എന്നും കറുത്ത ജാക്കറ്റ്; സ്ഥിരം ലുക്കിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി എൻവിഡിയ സിഇഒ

ലോകത്തിലെ ഏറ്റവും മൂല്യമുള്ള ടെക് കമ്പനികളിലൊന്നായ എൻവിഡിയയുടെ സിഇഒ ജെൻസൻ ഹുവാങ്ങിനെ സ്ഥിരമായി കാണാൻ സാധിക്കാറുള്ളത് കറുത്ത ലെതർ ജാക്കറ്റിലാണ്. എന്തുകൊണ്ടാണ് എന്നും ഒരേപോലെയുള്ള വസ്ത്രങ്ങൾ, പ്രത്യേകിച്ച് ഈ സിഗ്‌നേച്ചർ ലെതർ ജാക്കറ്റ് ധരിക്കുന്നത് എന്ന ചോദ്യത്തിന് രസകരമായ മറുപടി നൽകിയിരിക്കുകയാണ് അദ്ദേഹം. സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് കറുത്ത ജാക്കറ്റിന് പിന്നിലെ രഹസ്യത്തെക്കുറിച്ച് ഹുവാങ് തുറന്നുപറഞ്ഞത്.
എല്ലാ ദിവസവും രാവിലെ എന്ത് വസ്ത്രം ധരിക്കണം എന്ന് ആലോചിച്ച് സമയം കളയാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് ഹുവാങ് വ്യക്തമാക്കുന്നു. എല്ലാ ദിവസവും രാവിലെ ചിന്തിച്ചു തീരുമാനിക്കേണ്ട കാര്യങ്ങളുടെ എണ്ണം കുറയ്ക്കുക എന്നതാണ് ഇതിന് പിന്നിലെ ലക്ഷ്യം. വസ്ത്രധാരണത്തെക്കുറിച്ച് ആലോചിക്കുന്ന സമയം ഒഴിവാക്കുന്നതിലൂടെ കമ്പനിയുടെയും സാങ്കേതികവിദ്യയുടെയും പ്രധാനപ്പെട്ട മറ്റ് കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എനിക്ക് സാധിക്കുന്നു.'ജെൻസൻ ഹുവാങ് പറഞ്ഞു. ഒരുപോലുള്ള ഒരുപാട് ജാക്കറ്റുകൾ തനിക്കുണ്ടെന്നും ഭാര്യയാണ് ഇത് വാങ്ങിത്തരുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്. ചുരുങ്ങിയത് മുപ്പതോ നാൽപതോ എണ്ണം കാണുമെന്നും അദ്ദേഹം പറയുന്നുണ്ട്. എന്നും ഒരേ പോലുള്ള വസ്ത്രങ്ങൾ ധരിച്ചാൽ എല്ലാ ദിവസവും ഒരുപോലെ തോന്നുമെന്നും അദ്ദേഹം പറയുന്നുണ്ട്.
Nvidia CEO Jensen Huang tells CBS News’ @JoLingKent he wears the same clothes every day, including his signature leather jacket, because it’s “one less thing to deal with,” allowing him to focus other important tasks. pic.twitter.com/DBJ01opXwe
— CBS News (@CBSNews) September 21, 2026
വസ്ത്രധാരണത്തിൽ ഈ ശൈലി പിന്തുടരുന്ന ആദ്യത്തെ ടെക് ഭീമനല്ല ജെൻസൻ ഹുവാങ്. ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്‌സ്, ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗ് എന്നിവരും ദിവസേന എന്ത് വസ്ത്രം ധരിക്കണമെന്ന ആശയക്കുഴപ്പം ഒഴിവാക്കാൻ ഇതേ രീതി പിന്തുടർന്നവരാണ്. സ്റ്റീവ് ജോബ്‌സ് സ്ഥിരമായി കറുത്ത കറുത്ത ടർട്ടിൾ നെക് ടി-ഷർട്ടും ജീൻസും ധരിക്കുന്ന ആളാണ്. സക്കർബർഗ് ചാരനിറത്തിലുള്ള ടി ഷർട്ടും.
