'ഇയാളെയല്ലെങ്കില് പിന്നെ ആരെയാണ് ഞാന്‍ പ്രണയിക്കേണ്ടത് എന്ന് മാറ്റി ചിന്തിപ്പിച്ച വ്യക്തി'

അരികത്തു നീ വന്നു നിറഞ്ഞു നിന്നാല്‍
അഴലൊക്കെ അകലേക്കു പോയൊളിക്കും
അഴകിന്റെ അഴകാകും ആത്മസഖീ-നിന്റെ
നിഴലിനെ പോലും ഞാന്‍ സ്നേഹിക്കുന്നു
മണ്ണില്‍ നിന്നുയര്‍ന്നുവന്ന പൂമരമായും പൂക്കാത്ത മുല്ലയായും അനാഥനായും വലയില്‍ വീണ കിളിയായും ഒക്കെ നമ്മെ ഭ്രമിപ്പിച്ച് അകാലത്തില്‍ പാതിവഴിയില്‍ കടന്നുപോയ മലയാളത്തിന്റെ പ്രിയ കവി അനില്‍ പനച്ചൂരാന് തന്റെ പ്രിയസഖി മായക്ക് പ്രണയകാലത്ത് എഴുതി നല്കിയ വരികളാണിവ. ഇത് അവസാനിക്കുന്നത് 'മായേ നിനക്കായി മാത്രമല്ലേ, ഇനിയുള്ള മാമക ജന്മങ്ങളും..' എന്നാണ്.
കവിയോടു തോന്നിയ ആരാധനയാണോ അതോ കവിതയോടു തോന്നിയ ഭ്രമമാണോ തന്നെ അനില്‍ പനച്ചൂരാനെന്ന വ്യക്തിയിലേക്കടുപ്പിച്ചതെന്ന് ഇന്നും മായക്കറിയില്ല. പരിചയപ്പെട്ട കാലം മുതല്‍ എന്തോ ഒന്ന് തന്നെ അനിലിലേക്ക് അടുപ്പിച്ചിരുന്നുവെന്ന് ഇരുപതു വര്‍ഷക്കാലം അനില്‍ പനച്ചൂരാനെന്ന കവിയുടെ നിഴലായും നിലാവായും നിശ്വാസമായും നിറഞ്ഞുനിന്ന ആത്മസഖി മായ പറയുന്നു.
കണ്ടപ്പോള്‍ വെറുപ്പും മിണ്ടിയപ്പോള്‍ പ്രണയവും തോന്നിയ കവി. ഇയാളെയായിരുന്നോ താന്‍ പ്രണയിക്കേണ്ടത് എന്ന തോന്നലില്‍ നിന്ന് ഇയാളെയല്ലെങ്കില് പിന്നെ ആരെയാണ് താന്‍ പ്രണയിക്കേണ്ടത് എന്നു മാറ്റി ചിന്തിപ്പിച്ച വ്യക്തിയെ ഒരു ചങ്ങമ്പുഴ കവിതപോലെ മായ ഓര്‍ത്തെടുക്കുന്നു. ഒരു പ്രണയവാഹിനി ഒഴുകിപ്പടര്‍ന്ന് പ്രവാഹമായി മാറിയതും ആ പ്രവാഹം അലയും ചുഴിയും കുത്തൊഴുക്കും കടന്ന് അലയാഴിയിലേക്ക് ഒഴുകിപ്പരന്നതും ഒരു ചലച്ചിത്രകാവ്യം പോലെയാണ്.
ഇടവമാസപ്പെരുമഴ പെയ്ത രാവില്‍ മായയുടെ കുളിരിനു കൂട്ടായി നിന്ന ആ പൂമരം മരണമെന്ന മഹാസത്യത്തിലേക്ക് നടന്നുപോയിട്ട് മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ ഇടനെഞ്ച് തേങ്ങിയെങ്കിലും കവി നല്കിയ ആത്മവിശ്വാസത്തില്‍ പടുത്തുയര്‍ത്തിയ നിശ്ചയദാര്‍ഢ്യത്തിലാണ് മൈത്രേയി എന്ന മകള്‍ക്കും അരുള്‍ എന്ന മകനും താങ്ങും തണലുമായി മായ ജീവിക്കുന്നത്. പാട്ടെഴുത്തുകാരന്റെ മേലങ്കിയില്‍ മാത്രം അറിയപ്പെട്ട അനില്‍ പനച്ചൂരാന് എന്ന കവി ജീവിതത്തിന്റെ കൊടിപടം താഴ്ത്തുമ്പോള്‍ വലിയ ബാങ്ക് ബാലന്‍സ് ഒന്നും ഉണ്ടായിരുന്നില്ല. കവിക്ക് ആകെ കൈമുതലായി ഉണ്ടായിരുന്നത് സ്വന്തം പ്രതിഭാ വിശേഷമായിരുന്നു.
