ഞങ്ങൾ 'സെക്‌സി' സ്‌കൂൾകുട്ടികളല്ല; പോൺ വീഡിയോയിൽ സ്‌കൂൾ യൂണിഫോം നിരോധിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥിനികൾ

#ലൈഫ്സ്റ്റൈൽ ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo:Pexels
പ്രതീകാത്മക ചിത്രം | Photo:Pexels

‘ഞങ്ങൾ വെറും വസ്തുക്കളല്ല, വിദ്യാർഥികളാണ് അതിലുപരി കുട്ടികളും. ഞങ്ങൾ സെക്‌സി സ്‌കൂൾ കുട്ടികളല്ല!’ ഓക്‌സ്ഫഡ് ഷെയറിലെ ഒരു കൂട്ടം സ്‌കൂൾ വിദ്യാർഥികൾ വലിയൊരു പോരാട്ടത്തിലാണ്. സ്‌കൂൾ യൂണിഫോം പോൺ വീഡിയോയിൽ ഉപയോഗിക്കുന്നതിനെതിരെയാണ് ആ പോരാട്ടം. ഒരു വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം അവരുടെ സ്‌കൂൾ യൂണിഫോം എന്നത് അറിവിന്റെയും തുല്യതയുടെയും ആത്മാഭിമാനത്തിന്റെയും ചിഹ്നമാണ്. എന്നാൽ, ഈ വസ്ത്രധാരണം പോൺ വ്യവസായത്തിൽ ദുരുപയോഗം ചെയ്യപ്പെടുകയും, അതിന്റെ പ്രത്യാഘാതം ദിനംപ്രതി തെരുവുകളിൽ പെൺകുട്ടികൾക്ക് അനുഭവിക്കേണ്ടി വരികയും ചെയ്താൽ അതിനേക്കാൾ വലിയ സാമൂഹിക ദുരന്തമില്ല. അതുചോദ്യം ചെയ്താണ് ഇംഗ്ലണ്ടിലെ ഒാക്‌സ്ഫഡ്്‌ഷെയറിലുള്ള ബിസെസ്റ്ററിൽ നിന്നുള്ള ഒരു കൂട്ടം കൗമാരക്കാരായ പെൺകുട്ടികൾ ഇതിനെതിരെ അണിനിരന്നിരിക്കുന്നത്. പോൺ വീഡിയോകളിലും ചിത്രങ്ങളിലും സ്‌കൂൾ യൂണിഫോമുകൾ ചിത്രീകരിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ ആരംഭിച്ച കാമ്പെയ്ൻ വലിയ ജനശ്രദ്ധ ആകർഷിച്ചുകൊണ്ടിരിക്കുകയാണ്.

ബിസെസ്റ്ററിലെ ദി കൂപ്പർ സ്‌കൂളിലെ വിദ്യാർത്ഥിനികളായ റോസ്, മേയ്, ഐലിൻ, വില്ലോ എന്നീ പെൺകുട്ടികളാണ് ഈ ചരിത്രമുന്നേറ്റത്തിന് നേതൃത്വം നൽകുന്നത്. സ്‌കൂളിലെ ലിറ്റിൽ ഫെമിനിസ്റ്റ് ബുക്ക് ക്ലബ്ബ് അംഗങ്ങളാണ് എല്ലാവരും. വായനയിലൂടെയും ചർച്ചകളിലൂടെയും മനസ്സിലാക്കിയ സാമൂഹിക യാഥാർത്ഥ്യങ്ങളാണ് ക്യാമ്പയിനിലേക്ക് തങ്ങളെ എത്തിച്ചതെന്ന് ഇവർ പറയുന്നു. അശ്ലീല വെബ്സൈറ്റുകളിൽ സ്‌കൂൾ യൂണിഫോം ധരിച്ചുള്ള ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കപ്പെടുന്നത് കുഞ്ഞുങ്ങളെയും കൗമാരക്കാരെയും ലൈംഗികവൽക്കരിക്കുന്നതിലേക്ക് നയിക്കുന്നുവെന്നാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്. അഡൽറ്റ് കണ്ടന്റുകളിൽ ഉപയോഗിക്കുന്ന ഇത്തരം വസ്ത്രധാരണ രീതികൾ യഥാർത്ഥ ജീവിതത്തിൽ വിദ്യാലയങ്ങളിലേക്ക് പോകുന്ന സാധാരണ വിദ്യാർത്ഥിനികളുടെ സുരക്ഷയെപ്പോലും അപകടത്തിലാക്കുമെന്നും ഇവർ പറയുന്നു.

