മകനെ ഇതുവരെ വഴക്കുപറഞ്ഞിട്ടില്ല: കുഞ്ഞുങ്ങളെ കുസൃതികൾ ചെയ്യാൻ അനുവദിച്ച് വളർത്താം-രോഹിത് ഷെട്ടി

കുട്ടികളെ വളർത്തുമ്പോൾ ശിക്ഷയും ശാസനയും അനിവാര്യമാണെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം മാതാപിതാക്കളും. എന്നാൽ, തന്റെ മകൻ ഇഷാനെ വളർത്തിയപ്പോൾ തികച്ചും വ്യത്യസ്തമായ ഒരു പാതയാണ് താൻ തിരഞ്ഞെടുത്തതെന്ന് വെളിപ്പെടുത്തുകയാണ് പ്രശസ്ത ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടി. ജീവിതത്തിൽ ഇതുവരെ താൻ മകനെ ദേഷ്യപ്പെടുകയോ വഴക്കുപറയുകയോ ചെയ്തിട്ടില്ലെന്നും, ഈ ശൈലിയാണ് തങ്ങൾക്കിടയിൽ ശക്തമായ പരസ്പരവിശ്വാസം കെട്ടിപ്പടുക്കാൻ സഹായിച്ചതെന്നും അദ്ദേഹം പറയുന്നു. ഒരു പോഡ്കാസ്റ്റിലാണ് മകനെ വളർത്തിയ രീതിയെപ്പറ്റി അദ്ദേഹം തുറന്നുപറഞ്ഞത്.
കുട്ടികൾ കുസൃതികൾ വരുത്തുന്നത് സ്വാഭാവികമാണ്. അത് അവരുടെ പഠനത്തിന്റെയും വളർച്ചയുടെയും ഭാഗമായി കാണണമെന്നാണ് രോഹിത് ഷെട്ടിയുടെ നിലപാട്. ഒരു തെറ്റ് പറ്റുമ്പോൾ കുട്ടികളെ കഠിനമായി ശാസിക്കുന്നതിന് പകരം, എന്തുകൊണ്ട് ആ തെറ്റ് സംഭവിച്ചു എന്നും അത് എങ്ങനെ തിരുത്താമെന്നും ശാന്തമായി സംസാരിച്ചു മനസ്സിലാക്കിക്കൊടുക്കുകയാണ് വേണ്ടത്.
''ഞാൻ ഒരിക്കലും എന്റെ മകനെ ശകാരിച്ചിട്ടില്ല. വീട്ടിൽ ഒരിക്കലും ഞാൻ ശബ്ദം ഉയർത്തിട്ടില്ല. 'നീ എപ്പോഴെങ്കിലും ഒരു തെറ്റ് ചെയ്താൽ, വന്ന് എന്നോട് പറയൂ' എന്ന് ഞാൻ എപ്പോഴും അവനോട് പറയാറുണ്ട്. അത് എനിക്ക് ഗുണം ചെയ്തു.'- രോഹിത് പറഞ്ഞു. രോഹിതിനെ സംബന്ധിച്ചിടത്തോളം കാര്യം ലളിതമാണ്: കുട്ടികൾ തെറ്റുകൾ വരുത്തും. മാതാപിതാക്കളോട് അതിനെക്കുറിച്ച് പറയാൻ അവർക്ക് സുരക്ഷിതത്വം തോന്നുന്നുണ്ടോ എന്നതാണ് പ്രധാന കാര്യം.
'50 ദിവസം ഞാൻ പുറത്ത് ഷൂട്ടിംഗിന് പോയാലും, 'ഇത് ചെയ്യരുത്, യാർ' എന്ന് ഞാൻ അവനോട് പറഞ്ഞാൽ അവൻ അത് ചെയ്യില്ല. വീട്ടിൽ എനിക്ക് അത്തരമൊരു ഇമേജാണുള്ളത്. എന്റെ കുട്ടിക്കെതിരെ ഞാൻ ഒരിക്കലും ശബ്ദം ഉയർത്തിയിട്ടില്ല,'' അദ്ദേഹം പറഞ്ഞു. മകൻ എടുക്കുന്ന ഓരോ തീരുമാനവും നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനുപകരം, തിരഞ്ഞെടുപ്പുകൾ നടത്താനുള്ള സ്വാതന്ത്ര്യം താൻ അവന് നൽകിയിട്ടുണ്ടെന്നാണ് രോഹിത് പറയുന്നത്. ''അവന് ഇഷ്ടമുള്ളത് ചെയ്യാനുള്ള സ്വാതന്ത്ര്യം അവന് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
പേരന്റിങ്ങിൽ സ്വാതന്ത്ര്യം എന്നാൽ അതിരുകളില്ല എന്നല്ല അർത്ഥമെന്നും അദ്ദേഹം പറയുന്നുണ്ട്. ''എന്നാൽ ഞാൻ എപ്പോഴും അവനോട് പറഞ്ഞിട്ടുള്ള ചില കാര്യങ്ങളുണ്ട്: 'ഓർക്കുക, നീ നിന്റെ പിതാവിന്റെ പേര് വഹിക്കുന്നുണ്ട്, അതിനെ ബഹുമാനിക്കണം. സ്ത്രീകളെ ബഹുമാനിക്കണം മയക്കുമരുന്നുകളിൽ നിന്ന് വിട്ടുനിൽക്കണം, ബാക്കിയൊക്കെ ഞാൻ നോക്കിക്കൊള്ളാമെന്നും മകനോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Rohit Shetty has never scolded or raised his voice at his son, Ishan., Allowing children to make mistakes helps them learn and grow., Building a safe environment encourages children to confess mistakes to parents., Parenting requires giving freedom while setting core moral boundaries like respecting women and staying away from drugs.