ദുബായിൽ ബിസിനസ് സാമ്രാജ്യം, വിജയ്യുടെ വിശ്വസ്തൻ; മാഹിക്കാരൻ നയീം മൂസ അൽപം വ്യത്യസ്തനാണ്!

തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ വഴി വെട്ടിത്തെളിച്ചെത്തിയ വിജയ്ക്കൊപ്പം കാവലായി ഒരു മാഹിക്കാരനുമുണ്ട്. ക്യാമറക്കണ്ണുകളിൽ എപ്പോഴും വിജയ്യ്ക്കൊപ്പം കാണുന്ന മാഹി സ്വദേശിയായ നയീം മൂസ. സുരക്ഷാ ജീവനക്കാരൻ എന്നതിലുപരി വിജയ്യുടെ വിശ്വസ്തനും സുഹൃത്തും കൂടിയാണ് നയീം. ജോലി അന്വേഷിച്ച് ദുബായിലെത്തിയ നയീം ബോഡി ബിൽഡറായി മാറുകയും പിന്നീട് ബോളിവുഡ് താരങ്ങളുടേയടയക്കം ബോഡി ഗാർഡായി മാറുകയുമായിരുന്നു.
ദുബായ് ആസ്ഥാനമായി 'Gentur Security' എന്ന സ്ഥാപനം നടത്തുകയാണ് നയീം. ഗൾഫ് മേഖലയിലെ ഏറ്റവും വിശ്വസനീമായ സെക്യൂരിറ്റി ഏജൻസിയായി ഇത് പെട്ടെന്ന് തന്നെ വളർന്നു. പോപ്പ് താരം ജസ്റ്റിൻ ബീബർ ദുബായിൽ എത്തിയപ്പോൾ അദ്ദേഹത്തിന് സുരക്ഷയൊരുക്കിയത് നയീമിന്റെ ഏജൻസിയായിരുന്നു. ഷാരൂഖ് ഖാൻ, വിരാട് കോലി, അനുഷ്ക ശർമ, കരീന കപൂർ, സൂര്യ, കാർത്തി, കീർത്തി സുരേഷ്, മലയാളി താരങ്ങളായ പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ എന്നിവർക്കെല്ലാം ദുബായ് സന്ദർശനവേളയിൽ നയീം സുരക്ഷാ വലയം ഒരുക്കിയിട്ടുണ്ട്.
വിജയ് സിനിമകളിൽ സജീവമായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ഗൾഫ് ഷോകളിലും ദുബായിലെ ഷൂട്ടിങ്ങുകളിലും സെക്യൂരിറ്റി ഒരുക്കിയത് നയീം ആയിരുന്നു. പിന്നീട് ടിവികെ എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതോടെ തമിഴ്നാട്ടിലെ വിജയ്യുടെ പര്യടനങ്ങളിലെല്ലാം നയീം നിഴലായി കൂടെ നിന്നു. കരൂർ പര്യടനത്തിനിടെ വിജയ്ക്ക് നേരെയുണ്ടായ സുരക്ഷാ ഭീഷണിക്കിടയിലും വിശ്വസ്തനായി നയീം ഒപ്പമുണ്ടായിരുന്നു.
അടുത്തിടെ ഗോവയിൽ നടന്ന കീർത്തി സുരേഷിന്റെ വിവാഹത്തിനായി വിജയ് എത്തിയപ്പോഴും സുരക്ഷ ഒരുക്കിയത് നയീം ആയിരുന്നു. വിജയ്യുടെ സത്യപ്രതിജ്ഞാ ചടങ്ങിലും പിന്നിൽ നയീമിന്റെ സാന്നിധ്യമുണ്ടായിരുന്നു. തമിഴ്നാട് സർക്കാരും കേന്ദ്രവും വിജയ്ക്ക് വൈ കാറ്റഗറി സുരക്ഷ ഒരുക്കുന്നുണ്ടെങ്കിലും അതിന് പുറമെയാണ് നയീമിന്റെ സുരക്ഷയിൽ വിജയ് വിശ്വാസമർപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക സുരക്ഷാ സംഘത്തിൽ ഇനി നയീം ഉണ്ടാകുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
Content Highlights: Nayeem Moosa is a Mahe native and the trusted security head for Thalapathy Vijay., Founder of Dubai-based 'Gentur Security' agency, serving global stars like Justin Bieber and Shah Rukh Khan., Provides personal security for Vijay during his TVK political tours and high-profile events