ഫൈനലിൽ കൈത്താങ്ങായി ബിയ; മിസ് യൂണിവേഴ്സ് പോളണ്ടിന് സ്വന്തം ഗൗൺ നൽകി ഫിലിപ്പീൻസ് സുന്ദരി

vivica le lewandowski,Bea Millan Windorski
vivica le lewandowski,Bea Millan Windorski

മിസ് യൂണിവേഴ്സ് 2026 ഫൈനൽ ദിനത്തിൽ പ്രതിസന്ധിയിലായ പോളണ്ട് സുന്ദരി വിവിക ലെവൻഡോവ്സ്‌കിക്ക് സ്വന്തം ഗൗൺ നൽകി സഹായിച്ചത് ഫിലിപ്പീൻസ് പ്രതിനിധി ബിയ മില്ലൻ വിൻഡോർസ്‌കി. സൗന്ദര്യമത്സരങ്ങൾ പലപ്പോഴും കടുത്ത മത്സരങ്ങളുടെയും കിരീടത്തിനായുള്ള പോരാട്ടങ്ങളുടെയും വേദിയാണ്. എന്നാൽ, മത്സരങ്ങൾക്കപ്പുറം മനുഷ്യത്വത്തിനും സൗഹൃദത്തിനും ഇടമുണ്ടെന്ന് തെളിയിക്കുന്ന ചില നിമിഷങ്ങളുമുണ്ട്. അത്തരമൊരു അനുഭവം പങ്കുവച്ചിരിക്കുകയാണ് മിസ് യൂണിവേഴ്സ് പോളണ്ട് വിവിക ലെവൻഡോവ്സ്‌കി.

മിസ് യൂണിവേഴ്സ് 2026 ഫൈനൽ ദിനത്തിൽ ഫിലിപ്പീൻസ് സുന്ദരി ബിയ മില്ലൻ വിൻഡോർസ്‌കി നൽകിയ സഹായത്തെക്കുറിച്ചാണ് വിവികയുടെ വെളിപ്പെടുത്തൽ. പ്യൂർട്ടോ റിക്കോയിൽ നടന്ന 75-ാമത് മിസ് യൂണിവേഴ്സ് മത്സരത്തിന്റെ ഫൈനൽ ദിനത്തിൽ ധരിക്കാൻ മറ്റൊരു ഗൗൺ കരുതിയിരുന്നില്ലെന്നാണ് വിവിക പറയുന്നത്. അവസാനഘട്ടംവരെ എത്തുമെന്ന് ഉറപ്പില്ലാത്തതിനാൽ ഫൈനലിനായി പ്രത്യേക വസ്ത്രം കൊണ്ടുവരേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. എന്നാൽ, അപ്രതീക്ഷിതമായി ആ തീരുമാനം പ്രതിസന്ധിയായി മാറി.

ഫൈനൽ ഗൗൺ നൽകി ബിയയുടെ സഹായം

മത്സരത്തിനായി വലിയൊരു സംഘത്തിന്റെ പിന്തുണയോ നിരവധി സഹായികളോ തനിക്കുണ്ടായിരുന്നില്ലെന്ന് വിവിക ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. ഫൈനലിന് തയ്യാറെടുക്കാൻ വെറും രണ്ടാഴ്ച മാത്രമാണ് ലഭിച്ചത്. ഇതിനിടയിൽ മത്സരത്തിന്റെ സമ്മർദവും ഒരുക്കങ്ങളുമെല്ലാം ഒരുമിച്ച് നേരിടേണ്ടിവന്നു. ഈ സാഹചര്യത്തിലാണ് ഫിലിപ്പീൻസ് പ്രതിനിധി ബിയ മില്ലൻ വിൻഡോർസ്‌കി വിവികയോട് ഫൈനലിൽ എന്താണ് ധരിക്കാൻ പോകുന്നതെന്ന് ചോദിച്ചത്. മറ്റൊരു ഗൗൺ ഇല്ലെന്ന കാര്യം വിവിക തുറന്നുപറഞ്ഞു.

