അമിതമായി ലൈംഗികത കലർന്ന പരസ്യം; വിവാദ നായികയായി സിഡ്‌നി

സിഡ്നി സ്വീനി| Photo: AP
സിഡ്നി സ്വീനി| Photo: AP

യൂഫോറിയ സീരീസിലൂടെ ആഗോളശ്രദ്ധ നേടിയ അമേരിക്കൻ നടി സിഡ്‌നി സ്വീനിയുടെ പുതിയ പരസ്യചിത്രം വിവാദമായി. നോവിഗ് എന്ന സ്‌പോർട്‌സ് പ്രെഡിക്ഷൻ പ്ലാറ്റ്ഫോമിനുവേണ്ടി തയ്യാറാക്കിയ പരസ്യത്തിൽ വനിതാ കായികമേഖലയെ മോശമായി ചിത്രീകരിക്കുകയും സ്ത്രീശരീരത്തെ അമിതമായി ലൈംഗികവത്ക്കരിക്കുകയും ചെയ്തുവെന്നാരോപിച്ച് കായികലോകത്തെ പ്രമുഖരടക്കം നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

ബാസ്‌കറ്റ്ബോൾ, ഫുട്ബോൾ, റഗ്ബി ബോൾ, ഹെൽമറ്റ് എന്നിവ ഉപയോഗിച്ച് ശരീരം മറച്ചുനിൽക്കുന്ന രീതിയിലാണ് പരസ്യചിത്രങ്ങൾ. സെപ്റ്റംബറോടെ പുറത്തുവന്ന ഈ പരസ്യം നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി. വൈകാതെ, കായിക മേഖലയുമായി ബന്ധപ്പെട്ട ഒരു ആപ്പിനെ പരിചയപ്പെടുത്താൻ സ്ത്രീശരീരത്തെ ഇത്തരത്തിൽ ഉപഭോഗവസ്തുവാക്കി പ്രദർശിപ്പിച്ചത് അനാവശ്യവും തരംതാണതുമായ പരസ്യ തന്ത്രമാണെന്ന് ചൂണ്ടിക്കാട്ടി കായിക ലോകത്തുനിന്ന് ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നുവന്നു.

വനിതാ കായികതാരങ്ങൾ തങ്ങളുടെ കഴിവും കഠിനാധ്വാനവും കൊണ്ട് രാജ്യാന്തര തലത്തിൽ അംഗീകാരം നേടിയെടുക്കാൻ പോരാടുന്ന ഒരു കാലഘട്ടത്തിൽ, ഇത്തരമൊരു പരസ്യം ആ പോരാട്ടങ്ങളെ നിസ്സാരവത്കരിക്കുന്നതാണെന്ന് ഒളിമ്പ്യന്മാരടക്കമുള്ള പ്രമുഖ താരങ്ങൾ തുറന്നടിച്ചു.

നാല് തവണ ഒളിമ്പിക് നീന്തൽ സ്വർണ്ണമെഡൽ ജേതാവായ ഓസ്ട്രേലിയൻ താരം അരിയാൺ ടിറ്റ്മസ് സോഷ്യൽ മീഡിയയിലൂടെ തന്റെ വിയോജിപ്പ് രേഖപ്പെടുത്തി. 'ഇത് കാണുമ്പോൾ എനിക്കുണ്ടാകുന്ന അമർഷം വിവരിക്കാൻ വാക്കുകളില്ല. തങ്ങളുടെ കഴിവും കരിയറും പൂർണ്ണതയിലെത്തിക്കാൻ ജീവിതം മാറ്റിവെച്ച ഓരോ വനിതാ കായികതാരത്തിന്റെയും മുഖത്തേറ്റ അടിയാണിത്. കായികരംഗം എന്നത് കഠിനാധ്വാനവും സഹകരണവും മികവുമാണ്. ഇന്നും സ്ത്രീശരീരം വിറ്റ് കാശാക്കുന്നതും വനിതാ കായികരംഗത്തെ ലൈംഗികവത്കരിക്കുന്നതും എന്തിനാണ്?' അരിയാൺ ചോദിച്ചു.

