തെലുങ്ക് സിനിമകളിൽ നിന്ന് വിട്ടുനിന്നിട്ട് രണ്ട് വർഷം ; കാരണം വെളിപ്പെടുത്തി ശ്രീലീല

#ലൈഫ് സ്റ്റൈല്‍ ഡെസ്‌ക്
Sreeleela|photo:instagram.com/sreeleela14/?hl=en
Sreeleela|photo:instagram.com/sreeleela14/?hl=en

തെന്നിന്ത്യൻ സിനിമയിലെ തിരക്കേറിയ യുവതാരങ്ങളിൽ ഒരാളാണ് ശ്രീലീല. ചുരുങ്ങിയ കാലംകൊണ്ട് തെലുങ്ക് സിനിമയിൽ ശ്രദ്ധേയമായ സ്ഥാനം നേടിയ താരത്തെ അടുത്തിടെ പുതിയ ചിത്രങ്ങളിൽ അധികം കാണാതിരുന്നത് ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. സിനിമയിൽനിന്ന് ഇടവേളയെടുത്തതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ശ്രീലീല. അഭിനയജീവിതത്തിലെ തിരക്കുകൾക്കിടയിലും മെഡിക്കൽ പഠനം പൂർത്തിയാക്കാനുള്ള തീരുമാനമാണ് സിനിമകളിൽനിന്നുള്ള ഇടവേളയ്ക്ക് പിന്നിലെന്ന് താരം വെളിപ്പെടുത്തി.

also read : അനന്യയുടെ 425 കോടിയുടെ ആഡംബരവസതിയിലെ സന്ദർശനം; 50,000 രൂപയുടെ ജയ്പൂർ വാച്ച് സമ്മാനിച്ച് ഫറാ ഖാൻ 

രണ്ട് വർഷം മുംബൈയിൽ

മെഡിക്കൽ പഠനത്തിനുശേഷം കഴിഞ്ഞ രണ്ട് വർഷമായി മുംബൈയിൽ ഇന്റേൺഷിപ്പ് ചെയ്യുകയായിരുന്നുവെന്ന് ശ്രീലീല പറഞ്ഞു. ഇന്റേൺഷിപ്പിന്റെ ഭാഗമായി നിർബന്ധമായും മുംബൈയിൽ നേരിട്ട് ഹാജരാകേണ്ടിയിരുന്നതിനാൽ പുതിയ സിനിമകൾ ഏറ്റെടുക്കാൻ സാധിച്ചില്ല. ഹൈദരാബാദിൽ നടന്ന പുതിയ ചിത്രമായ 'OM'-ന്റെ തെലുങ്ക് പ്രീ-റിലീസ് ചടങ്ങിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.'മെഡിക്കൽ പഠനത്തിനുശേഷം കഴിഞ്ഞ രണ്ട് വർഷമായി ഞാൻ മുംബൈയിൽ ഇന്റേൺഷിപ്പ് ചെയ്യുകയായിരുന്നു. അവിടെ നേരിട്ട് എത്തേണ്ടിയിരുന്നതിനാൽ സിനിമകൾ ഏറ്റെടുക്കാൻ കഴിഞ്ഞില്ല. ആ സമയത്താണ് 'OM' എന്ന ചിത്രം ഒപ്പിട്ടത്', ശ്രീലീല പറഞ്ഞു.

ആറ് വർഷം; പഠനവും അഭിനയവും ഒരുമിച്ച്

അഭിനയജീവിതത്തിനൊപ്പം മെഡിക്കൽ പഠനവും മുന്നോട്ടുകൊണ്ടുപോകുക എന്നത് ശ്രീലീലയെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരുന്നു. മുംബൈയിലെ ഡി.വൈ. പാട്ടീൽ സർവകലാശാലയിൽ നിന്നാണ് താരം മെഡിക്കൽ ബിരുദം നേടിയത്. ആറ് വർഷത്തോളം പഠനവും സിനിമാ തിരക്കുകളും ഒരുപോലെ കൈകാര്യം ചെയ്ത ശേഷമാണ് പഠനം പൂർത്തിയാക്കിയത്.ഈ വർഷം തന്റെ ബിരുദദാന ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ഒരു ബിരുദം നേടുക എന്നതിലുപരി വളർച്ചയുടെയും വിശ്വാസത്തിന്റെയും കണ്ണീരിന്റെയും അതിജീവനത്തിന്റെയും യാത്രയായിരുന്നു ഇതെന്ന് ശ്രീലീല കുറിച്ചു. പരീക്ഷാസമയങ്ങളിൽ സിനിമാ ജോലികളിൽ വിട്ടുവീഴ്ചകൾ ചെയ്യാൻ സഹായിച്ച കുടുംബത്തിനും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും താരം നന്ദി അറിയിക്കുകയും ചെയ്തു.

ചെറുപ്പത്തിൽ സിനിമയിലെത്തി

വളരെ ചെറുപ്പത്തിൽ തന്നെ അഭിനയരംഗത്തെത്തിയതിനെക്കുറിച്ചും ശ്രീലീല സംസാരിച്ചു. കരിയറിന്റെ തുടക്കത്തിൽ സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ വലിയ സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ലെന്നും ലഭിച്ച അവസരങ്ങൾ സ്വീകരിച്ച് മുന്നോട്ടുപോകുകയായിരുന്നുവെന്നും താരം പറഞ്ഞു. ശ്രീലീല അടുത്തതായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത് രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന 'OM' എന്ന ചിത്രത്തിലൂടെയാണ്. ധനുഷ്, മമ്മൂട്ടി, സായ് പല്ലവി, നസറുദ്ദീൻ ഷാ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നവംബർ 20-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.ഇതിനുപുറമെ രജനികാന്തിനൊപ്പം തമിഴ് ചിത്രമായ 'ധർമനി'ലും ശ്രീലീല അഭിനയിക്കുന്നുണ്ട്.

അഭിനയവും മെഡിക്കൽ പഠനവും ഒരുപോലെ മുന്നോട്ടുകൊണ്ടുപോയ ശ്രീലീലയുടെ യാത്ര ഇപ്പോൾ ആരാധകർക്കിടയിൽ വീണ്ടും ചർച്ചയാകുകയാണ്.

Content Highlights: Sreeleela took a two-year break from Telugu cinema to focus on her medical internship in Mumbai., She completed her medical degree from D.Y. Patil University, balancing acting and studies for six years., She is making her return with the film 'OM' directed by Rajkumar Periyasamy, releasing on November 20.