അനിലിന്റെ മരണശേഷം ജീവിതത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത മായ ഇന്ന് അറിയപ്പെടുന്ന നൃത്ത അധ്യാപികയാണ്. മുന്നുസ്ഥലങ്ങളിലായി നാടൃവേദ എന്ന പേരില്‍ നൃത്തവിദ്യാലയം നടത്തുന്നു. സൈക്കോളജിയിലും സോഷ്യോളജിയിലും ബിരുദാനന്തര വിദുദവും നിയമത്തില്‍ ബിരുദവും നേടിയിട്ടുണ്ട് മായ. വിങ്ങുന്ന ഓര്‍മ്മകളില്‍ നിന്നുകൊണ്ടാണ് കവിയിലൂടെ താന്‍ നടത്തിയ ജീവിത യാത്രയെ മായ ഓര്‍ത്തെടുത്തത്.
അനുരാഗവഴിയില്
തിരുവനന്തപുരം സ്വദേശിനിയായ ഞാന്‍ തിരുവനന്തപുരം വുമണ്‍സ് കോളേജില്‍ ഡിഗ്രി മൂന്നാം വര്‍ഷം പഠിക്കുമ്പോള്‍ അനില്‍ ലോ അക്കാദമിയില്‍ എല്‍.എല്‍.ബി രണ്ടാം വര്‍ഷം പഠിക്കുകയാണ്. ഡോക്ടറായ അച്ഛന് പെരുമ്പടവം മണി കവി കൂടിയായിരുതുകൊണ്ട് ചെറുപ്പം മുതല്‍ എനിക്കു കവിത ഇഷ്ടമായിരുന്നു. ഞാന്‍ പത്തില്‍ പഠിക്കുമ്പോഴാണ് ആദ്യമായി അനില്‍ പനച്ചൂരാനെന്ന പേരു കേള്‍ക്കുന്നത്. കവി കടമ്മനിട്ടയാണ് പനച്ചൂരാനെന്ന പേരു നല്‍കിയതെന്ന് പിന്നീടെന്നോടു പറഞ്ഞിട്ടുണ്ട്.
പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ ആരോ ചൊല്ലികേട്ട ഒരു കവിത എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു.
പൂക്കാത്ത മുല്ലയ്ക്ക് പൂവിടാന്‍ കാത്തെന്റെ
പൂക്കാലമെല്ലാം കൊഴിഞ്ഞുപോയി
പൂവിളികേള്‍ക്കുവാന്‍ കാതോര്‍ത്തിരുന്നെന്റെ
പൂവാംങ്കുരുന്നില വാടിപ്പോയി
പാമരം പൊട്ടിയ വഞ്ചിയില്‍ ആശകള്‍
എങ്ങോട്ടെന്നില്ലാതെ യാത്രപോകെ
പേക്കാറ്റു വീശുമ്പോള്‍ തുഞ്ചത്തിരിക്കുവാന്‍
ആരോരും ഇല്ലാത്തോരേകാകി ഞാന്‍
ചിറകിന്റെ തുമ്പിലോളിപ്പിച്ച കുളിരുമായ്
ഇടനെഞ്ഞില്‍ പാടിയ പെണ്കിളികള്
ഇണകളെ തേടി പറന്നുപോകും
വാന ഗണികാലയങ്ങളില് കൂടുതേടി
എങ്ങുനിന്നോ വന്ന ചിങ്ങമാസത്തിലെന്‍
ഓണപ്പുടവയ്ക്ക് തീ പിടിച്ചു
വാടക വീടിന്റെ വാതിലു വിറ്റു ഞാന്‍
വാടകയെല്ലാം കൊടുത്തുതീര്‍ത്തു......
