'പ്രണയിക്കണമെങ്കിൽ ആ റസ്റ്റോറന്റിൽ പോകാം, പക്ഷേ ഒരിക്കലും ചിക്കൻ ഷാസൂർ കഴിക്കരുത്'; രാഹുൽ ഗാന്ധിയെ നിരാശപ്പെടുത്തിയ ആ ഫ്രഞ്ച് വിഭവം

#ലൈഫ്സ്റ്റൈൽ ഡെസ്ക്
ചിക്കന്‍ ഷാസൂര്‍ (Photo:Instagram/savorysamplings), രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും (Photo:PTI)
ചിക്കന്‍ ഷാസൂര്‍ (Photo:Instagram/savorysamplings), രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും (Photo:PTI)

ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള, ഒരു ഫ്രഞ്ച് വിഭവം പെട്ടെന്നൊരു ദിവസം ഇന്ത്യൻ വാർത്തകളിൽ നിറയുന്നു, അതിന് കാരണക്കാരനാകുന്നതാകട്ടെ രാഹുൽ ഗാന്ധിയും. സോണിയ ഗാന്ധിയുടെ ആത്മകഥയായ 'ബിലോംഗിംഗ്: എ ജേർണി ഓഫ് ലവ്' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ നടത്തിയ പ്രസംഗത്തിലാണ് രാഹുൽ ഗാന്ധി തന്റെ പഴയൊരു ഭക്ഷണാനുഭവം തമാശരൂപേണ പങ്കുവെച്ചത്. കേംബ്രിഡ്ജിലെ പ്രശസ്തമായ 'വാഴ്സിറ്റി' എന്ന ഗ്രീക്ക് റസ്റ്റോറന്റിൽ തന്റെ അന്നത്തെ ഗേൾ ഫ്രണ്ടിനൊപ്പം പോയപ്പോൾ ഓർഡർ ചെയ്ത 'ചിക്കൻ ഷാസൂർ' എന്ന വിഭവത്തെക്കുറിച്ചായിരുന്നു രാഹുലിന്റെ ഓർമപ്പെടുത്തൽ.

Read Also: ചർച്ചയായി 'ബട്ടർ ചിക്കൻ സ്റ്റഫ്ഡ് ഇഡ്ഡലി'; പരീക്ഷണം നടത്തിയവർക്ക് 20 വർഷം തടവുശിക്ഷ നൽകണമെന്ന് ഭക്ഷണപ്രേമികൾ

'നിങ്ങൾക്ക് പ്രണയത്തിലാകണമെങ്കിൽ വാഴ്സിറ്റി റസ്റ്റോറന്റിലേക്ക് പോകാം, പക്ഷേ അവിടെ നിന്ന് ഒരിക്കലും ചിക്കൻ ഷാസൂർ കഴിക്കരുത്,' എന്നായിരുന്നു രാഹുലിന്റെ ഉപദേശം. രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും ആദ്യമായി കണ്ടുമുട്ടിയ ഇടമായിരുന്നു വാഴ്‌സിറ്റി റെസ്റ്ററന്റ്. രാഹുൽ ഗാന്ധിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും, ഫ്രഞ്ച് പാചകകലയുടെ ചരിത്രത്തിൽ സവിശേഷ സ്ഥാനമുള്ള വിഭവമാണ് ചിക്കൻ ഷാസൂർ. എന്താണ് ഈ വിഭവത്തിന്റെ പ്രത്യേകത? എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്നെല്ലാം നോക്കാം.

എന്താണ് ചിക്കൻ ഷാസൂർ?

ഫ്രഞ്ച് ഭാഷയിൽ 'പൗലെ അ ലാ ഷാസൂർ' (Poulet à la chasseur) എന്നും ഈ വിഭവം അറിയപ്പെടുന്നു. ഷാസൂർ എന്ന ഫ്രഞ്ച് വാക്കിന്റെ അർത്ഥം വേട്ടക്കാരൻ എന്നാണ്. അതിനാൽ ഹണ്ടർ-സ്‌റ്റൈൽ ചിക്കൻ എന്നും ഈ വിഭവത്തെ വിളിക്കാറുണ്ട്.

മഷ്‌റൂം, തക്കാളി, ചെറിയ ഉള്ളി, വെളുത്തുള്ളി, വൈൻ, ചിക്കൻ സ്റ്റോക്ക്, കൂടാതെ തൈം, പാർസ്ലി തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളും ചേർത്ത് തയ്യാറാക്കുന്ന പ്രത്യേക സോസിലാണ് ഈ ചിക്കൻ വിഭവം വിളമ്പുന്നത്.

തയ്യാറാക്കുന്ന രീതി

ആദ്യം ചിക്കൻ കഷ്ണങ്ങൾ മസാല പുരട്ടി ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ വഴറ്റിയെടുക്കുന്നു. അതേ പാനിൽ തന്നെ കൂൺ, വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവ വഴറ്റിയ ശേഷം അതിലേക്ക് വൈൻ, തക്കാളി, ചിക്കൻ സ്റ്റോക്ക് എന്നിവ ചേർക്കുന്നു. തുടർന്ന് വഴറ്റിവെച്ച ചിക്കൻ ഇതിലേക്ക് തിരികെ ഇട്ട് ചെറുതീയിൽ വേവിച്ചെടുക്കുന്നു. കൂൺ നൽകുന്ന പ്രത്യേക രുചിയും, തക്കാളിയുടെ നേരിയ പുളിയും മധുരവും, വൈൻ നൽകുന്ന ആഴത്തിലുള്ള രുചിയും ചേരുമ്പോഴാണ് ചിക്കൻ ഷാസൂറിന് അതിന്റെ തനതായ സ്വാദ് ലഭിക്കുന്നത്.