ഹുവാങ്ങിന്റെ വെളിപ്പെടുത്തൽ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകളാണ് നടക്കുന്നത്. സ്റ്റീവ് ജോബ്‌സിന്റെ ശൈലിയെ ഓർമ്മിപ്പിക്കുന്നതാണ് ഇതെന്നും വൻകിട സിഇഒമാർ സമയം ലാഭിക്കാൻ ഇത്തരം ഡിസിഷൻ ഫാറ്റീഗ് ഒഴിവാക്കുന്ന രീതി സ്വാഭാവികമാണെന്നും ഒരു വിഭാഗം ആളുകൾ ചൂണ്ടിക്കാണിക്കുന്നു. എല്ലാ ദിവസവും ഒരേ വസ്ത്രം ധരിക്കുന്നതിനെ പരിഹസിച്ചും എക്‌സിൽ ചിലർ പ്രതികരിക്കുന്നുണ്ട്. നിർണ്ണായകമായ തീരുമാനങ്ങൾ എടുക്കേണ്ടിവരുന്ന കോർപ്പറേറ്റ് ലോകത്ത്, സമയവും മനസ്സിന്റെ ഏകാഗ്രതയും എങ്ങനെ ലാഭിക്കാം എന്നതിന് ടെക് ലോകത്തെ വൻതോക്കുകൾ നൽകുന്ന മനോഹരമായ ഉദാഹരണമായി ഈ 'ലെതർ ജാക്കറ്റ് രഹസ്യം' മാറുകയാണ്. എന്തുകൊണ്ടാണ് ശതകോടീശ്വരന്മാരും ആഗോള നേതാക്കളുമായ ഇവർ തങ്ങളുടെ വാർഡ്രോബിൽ വലിയ മാറ്റങ്ങൾ വരുത്താതെ, ദിവസവും ഒരേപോലെയുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നത്. സ്‌റ്റൈലിനപ്പുറം ഇതിന് പിന്നിൽ കൃത്യമായ ചില മനഃശാസ്ത്രപരമായ കാരണങ്ങളുണ്ട്.
ഡിസിഷൻ ഫാറ്റീഗ്
മനുഷ്യന്റെ മസ്തിഷ്‌കത്തിന് ഒരു ദിവസം എടുക്കാൻ കഴിയുന്ന വിവേചനപരമായ തീരുമാനങ്ങൾക്ക് ഒരു പരിധിയുണ്ട്. രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ ഇന്ന് ഏത് വസ്ത്രം ധരിക്കണം?, ഏത് ഷൂസ് ഇടണം? തുടങ്ങിയ ചെറിയ ചെറിയ തീരുമാനങ്ങൾ എടുക്കുമ്പോൾ തന്നെ നമ്മുടെ മനസ്സ് ക്ഷീണിക്കാൻ തുടങ്ങുന്നു. ഇതിനെയാണ് മനഃശാസ്ത്രത്തിൽ ഡിസിഷൻ ഫാറ്റീഗ് എന്ന് വിളിക്കുന്നത്. ദിവസേന കോടികളുടെ തീരുമാനങ്ങൾ എടുക്കേണ്ടിവരുന്ന വൻകിട കമ്പനികളുടെ തലവന്മാർ, വസ്ത്രധാരണം പോലെയുള്ള നിസ്സാര കാര്യങ്ങളിൽ തലപുകയ്ക്കുന്നത് ഒഴിവാക്കിയാൽ മനസ്സിന്റെ ഏകാഗ്രത കൂടുതൽ പ്രധാനപ്പെട്ട കാര്യങ്ങളിലേക്ക് മാറ്റിവെക്കാൻ സഹായിക്കും. രാവിലെ വസ്ത്രങ്ങൾ തിരഞ്ഞെടുക്കാനും അവ പരീക്ഷിച്ചു നോക്കാനും പോകുന്ന സമയം ഒഴിവാക്കുന്നതിലൂടെ ദിവസവും വലിയൊരു സമയവും ഇവർക്ക് ലാഭിക്കാൻ സാധിക്കും. പല പ്രമുഖർക്കും ഈ വസ്ത്രധാരണം ഒരു 'ബ്രാൻഡ് ഐഡന്റിറ്റി' കൂടിയാണ്.
എന്ത് ധരിക്കണം, താൻ മറ്റുള്ളവരുടെ മുന്നിൽ എങ്ങനെ കാണപ്പെടും എന്നൊക്കെയുള്ള അനാവശ്യ ചിന്തകളും സോഷ്യൽ പ്രഷറും ഒഴിവാക്കാൻ ഒരേപോലെയുള്ള വാർഡ്രോബ് ശൈലി സഹായിക്കുന്നു. ലളിതമായ ജീവിതശൈലി പിന്തുടരുന്നത് വഴി ആത്മവിശ്വാസം വർദ്ധിക്കുകയും ചെയ്യുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ചുരുക്കത്തിൽ പറഞ്ഞാൽ, ഫാഷൻ തരംഗങ്ങൾക്ക് പുറകെ പോകാതെ സ്വന്തം ലക്ഷ്യങ്ങളിലും ജോലികളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇത്തരം ലോകോത്തര വ്യക്തിത്വങ്ങൾ കണ്ടെത്തിയ ലളിതമായ ഒരു വഴിയാണിത്.
Content Highlights: Nvidia CEO Jensen Huang joins other tech leaders in adopting a simplified wardrobe to minimize decision fatigue and enhance focus on significant tasks.