ഈ വരികള്‍ അന്നു തന്നെ എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു. അതിനാലാണ് അക്കാലത്തു തന്നെ ഈ കവിത ആരാണ് എഴുതിയത് എന്ന് ആരാഞ്ഞത്. കായംകുളത്തുള്ള ഒരു സ്വാമിയാണ് കവിയെന്നും പനച്ചൂരാനെന്നാണ് പേരെന്നും കേള്‍ക്കുന്നത് അന്നാണ്.
പിന്നീട് ഈ കവിത ഞാന്‍ അവിചാരിതമായി കേള്‍ക്കുന്നത് വര്ഷങ്ങല്ക്കു ശേഷം ഡിഗ്രി അവസാന വര്‍ഷം പഠിക്കുമ്പോഴാണ്. ഇതു പാടിയ സജിത്ത് എന്ന സുഹ്യത്തിനോട് ഞാന്‍ ഈ കവിയെക്കുറിച്ച് കേട്ടിട്ടുണ്ട് എന്നു പറഞ്ഞപ്പോള്‍ അതിന് ഒരിക്കലും സാധ്യതയില്ലെന്നാണ് അവന് പറഞ്ഞത്. സൗഹൃദവലയത്തില്‍ മാത്രം പാടുന്ന ആളെ നീ എങ്ങനെ അറിയാനാണ് എന്നായിരുന്നു അവന്റെ ചോദ്യം. കായംകുളത്തുകാരനായ ഒരു സ്വാമിയല്ലേ എന്നു പറഞ്ഞപ്പോള്‍ അവന് ഞെട്ടി.
അവന് ഇപ്പോള്‍ ലോ അക്കാദമിയില്‍ എന്റെ കൂടെ പഠിക്കുന്നുണ്ട് എന്നു പറഞ്ഞപ്പോള്‍ എന്നാല്‍ എന്നെ ഒന്നു പരിചയപ്പെടുത്തി തരണേ എന്ന് സജിത്തിനോടു പറഞ്ഞു. അന്ന് ഏത് കവിയായാലും പരിചയപ്പെടാന്‍ വലിയ ആഗ്രഹമായിരുന്നു. അങ്ങനെനെ ഒരു ദിവസം അവന് ഫോണിലൂടെ അനിലിനെ പരിചയപ്പെടുത്തി. 2000-ത്തിലാണിത്. പിന്നീട് ഒരു വര്‍ഷത്തോളം ഒരു അനക്കവും ഉണ്ടായിരുന്നില്ല. ഞാനും അതു വിട്ടു.
അങ്ങനെയിരിക്കുമ്പോള്‍ ഒരു ദിവസം രാത്രി എട്ടു മണിക്ക് സജിത്ത് എന്നെ വിളിക്കുന്നത്. അനിലിനു ഫോണ്‍ കൊടുക്കാം എന്നു പറഞ്ഞു. ഫോണിലൂടെ എന്നോടു ചോദിച്ചത് ഹലോ ആരാണ് എന്നാണ്. ഞാന്‍ മായ എന്നു മറുപടി പറഞ്ഞപ്പോള്‍ മായയാണെങ്കില് ഞാന്‍ സത്യന് എന്നായിരുന്നു അനിലിന്റെ മറുപടി. അന്ന് കുറച്ചധികനേരം സംസാരിച്ചു. പിറ്റേ ദിവസം പുലര്‍ച്ചെ ആറു മണിക്ക് എന്നെ അത്ഭുതപ്പെടുത്തികൊണ്ട് അനില്‍ വീണ്ടും വിളിച്ചു. അന്നും കുറെ സംസാരിച്ചു. പിന്നീട് വിളി പതിവായി. എണ്ണവും കൂടി. ഇതിനിടെ പലപ്പോഴും അമ്മ ചോദിക്കുമായിരുന്നു. ഇയാളെന്തിനാ നിന്നെ എപ്പോഴും വിളിക്കുന്നതെന്ന്.
ഇതിനിടക്ക് ഒരു ദിവസം എന്നോടു പറഞ്ഞു 'ഒരു പ്രണയവാഹിനി ഇവിടെ നിന്നൊഴുകി കുമാരപുരത്തെത്തിയിട്ടുണ്ട്'-ഇനിയെന്തു ചെയ്യണം. അന്ന് ഞാന്‍ തിരുവനന്തപുരം കുമാരപുരത്താണ് താമസിക്കുന്നത്. നാളിതുവരെ നേരില്‍ കാണാതെ എങ്ങനാ മറുപടി പറയുന്നത്. നേരില്‍ കാണണമെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ ഒരു ദിവസം നേരില്‍ കാണാന്‍ തീരുമാനിച്ചു. എന്നാല്‍ നേരില്‍ കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി.
