലിയിൽ ചെറിയൊരു പിഴവ് സംഭവിച്ചാലും അത് വലിയ പരാജയമായി കാണുക, ചെയ്തുതീർത്ത കാര്യങ്ങളെക്കാൾ ബാക്കിയുള്ള ജോലികളെക്കുറിച്ച് ചിന്തിക്കുക, മറ്റുള്ളവരുടെ പ്രതീക്ഷകൾ നിറവേറ്റാനായില്ലെങ്കിൽ വിഷമിക്കുക തുടങ്ങിയ ശീലങ്ങൾ ചിലർക്കുണ്ടാകാം.ഇത്തരത്തിലുള്ള പെർഫെക്ഷനിസം കാരണം ജോലി ഒരിക്കലും പൂർണമായി തീർന്നതായി തോന്നണമെന്നില്ല. വിശ്രമിച്ചാൽ മറ്റുള്ളവരെക്കാൾ പിന്നിലാകുമോ, ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ കഴിയാതെ വരുമോ, കാര്യങ്ങൾ കൈവിട്ടുപോകുമോ തുടങ്ങിയ ആശങ്കകളും ഉണ്ടാകാം. അങ്ങനെ വിശ്രമം ശരീരത്തിനും മനസ്സിനും ആശ്വാസം നൽകുന്ന ഒന്നായി കാണുന്നതിനു പകരം ഒഴിവാക്കേണ്ട കാര്യമായി അനുഭവപ്പെടാം.

വിശ്രമിക്കാതിരുന്നാൽ എന്ത് സംഭവിക്കും?

തിരക്കുള്ള ജീവിതത്തിൽ വിശ്രമം ഒഴിവാക്കുന്നത് കൂടുതൽ കാര്യങ്ങൾ ചെയ്തുതീർക്കാൻ സഹായിക്കുമെന്നാണ് ചിലരുടെ ധാരണ. എന്നാൽ മതിയായ വിശ്രമമില്ലാതെ തുടർച്ചയായി ജോലി ചെയ്യുന്നത് ശാരീരികവും മാനസികവുമായ ക്ഷീണം വർധിപ്പിക്കാം. വികാരങ്ങളെ നിയന്ത്രിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും ഓർമശക്തിയും തീരുമാനമെടുക്കാനുള്ള കഴിവും നിലനിർത്താനും വിശ്രമം പ്രധാനമാണെന്ന് ഡോ. അനിത പറയുന്നു. വിശ്രമമില്ലായ്മ കാരണം ചെറിയ കാര്യങ്ങൾക്കുപോലും ദേഷ്യം വരിക, ഏകാഗ്രത കുറയുക, തീരുമാനങ്ങളെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാകാം. പുറമേ നോക്കുമ്പോൾ ഒരാൾ വളരെ തിരക്കുള്ളവനും കാര്യക്ഷമതയുള്ളവനുമായി തോന്നിയേക്കാം. എന്നാൽ ഉള്ളിൽ കടുത്ത മാനസിക ക്ഷീണം അനുഭവപ്പെടുന്നുണ്ടാകാം. അതുകൊണ്ട് കൂടുതൽ സമയം ജോലി ചെയ്യുന്നത് എല്ലായ്‌പ്പോഴും കൂടുതൽ മികച്ച പ്രകടനത്തിന് കാരണമാകണമെന്നില്ല.

വിശ്രമിക്കാൻ ഇത്രയും പ്രയാസമാണോ?

ദിവസം മുഴുവൻ കഠിനാധ്വാനം ചെയ്താൽ മാത്രമേ വിശ്രമിക്കാൻ പാടുള്ളൂ എന്ന ചിന്ത പലർക്കുമുണ്ട്. എല്ലാ ജോലികളും പൂർത്തിയാക്കിയതിനുശേഷം മാത്രമേ സ്വന്തം ആവശ്യങ്ങൾക്ക് സമയം മാറ്റിവയ്ക്കാവൂ എന്നും കരുതും.

എന്നാൽ വിശ്രമം കഠിനാധ്വാനത്തിനുള്ള സമ്മാനമല്ലെന്ന് ഡോ. അനിത വ്യക്തമാക്കുന്നു. ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യകരമായ പ്രവർത്തനത്തിന് ആവശ്യമായ അടിസ്ഥാന ഘടകമാണത്. വിശ്രമിക്കാൻ അർഹത നേടുന്നതിനായി സ്വയം തളരുന്നതുവരെ ജോലി ചെയ്യേണ്ടതില്ല. ക്ഷീണം അനുഭവപ്പെടുമ്പോൾ വിശ്രമിക്കുന്നത് അലസതയല്ല, സ്വന്തം ആരോഗ്യത്തെ പരിഗണിക്കുന്നതിന്റെ ഭാഗമാണ്.

കുറ്റബോധമില്ലാതെ വിശ്രമിക്കാൻ എന്തുചെയ്യാം?

