ആർക്കുവേണ്ടിയും മാറ്റിവയ്ക്കാത്ത ഷാരൂഖ് ഖാന്റെ രാജകീയ ശീലം ഇതാണ്

ഷാരൂഖ് ഖാൻ | ഫോട്ടോ: AFP
ഷാരൂഖ് ഖാൻ | ഫോട്ടോ: AFP

ബോളിവുഡിലെ 'കിങ് ഖാൻ' എന്നറിയപ്പെടുന്ന ഷാരൂഖ് ഖാന്റെ ജീവിതശൈലിയെക്കുറിച്ചുള്ള നിരവധി വാർത്തകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുള്ളതാണ്. സാധാരണക്കാരായ ആളുകളിൽനിന്നു വ്യത്യസ്തമായി പുലർച്ചെ അഞ്ച് മണിയോടെ ഉറങ്ങാൻ പോകുന്ന ശീലമാണ് അതിലൊന്ന്. ഇപ്പോഴിതാ എത്ര തിരക്കുപിടിച്ച ഷെഡ്യൂൾ ആണെങ്കിലും, ആർക്കുവേണ്ടിയും ബോളിവുഡിലെ കിങ് ഖാൻ മാറ്റിവയ്ക്കാത്ത മറ്റൊരു ശീലത്തെക്കുറിച്ച് അദ്ദേഹം തുറന്നുപറയുകയാണ്.

യഥാർഥ ജീവിതത്തിൽ ബോളിവുഡിലെ കിങ് ഖാന്റെ രാജകീയ ശീലം എന്താണെന്ന ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് ഷാരൂഖിന്റെ ഉത്തരം. ജോലിക്ക് പോകാൻ വൈകിയിരിക്കുകയാണെങ്കിലും എഴുന്നേറ്റ ഉടനെ, ആരെങ്കിലും എന്തെങ്കിലും സംസാരിക്കുന്നതിന് മുൻപായി മൂന്നു കപ്പ് കാപ്പി കുടിക്കുക എന്നുള്ളതാണ് ആ ശീലമെന്ന് ഷാരൂഖ് പറയുന്നു. പിന്നെ സെറ്റിലെത്തിയാൽ വൈകിയതിന് വഴക്കു കേൾക്കും, അതോടെ രാജകീയ വികാരങ്ങളെല്ലാം കെട്ടടങ്ങും എന്നും തമാശയോടെ ഷാരൂഖ് പറയുന്നു.

പുലർച്ചെ അഞ്ചുമണിയോടെ ഉറങ്ങുന്ന ഷാരൂഖ് പത്തുമണിയോടെയാണ് ഉറക്കമുണരുക. വൈകിയാണ് വീട്ടിലെത്തുകയെങ്കിലും കുളിച്ച് 30 മിനിട്ട് വർക്കൗട്ട് ചെയ്തിട്ടാണ് ഷാരൂഖ് ഉറങ്ങുക. അതുകൊണ്ട് ഉറക്കമുണർന്നാൽ ആദ്യത്തെ കുറച്ചു മണിക്കൂറുകൾ തനിക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് നിർബന്ധം പുലർത്തുന്ന വ്യക്തിയാണ് ഷാരൂഖ്. തന്റെ വ്യക്തിപരമായ മാനസികാരോഗ്യത്തിനും സമാധാനത്തിനും മുൻഗണന നൽകുന്നതിനാലാണ് ഷാരൂഖ് ഈ ശീലം കൃത്യമായി പിന്തുടരുന്നത്. ലോകം മുഴുവൻ തന്റെ പിന്നാലെ ഓടുമ്പോഴും, ഒരു രാജാവിനെപ്പോലെ സ്വന്തം സമയത്തെ നിയന്ത്രിക്കാൻ ഷാരൂഖിന് കഴിയുന്നു എന്നതിനാലാണ് ഈ ശീലത്തെ 'മോസ്റ്റ് കിങ്-ലൈക്ക് തിങ്' എന്ന് വിശേഷിപ്പിക്കുന്നത്.

ഷാരൂഖിന്റെ അറുപതാം പിറന്നാൾ വേളയിൽ എല്ലാ വർഷവും നിങ്ങൾ എങ്ങനെയാണ് ഇങ്ങനെ ചെറുപ്പമായി വരുന്നത് എന്നൊരു ആരാധകൻ ഷാരൂഖ് ഖാനോട് ചോദിച്ചിരുന്നു. മനസ്സ് കുട്ടികളുടെ പോലെയാണ് അതാണ് കാരണമെന്നായിരുന്നു അതിന് തമാശ രൂപത്തിലുള്ള ഷാരൂഖിന്റെ മറുപടി. അതിനൊപ്പം കാണുന്നവന്റെ കണ്ണിലാണ് എല്ലാമിരിക്കുന്നതെന്നും ഷാരൂഖ് പറഞ്ഞു.

ദിവസം രണ്ടുനേരമാണ് ഷാരൂഖ് ഭക്ഷണം കഴിക്കുക. ഉച്ചഭക്ഷണവും അത്താഴവും. ഗ്രിൽഡ് ചിക്കൻ, ബ്രൊക്കോളി, ദാൽ എന്നിവയാണ് ഷാരൂഖിന്റെ പ്രിയപ്പെട്ട വിഭവങ്ങൾ. കഴിഞ്ഞ കുറേവർഷങ്ങളായി താൻ ഇതുമാത്രമാണ് കഴിക്കുന്നതെന്നും ഷാരൂഖ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Content Highlights: Shah Rukh Khan goes to sleep around 5 AM and wakes up around 10 AM., His uncompromised morning habit is drinking three cups of coffee before anyone speaks to him., He dedicates the first few hours after waking up entirely to himself for mental peace and health., He maintains a strict diet consisting mainly of grilled chicken, broccoli, and dal twice a day.