താടി അരയറ്റം നീട്ടിവളര്‍ത്തി തലമുടിയും നീട്ടി ചുളിഞ്ഞ ഒരു വസ്ത്രവും ഇട്ട് ഒരു വല്ലാത്ത മെലിഞ്ഞ കോലം. ഒറ്റ നോട്ടത്തില്‍ തന്നെ എങ്ങനെയെങ്കിലും ഓടി രക്ഷപ്പെടാൻ പറ്റുമോ എന്നായി ചിന്ത. എന്തൊരു മണ്ടത്തരമാണ് കാണിച്ചതെന്നും ചിന്തിച്ചു. ഒഴിവാക്കിയാല്‍ മതിയെന്ന ചിന്തയായി. എന്നാല്‍ അരമണിക്കൂര്‍ സംസാരിച്ചു കഴിഞ്ഞപ്പോള്‍ മനസ്സിലായി. ആളു കാണുന്നതുപോലെ പരുക്കനല്ല, നല്ല കക്ഷിയാണെന്ന്. രൂപത്തിനും സൗന്ദര്യത്തിനും ഒന്നും പ്രാധാന്യം കൊടുക്കുന്ന ആളല്ലെന്നും മനസ്സിലായി. നല്ല അറിവായിരുന്നു. ജീവിക്കുന്നെങ്കില്‍ അത് അനിലിനോടൊപ്പമെന്ന് അന്ന് തീരുമാനിക്കുകയും ചെയ്തു.
പ്രണയവാഹിനി ഒഴുകിയത്
പിന്നീട് കുറേക്കാലം പ്രണയത്തിന്റെ കാലമായിരുന്നു. തിരുവനന്തപുരം മ്യൂസിയവും ശംഖുമുഖം കടപ്പുറവുമായിരുന്നു സ്ഥിരം സ്ഥലങ്ങള്‍. ഇരുവരും ചേര്‍ന്ന് പഠനം കഴിഞ്ഞാല്‍ വിവാഹം എന്ന തീരുമാനത്തിലെത്തിയിരുന്നു. പ്രണയകാര്യം ഞാന്‍ വീട്ടില്‍ പറയുകയും ചെയ്തു. എന്നാല്‍ വീട്ടുകാര്‍ ഇതിന് എതിരായിരുന്നു. പ്രത്യേകിച്ച് അച്ഛന്. നീ ഒരു കള്ളനെ വിവാഹം കഴിച്ചാല്‍ പോലും എതിര്‍പ്പില്ല. എന്നാല്‍ ഇത് എനിക്ക് താത്പര്യമില്ല. ഇതായിരുന്നു അച്ഛന്റെ നിലപാട്.
കള്ളനും അവന്റേതായ ഒരു പ്രൊഫഷനുണ്ടാകും. അതില്‍ അവന് മികച്ചവനായിരിക്കും. എന്നാല്‍ ഇത്. മകളുടെ ഭാവിയായിരുന്നു അച്ഛനു മുഖ്യം. ജോലിയും കൂലിയുമില്ലാത്ത ഒരാള്‍ക്ക് മകളെ വിവാഹം കഴിച്ചുകൊടുക്കാന്‍ അച്ഛനു താത്പര്യമില്ലായിരുന്നു.
എന്നാല്‍ എന്റെ നിലപാടില്‍ മാറ്റമുണ്ടായില്ല. കരഞ്ഞും പട്ടിണികിടന്നുും ഞാന്‍ വീട്ടുകാരുടെ നിലപാടിനെ എതിര്‍ത്തുകൊണ്ടിരുന്നു. ഇതിനിടെ ഞങ്ങളുടെ പഠനം പൂര്‍ത്തിയായി. വീട്ടുകാര്‍ എതിര്‍ത്താല്‍ അനില്‍ വന്നു വിളിച്ചാല്‍ ഞാന്‍ ഇറങ്ങിചെല്ലാം എന്നു പറഞ്ഞു. ഞാന്‍ ഇറങ്ങിപ്പോകുമെന്ന് വീട്ടുകാര്‍ക്കും ഏറെക്കുറെ ഉറപ്പായിരുന്നു.
