100 വർഷം പഴക്കമുള്ള 8 കോടിയുടെ വീട്, 25 ഏക്കർ ഫാം ഹൗസ്; ഹിമാചൽ പ്രദേശിലേക്ക് താമസം മാറി യാമിയും ആദിത്യയും

സിനിമാ താരം യാമി ഗൗതം മുംബൈയിൽ നിന്നും ഹിമാചൽ പ്രദേശിലേക്ക് താമസം മാറി. സംവിധായകനും ജീവിതപങ്കാളിയുമായ ആദിത്യ ധറിനൊപ്പമാണ് യാമി ഹിമാചലിൽ താമസമാക്കിയിരിക്കുന്നത്. ഇപ്പോൾ മുംബൈയിലെ തിരക്കുകളിൽ നിന്നും വിട്ടുമാറി പ്രകൃതിയോട് ചേർന്നുള്ള ജീവിതമാണ് യാമിയും കുടുംബവും തിരഞ്ഞെടുത്തിരിക്കുന്നത്.
മണ്ഡി ജില്ലയിലെ ഗോഹറിന് സമീപമാണ് നടിയുടെ 100 വർഷം പഴക്കമുള്ള പൈതൃക വീട് സ്ഥിതി ചെയ്യുന്നത്. ഹിമചൽ വാസ്തുവിദ്യ പ്രകാരം പൂർണമായും കല്ലും മരവും ഉപയോഗിച്ച് തയ്യാറാക്കിയ വീടിന് എട്ട് കോടിയോളം മൂല്യം കണക്കാക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ചെറുപ്പം മുതൽതന്നെ യാമിക്ക് ഹിമാചലിലെ വീടിനോട് വൈകാരിക അടുപ്പമുണ്ട്. ചണ്ഡീഗണ്ഡിൽ വളർന്ന യാമി തന്റെ വേനലവധിക്കാലം ഷിംലയിലെ മുത്തശ്ശിയുടെ വീട്ടിലായിരുന്നു ചെലവഴിക്കാറ്. അതുകൊണ്ട് ഒരു നിക്ഷേപം എന്നതിലുപരി ഹിമാചലിൽ ഒരു വീട് സ്വന്തമാക്കിയത് വൈകാരികമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. 2016 ൽ വിൽപ്പനക്കെത്തിയ ഈ പൈതൃകവീടിന്റെ ചരിത്രവും സ്വഭാവവും സംരക്ഷിക്കുമെന്നും പരിപാലിക്കും എന്നുമുള്ള വിശ്വാസത്തിന്റെ പുറത്താണ് യാമിക്കും കുടുംബത്തിനും ഉടമസ്ഥർ വീട് നൽകിയത്.
പരമ്പരാഗതശൈലിയിൽ നിലനിർത്തിയ വീടിന്റെ അകത്തളങ്ങളിൽ തടിത്തൂണുകൾ, മരം കൊണ്ടുള്ള വിവിധ വസ്തുക്കൾ, വലിയ ജനാലകൾ, പ്രകൃതിദത്ത നിറങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയ അലങ്കാരങ്ങൾ എന്നിവ കാണാം. ലളിതവും പ്രകൃതിയോട് ചേർന്നുനിൽക്കുന്നതുമാണ് വീടിന്റെ നിർമ്മാണശൈലി.
വീടിനോട് ചേർന്നുള്ള 25 ഏക്കർ ഭൂമിയിൽ യാമി ജൈവകൃഷി ചെയ്യുന്നുണ്ട്. ഗ്രീൻ ഹൗസ് ഉൾപ്പടെയുള്ള സജ്ജീകരണങ്ങൾ ഒരുക്കിയ കൃഷിയിടത്തിൽ ആപ്പിൾ, ഉരുളക്കിഴങ്ങ്, പ്ലം, ഇഞ്ചി, നാരങ്ങ മുതലായവ കൃഷി ചെയ്യുന്നുണ്ട്. നടി വീട്ടിലും കൃഷിയിടങ്ങളിലുമായി സമയം ചെലവഴിക്കുന്നതിന്റെ ദൃശ്യങ്ങളും മഞ്ഞളുൾപ്പടെയുള്ള ഔഷധങ്ങളുപയോഗിച്ച് ഹെൽത്തിഡ്രിങ്ക്‌സ് നിർമ്മിക്കുന്നതിന്റെ വിശദാംശങ്ങളും തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
2021 ജൂണിലാണ് യാമി ഗൗതവും ആദിത്യ ധറും ഹിമാചലിലെ വീട്ടിൽ വെച്ച് വിവാഹിതരായത്. അതോടെ യാമിയുടെ വ്യക്തിജീവിതത്തിലും വൈകാരിക സ്വാധീനം വീടിനുണ്ടാക്കാനായി. 2024 മെയ് മാസത്തിൽ ഇവർക്ക് പിറന്ന ആൺകുഞ്ഞിന് വേദവിധ് എന്നാണ് പേരിട്ടിരിക്കുന്നത്.