'വാരാന്ത്യങ്ങളിൽ എന്നെ വിളിച്ച് ശല്യം ചെയ്യാൻ നിങ്ങൾക്കാവില്ല, ജോലി ചെയ്യുന്നു എന്നതിനർഥം എന്റെ സമയം നിങ്ങളുടേതാണെന്നല്ല'- രാധിക ആപ്‌തെ

#ലൈഫ്സ്റ്റൈൽ ഡെസ്ക്
രാധിക ആപ്തേ | ഫോട്ടോ: Getty Images
രാധിക ആപ്തേ | ഫോട്ടോ: Getty Images

കരിയറിൽ മുന്നോട്ടുപോകാൻ സ്ത്രീകൾക്ക് തടസ്സമാകുന്നത് വിവാഹമോ മാതൃത്വമോ അല്ല തൊഴിൽ സംസ്‌കാരമാണെന്ന് രാധിക ആപ്‌തെ. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ കരിയറിൽ മുന്നോട്ടുപോകുന്നതിന് വിവാഹം സ്ത്രീകൾക്ക് ഒരു തടസ്സമാകുന്നുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവർ.

Read More:ബ്രാ ധരിക്കാതെ ഷർട്ടിന്റെ ബട്ടൻ അഴിച്ചിട്ട് അഭിനയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട് - രാധിക ആപ്‌തെ 

രാത്രി 11.30-ന് വിളിച്ചാൽ ഫോൺ എടുക്കണം എന്ന് പ്രതീക്ഷിക്കരുത്; വാരാന്ത്യങ്ങളിൽ എന്നെ ശല്യം ചെയ്യാൻ നിങ്ങൾക്കാവില്ല. നിങ്ങളുടെ ജോലി ചെയ്യുന്നു എന്നതിനർത്ഥം എന്റെ ജീവിതത്തിന്റെ ഉടമസ്ഥാവകാശം നിങ്ങൾക്കുണ്ടെന്നല്ല, രാധിക പറയുന്നു. വിവാഹവും കുടുംബജീവിതവുമാണ് സ്ത്രീകളുടെ കരിയർ തകർക്കുന്നത് എന്ന പരമ്പരാഗതമായ ആഖ്യാനങ്ങളെ തള്ളിയ രാധിക, പ്രശ്‌നം സ്ത്രീകളിലോ അവരെടുക്കുന്ന വ്യക്തിഗത തീരുമാനങ്ങളിലോ അല്ല, മറിച്ച് ജീവനക്കാരുടെ വ്യക്തിജീവിതത്തെ മാനിക്കാത്ത കോർപ്പറേറ്റ് തൊഴിൽ സംസ്‌കാരത്തിലാണെന്നും പറഞ്ഞു.

'ഞാൻ ഒരു സിംഗിൾ വുമൺ ആണെങ്കിൽ എനിക്ക് വ്യക്തിജീവിതം പാടില്ലേ? കുട്ടികളുണ്ടെന്ന കാരണം പറഞ്ഞ് ഓഫീസിൽ നിന്ന് നേരത്തെ ഇറങ്ങുന്നതിൽ മാത്രമല്ല വിഷയം. ഓരോ മനുഷ്യനും ഓഫീസിന് പുറത്ത് സ്വന്തമായ ഒരു ജീവിതമുണ്ട്. എനിക്ക് സോഫയിലിരുന്ന് പുസ്തകം വായിക്കണം, സുഹൃത്തുക്കളെ കാണണം, അല്ലെങ്കിൽ ഒരു പുസ്തകം എഴുതണം... അതിനെല്ലാം എനിക്ക് വ്യക്തിഗതമായ സമയം ആവശ്യമാണ്. കുട്ടികളുണ്ട് അതുകൊണ്ട് എനിക്ക് നേരത്തേ പോകണം എന്നല്ല. അതല്ല യഥാർഥ പ്രശ്‌നം. എല്ലാവർക്കും ജോലിക്ക് പുറത്ത് ഒരു ജീവിതമുണ്ടെന്നാണ്. നിങ്ങൾക്ക് എന്നെ വാരാന്ത്യങ്ങളിൽ വിളിച്ചുകൊണ്ടിരിക്കാനാവില്ല. ഞാൻ 365 ദിവസവും 24X7 ജോലി ചെയ്തുകൊണ്ടിരിക്കുകയാണെന്നും എല്ലായ്‌പ്പോഴും വിളിച്ചുകൊണ്ടിരിക്കാമെന്നും കരുതരുത്. പക്ഷെ നിർഭാഗ്യവശാൽ അതാണ് നമ്മുടെ സംസ്‌കാരം. അതാണ് പ്രശ്‌നം, അല്ലാതെ വിവാഹമോ, കുട്ടിയോ അല്ല.' രാധിക പറയുന്നു.

അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ പഠനങ്ങൾ പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ സമയം ജോലി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മുന്നിലാണ്. ആഴ്ചയിൽ ശരാശരി 48 മണിക്കൂറിലധികം ജോലി ചെയ്യുന്ന ഇന്ത്യക്കാർ, അതിനുപുറമെ ഡിജിറ്റൽ മാധ്യമങ്ങളിലൂടെ നിരന്തരം കമ്പനികളുമായി ബന്ധപ്പെടാൻ നിർബന്ധിതരാകുന്നു. സ്ത്രീകൾ കരിയർ ഉപേക്ഷിക്കുന്നതിന്റെ 60 ശതമാനത്തോളം കാരണം കുടുംബ സമ്മർദമാണെന്ന് വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും, അതിൽ പകുതിയലധികവും കോർപ്പറേറ്റ് തൊഴിലിടങ്ങളിലെ പരിധികളില്ലാത്ത സമയ ക്രമീകരണങ്ങൾ സൃഷ്ടിക്കുന്ന ശാരീരിക-മാനസിക തകർച്ച മൂലമാണെന്ന് പഠനങ്ങൾ പറയുന്നുണ്ട്. വർക്ക് ഫ്രം ഹോം ശൈലി വ്യാപകമായതോടെ ഓഫീസും വീടും തമ്മിലുള്ള അതിരുകൾ മാഞ്ഞുപോയി. രാത്രികളിലും ഞായറാഴ്ചകളിലും വരുന്ന ഇമെയിലുകൾക്കും മെസ്സേജുകൾക്കും ഉടനടി മറുപടി നൽകിയില്ലെങ്കിൽ പെർഫോമൻസ് റേറ്റിങ്ങിനെ അത് ബാധിക്കുന്ന അവസ്ഥയുണ്ട്. സിംഗിൾ ആയിട്ടുള്ള ആളുകളോട് 'നിങ്ങൾക്ക് മറ്റ് കുടുംബ ഉത്തരവാദിത്വങ്ങൾ ഇല്ലല്ലോ' എന്ന വ്യാജേന അധിക ജോലി അടിച്ചേൽപ്പിക്കുന്ന പ്രവണത ഇന്ത്യയിലെ കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ വ്യാപകമാണ്. കുടുംബമുള്ളവർക്ക് നൽകുന്ന താൽക്കാലിക ഇളവുകൾ പോലും ലഭിക്കാതെ, വാരാന്ത്യങ്ങളിലും രാത്രി വൈകിയും ജോലി ചെയ്യാൻ ഇവർ നിർബന്ധിതരാകുന്നു.

Read More: സ്വന്തം അമ്മാവനെ വിവാഹം കഴിക്കേണ്ട കഥാപാത്രം; ആ സിനിമയിൽ അഭിനയിച്ചത് വെറുത്തു-വെളിപ്പെടുത്തലുമായി രാധിക ആപ്തെ 

രാധിക ആപ്‌തെ ഉന്നയിച്ച പ്രശ്‌നത്തിന് പരിഹാരമായി ലോകത്തിന്റെ പല ഭാഗങ്ങളിലും നിയമനിർമ്മാണങ്ങൾ നടന്നു കഴിഞ്ഞിട്ടുണ്ട്. ഓസ്‌ട്രേലിയ, ഫ്രാൻസ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ റൈറ്റ് ടു ഡിസ്‌കണക്ട് അതായത് ജോലി സമയത്തിന് ശേഷം ഓഫീസിൽ നിന്ന് വിച്ഛേദിക്കപ്പെടാനുള്ള അവകാശം ജീവനക്കാരുടെ മൗലികാവകാശമായി അംഗീകരിച്ചിട്ടുണ്ട്. ഇതനുസരിച്ച്, ഔദ്യോഗിക സമയത്തിന് ശേഷം വരുന്ന കോളുകൾക്കോ ഇമെയിലുകൾക്കോ മറുപടി നൽകാൻ ജീവനക്കാരൻ ബാധ്യസ്ഥനല്ല. മാത്രമല്ല, ഇതിന്റെ പേരിൽ ജീവനക്കാർക്കെതിരെ നടപടിയെടുക്കാൻ കമ്പനികൾക്ക് അവകാശവുമില്ല.

എന്നാൽ ഇന്ത്യയിൽ ഇത്തരം നിയമങ്ങൾ ഇപ്പോഴും കടലാസിലൊതുങ്ങുകയാണ്. ജീവനക്കാരന്റെ സമയം പൂർണ്ണമായും കമ്പനിയുടേതാണെന്ന അടിമത്ത മനോഭാവം ഇപ്പോഴും നിലനിൽക്കുന്നു.

Content Highlights: Radhika Apte emphasizes the need for right to disconnect laws, citing work-life balance issues faced by employees in India and globally.