വിവാഹം എന്നത് സെക്സ് മാത്രമല്ല, സ്വയം വിവാഹം ചെയ്തതിനെ ട്രോൾ ചെയ്തവരോട് നടി പറയുന്നു

കനിഷ്ക
കനിഷ്ക

അടുത്തിടെയാണ് ​ഗുജറാത്തിൽ നിന്നൊരു യുവതി സ്വയം വിവാഹം കഴിച്ച് ശ്രദ്ധ നേടിയത്. ക്ഷമ ബിന്ദു എന്ന പെൺകുട്ടിയാണ് ഇക്കഴിഞ്ഞ ജൂണിൽ സോളോ വിവാഹം വിവാഹം കഴിച്ച് വാർത്തയിൽ ഇടംനേടിയത്. പിന്നാലെ ഹണിമൂണിന് പോകുന്നുവെന്ന വാർത്തയും ക്ഷമ പങ്കുവെച്ചിരുന്നു. മെഹന്ദി, ഹൽദി ഉൾപ്പെടെയുള്ള പരമ്പരാ​ഗത ചടങ്ങുകളോടെ ആഘോഷമയാണ് ക്ഷമ വിവാഹിതയായത്. പിന്നാലെ  മറ്റൊരു പെൺകുട്ടി കൂടി സ്വയം വിവാഹിതയായെന്ന വാർത്ത പങ്കുവെച്ചിരുന്നു. പവിത്ര റിഷ്ത എന്ന സീരിയലിലൂടെ ശ്രദ്ധേയയായ നടി കനിഷ്ക സോണിയാണത്. 

സാമൂഹിക മാധ്യമത്തിലൂടെയാണ് കനിഷ്ക സ്വയം വിവാഹിതയായ കാര്യം പങ്കുവെച്ചത്. ഒടുവിൽ ട്രോളുകൾ ഉയർന്നതോടെ തന്റെ വാദം വ്യക്തമാക്കി രം​ഗത്തെത്തുകയും ചെയ്തു കനിഷ്ക. വിവാഹം എന്നത് സെക്സ് മാത്രമല്ലെന്നാണ് കനിഷ്ക പറയുന്നത്. അത് സ്നേഹവും സത്യസന്ധതയും  ആണ്, എന്നാൽ അവയിലുള്ള വിശ്വാസം തനിക്ക് നഷ്ടമായി. അതുകൊണ്ട് തനിച്ചുജീവിക്കുന്നതാണ് നല്ലതെന്നു മനസ്സിലായി- കനിഷ്ക പറയുന്നു. 

സ്നേഹം കണ്ടെത്താൻ പ്രയാസമുള്ള ഈ കാലത്ത് അതു പുറത്ത് തേടുന്നതിനേക്കാൾ താൻ സ്വയം സ്നേഹിക്കുന്നുവെന്നും കനിഷ്ക പറയുന്നു. തന്റെ സോളോ വിവാഹ വാർത്ത ​ഗൂ​ഗിളിൽ ട്രെൻഡാക്കിയവർക്ക് നന്ദി പറയുന്നതിനൊപ്പം വൈറലാക്കുക എന്നതായിരുന്നില്ല തന്റെ ഉദ്ദേശമെന്നും കനിഷ്ക പറയുന്നു. പൂർണ മനസ്സോടെയും ഹൃദയത്തോടെയുമാണ് വിവാഹ തീരുമാനം സ്വീകരിച്ചത്. നിലവിൽ അമേരിക്കയിൽ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടു പോവുകയാണെന്നും കനിഷ്ക പറഞ്ഞു. 

ഈ മാസമാദ്യമാണ് കനിഷ്ക താൻ സ്വയം വിവാഹിതയായെന്ന വാർത്ത പങ്കുവെച്ചത്. എല്ലാ സ്വപ്നങ്ങളും സ്വയം പൂർത്തീകരിച്ച താനേറെ സ്നേഹിക്കുന്ന തന്നെ സ്വയം വിവാഹം കഴിച്ചു എന്നാണ് കനിഷ്ക പറഞ്ഞത്. തന്റെ ജീവിതത്തിൽ ഒരു പുരുഷന്റെ ആവശ്യമില്ലെന്നും താൻ കരുത്തയാണെന്നും കനിഷ്ക പറഞ്ഞിരുന്നു.

ദോ ദിൽ ഏക് ജാൻ, പവിത്ര റിഷ്ത, ദിയ ഓർ ബാതി ഹം തുടങ്ങിയ ടി.വി ഷോകളിലൂടെ പ്രശസ്തയായ താരമാണ് കനിഷ്ക. 

Content Highlights: pavitra rishta actress kanishka soni who married herself responds to trolls