48 മുറികൾ, ക്രിക്കറ്റ് പിച്ചും ട്രോഫി മുറിയും.. സൗരവ് ഗാംഗുലിയുടെ 40 കോടിയുടെ വസതി

കൊൽക്കത്തയിലെ ബെഹാലയിലെ ബിരേൻ റോയ് റോഡിൽ തലയുയർത്തി നിൽക്കുന്ന ഗാംഗുലി കുടുംബത്തിന്റെ തറവാട് ഒരു വസതി മാത്രമല്ല, ഇന്ത്യൻ ക്രിക്കറ്റിന്റെ മഹത്തായ ചരിത്രവും ആഡംബരവും ഒരുപോലെ സമ്മേളിക്കുന്ന അപൂർവ സ്മാരകം കൂടിയാണ്. കൊൽക്കത്തയിലെ ഏറ്റവും വലിയ സ്വകാര്യ വസതികളിൽ ഒന്നായ ഇതിന്റെ മതിപ്പുവില 40 കോടിയാണ്. 48 മുറികളുള്ള കൊട്ടാരസദൃശമായ ഈ വലിയ തറവാട്ടുവീട്ടിലാണ് ആരാധകർ ദാദയെന്ന് സ്നേഹത്തോടെ വിളിക്കുന്ന സൗരവ് ഗാംഗുലിയുടെ താമസം. സൗരവ് ഗാംഗുലിയുടെയും കുടുംബത്തിന്റെയും തലമുറകളുടെ ഓർമകൾ നിറഞ്ഞുനിൽക്കുന്ന തറവാട്. ആധുനികതയുടെ ആർഭാടവും പാരമ്പര്യത്തിന്റെ ഗാംഭീര്യവും സമന്വയിക്കുന്ന വസതിയിൽ അതിഥികളെ സ്വീകരിക്കാനും, കുടുംബാംഗങ്ങൾക്കൊപ്പമിരിക്കാനും, വ്യത്യസ്ത ആഘോഷങ്ങൾക്കുമായി വിശാലമായ ലിവിങ് റൂമുകളും, ഡൈനിങ് ഹാളുകളും പ്രത്യേകം സജീകരിച്ചിട്ടുണ്ട്.
വീടിന്റെ ഡിസൈനിലും ഭിത്തികളുടെ നിറക്കൂട്ടുകളിലും ദാദയുടെ പ്രത്യേക വ്യക്തിമുദ്ര വ്യക്തമാണ്. കടുത്ത നീലയോ ചുവപ്പോ ആയ നിറങ്ങളേക്കാൾ ശാന്തത നൽകുന്ന ക്രീം, ഓഫ്-വൈറ്റ് നിറങ്ങളാണ് ഗ'എന്റെ അമ്മയ്ക്ക് എപ്പോഴും വെള്ള നിറത്തോടാണ് താത്പര്യം. എന്നാൽ പൊടിയും അഴുക്കും നിറഞ്ഞ ഇന്ത്യൻ അന്തരീക്ഷത്തിൽ വെളുത്ത നിറം സംരക്ഷിച്ചു നിർത്തുക എന്നത് ഏറെ പ്രയാസകരമാണ്.
വീടിന്റെ ഭിത്തികളിൽ ലളിതവും തെളിഞ്ഞതുമായ നിറങ്ങൾ ഉപയോഗിക്കുമ്പോൾ അത് മനസ്സിന് നൽകുന്ന ഒരു സമാധാനമുണ്ട്. ആർഭാടപൂർണ്ണമായ ഭിത്തി ഡിസൈനുകളേക്കാൾ വീടിനുള്ളിൽ പോസിറ്റീവ് ഊർജ്ജവും ശാന്തതയും നിറയ്ക്കാൻ ഇത്തരം ലൈറ്റ് കളറുകൾക്ക് സാധിക്കും,' ഗാംഗുലി പറയുന്നു.
വിശാലമായ ജനലുകളിലൂടെ അകത്തേക്ക് ഒഴുകിയെത്തുന്ന സ്വാഭാവിക വെളിച്ചമാണ് ഈ വീടിന്റെ പ്രധാന സവിശേഷത. തണുപ്പുകാലത്ത് പ്രഭാത വെയിൽ മുറിക്കുള്ളിലേക്ക് നേരിട്ടെത്തുന്നത് ദാദയ്ക്കും കുടുംബത്തിനും ഏറെ പ്രിയപ്പെട്ട അനുഭവമാണ്. എട്ട് പേർക്കിരിക്കാവുന്ന രാജകീയമായ ഡൈനിങ് ടേബിളും അതിനോട് ചേർന്നുള്ള ക്ലാസിക് ഫർണിച്ചറുകളും ഡൈനിങ് ഹാളിന് പ്രൗഢി കൂട്ടുന്നു. പുരാതന ശൈലിയിലുള്ള വുഡൻ ക്യാബിനറ്റുകളും, അതിൽ സൂക്ഷിച്ചിരിക്കുന്ന പഴയ ടെലിവിഷൻ സെറ്റും, ചിത്രങ്ങളും, മനോഹരമായ ആർട്ട് വർക്കുകളും ഈ മുറിയുടെ വിന്റേജ് ലുക്ക് വർദ്ധിപ്പിക്കുന്നു.
