'അവളെ കണ്ടപ്പോള്‍ മകളെ ഓര്‍മ വന്നു'; ഫൈന്‍ അടച്ച പണം കൈയില്‍ നിന്നെടുത്ത് കൊടുത്ത് ടി.ടി.ഇ

ട്രെയ്‌നില്‍ ജനറല്‍ ടിക്കറ്റ് എടുത്തു റിസര്‍വേഷന്‍ കംപാര്‍ട്മെന്റില്‍ പലപ്പോഴും നമ്മള്‍ കയറിയിട്ടുണ്ടാകും. ടി.ടി.ഇ വരുമ്പോള്‍ കൈയോടെ പിടികൂടും. ഫൈന്‍ അടച്ച് നമ്മള്‍ രക്ഷപ്പെടുകയും ചെയ്യും. അതുപോലെ കഴിഞ്ഞ ജൂണ്‍ രണ്ടിന് ഒരു പെണ്‍കുട്ടി ജനറല്‍ ടിക്കറ്റെടുത്ത് നേത്രാവതി എക്സ്പ്രസിലെ റിസര്‍വേഷന്‍ കംപാര്‍ട്മെന്റില്‍ കയറി. പക്ഷേ അവള്‍ക്ക് റിസര്‍വേഷന്‍ കംപാര്‍ട്മെന്റും ജനറലും തമ്മിലുള്ള വ്യത്യാസം അറിയില്ലായിരുന്നു. ട്രെയിനില്‍ യാത്ര ചെയ്ത് പരിചയമില്ലാത്തതായിരുന്നു കാരണം.
ടി.ടി.ഇ വന്നതോടെയാണ് ടിക്കറ്റിലുള്ള സ്ഥലത്തല്ല താന്‍ ഇരിക്കുന്നതെന്ന് അവള്‍ക്ക് മനസിലായത്. ഇതോടെ ആകെ അങ്കലാപ്പിലായി. എന്തു ചെയ്യണം എന്ന് അറിയാത്ത അവസ്ഥ. ഫൈന്‍ അടക്കുക മാത്രമേ വഴിയുണ്ടായിരുന്നുള്ളു. പെണ്‍കുട്ടി പണമടച്ച് യാത്ര തുടര്‍ന്നു. പക്ഷേ അവളുടെ കൈയില്‍ ആവശ്യത്തിന് പണമില്ലെന്ന് മനസിലായ ടി.ടി.ഇ കുട്ടിയോട് വിവരങ്ങള്‍ തിരക്കി. ഒടുവില്‍ ഫൈന്‍ അടച്ച തുക ഉള്‍പ്പെടെ കുറച്ചു പണം ടി.ടി.ഇ തന്റെ പേഴ്സില്‍ നിന്നെടുത്തു കൊടുത്തു.
നേത്രാവതി എക്സ്പ്രസിലെ ഈ ഹൃദയഹാരിയായ രംഗത്തില്‍ പാലക്കാട് സ്വദേശിയായ ടി.ടി.ഇ കൃഷ്ണകുമാറാണ് ഹീറോ.പെണ്‍കുട്ടിയാകട്ടെ തിരുവനന്തപുരം സ്വദേശിയായ ഷാഹിനയും.
'അവളെ കണ്ടപ്പോള്‍ എന്റെ മകളേയാണ് ഓര്‍മ വന്നത്. അതുകൊണ്ട് കൈയിലുള്ള പൈസ എടുത്തുകൊടുക്കാന്‍ രണ്ടാമതൊന്ന് ആലോചിച്ചില്ല. അവളുടെ കൈയില്‍ നിന്ന് വീട്ടിലെ നമ്പര്‍ വാങ്ങി അമ്മയെ വിളിച്ചു. അവര്‍ തിരുവനന്തപുരത്ത് റെയില്‍വേ സ്റ്റേഷനില്‍ അവളെ കൂട്ടാന്‍ വരുമെന്ന് എനിക്ക് ഉറപ്പുനല്‍കി. അതോടൊപ്പം ജനറല്‍ സിറ്റിങ്ങില്‍ നിന്ന് സ്ലീപ്പര്‍ ക്ലാസിലേക്കും അവളെ മാറ്റി. ദീര്‍ഘദൂര യാത്രയില്‍ കംപാര്‍ട്ട്മെന്റില്‍ ഒറ്റക്കാവാതിരിക്കാന്‍ മുന്‍കരുതലായി ചെയ്തതാണ്. സ്ലീപ്പര്‍ കംപാര്‍ട്ടുമെന്റില്‍ ചാര്‍ജ്ജുള്ള ടി.ടി.ഇയെ വിവരം ധരിപ്പിച്ച ശേഷമാണ് ഞാന്‍ ഡ്യൂട്ടിയില്‍ നിന്ന് ഇറങ്ങിയത്.' കൃഷ്ണ കുമാര്‍ മാതൃഭൂമി ഡോട്ട് കോമിനോട് വ്യക്തമാക്കി.
