ആലിയയെ ഗർഭം ധരിച്ചിരിക്കുമ്പോൾ വലിച്ചത് 100 സിഗരറ്റുകൾ; അഭിനയകാലത്തെ ഓർമകൾ പങ്കുവെച്ച് സോണി റസ്ദാൻ

#ലൈഫ്സ്റ്റൈൽ ഡെസ്ക്
ആലിയ ഭട്ടും അമ്മ സോണി റസ്ദാനും | Photo:Instagram/Alia Bhatt
ആലിയ ഭട്ടും അമ്മ സോണി റസ്ദാനും | Photo:Instagram/Alia Bhatt

സിനിമാ-ടെലിവിഷൻ അഭിനയ ജീവിതത്തിലെ അവിസ്മരണീയമായ ഒാർമകൾ പങ്കുവെച്ച് ബോളിവുഡിലെ എക്കാലത്തെയും മികച്ച അഭിനേത്രികളിൽ ഒരാളും സംവിധായകൻ മഹേഷ് ഭട്ടിന്റെ ജീവിതപങ്കാളിയുമായ സോണി റസ്ദാൻ. മക്കളായ ഷഹീൻ ഭട്ടിനെയും ആലിയ ഭട്ടിനെയും ഗർഭം ധരിച്ചിരുന്ന കാലഘട്ടത്തിൽ താൻ അഭിനയരംഗത്ത് സജീവമായിരുന്നതിനെക്കുറിച്ചും, പ്രത്യേകിച്ച് 1993-ൽ പുറത്തിറങ്ങിയ 'ഗുംറാ' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിൽ താൻ ഗർഭിണിയാണെന്ന കാര്യം അറിയാതെ പോയതിനെക്കുറിച്ചുമെല്ലാം സോണി റസ്ദാൻ സംസാരിക്കുന്നുണ്ട്.

Read Also: രാമായണം വിജയത്തിനിടയിൽ മകൾ റാഹയുടെ പിറന്നാൾ ആഘോഷിച്ച് രൺബീറും ആലിയയും 

സോണി റസ്ദാന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ വഴിത്തിരിവായിരുന്നു 1986-ൽ ദൂരദർശനിൽ സംപ്രേഷണം ചെയ്ത ബുനിയാദ് എന്ന വിഖ്യാത പരമ്പര. രമേഷ് സിപ്പിയും ജ്യോതി സ്വരൂപും ചേർന്ന് സംവിധാനം ചെയ്ത ഈ പരമ്പരയിലൂടെ ടെലിവിഷൻ രംഗത്ത് അരങ്ങേറ്റം കുറിച്ച സോണി, ആ സമയത്താണ് ഷഹീൻ ഭട്ടിനെ ഗർഭം ധരിച്ചിരുന്നത്. കരിയറിന്റെ തുടക്കകാലത്തും ദാമ്പത്യ ജീവിതത്തിന്റെ പ്രാരംഭ ഘട്ടത്തിലും സിനിമാ-ടെലിവിഷൻ അണിയറപ്രവർത്തകർ നൽകിയ കരുതലിനെക്കുറിച്ച് സോണി റസ്ദാൻ ഓർക്കുന്നുണ്ട്.

എൺപതുകളുടെ മധ്യത്തിൽ മുംബൈയിലെ ലോഖണ്ഡ്വാല കോംപ്ലക്‌സ് ഇന്നത്തെപ്പോലെ വികസിച്ചിരുന്നില്ല. അതിരാവിലെ ഷൂട്ടിംഗിന് പോകാൻ ഒരു ടാക്‌സി പോലും ലഭിക്കാത്ത വിജനമായ പ്രദേശമായിരുന്നു അത്. വിവാഹം കഴിഞ്ഞയുടനെയുള്ള കാലമായതിനാൽ സോണിക്കും മഹേഷ് ഭട്ടിനും സ്വന്തമായി ഒരു കാർ ഉണ്ടായിരുന്നില്ല. ഗർഭിണിയായ സോണിക്ക് രാവിലെ ആറ് മണിക്ക് വാഹനം തിരയുന്ന മാനസിക സമ്മർദ്ദം ഒഴിവാക്കാൻ നിർമ്മാതാക്കളായ സിപ്പി കുടുംബം പ്രത്യേക കാർ അയച്ചുകൊടുക്കുമായിരുന്നു. ചിത്രീകരണ സ്ഥലത്ത് വിശ്രമിക്കാൻ ഏറ്റവും മികച്ച മുറി തന്നെ സോണിക്കായി മാറ്റിവെക്കുകയും, ആരോഗ്യകാര്യങ്ങളിൽ അങ്ങേയറ്റം ശ്രദ്ധ നൽകുകയും ചെയ്തിരുന്നുവെന്ന് താരം വ്യക്തമാക്കുന്നു. 1988-ലാണ് സോണി റസ്ദാനും മഹേഷ് ഭട്ടും തങ്ങളുടെ മൂത്ത മകളായ ഷഹീൻ ഭട്ടിനെ വരവേറ്റത്. സഹപ്രവർത്തകരുടെ കരുതലും സ്‌നേഹവും ആ പ്രസവകാലത്തെ ഏറെ സുഗമമാക്കിയെന്ന് സോണി ഓർക്കുന്നു.

