ഗർഭകാലത്തും വ്യായാമം മുടക്കാതെ സാമന്ത; വൈറലായി സോഷ്യൽ മീഡിയ പോസ്റ്റ്

samantha ruth prabhu|photo:instagram.com/samantharuthprabhuoffl/
samantha ruth prabhu|photo:instagram.com/samantharuthprabhuoffl/

ഗർഭകാലം വിശ്രമിക്കാൻ ഉള്ളതല്ലെന്നും ആരോഗ്യകരമായ രീതിയിൽ ശരീരത്തെ സജീവമാക്കി നിലനിർത്താമെന്നും തെളിയിക്കുകയാണ് നടി സാമന്ത റൂത്ത് പ്രഭു . 39-കാരിയായ സമന്ത തനിക്കായി പ്രത്യേകം തയ്യാറാക്കിയ സ്‌ട്രെങ്ത് ട്രെയിനിംഗ് വ്യായാമങ്ങൾ ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ പോസ്റ്റ് വളരെ വേഗത്തിലാണ് ആരാധകർ ഏറ്റെടുത്തത്.

വർക്കൗട്ട് വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് സാമന്ത കുറിച്ചത് ഇങ്ങനെയാണ്, ഈ ദിവസങ്ങളിൽ എന്റെ വർക്കൗട്ട് രീതികൾ അൽപ്പം വ്യത്യസ്തമാണ്. കൂടുതൽ കഠിനാധ്വാനം ചെയ്യുന്നതിനേക്കാൾ പ്രധാനം ശരീരത്തെ കേൾക്കുക എന്നതാണ്. ഒരു കുഞ്ഞിന് ജന്മം നൽകാൻ തയ്യാറെടുക്കുമ്പോൾ വ്യായാമത്തിന്റെ ലക്ഷ്യങ്ങൾ മാറുന്നുണ്ടെന്നും ഇതുവരെ ചെയ്തതിൽ വെച്ച് ഏറ്റവും ശക്തമായ കാര്യമാണ് തന്റെ ശരീരം ഇപ്പോൾ ചെയ്യുന്നതെന്നും സാമന്ത കൂട്ടിച്ചേർത്തു.

ചില ദിവസങ്ങളിൽ വളരെ ശക്തമായി തോന്നുമ്പോൾ മറ്റു ചില ദിവസങ്ങളിൽ ലളിതമായ രീതിയിലേക്ക് വ്യായാമങ്ങൾ മാറ്റാറുണ്ട്. ചിലപ്പോൾ യോഗ മാറ്റിൽ വിശ്രമിക്കുന്നതു തന്നെയാണ് അന്നത്തെ പ്രധാനമെന്നുമാണ് സാമന്ത നൽകുന്ന സുപ്രധാന മുന്നറിയിപ്പ്.വർഷങ്ങളായി താൻ സ്‌ട്രെങ്ത് ട്രെയിനിംഗ് ചെയ്യുന്നുണ്ടെന്നും ഡോക്ടറുടെ പൂർണ്ണ അനുമതിയോടെയാണ് ഗർഭകാലത്തും ഇത് തുടരുന്നതെന്നും സാമന്ത വ്യക്തമാക്കി.

ഗർഭിണികൾക്ക് വ്യായാമം നൽകാൻ പ്രത്യേക പരിശീലനം ലഭിച്ച വ്യക്തിയാണ് തന്നെ പരിശീലിപ്പിക്കുന്നത്. ഓരോ വ്യക്തിയുടെയും ഗർഭകാലം വ്യത്യസ്തമാണ്. അതിനാൽ തന്നെ മറ്റുള്ളവർ തന്റെ വർക്കൗട്ട് രീതികൾ അതേപടി അനുകരിക്കരുതെന്നും വ്യായാമങ്ങൾ ആരംഭിക്കുന്നതിന് മുൻപ് സ്വന്തം ഡോക്ടറുമായി സംസാരിക്കണമെന്നും സാമന്ത ഓർമ്മിപ്പിച്ചു.

രാജ് നിധിമോരുവുമായുള്ള വിവാഹശേഷം തങ്ങളുടെ ആദ്യ കൺമണിക്കായി കാത്തിരിക്കുകയാണ് സാമന്ത. താൽക്കാലികമായി സിനിമയിൽ നിന്ന് ചെറിയൊരു ഇടവേള എടുക്കുമെങ്കിലും ഉടൻ തന്നെ ശക്തമായ കഥാപാത്രങ്ങളുമായി തിരിച്ചെത്തുമെന്ന് താരം ആരാധകർക്ക് ഉറപ്പുനൽകിയിട്ടുണ്ട്. മൃണാൽ ടാക്കൂർ, മാനുഷി ചില്ലാർ തുടങ്ങിയ സെലിബ്രിറ്റികളും സാമന്തയ്ക്ക് ആശംസകൾ അറിയിച്ച് കമന്റുകളിട്ടിട്ടുണ്ട്. തികച്ചും പ്രചോദിപ്പിക്കുന്നത്, സൂപ്പർ വുമൺ എന്നിങ്ങനെയുള്ള കമന്റുകളും ആരാധകർ കുറിച്ചിട്ടുണ്ട്.

Content Highlights: Actress Samantha Ruth Prabhu shared her strength training workout routine during pregnancy., Emphasized listening to the body rather than overexerting during pregnancy., Stressed the importance of doctor consultation and certified trainers for prenatal workouts., Samantha and Raj Nidimoru are expecting their first child together.