കൊട്ടാരസദൃശമായ ഈ വീട്ടിൽ സൗരവ് ഗാംഗുലിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു കോണുണ്ട്. തന്റെ പ്രഭാതങ്ങൾ ചെലവഴിക്കുന്ന ഒരിടം..ഷേജ് ഗ്രീൻ നിറത്തിലുള്ള ഭിത്തികളും ഒലീവ് ഗ്രീൻ സോഫയും അലങ്കരിക്കുന്ന ഒരു ചെറിയ മുറിയാണിത്.ഇവിടെയിരുന്നാണ് ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളായ ദാദ തന്റെ പ്രഭാതങ്ങൾ ആരംഭിക്കുന്നത്. കയ്യിലൊരു ചൂടുചായയും ബിസ്കറ്റുമായി ദിനപത്രത്തിന്റെ താളുകൾ മറിക്കുന്നത് തനിക്ക് ലോകവുമായി ബന്ധപ്പെടാനുള്ള മികച്ച വഴിയാണെന്ന് ഗാംഗുലി പറയുന്നു.'കളിച്ചാലും ഇല്ലെങ്കിലും കായികപ്രേമികളുടെ പത്രം വായന എന്നും പുറകിലെ സ്പോർട്സ് പേജിൽ നിന്നാണ് തുടങ്ങുക,' പത്രവായനയെക്കുറിച്ച് ചിരിയോടെ ദാദ പറയുന്നു.
ദാദയുടെ ഹൃദയത്തോട് ഏറ്റവും ചേർന്നുനിൽക്കുന്ന ഇടമാണ് അദ്ദേഹത്തിന്റെ ട്രോഫി റൂം. ഓരോ കപ്പിലും ഓരോ ചിത്രത്തിലും ക്രിക്കറ്റ് ചരിത്രത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങൾ തുടിച്ചുനിൽക്കുന്ന മുറി.'ഈ മുറിയുടെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ഇത് എന്റെ അച്ഛൻ നിർമിച്ചതാണ്. അദ്ദേഹം ഇന്നിവിടെ നമ്മളോടൊപ്പമില്ല, എങ്കിലും ഒരു മകന്റെ വളർച്ചയും നേട്ടങ്ങളും മാതാപിതാക്കൾ എത്രത്തോളം വിലമതിച്ചിരുന്നു എന്നതിന്റെ തെളിവാണിത്. അച്ഛന് ക്രിക്കറ്റിനോട് ഒരു ഭ്രാന്തമായ ആവേശമായിരുന്നു. ഇവിടെയുള്ള ഓരോ ചിത്രവും ഓരോ ട്രോഫിയും അച്ഛൻ തന്നെ നേരിട്ട് വച്ചിട്ടുള്ളതാണ്,' വികാരഭരിതനായി സൗരവ് പറഞ്ഞു.
1996-ൽ ഇംഗ്ലണ്ട് മണ്ണിൽ അരങ്ങേറ്റ ടെസ്റ്റിൽ തന്നെ തുടർച്ചയായി രണ്ട് സെഞ്ചുറികൾ നേടിയപ്പോൾ ആഘോഷിച്ച 21 വർഷം പഴക്കമുള്ള ഷാംപെയ്ൻ കുപ്പികൾ മുതൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റനായിരുന്ന കാലത്തെ ഐ.പി.എൽ ഹെൽമറ്റുകൾ വരെ ഈ മുറിയിൽ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്.
വീടിന് പുറത്ത് പച്ചപ്പുനിറഞ്ഞ വലിയ മുറ്റവും ഉയരമുള്ള മരങ്ങളുമുണ്ട്. ചുവപ്പും വെള്ളയും ടൈലുകൾ പാകിയ റണ്ണിങ് ട്രാക്കാണ് മറ്റൊരു ആകർഷണം. ഒരു ചെറിയ ക്രിക്കറ്റ് പിച്ചും വസതിയിൽ ഉണ്ട്. അമ്പത്തിയൊന്നിന്റെ നിറവിലും തനിക്ക് ക്രിക്കറ്റിനോടുള്ള അടങ്ങാത്ത ആവേശം നിലനിർത്താൻ ദാദ ഈ പിച്ച് ഉപയോഗിക്കുന്നു.
Content Highlights: Sourav Ganguly's ancestral house is a treasure trove of cricket memories, featuring a trophy room, vintage decor, and a serene space for relaxation.