റിമിക്ക് ഇന്ന് കല്യാണം; ലിബിന്റെ കൈപിടിച്ച് പുതിയ ജീവിതത്തിന് തുടക്കം കുറിച്ച് ഗായിക

ഗായികയും അവതാരകയുമായ റിമി ടോമിയുടെ വിവാഹചടങ്ങുകൾ പുരോഗമിക്കുന്നു. മുംബൈയിൽ താമസിക്കുന്ന മലയാളിയും ജിം പരിശീലകനും ബോഡി ബിൽഡറുമായ ലിബിൻ മാത്യുവാണ് വരൻ. അടുത്ത ബന്ധുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങിലാണ് വിവാഹം നടക്കുന്നത്. റിമിയുടെ സഹോദരൻ റിങ്കു ടോമിയുടെ പിറന്നാൾ ദിനം കൂടിയാണ് ഈ ദിവസം. അതുകൊണ്ടുതന്നെ കുടുംബത്തിന് ഇരട്ടി സന്തോഷം പകരുന്ന ദിനമാണ് ഇന്ന്. മുംബൈയിലെ ഡോംബിവല്ലിയിലാണ് വിവാഹം നടക്കുകയെന്ന് റിമി നേരത്തേ ആരാധകരെ അറിയിച്ചിരുന്നു. ലിബിൻ ജനിച്ചുവളർന്ന സ്ഥലമായതിനാലാണ് ഡോംബിവല്ലി തിരഞ്ഞെടുത്തത്. സിനിമാ മേഖലയിലെ സുഹൃത്തുക്കളെ ഉൾപ്പെടെ ക്ഷണിക്കാതെ, കുടുംബാംഗങ്ങൾ മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങായിരിക്കുമെന്നും റിമി പറഞ്ഞിരുന്നു.
വിവാഹവാർത്ത പുറത്തുവന്നതിനു പിന്നാലെ റിമി പങ്കുവച്ച കുറിപ്പും ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു. ജീവിതത്തിൽ പ്രതീക്ഷിക്കാത്ത കാര്യങ്ങൾ മനോഹരമായ അനുഗ്രഹങ്ങളായി മാറാറുണ്ടെന്നും പുതിയൊരു അധ്യായം തുടങ്ങാൻ കാത്തിരിക്കുകയാണെന്നും താരം കുറിച്ചു. പ്രിയപ്പെട്ടവനോടൊപ്പം ഒരു ജീവിതം കെട്ടിപ്പടുക്കാനുള്ള ആഗ്രഹവും റിമി പങ്കുവച്ചിരുന്നു. എല്ലാവരുടെയും സ്നേഹവും പ്രാർഥനകളും അനുഗ്രഹങ്ങളും വേണമെന്നും താരം അഭ്യർഥിച്ചിരുന്നു.
മാർച്ച് 10ന് തുടങ്ങിയ സൗഹൃദം പ്രണയത്തിലേക്ക്
മാർച്ച് 10നാണ് റിമിയും ലിബിനും ആദ്യമായി ഫോണിൽ സംസാരിച്ചത്. മാർച്ച് 14-ന് നേരിൽ കണ്ടു. നേരിൽ കാണുന്നതിനു മുമ്പുതന്നെ ഫോൺ സംഭാഷണങ്ങളിലൂടെ ഇരുവരും അടുത്തിരുന്നു. കണ്ടുമുട്ടിയ സമയത്തുതന്നെ വിവാഹത്തെക്കുറിച്ച് തീരുമാനിച്ചിരുന്നുവെന്നും റിമി വെളിപ്പെടുത്തിയിരുന്നു.ലിബിൻ തന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്നാണ് റിമി വിശേഷിപ്പിച്ചത്. അദ്ദേഹത്തോടൊപ്പം കഴിയുമ്പോൾ ധൈര്യവും സമാധാനവും പോസിറ്റിവിറ്റിയും തോന്നുന്നുവെന്നും എന്തു സംഭവിച്ചാലും കൂടെയുണ്ടാകുമെന്ന ഉറപ്പ് നൽകുന്ന വ്യക്തിയാണ് ലിബിനെന്നും താരം പറഞ്ഞു.
ഇക്കാര്യങ്ങളെല്ലാം അമ്മയുമായി പങ്കുവെച്ചിരുന്നുവെന്നും റിമി പറഞ്ഞു. എന്നാൽ നേരിട്ട് കാണുകയോ സംസാരിക്കുകയോ ചെയ്യാത്ത ഒരാളെ പെട്ടെന്ന് വിവാഹം കഴിക്കാൻ തീരുമാനിച്ചതിൽ അമ്മയ്ക്കും സ്വാഭാവികമായ ആശങ്കകളുണ്ടായിരുന്നു. എങ്കിലും തന്റെ വിവാഹം കാണണമെന്നത് അമ്മയുടെ വലിയ ആഗ്രഹമായിരുന്നുവെന്നും റിമി കൂട്ടിച്ചേർത്തു. ലിബിൻ മുംബൈയിൽ വളർന്നതിനാൽ മലയാളം സംസാരിച്ചിരുന്നില്ലെന്നും തന്നെ പരിചയപ്പെട്ട ശേഷമാണ് മലയാളം പഠിച്ചുതുടങ്ങിയതെന്നും റിമി വെളിപ്പെടുത്തി. ഇരുവരുടെയും പ്രണയവിശേഷങ്ങളും വിവാഹ ഒരുക്കങ്ങളും ആരാധകർക്കിടയിൽ ഇതിനോടകം വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു
റിമിയുടെ ജീവിതത്തിലെ പുതിയ തുടക്കത്തിന് ആശംസകളുമായി ആരാധകരും സുഹൃത്തുക്കളും രംഗത്തെത്തുകയാണ്. സംഗീതവേദികളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ഗായികയുടെ പുതിയ ജീവിതയാത്രയ്ക്കും ആശംസകൾ നേരുകയാണ് ആരാധകർ.
Content Highlights: Singer and anchor Rimi Tomy married Libin Mathew in a private ceremony., The wedding took place in Dombivli, Mumbai, with only close family members in attendance., Libin is a Mumbai-based Malayali, gym trainer, and bodybuilder., The couple met and decided to get married after a whirlwind romance starting in March.