എന്നാല്‍ വിളിച്ചിറക്കി കൊണ്ടുപോകുന്നതിനോട് അനിലിനും വലിയ താത്പര്യം ഉണ്ടായിരുന്നില്ല. അത് അവസാനമാര്‍ഗം എന്നായിരുന്നു അനിലിന്റെ നിലപാട്. ആദ്യം വന്നു പെണ്ണു ചോദിക്കുക. അതിനുശേഷം ബാക്കി എന്നാണ് അനില്‍ പറഞ്ഞത്.
അവസാനം അച്ഛന് ഒരു നിലപാടു പറഞ്ഞു. ഞാന്‍ ഇറങ്ങിപ്പോയാല്‍ അനിയത്തിയുടെ ഭാവിയെ അതു ബാധിക്കും. വീടിനു പേരുദോഷം ഉണ്ടാകും. അതൊഴിവാക്കാന് ഞങ്ങള്‍ കല്യാണത്തിനു സമ്മതിക്കാം. എന്നാല്‍ ഒരു കണ്ടീഷന്‍. കല്യാണത്തിന് അച്ഛന് വരില്ല. അമ്മയും അനിയത്തിയും ചേര്‍ന്ന് അനില്‍ പറയുന്നിടത്ത് കൊണ്ടുചെല്ലാം. കല്യാണമൊക്ക അവന്റെ ചെലവില്‍ നടത്തികൊള്ളണം. അങ്ങനെ 2002 ഫെബ്രുവരി ആറിന് ചവറ തെക്കന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. അമ്മയുടെ ചേച്ചിയുടെ ഭര്‍ത്താവാണ് കൈപിടിച്ചു തന്നത്.
അച്ഛന് എന്നെങ്കിലും മാനസാന്തരം
ഒരിക്കലും ഉണ്ടായിട്ടില്ല. മരുമകന് എന്ന നിലയില്‍ അച്ഛന്റെ മരണം വരെ അനിലിനെ അംഗീകരിച്ചിരുന്നില്ല. അച്ഛന് കവിത ഇഷ്ടപ്പെടുന്ന ആളായതുകൊണ്ട് ഒരിക്കല്‍ ഞാന്‍ അനിലിനെ വിളിച്ചുകൊണ്ട് എന്റെ വീട്ടില്‍ ചെന്നിരുന്നു. അന്ന് അനാഥന് എന്ന കവിത അനില്‍ അച്ഛനെ ചൊല്ലികേള്‍പ്പിച്ചു. എന്നാല്‍ അന്ന് അച്ഛന് അനിലിന്റെ കവിത വാരി തേച്ചൊട്ടിച്ചു കളഞ്ഞു. കവിതയില്‍ പാലില്ല പാല്‍നിലാവില്ല എന്ന വരിയെടുത്ത് കുഞ്ഞിനെവിടെയാണ് പാല്‍നിലാവ് എന്നായിരുന്നു അച്ഛന്റെ ചോദ്യം. ഞാന്‍ അത് തിരുത്താന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ മായയോടല്ല ചോദിച്ചത് അതെഴുതിയ ആളോടാണ് എന്നായിരുന്നു അച്ഛന്റെ മറുപടി.
പിന്നീട് അറബിക്കഥ സിനിമ കാണാന്‍ അച്ഛന് ഞങ്ങളോടൊപ്പം തിയേറ്ററില്‍ വന്നിരുന്നു. അതിലെ 'ചോരവീണ മണ്ണില്നിുന്നുയര്ന്നു വന്ന പൂമരം..., തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി... എന്നീ പാട്ടുകള്‍ കേട്ടിട്ട് സിനിമ കഴിഞ്ഞപ്പോള്‍ പാട്ടുകള്‍ നന്നായിട്ടുണ്ട് എന്ന് പറഞ്ഞ് അച്ഛന് അനിലിനു കൈ നല്കി. എന്നാല്‍ അത് പാട്ടുകള്‍ നന്നായതിന്റെ അഭിനന്ദനം മാത്രമായിരുന്നു. അല്ലാതെ മരുമകനുള്ള അഭിനന്ദനം ആയിരുന്നില്ല.