Read Also:ഒരു വശത്ത് മൂന്ന് സിംഹങ്ങൾ, മുന്നിൽ എന്റെ പെൺസിംഹം; ആലിയയെ പ്രൊപ്പോസ് ചെയ്തത് ഓർത്ത് രൺബീർ 

ആദ്യ പ്രസവത്തിന് ഏതാനും വർഷങ്ങൾക്ക് ശേഷം, മഹേഷ് ഭട്ട് തന്നെ സംവിധാനം ചെയ്ത ഗുംറാ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് സോണി റസ്ദാൻ വീണ്ടും ഗർഭിണിയാകുന്നത്. ശ്രീദേവിയും സഞ്ജയ് ദത്തും പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രത്തിൽ അതിശക്തമായ ഒരു കഥാപാത്രത്തെയാണ് സോണി അവതരിപ്പിച്ചത്. എന്നാൽ, ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ താൻ ആലിയ ഭട്ടിനെ ഗർഭം ധരിച്ചിരിക്കുകയാണെന്ന വിവരം സോണി അറിഞ്ഞിരുന്നില്ല. 'ഞാൻ പുകവലി രംഗം ചിത്രീകരിക്കുകയായിരുന്നു. ഒരൊറ്റ ദിവസം കൊണ്ട് ഞാൻ ഏകദേശം നൂറോളം സിഗരറ്റുകൾ വലിച്ചിട്ടുണ്ടാകും. എന്റെ ഉള്ളിൽ ആലിയ ഉണ്ടെന്ന കാര്യത്തെക്കുറിച്ച് എനിക്ക് യാതൊരു സൂചനയുമുണ്ടായിരുന്നില്ല. യഥാർത്ഥ ജീവിതത്തിൽ ഞാൻ ഒരിക്കലും പുകവലിക്കുന്ന ആളല്ല. പക്ഷേ, ആ ഷൂട്ടിംഗിന് ശേഷം എനിക്ക് സിഗരറ്റിനോട് വല്ലാത്തൊരു ആസക്തി തോന്നിത്തുടങ്ങി.' സിനിമയിലെ കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കായി നടത്തിയ ആ അഭിനയം, പിന്നീട് താൻ ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ വലിയൊരു അമ്പരപ്പിലേക്കാണ് സോണിയെ നയിച്ചത്.

സോണി റസ്ദാന്റെ അനുഭവം ഒരു സിനിമാ കഥ പോലെ കൗതുകമുണർത്തുന്നതാണെങ്കിലും, വൈദ്യശാസ്ത്രപരമായി ഗർഭകാലത്തെ പുകവലി അങ്ങേയറ്റം അപകടകരമാണെന്ന് ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.ഗർഭാവസ്ഥയുടെ ആദ്യ ആഴ്ചകളിൽ പല സ്ത്രീകളും തങ്ങൾ ഗർഭിണികളാണെന്ന വിവരം അറിയാറില്ല. എന്നാൽ പുകയിലയിലെ നിക്കോട്ടിനും കാർബൺ മോണോക്‌സൈഡും ഗർഭസ്ഥ ശിശുവിന്റെ വളർച്ചയെ സാരമായി ബാധിക്കാൻ സാധ്യതയുള്ള ഘടകങ്ങളാണ്.

സിഗരറ്റ് പുകയിലുള്ള കാർബൺ മോണോക്‌സൈഡ് രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയ്ക്കുകയും മറുപിള്ളയിലൂടെ കുഞ്ഞിന് ലഭിക്കേണ്ട പോഷകങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.ഗർഭകാലത്ത് പുകവലിക്കുന്ന അമ്മമാർക്ക് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഭാരക്കുറവ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.ഗർഭാവസ്ഥയിൽ പുകയിലയുടെ സാന്നിധ്യം നേരിടുന്ന കുഞ്ഞുങ്ങൾക്ക് ഭാവിയിൽ ആസ്ത്മ പോലുള്ള ശ്വാസകോശ രോഗങ്ങൾ വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അമിതമായ നിക്കോട്ടിൻ സാന്നിധ്യം അകാല പ്രസവത്തിനും ഗർഭം അലസുന്നതിനും വരെ കാരണമായേക്കാം.

സോണി റസ്ദാന്റെ കാര്യത്തിൽ, ഗർഭധാരണത്തിന്റെ ഏറ്റവും പ്രാരംഭ ഘട്ടത്തിൽ ഒരു ദിവസത്തെ ചിത്രീകരണത്തിന് മാത്രമാണ് ഈ സാഹചര്യം ഉണ്ടായത്. പിന്നീട് കൃത്യമായ വൈദ്യസഹായവും വിശ്രമവും ലഭിച്ചതിനാൽ കുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ല.

സോണി റസ്ദാൻ ഗുംറായിൽ അഭിനയിക്കുമ്പോൾ ഉദരത്തിലുണ്ടായിരുന്ന ആലിയ ഭട്ട്, ഇന്ന് ഇന്ത്യൻ സിനിമയിലെ ഏറ്റവും തിരക്കുള്ള മികച്ച അഭിനേത്രിയാണ്. 2018-ൽ മേഘ്ന ഗുൽസാർ സംവിധാനം ചെയ്ത റാസി എന്ന ചിത്രത്തിൽ സോണി റസ്ദാനും ആലിയ ഭട്ടും യഥാർത്ഥ ജീവിതത്തിലെന്നപോലെ അമ്മയും മകളുമായിത്തന്നെ വെള്ളിത്തിരയിൽ ഒന്നിച്ചെത്തിയിരുന്നു.

Content Highlights: Sony Razdan recalls her pivotal role in the 1986 TV series Buniyaad, marking a significant turning point in her acting career.