വർഷങ്ങളോളം പ്രണയം രഹസ്യമാക്കിയതിന് കാരണം വെളിപ്പെടുത്തി രശ്മികയും വിജയ് ദേവരക്കൊണ്ടയും

എട്ട് വർഷത്തോളം നീണ്ട സൗഹൃദത്തിനും പ്രണയത്തിനുമൊടുവിൽ രാജസ്ഥാനിലെ ഉദയ്പൂരിൽ വെച്ച് നടന്ന ചടങ്ങിൽ കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് ആരാധകരുടെ പ്രിയ ജോഡികളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരായത്. എന്നാൽ, ഇത്രയും വർഷക്കാലം തങ്ങളുടെ ബന്ധത്തെക്കുറിച്ച് പരസ്യമായി തുറന്നു പറയാതിരുന്നതിനും, സോഷ്യൽ മീഡിയ ഗോസിപ്പുകളിൽനിന്ന് അകന്നുനിന്നതിനുമുള്ള കാരണം വ്യക്തമാക്കുകയാണ് ഇപ്പോൾ താരദമ്പതികൾ. വിവാഹശേഷമുള്ള ആദ്യ സംയുക്ത അഭിമുഖത്തിലാണ് വിജയും രശ്മികയും മനസ്സ് തുറന്നത്.
'കഴിഞ്ഞ എട്ട് വർഷമായി എനിക്ക് രശ്മികയെ അറിയാം. സഹപ്രവർത്തകയായി തുടങ്ങിയ ബന്ധം പിന്നീട് സൗഹൃദമായും, പ്രണയമായും, ഒടുവിൽ എന്റെ ഭാര്യയായും മാറി. ഞങ്ങൾ ഹൈഡ് ആൻഡ് സീക്ക് ഗെയിം കളിക്കുകയായിരുന്നില്ല. എന്റെ ജീവിതം എന്റെ സ്വകാര്യതയാണ്. അത് എല്ലാവരോടും പറയേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നിയില്ല. എന്റെ ജീവിത കാര്യങ്ങൾ ഞാൻ എന്തിന് മറ്റുള്ളവരുമായി ചർച്ച ചെയ്യണം?' മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുന്നിൽ അനാവശ്യമായി വിശദീകരണങ്ങൾ നൽകാൻ ആഗ്രഹിക്കാതിരുന്നതുകൊണ്ടാണ് ബന്ധത്തെക്കുറിച്ച് മൗനം പാലിച്ചതെന്നും വിജയ് കൂട്ടിച്ചേർത്തു.
സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് രശ്മികയും തന്റെ നിലപാട് വ്യക്തമാക്കി. 'ഞങ്ങളുടെ ബന്ധം ആളുകൾക്ക് കണ്ടു രസിക്കാനുള്ള വെറുമൊരു വിനോദോപാധിയല്ല. അത് ഞങ്ങൾക്ക് രണ്ടുപേർക്കും മാത്രം ഉള്ളതാണ്. ജീവിതത്തിൽ നമ്മൾ കാത്തുസൂക്ഷിക്കേണ്ട ചില കാര്യങ്ങളുണ്ട്, അവയെക്കുറിച്ച് പുറത്ത് പോയി സംസാരിക്കാതിരിക്കുകയാണ് വേണ്ടത്. ജീവിതത്തിലെ ഏറ്റവും പവിത്രമായത് സംരക്ഷിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു.'വ്യക്തിപരമായ കാര്യങ്ങൾ പരസ്യവിചാരണയ്ക്ക് വിട്ടുകൊടുക്കാതെ, കൃത്യമായ അതിരുകൾ നിശ്ചയിച്ചതാണ് തങ്ങളുടെ ആത്മബന്ധം കൂടുതൽ ദൃഢമാക്കിയതെന്ന് രശ്മിക വ്യക്തമാക്കുന്നു.
കല്യാണം കഴിക്കാമെന്ന ബോധ്യം വന്ന ആ നിമിഷം ഒരു വർഷം മുൻപാണ് സൗഹൃദത്തിൽ നിന്ന് പ്രണയത്തിലേക്ക് വഴിമാറിയപ്പോൾ ജീവിതത്തിൽ രശ്മികയുടെ സാന്നിധ്യം എത്രത്തോളം പ്രധാനമാണെന്ന് താൻ തിരിച്ചറിഞ്ഞതെന്ന് വിജയ് വെളിപ്പെടുത്തി. ഒരുമിച്ച് ഷൂട്ട് ചെയ്യുമ്പോൾ കൂടുതൽ ആശ്വാസവും സന്തോഷവും തോന്നിയിരുന്നു. ങ്ങൾ രണ്ടുപേർക്കും ഒരേ ജിം ട്രെയിനറാണ് ഉള്ളത്. അതിനാൽ വർക്ക്ഔട്ട് ഒരുമിച്ച് ചെയ്യുമ്പോൾ പ്രയാസങ്ങൾ തോന്നിയിരുന്നില്ല. ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുമ്പോൾ പോലും രശ്മിക കൂടെ ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന് ചിന്തിക്കാൻ തുടങ്ങി.
ജീവിതത്തിന്റെ കുഞ്ഞു കുഞ്ഞു കാര്യങ്ങളിൽ രശ്മിക ഒപ്പമില്ലാത്തപ്പോൾ ഒരു ശൂന്യത അനുഭവപ്പെട്ടു തുടങ്ങിയെന്നും, ആ പ്രത്യേക വ്യക്തി കൂടെയുള്ളപ്പോൾ എല്ലാം കൂടുതൽ മനോഹരമായി തോന്നിയപ്പോഴാണ് എന്നാൽ പിന്നെ വിവാഹം കഴിക്കാം എന്ന തീരുമാനത്തിലേക്ക് എത്തിയതെന്നും വിജയ് വ്യക്തമാക്കി. പരസ്പരം പ്രൊപ്പോസ് ചെയ്തിട്ടില്ലെന്നും, ദിവസങ്ങൾ ചെല്ലുന്തോറും തങ്ങൾ പരസ്പരം കൂടുതൽ അടുത്തുവരുകയായിരുന്നും രശ്മികയും കൂട്ടിച്ചേർത്തു.
ഗീത ഗോവിന്ദം, ഡിയർ കോമ്രേഡ് എന്നീ വൻ വിജയ ചിത്രങ്ങൾക്ക് ശേഷം രശ്മികയും വിജയും വീണ്ടും സ്‌ക്രീനിൽ ഒന്നിക്കുന്ന പീരിയഡ് ആക്ഷൻ ഡ്രാമ ചിത്രമാണ് രണബാലി. വിവാഹശേഷമുള്ള ഇവരുടെ ആദ്യ ചിത്രം കൂടിയായ രണബാലി ഒക്ടോബർ 16-നാണ് തിയേറ്ററുകളിൽ എത്തുന്നത്. റീൽ ലൈഫിലും റിയൽ ലൈഫിലും ഒന്നിച്ച ജനപ്രിയ ജോഡികളുടെ ബിഗ് സ്‌ക്രീൻ തിരിച്ചുവരവിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ.
Content Highlights: Rashmika Mandanna and Vijay Deverakonda tied the knot in Udaipur, revealing reasons for keeping their relationship private for eight years.