വിവാഹാനന്തരം
വിവാഹത്തിനുശേഷം അനിലിന്റെ കായംകുളത്തെ വീട്ടിലായിരുന്നു താമസം. അനിലിന്റെ അച്ഛനും അമ്മയും അവിടെയുണ്ടായിരുന്നു. തനിക്കു കിട്ടുന്ന ചെറിയ വരുമാനം കൊണ്ടാണ് അനില്‍ വീട്ടുകാര്യങ്ങളെല്ലാം നോക്കിയിരുന്നത്. ദാരിദ്രത്തിന്റെ കാലമെന്നു വേണമെങ്കില്‍ പറയാം. ജോലികിട്ടിയിട്ട് വിവാഹം മതിയെന്നായിരുന്നു അനിലിന്റെ നിലപാട്. എന്നാല്‍ ഞാനാണ് നിര്‍ബന്ധിച്ചത്. എന്തും ഞാന്‍ സഹിച്ചോളാം ന്നൊയിരുന്നു ഞാന്‍ പറഞ്ഞത്.
കവിതയെഴുത്ത്, കവിയരങ്ങ്, ജ്യോതിഷം എന്നിവയായിരുന്ന പ്രധാന പണികള്‍. അനിലിന്റെ ജ്യോതിഷം വിശ്വസിച്ചിരുന്ന നിരവധി പേരുണ്ടായിരുന്നു. എന്നാല്‍ എനിക്കതില്‍ വലിയ താത്പര്യമുണ്ടായിരുന്നില്ല. അനിലിന്റെ പ്രതിഭ എഴുത്തിലാണ് തെളിയേണ്ടത് എന്ന നിലപാടായിരുന്നു എനിക്ക്. അതിനാല്‍ ജ്യോതിഷം അവസാനിപ്പിച്ച് എഴുത്തിലേക്ക് ശ്രദ്ധ തിരിക്കാന്‍ ഞാന്‍ അനിലിനോടാവശ്യപ്പെട്ടുകൊണ്ടിരുന്നു. എന്റെ വാക്ക് അനില്‍ കേട്ടു. ജ്യോതിഷം ഉപേക്ഷിച്ച് മുഴുവന്‍ ശ്രദ്ധ പകവിത എഴുത്തിലേക്കു മാറി.
ഈ സമയം ഞാന്‍ ഗര്‍ഭിണിയായി എന്റെ വീട്ടിലേക്ക് പോരുകയും ചെയ്തു. കുറച്ചു കാലം പിന്നീട് ഞാന്‍ തിരുവനന്തപുരത്തായിരുന്നു താമസം. ഇതിനിടെ ഒരു പെണ്‍കുഞ്ഞ് പിറന്നു. ശേഷം ഞാന്‍ കാര്യവട്ടത്ത് എം.എ സോഷ്യോളജിക്കു ചേര്‍ന്നു. കാര്യങ്ങള്‍ തട്ടീം മുട്ടീം അങ്ങനെ പോകുന്ന സമയത്താണ് 2006-ല്‍ അറബിക്കഥ എന്ന സിനിമ റിലീസാകുന്നതും അതിലെ പാട്ടുകള്‍ ഹിറ്റാകുന്നതും. അതോടെ അനിലിനു തിരക്കായി.
അറബിക്കഥയുടെ വിജയത്തിന്റെ സ്വാധീനം
അറബിക്കഥ വിജയിച്ചതോടെ കേരളത്തിലെവിടെയും മലയാളി ഉള്ളിടത്തെല്ലാം അനില്‍ പനച്ചൂരാനെന്ന് പേര് പ്രശസ്തമായി. വലിയ സാമ്പത്തിക നേട്ടമൊന്നും സിനിമയില്‍ നിന്ന് ഉണ്ടായില്ലെങ്കിലും പിന്നീട് നിരവധി അവസരങ്ങല്‍ കിട്ടാന്‍ ആ വിജയം കാരണമായി. വി.എസ്. അച്യുതാനന്ദനു വലിയ പ്രചാരം കിട്ടാന്‍ ചോരവീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന പൂമരം എന്നു തുടങ്ങുന്ന ഗാനം കാരണമായി. അക്കാലത്ത് വി.എസിന്റെ ഒട്ടുമിക്ക പോസ്റ്ററുകള്‍ക്കടിയിലും ഈ വരിയായിരുന്നു. എന്നാല്‍ ഇന്ന് ഈ ഗാനം സി.പി.എം വേദികളില്‍ പാടരുത് എന്ന് പറഞ്ഞിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്. പാര്‍ട്ടിയിലെ ഒരുപക്ഷത്തിന്റെ എതിര്‍പ്പാണ് ഇതിനു കാരണമെന്നു തോന്നുന്നു.