ഓരോ നിമിഷവും എന്തെങ്കിലും പ്രയോജനമുള്ള കാര്യം ചെയ്തുകൊണ്ടിരിക്കണമെന്ന ചിന്തയിൽ മാറ്റം വരുത്തുകയാണ് ആദ്യം വേണ്ടത്. ദിവസത്തിൽ ചെറിയ ഇടവേളകൾ വിശ്രമത്തിനായി മാറ്റിവയ്ക്കാം. എന്നാൽ ആ സമയത്തും എന്തെങ്കിലും നേട്ടമുണ്ടാക്കണമെന്ന ലക്ഷ്യം നിശ്ചയിക്കേണ്ടതില്ല. ഉദാഹരണത്തിന്, പത്ത് മിനിറ്റ് ശാന്തമായി ഇരിക്കുകയോ ഇഷ്ടമുള്ള സംഗീതം കേൾക്കുകയോ ചെയ്യാം. ആ സമയത്ത് മറ്റൊരു ജോലി പൂർത്തിയാക്കാത്തതിന്റെ പേരിൽ കുറ്റബോധം തോന്നുന്നുണ്ടെങ്കിൽ അതും ശ്രദ്ധിക്കാം. എന്തുകൊണ്ടാണ് വിശ്രമിക്കുമ്പോൾ അസ്വസ്ഥത തോന്നുന്നതെന്ന് സ്വയം ചോദിച്ചുനോക്കാം. സമയം പാഴാക്കുകയാണെന്നാണോ തോന്നുന്നത്? മറ്റുള്ളവരെക്കാൾ പിന്നിലാകുമെന്ന ഭയമാണോ? അതോ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ മാത്രമേ താൻ വിലപ്പെട്ട വ്യക്തിയാണെന്ന് തോന്നുന്നുള്ളൂവോ? ഇത്തരം ചിന്തകൾ തിരിച്ചറിയുന്നത് അവയിൽ മാറ്റം വരുത്താൻ സഹായിക്കും. വിശ്രമിക്കുമ്പോൾ കുറ്റബോധം തോന്നുന്നത് താൻ തെറ്റായ കാര്യം ചെയ്യുന്നു എന്നതിന്റെ തെളിവല്ല. കാലങ്ങളായി രൂപപ്പെട്ട ഒരു ചിന്താശീലത്തിന്റെ ഭാഗമായിരിക്കാമത്. അത്തരം ശീലങ്ങളിൽ ക്രമേണ മാറ്റം കൊണ്ടുവരാൻ സാധിക്കും.

എപ്പോഴാണ് വിദഗ്ധസഹായം തേടേണ്ടത്?

വിശ്രമിക്കാൻ കഴിയാത്ത അവസ്ഥ ദീർഘകാലം തുടരുകയും അതിനൊപ്പം അമിതമായ ഉത്കണ്ഠ, ഉറക്കപ്രശ്‌നങ്ങൾ, കടുത്ത മാനസിക ക്ഷീണം തുടങ്ങിയവ അനുഭവപ്പെടുകയും ചെയ്യുന്നുണ്ടെങ്കിൽ മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടുന്നത് നല്ലതാണ്. ഇത്തരം പ്രശ്‌നങ്ങൾക്ക് പിന്നിലുള്ള ചിന്താരീതികളും മാനസിക സമ്മർദങ്ങളും തിരിച്ചറിയാൻ വിദഗ്ധസഹായം പ്രയോജനപ്പെടും. ജീവിതത്തിൽ ലക്ഷ്യങ്ങളുണ്ടാകുന്നതും അധ്വാനിക്കുന്നതും പ്രധാനമാണ്. എന്നാൽ അതിനൊപ്പം വിശ്രമിക്കാനും സ്വന്തം ആവശ്യങ്ങൾ പരിഗണിക്കാനും സമയം കണ്ടെത്തണം. ഒരു ദിവസം എത്ര കാര്യങ്ങൾ ചെയ്തുതീർത്തു എന്നതുകൊണ്ടുമാത്രമല്ല ഒരാളുടെ മൂല്യം നിർണയിക്കപ്പെടുന്നത്. ചില ദിവസങ്ങളിൽ ഒന്നും ചെയ്യാതെ വിശ്രമിക്കുന്നതും ശരീരത്തിനും മനസ്സിനും ആവശ്യമായ കാര്യമാണ്.വിശ്രമം സമയം പാഴാക്കലല്ല. അടുത്ത ദിവസവും ആരോഗ്യത്തോടെയും മനസ്സമാധാനത്തോടെയും ജീവിക്കാൻ ശരീരത്തിനും മനസ്സിനും നൽകുന്ന അവസരമാണത്.

Content Highlights: Resting often triggers guilt due to deeply ingrained societal beliefs that constant busyness equals self-worth., Unstructured time can surface underlying anxieties, worries, and unresolved stress., Perfectionism makes people feel like tasks are never truly finished, preventing proper relaxation., Rest is not a reward for hard work but a biological and psychological necessity for health., Small intentional breaks and identifying toxic productivity mindsets can help overcome rest guilt.