തിരുവനന്തപുരം അമരവിള സ്വദേശിയായ ഷാഹിന ആദ്യമായാണ് ദീര്‍ഘദൂര യാത്ര ചെയ്യുന്നത്. ഇതിന് മുമ്പ് തിരുവനന്തപുരത്ത് നിന്ന കൊല്ലം വരെ ട്രെയിനില്‍ യാത്ര ചെയ്ത പരിചയം മാത്രമാണ് ഷാഹിനയ്ക്കുണ്ടായിരുന്നത്. വയനാട് പഠിക്കുന്ന അവള്‍ അവധി ദിവസമായതിനാല്‍ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു. കോഴിക്കോട് നിന്നാണ് ട്രെയിന്‍ കയറിയത്.
മംഗളൂരുവില്‍നിന്ന് ഷൊര്‍ണൂര്‍ വരെ ജോലിചെയ്യവേയാണ് കൃഷ്ണകുമാര്‍ ഷാഹിനയെ കണ്ടത്. പിഴ നല്‍കിയില്ലെങ്കില്‍ അടുത്ത സ്റ്റേഷനില്‍ ഇറങ്ങണമെന്ന് അവളോട് പറഞ്ഞ് കൃഷ്ണകുമാര്‍ അടുത്ത കംപാര്‍ട്ട്മെന്റിലേക്ക് പോയി. കുറേ കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴേക്കും പെണ്‍കുട്ടി അവിടെയുണ്ടായിരുന്നു. പിഴത്തുകയായ 450 രൂപ കൃഷ്ണ കുമാറിനു നേരെ നീട്ടി. അത് വാങ്ങി രസീത് നല്‍കി മേല്‍വിലാസമറിയാനായി ആധാര്‍ കാര്‍ഡ് വാങ്ങിയപ്പോഴാണ് അവള്‍ക്ക് 15-ല്‍ താഴെയാണ് പ്രായമെന്ന് അറിഞ്ഞത്. പിഴയടയ്ക്കാനുള്ള 450 രൂപ മറ്റൊരു യാത്രക്കാരിയാണ് കുട്ടിക്ക് നല്‍കിയതെന്നും കൃഷ്ണ കുമാര്‍ മനസിലാക്കി.
ഇതോടെ കുട്ടിയില്‍നിന്ന് ഈടാക്കിയ 450 രൂപയ്ക്ക് പുറമേ ഭക്ഷണത്തിനുള്ള പണവും ടിടിഇ നല്‍കി. ഷൊര്‍ണൂരില്‍ ജോലി അവസാനിപ്പിച്ച കൃഷ്ണകുമാര്‍ കുട്ടിയെ സുരക്ഷിതമായി അടുത്ത സ്ലീപ്പര്‍ കോച്ചിലേക്ക് മാറ്റി. എറണാകുളം കഴിഞ്ഞാല്‍ ഈ കംപാര്‍ട്ട്മെന്റില്‍ വേറെ സ്ത്രീ യാത്രക്കാര്‍ ഇല്ലാത്തത് മനസ്സിലാക്കിയായിരുന്നു ഇത്. അവിടെ ജോലിയിലുണ്ടായിരുന്ന വനിതാ ടി.ടി.ഇ.യെ കുട്ടിയുടെ കാര്യം നോക്കാനേല്‍പ്പിച്ചു. ട്രെയ്ന്‍ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ പെണ്‍കുട്ടിയെ ബന്ധുക്കള്‍ വന്ന് കൊണ്ടുപോയെന്നും വനിതാ ടിടിഇ കൃഷ്ണ കുമാറിനെ ഫോണില്‍ വിളിച്ചറിയിച്ചു.
പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ കൃഷ്ണ കുമാറിന് ഭാര്യയും രണ്ട് കുഞ്ഞുങ്ങളുമുണ്ട്. മൂത്ത മകള്‍ കൃപ കൃഷ്ണ ഏഴാം ക്ലാസില്‍ പഠിക്കുന്നു. മകന്‍ വൈഭവ് കൃഷ്ണ രണ്ടാം ക്ലാസിലാണ്. ഭാര്യ വിജി വീട്ടമ്മയാണ്.
Watch Video
Content Highlights: TTE refunded the fine paid love and brotherhood train travel netravati express