അറബിക്കഥയിലെ തന്നെ തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി എന്നു തുടങ്ങുന്ന പാട്ടും ഹിറ്റായി. ഇതോടെ അനിലിന്റെ പഴയ കവിതകളുള്‍പ്പെടെ സോഷ്യല്‍ മീഡിയ ആഘോഷമാക്കുകയായിരുന്നു. അനില്‍ എന്ന എഴുത്തുകാരന് അംഗീകരിക്കപ്പെടുന്നതിന്റെ വലിയ സന്തോഷമാണ് അക്കാലത്തുണ്ടായത്. മോഹന്‍ലാല്‍ നായകനായ വെളിപാടിന്റെ പുസ്തകത്തിലെ എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്റച്ഛന് കട്ടോണ്ടു പോയി എന്ന പാട്ട് ഹിറ്റായതോടൊപ്പം തന്നെ വിവാദങ്ങളും ഉണ്ടാക്കി. ഇതിനിടയില്‍ ഞാന്‍ എം.എസ്.സി സൈക്കോളജിക്കു ചേര്‍ന്നിരുന്നു. ഈ സമയത്താണ് ഞങ്ങല്ക്ക് ഒരു മകന് പിറന്നത്.
നൃത്തത്തിന്റെ വഴിയില്‍
2010 മുതലാണ് ഞാന്‍ നൃത്തം പഠിക്കാന്‍ തുടങ്ങിയത്. മകളോടൊപ്പം തന്നെ മകളെ പഠിപ്പിക്കാന്‍ വന്ന ഗുരു തന്നെയായിരുന്ന എന്റെയും ഗുരു. അനിലിന് ഞാന്‍ നൃത്തം പഠിക്കുന്നതില്‍ വലിയ താത്പര്യമായിരുന്നു. നൃത്ത അരങ്ങേറ്റം ഞാനും മകളും ഒരുമിച്ചാണ് നടത്തിയത്. പിന്നീട് പല ഗുരുക്കന്മാരുടെ കീഴില്‍ നൃത്തം കൂടുതലായി പഠിച്ചു. കായംകുളത്ത് വീട്ടില്‍ ചെറിയ കുട്ടികളെ നൃത്തം പഠിപ്പിക്കാന്‍ തുടങ്ങുകയും ചെയ്തിരുന്നു.
ജീവിതം ഒരു സ്വച്ഛന്ദമായ നദിപോലെ ഒഴുകുന്നതിനിടയിലാണ് 2021 ല്‍ അനിലിനെ വിധി തട്ടിയെടുത്തത്. രാവിലെ സുഹൃത്തിനൊപ്പം മാവേലിക്കരക്കടുത്തുള്ള ഒരു ക്ഷേത്രത്തിലേക്കു പോയതായിരുന്നു. രാവിലെ 8.30 ഓടെ നെഞ്ചുവേദന വന്ന് കുഴഞ്ഞുവീഴുകയായിരുന്നു. വിവരം അറിഞ്ഞ് ഞാന്‍ എത്തുമ്പോള്‍ അനിലിനെ മാവേലിക്കരയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കോവിഡും ബാധിച്ചിരുന്നു. അവിടെ നിന്ന് കൂടുതല്‍ ചികിത്സക്കായി ആദ്യം കരുനാഗപ്പള്ളിയിലെ ഒരു ആശുപത്രിയിലേക്കും അവിടെനിന്ന് പിന്നീട് തിരുവന്തപുരത്തെ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. അവിടെവെച്ച് വൈകീട്ടായിരുന്നു മരണം.