പത്തൊൻപതാം നൂറ്റാണ്ടിലേക്ക് നീളുന്ന ചരിത്രം

ഈ വിഭവം കൃത്യമായി ആരാണ് കണ്ടെത്തിയതെന്നോ എന്നാണ് ഉണ്ടായതെന്നോ വ്യക്തമല്ലെങ്കിലും, 1800-കളിലെ ഫ്രഞ്ച് പാചക രേഖകളിൽ ചിക്കൻ ഷാസൂറിനെക്കുറിച്ച് പരാമർശമുണ്ട്. ബാരൺ ബ്രിസ്സെ എഴുതിയ 'ലെസ് 366 മെനുസ് ഡു ബാരൺ ബ്രിസ്സെ' എന്ന പുസ്തകത്തിൽ 'പൗലെറ്റ്സ് അ ലാ ഷാസൂർ' എന്ന പേരിൽ ഈ വിഭവത്തെക്കുറിച്ച് പറയുന്നുണ്ട്. അക്കാലത്ത് ഇളം കോഴികളെ ഗ്രിൽ ചെയ്ത്, വറുത്ത ഉള്ളിയും വേവിച്ച ഹാമും ചേർത്ത മഡെയ്റ സോസിനൊപ്പമാണ് ഇത് വിളമ്പിയിരുന്നത്.പ്രശസ്ത ഫ്രഞ്ച് ഷെഫ് അഗസ്റ്റെ എസ്‌കോഫിയർ തന്റെ 'ലെ ഗൈഡ് കുലിനയർ' എന്ന പുസ്തകത്തിൽ ഈ വിഭവത്തിന് പുതിയൊരു രൂപം നൽകി. വൈറ്റ് വൈൻ, കോഗ്‌നാക്, തക്കാളി ചേർത്ത ഡെമി-ഗ്ലേസ് സോസ് എന്നിവ ഉപയോഗിച്ചുള്ളതായിരുന്നു അദ്ദേഹത്തിന്റെ പാചകരീതി.

നമ്മുടെ നാടൻ ചിക്കൻ കറിയുമായുള്ള സാമ്യം

ചിക്കൻ ഷാസൂറിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ സോസ് ആണ്. ഇത് അധികം കട്ടിയുള്ളതാകാൻ പാടില്ല, എന്നാൽ ചിക്കനിൽ നന്നായി പിടിച്ചിരിക്കുകയും വേണം. കൂൺ അധികം വെന്തുടയാതെ ചെറിയൊരു കടിക്കാൻ പാകത്തിന് നിൽക്കണം. മറ്റു പ്രശസ്ത ഫ്രഞ്ച് വിഭവങ്ങളായ കോക്ക് ഓ വിൻ , ചിക്കൻ ഫ്രിക്കസെ എന്നിവയിൽ നിന്നും ചിക്കൻ ഷാസൂറിനെ വ്യത്യസ്തമാക്കുന്നത് തക്കാളിയുടെയും കൂണിന്റെയും ഈ പ്രത്യേക ചേരുവയാണ്.

ഇന്ത്യൻ ഭക്ഷണങ്ങളുമായി താരതമ്യം ചെയ്യുകയാണെങ്കിൽ, നമ്മുടെ പരമ്പരാഗത നാടൻ ചിക്കൻ കറിയോട് ഇതിന്റെ പാചകരീതിക്ക് സാമ്യമുണ്ട്. രണ്ടിലും ചേരുവകൾ ഘട്ടംഘട്ടമായി വഴറ്റി ഗ്രേവിയുടെ അടിത്തറ ഉണ്ടാക്കിയ ശേഷമാണ് ചിക്കൻ അതിലിട്ട് ചെറുതീയിൽ വേവിക്കുന്നത്. നമ്മുടെ കറിയിൽ മസാലകളും സവാളയും രുചി നൽകുമ്പോൾ, ചിക്കൻ ഷാസൂറിൽ കൂണും വൈനും ഹെർബ്‌സുമാണ് ആ ദൗത്യം നിർവ്വഹിക്കുന്നത്.

സാധാരണയായി ഉടച്ച ഉരുളക്കിഴങ്ങ് , ബട്ടർ റൈസ്, വേവിച്ച പച്ചക്കറികൾ, അല്ലെങ്കിൽ സോസ് മുക്കി കഴിക്കാൻ പാകത്തിലുള്ള മൊരിഞ്ഞ ബ്രെഡ് എന്നിവയ്‌ക്കൊപ്പമാണ് ചിക്കൻ ഷാസൂർ വിളമ്പുന്നത്. നിർഭാഗ്യവശാൽ കേംബ്രിഡ്ജിലെ ആ ഗ്രീക്ക് റസ്റ്റോറന്റിൽ രാഹുൽ ഗാന്ധിക്ക് കിട്ടിയത് അത്ര മികച്ചൊരു ചിക്കൻ ഷാസൂർ ആയിരുന്നില്ല, കാരണം ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് ഇന്നും ഇതൊരു പ്രിയപ്പെട്ട ക്ലാസിക് വിഭവം തന്നെയാണ്!

Content Highlights: Rahul Gandhi recounts a memorable dining experience with chicken chasseur at a Cambridge restaurant during a speech at Sonia Gandhi's book launch.