മുൻ അമേരിക്കൻ ജിംനാസ്റ്റ് ഗ്രേസി ക്രാമർ, ഓസ്ട്രേലിയൻ വോട്ടർ പോളോ താരം ടില്ലി കെയൺസ്, ബ്രിട്ടീഷ് ഫിറ്റ്‌നസ് ഇൻഫ്‌ലുവൻസർ ലൂസി ഡേവിസ് തുടങ്ങി ഒട്ടേറെ പ്രമുഖ വനിതാ അത്‌ലറ്റുകളും തങ്ങളുടെ പരിശീലന വീഡിയോകൾ പങ്കുവെച്ചുകൊണ്ട് പരസ്യത്തിനെതിരെ രംഗത്തുവന്നു. 2026-ലും കായികമേഖലയിൽ സ്ത്രീകളുടെ കഴിവുകളേക്കാൾ ശരീരത്തിന് മുൻഗണന നൽകുന്ന സമീപനം അവസാനിപ്പിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

തനിക്കെതിരെ ഉയർന്ന രൂക്ഷമായ വിമർശനങ്ങളോട് സിഡ്‌നി സ്വീനി നേരിട്ട് പ്രതികരിക്കുകയോ മാപ്പ് പറയുകയോ ചെയ്തില്ല. എന്നാൽ, ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പരോക്ഷമായ ഒരു സന്ദേശം താരം നൽകിയിരുന്നു. കായികലോകത്ത് മുൻകാലങ്ങളിൽ താരങ്ങൾ തങ്ങളുടെ ശരീരം പ്രദർശിപ്പിച്ച് നടത്തിയ ചിത്രീകരണങ്ങളുടെ ചിത്രങ്ങളാണ് സിഡ്‌നി പങ്കുവെച്ചത്. പ്രശസ്ത കായിക മാസികയായ 'ഇ.എസ്.പി.എൻ ബോഡി ഇഷ്യൂ'വിന്റെ കവർ ചിത്രങ്ങളാണ് സിഡ്‌നി പോസ്റ്റ് ചെയ്തത്.

സെറീന വില്യംസ, റോണ്ട റൗസി, സു ബേർഡ്, മേഗൻ റാപ്പിനോ തുടങ്ങിയ ലോകോത്തര കായികതാരങ്ങൾ നഗ്‌നരായോ ഭാഗികമായി നഗ്‌നരായോ പോസ് ചെയ്ത ചിത്രങ്ങളായിരുന്നു അവ. കായികമേഖലയിൽ നഗ്‌നതയോ അല്ലെങ്കിൽ ശരീരസൗന്ദര്യമോ പ്രദർശിപ്പിക്കുന്നത് താനല്ല തുടങ്ങിവച്ചതെന്ന് തെളിയിക്കാനാണ് സിഡ്‌നി ശ്രമിച്ചതെന്നാണ് വിലയിരുത്തപ്പെട്ടത്.

എന്നാൽ, ഇതിനെയും വലിയ രീതിയിലാണ് കായികതാരങ്ങൾ വിമർശിച്ചത്. പ്രൊഫഷണൽ അത്‌ലറ്റുകൾ തങ്ങളുടെ കായികക്ഷമതയും ശരീരഘടനയും ആഘോഷിക്കുന്നതും ഒരു പരസ്യത്തിൽ ഉൽപ്പന്നം വിറ്റഴിക്കാൻ മാത്രമായി സ്ത്രീശരീരത്തെ ഉപയോഗിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് ഓസ്ട്രേലിയൻ ബോക്സിങ് താരം സ്‌കൈ നിക്കോൾസൺ പ്രതികരിച്ചു.

നോവിഗ് കമ്പനിയുടെ സി.ഇ.ഒ ജേക്കബ് ഫോർട്ടിൻസ്‌കി സിഡ്‌നിയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. 21 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമുള്ള പ്ലാറ്റ്ഫോമാണിതെന്നും സ്വീനിയുടെ സാന്നിധ്യം പരസ്യത്തിന് വലിയ ജനശ്രദ്ധ നേടിക്കൊടുത്തുവെന്നുമാണ് സി.ഇ.ഒ പറയുന്നത്. കഴിഞ്ഞ വർഷം അമേരിക്കൻ ഈഗിൾ എന്ന ബ്രാൻഡിന്റെ സിഡ്‌നി ചെയ്ത ജീൻസ് പരസ്യത്തിലും സമാന വിമർശനങ്ങൾ നേരിട്ടിരുന്നു.

Content Highlights: Sydney Sweeney starred in a controversial ad for the sports prediction platform Novig., Prominent female athletes and Olympians criticized the ad for objectifying women's bodies., Athletes like Ariarne Titmus and Sky Nicolson spoke out against the sexualization in 2026 sports marketing., Sydney Sweeney defended her stance by sharing historical ESPN Body Issue covers, which sparked further debate., Novig CEO Jacob Fortinsky defended the advertisement, citing increased brand visibility.