ചർമത്തിന്റെ പ്രായം കൂട്ടുന്നത് എന്ത്? സൂര്യപ്രകാശമോ, പുകവലിയോ?

പ്രായം കൂടുന്നത് ആദ്യം പ്രകടമാവുക നമ്മുടെ ചർമത്തിലാണ്. ചുളിവുകളും കറുത്തപാടുകളും ചർമത്തിൽ പ്രത്യക്ഷപ്പെടും. എന്നാൽ പ്രായമാകുന്നതിന് മുൻപേ ചർമത്തിന്റെ പ്രായം കൂട്ടുന്ന മറ്റു രണ്ട് ഘടകങ്ങൾ കൂടിയുണ്ട്. അമിതമായ സൂര്യപ്രകാശവും പുകവലി ശീലവും.
അകാല വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ ചർമത്തിൽ ഉണ്ടാക്കുന്നതിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒന്നാണ് സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികൾ. അൾട്രാവയലറ്റ് രശ്മികൾ ചർമത്തിന്റെ ആഴങ്ങളിലേക്ക് തുളച്ചുകയറുകയും, ചർമ്മത്തിന് ദൃഢതയും വഴക്കവും നൽകുന്ന കൊളാജൻ, ഇലാസ്റ്റിൻ എന്നീ ഫൈബറുകളെ തകർക്കുകയും ചെയ്യുന്നു. ഈ ഫൈബറുകൾ നശിക്കുന്നതോടെ സ്വയം പുനരുജ്ജീവിപ്പിക്കാനുള്ള ചർമ്മത്തിന്റെ ശേഷി നഷ്ടപ്പെടുന്നു. ഇത് ചർമത്തിൽ ചുളിവുകൾ വീഴ്ത്തുന്നതിനും ചർമം തൂങ്ങിപ്പോകുന്നതിനും നിറവ്യത്യാസത്തിനും കാരണമാകും. തുടർച്ചയായി സൂര്യപ്രകാശമേൽക്കേണ്ടി വരുന്നതോടെ ഇത് കൂടുതൽ പ്രശ്നങ്ങൾ ചർമത്തിൽ സൃഷ്ടിക്കുകയും വളരെവേഗത്തിൽ ചർമത്തിന് പ്രായമാവുകയും ചെയ്യും.
പുകവലി ചർമത്തെ ബാധിക്കുന്നത് മറ്റൊരു രീതിയിലാണ്. പുകവലി ശരീരത്തിലെ രക്തയോട്ടം കുറയ്ക്കും. ചർമ കോശങ്ങളിലേക്ക് ആവശ്യത്തിന് ഓക്സിജനും പോഷകങ്ങളും എത്തുന്നതിനെ ഇത് തടസ്സപ്പെടുത്തുന്നു. പുകവലിക്കുന്നതിലൂടെ കൊളാജൻ ഉത്പാദനം മന്ദഗതിയിലാവുകയും ചർമത്തിലെ മുറിവുകളും കേടുപാടുകളും ഉണങ്ങാൻ താമസമെടുക്കുകയും ചെയ്യും. ഇത് ചർമത്തെ വരണ്ടതും വിളറിയതുമാക്കുന്നു. തുടർച്ചയായി പുകവലിക്കുന്നവരിൽ ചുളിവുകളും ചർമത്തിൽ നിറവ്യത്യാസവും കാണാം. വല്ലപ്പോഴും പുകവലിക്കുന്നവരിലും ഓക്സിഡേറ്റീവ് സ്ട്രെസ്സ് മൂലം അകാല വാർധക്യ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം.
സൂര്യപ്രകാശം മൂലമുണ്ടാകുന്ന കേടുപാടുകൾ ശരീരത്തിന്റെ കൂടുതൽ ഭാഗങ്ങളെയും ചർമത്തിലെ പാളികളെയും ആഴത്തിൽ ബാധിക്കുന്നു. അതിനാൽ ആഘാതം വ്യാപകമായിരിക്കും. പുകവലി പ്രധാനമായും മുഖത്തെയാണ് ബാധിക്കുന്നതെങ്കിലും, സൂര്യപ്രകാശമേറ്റുണ്ടാകുന്ന പ്രശ്നങ്ങൾ പുകവലി ശീലം വഷളാക്കിയേക്കാം.
പുറത്തിറങ്ങുമ്പോൾ കൃത്യമായി സൺസ്ക്രീൻ ഉപയോഗിക്കുകയാണ് സൂര്യപ്രകാശത്തിൽനിന്ന് രക്ഷനേടാനുള്ള മാർഗം. സൂര്യപ്രകാശം നേരിട്ട് അടിക്കാതിരിക്കാൻ അനുയോജ്യമായ വസ്ത്രങ്ങൾ ധരിക്കുക. കുട കയ്യിൽ കരുതാം. പുകവലി പൂർണ്ണമായും ഉപേക്ഷിക്കുക. ചർമ്മത്തിന്റെ ഈർപ്പം നിലനിർത്താൻ ശരിയായ സ്കിൻകെയർ രീതികൾ പിന്തുടരുക. ചുളിവുകൾ ഒഴിവാക്കുക എന്നത് മാത്രമല്ല, ചർമത്തിന്റെ ആരോഗ്യവും പുനരുജ്ജീവന ശേഷിയും നിലനിർത്തുകയാണ് പ്രധാനം.