യൂണിഫോം ധരിച്ച് തെരുവിലിറങ്ങുമ്പോൾ നേരിടേണ്ടി വരുന്ന ലൈംഗിക അധിക്ഷേപങ്ങളും ശല്യപ്പെടുത്തലുകളും യാദൃച്ഛികമല്ലെന്നും, അശ്ലീല സാഹിത്യത്തിലും ദൃശ്യങ്ങളിലും ഇത്തരം വസ്ത്രങ്ങൾക്ക് ലഭിക്കുന്ന തെറ്റായ വ്യാഖ്യാനങ്ങളുടെ ബാക്കിപത്രമാണെന്നും ഈ വിദ്യാർത്ഥിനികൾ പറയുന്നു. 'ഞങ്ങൾ ദിവസവും സ്‌കൂളിൽ നിന്നും വീട്ടിലേക്ക് യാത്ര ചെയ്യുമ്പോൾ തെരുവുകളിൽ നിന്ന് പലപ്പോഴും കേൾക്കേണ്ടി വരുന്നത് മോശം കമന്റുകളാണ്. ഞങ്ങളുടെ സ്‌കൂൾ യൂണിഫോമുകൾ അശ്ലീല വെബ്സൈറ്റുകളിൽ ലൈംഗിക താല്പര്യങ്ങൾക്കായി ഉപയോഗിക്കപ്പെടുന്നുണ്ടെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ നിമിഷം തികച്ചും അപമാനകരവും അറപ്പുളവാക്കുന്നതുമായിരുന്നു. ഇത് ഞങ്ങളിൽ വലിയ ഭയവും ആശങ്കയുമാണ് ഉണ്ടാക്കുന്നത്.' കാമ്പെയ്‌നിൽ അംഗമായ ഒരു പെൺകുട്ടി പറയുന്നു. കൗമാര പ്രായക്കാരായ പെൺകുട്ടികളുടെ മാനസികാരോഗ്യത്തെയും അവരുടെ സ്വതന്ത്രമായ ജീവിതത്തെയും ഇത്തരം സംഭവങ്ങൾ എത്രത്തോളം പ്രതികൂലമായി ബാധിക്കുമെന്നും ഈ പെൺകുട്ടികൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.

അഡൽറ്റ് ഇൻഡസ്ട്രിയിൽ സ്‌കൂൾ വസ്ത്രങ്ങൾ നിരോധിക്കണമെന്ന ആവശ്യത്തിൽ ചില നിർദേശങ്ങൾ ഇവർ മുന്നോട്ടുവയ്ക്കുന്നുണ്ട്. അശ്ലീല സാഹിത്യങ്ങളിലോ വീഡിയോകളിലോ യഥാർത്ഥമോ അല്ലെങ്കിൽ അതിനോട് സാമ്യമുള്ളതോ ആയ സ്‌കൂൾ യൂണിഫോമുകൾ ഉപയോഗിക്കുന്നത് ക്രിമിനൽ കുറ്റമായി പ്രഖ്യാപിക്കുക, ഓൺലൈൻ അശ്ലീല സൈറ്റുകൾ ഇത്തരത്തിലുള്ള കണ്ടന്റുകൾ നിർമ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും തടയാൻ ശക്തമായ ഫിൽട്ടറിംഗ് സാങ്കേതികവിദ്യകൾ ഉപയോഗിക്കുക, പ്രായപൂർത്തിയാകാത്തവരെ ലൈംഗിക വൽക്കരിക്കുന്ന പ്രവണതകൾക്കെതിരെ പൊതുസമൂഹത്തിൽ ബോധവൽക്കരണം ശക്തമാക്കുക എന്നിവയാണ് ആ നിർദേശങ്ങൾ.

സോഷ്യൽ മീഡിയയിലൂടെയും ഓൺലൈൻ പെറ്റീഷൻ പ്ലാറ്റ്ഫോമുകളിലൂടെയും പെട്ടെന്നുതന്നെ ഈ വിഷയം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. ബ്രിട്ടനിലെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ, എം.പിമാർ, കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സംഘടനകൾ എന്നിവർ പെൺകുട്ടികളുടെ ഈ നീക്കത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാർത്ഥിനികളുടെ ഈ ഹർജി ബ്രിട്ടീഷ് പാർലമെന്റിലും യു.കെയിലെ നിയമനിർമാണ സഭകളിലും വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും, സ്‌കൂൾ കുട്ടികളുടെ സുരക്ഷ മുൻനിർത്തി പുതിയ നിയമനിർമാണത്തിന് സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും പ്രാദേശിക എം.പിമാർ ഉറപ്പുനൽകിയിട്ടുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ബ്രിട്ടനിലെ ആധുനിക ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ലഭിച്ച വലിയൊരു ഊർജ്ജമാണ് ബിസെസ്റ്ററിലെ ഈ കുട്ടികളുടെ മുന്നേറ്റം.

ഇത് കേവലം ബ്രിട്ടനിലെ മാത്രം പ്രശ്‌നമല്ല. ലോകത്തിന്റെ ഏത് കോണിലായാലും വിദ്യാലയങ്ങളിലേക്ക് പോകുന്ന പെൺകുട്ടികൾ നേരിടുന്ന അപമാനങ്ങൾക്കും അതിക്രമങ്ങൾക്കും പിന്നിൽ ഇത്തരത്തിലുള്ള തെറ്റായ ദൃശ്യസംസ്‌കാരത്തിന് വലിയ പങ്കുണ്ട്. അറിവിന്റെ കേന്ദ്രങ്ങളിലേക്ക് പുറപ്പെടുന്ന കുഞ്ഞുങ്ങൾക്ക് ഭയമില്ലാതെ നടന്നുപോകാനുള്ള അന്തരീക്ഷമൊരുക്കുക എന്നത് ഏത് ജനാധിപത്യ സമൂഹത്തിന്റെയും കടമയാണ്. ബിസെസ്റ്ററിലെ ദി കൂപ്പർ സ്‌കൂൾ വിദ്യാർഥികൾ തുടങ്ങിവെച്ച ഈ പോരാട്ടത്തിന്റെ തീജ്വാല ലോകമെമ്പാടുമുള്ള ഡിജിറ്റൽ ഇടങ്ങളിലെയും അശ്ലീല വ്യവസായങ്ങളിലെയും അനഭിലഷണീയമായ പ്രവണതകൾക്ക് വലിയൊരു തടയിടുമെന്ന് പ്രതീക്ഷിക്കാം.

Content Highlights: A group of students in Oxfordshire campaigns against the misuse of school uniforms in porn videos, highlighting the impact on girls' safety and dignity.