അന്ന് ഞായറാഴ്ചയായതിനാല്‍ വിദഗ്ദ ഡോക്ടര്‍മാരൊന്നും ഉണ്ടായിരുന്നില്ല. മാത്രമല്ല കോവിഡ് കാലവും. മരിക്കാന്‍ നേരം എന്നോട് ഒന്നേ പറഞ്ഞുള്ളൂ. നീ തളരരുത്. തളര്‍ന്നാല്‍ മക്കള്‍ വിഷമിക്കും. മക്കളെ ഒരിക്കലും വിഷമിപ്പിക്കരുത്. ആ വാക്ക് ഞാനിന്നും പാലിക്കുന്നു. ഞാന്‍ തളരില്ല. അതിനുദാഹരണമാണ് ഞാന്‍ നടത്തുന്ന നൃത്ത ക്ലാസുകള്‍. 2021 ജനുവരിയിലാണ് അനില്‍ മരിക്കുന്നത്. ഞാന്‍ ക്ലാസ്സുകള്‍ തുടങ്ങുന്നത് 2021 നവംബറിലും. ഇപ്പോള്‍ കായംകുളത്തും ഭഗവതിപ്പടിയിലും ചെന്നിത്തലയിലും ക്ലാസ്സുകള്‍ എടുക്കുന്നുണ്ട്. ഇപ്പോള്‍ പുതിയൊരു കാറു വാങ്ങി. അതിലാണ് യാത്ര.
അനിലില്ലാത്ത ലോകം
നഷ്ടങ്ങള്‍ ഒരിക്കലും നമുക്ക് നികത്താന്‍ കഴിയുന്നതല്ല. അദ്ദേഹമുള്ളപ്പോള്‍ ഞാനൊന്നും അറിഞ്ഞിരുന്നില്ല. എല്ലാ കാര്യവും കൃത്യമായി ഓര്‍ത്തു ചെയ്യും. കാശൊക്കെ അന്നും എന്റെ കൈയ്യിലാണ് കൊണ്ടുതരുന്നത്. എ.ടി.എം കാര്‍ഡുപോലും എന്റെ കൈയ്യിലായിരുന്നു തന്നിരുന്നത്. കാശ് ഒരിക്കലും കൈയ്യില്വെക്കുന്ന സ്വഭാവം അനിലിന് ഉണ്ടായിരുന്നില്ല. യാത്രപോകുമ്പോള്‍ ആയിരവും ആയിരത്തി അഞ്ഞുറുമൊക്കെ ഞാന്‍ എ.ടി.എമ്മില്‍ പോയി എടുത്തുകൊടുക്കണമായിരുന്നു.
എത്ര ദൂരേക്കു പോയാലും എത്ര ദിവസത്തേക്കു പോയാലും അതില്‍ കൂടുതല്‍ കാശ് കൊണ്ടുപോകില്ല. മകള്‍ മൈത്രേയി എം.എസ്.സിക്കു ചേരാന്‍ തയ്യാറെടുക്കുന്നു. മകന് പ്ലസ് വണ്ണിനു പഠിക്കുന്നു. അനിലിന്റെ കായംകുളത്തെ വീട്ടിലാണ് ഞങ്ങള്‍ താമസിക്കുന്നത്. അനിലിന്റെ അച്ഛന് കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചിരുന്നു. അന്നുമുതല്‍ അനിലിന്റെ അമ്മ അനിലിന്റെ സഹോദരിക്കൊപ്പമാണ് താമസം.
ജോലി വാഗ്ദാനം ഉണ്ടായിരുന്നില്ലേ
അനില്‍ മരിച്ചപ്പോല്‍ ജോലി നല്കുന്ന കാര്യം പരിഗണിക്കാമെന്ന് മന്ത്രി ജി.സുധാകരനടക്കം പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് എല്ലാരും കൈമലര്‍ത്തി. പ്രതിഭ എം.എല്‍.എ വഴി മുഖ്യമന്ത്രിക്കും നിവേദനം നല്‍കിയിരുന്നു. എന്നാല്‍ ഒരു പ്രയോജനവും ഉണ്ടായില്ല. ജോലി നല്കാന് വ്യവസ്ഥ അനുവദിക്കുന്നില്ല എന്ന മറുപടി പിന്നീട് ലഭിച്ചു. ഇപ്പോള്‍ ചിലര്‍ക്കൊക്കെ ജോലി നല്‍കുന്നത് കാണുമ്പോള്‍ അത് ഏത് മാനദണ്ഡത്തിന് അനുസരിച്ചാണെന്നറിയില്ല. പാര്‍ട്ടിയിലെ ചിലരുടെ കുത്തിത്തിരിപ്പാണ് കാരണമെന്നു ചിലര്‍ പറഞ്ഞു.
Content Highlights: poet anil panachooran and wife maya love story