മറുപടി കേട്ടതും ഒട്ടും മടിക്കാതെ ബിയ തന്റെ ഗൗണുകളിലൊന്ന് വിവികയ്ക്ക് നൽകുകയായിരുന്നു. 'ഈ യാത്രയിലുടനീളം എനിക്കൊപ്പം നിൽക്കുകയും ആത്മവിശ്വാസം നൽകുകയും ചെയ്ത വ്യക്തിയാണ് ബിയ. ഒരു നിമിഷം പോലും ആലോചിക്കാതെ സ്വന്തം ഗൗണുകളിലൊന്ന് അവൾ എനിക്ക് നൽകി.' എന്നാണ് വിവിക കുറിച്ചത്.

ബിയയുടെ പ്രവൃത്തി അവരുടെ വ്യക്തിത്വത്തെക്കുറിച്ചും മിസ് യൂണിവേഴ്സ് പോലുള്ള അന്താരാഷ്ട്ര മത്സരങ്ങൾ മുന്നോട്ടുവയ്ക്കുന്ന യഥാർഥ മൂല്യങ്ങളെക്കുറിച്ചും ഒരുപാട് കാര്യങ്ങൾ പറയുന്നുണ്ടെന്നും വിവിക കൂട്ടിച്ചേർത്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന സ്ത്രീകൾ പരസ്പരം പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിമിഷങ്ങൾ ഒരിക്കലും മറക്കില്ലെന്നും അവർ പറഞ്ഞു.

മിസ് യൂണിവേഴ്സ് യാത്രയിലെ വെല്ലുവിളികൾ

തന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ മാസമായിരുന്നു കഴിഞ്ഞുപോയതെന്നും വിവിക കുറിച്ചു. ഈ യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങളും അനുഭവങ്ങളും പ്രൊഫഷണൽ മികവും ജീവിതകാലം മുഴുവൻ ഒപ്പമുണ്ടാകുമെന്നും അവർ വ്യക്തമാക്കി. അന്താരാഷ്ട്ര വേദിയിൽ പോളണ്ടിനെ പ്രതിനിധീകരിക്കാനുള്ള അവസരം ലഭിച്ചപ്പോൾ ആദ്യം തന്നെ അതിന് തയ്യാറാണെന്ന് പറയാൻ തനിക്ക് കഴിഞ്ഞിരുന്നില്ലെന്നും വിവിക വെളിപ്പെടുത്തി.

സ്വന്തം രാജ്യത്തെയും കുടുംബത്തെയും പ്രതിനിധീകരിക്കാൻ തനിക്ക് മതിയായ കഴിവുണ്ടോ എന്ന സംശയം അലട്ടിയിരുന്നു. എന്നാൽ ഇല്ലിനോയിസ് സ്റ്റേറ്റ് ഡയറക്ടർ, പോളണ്ടിന്റെ ദേശീയ ഡയറക്ടർ, തോം എന്നിവർ നൽകിയ പിന്തുണയാണ് തീരുമാനമെടുക്കാൻ സഹായിച്ചത്. മിസ് യൂണിവേഴ്സ് മത്സരത്തിന്റെ യഥാർഥലക്ഷ്യം രാജ്യത്തെ പ്രതിനിധീകരിക്കുകയാണെന്ന് അവർ ഓർമിപ്പിച്ചു.

താൻ മത്സരത്തിൽനിന്ന് പിന്മാറിയാൽ പോളണ്ടിന് പ്രാതിനിധ്യമില്ലാതാകുമെന്ന തിരിച്ചറിവാണ് ഒടുവിൽ മത്സരിക്കാൻ പ്രേരിപ്പിച്ചത്. ഇതിനായി മിസ് ഇല്ലിനോയിസ് യു.എസ്.എ. എന്ന പദവി ഉപേക്ഷിക്കേണ്ടിവന്നതും വിവികയുടെ തീരുമാനത്തെ കൂടുതൽ വൈകാരികമാക്കി. ജീവിതകാലം മുഴുവൻ ആഗ്രഹിച്ചുനേടിയതും അമ്മയ്‌ക്കൊപ്പം പങ്കിട്ടതുമായ പദവിയായിരുന്നു അതെന്നും അവർ കുറിച്ചു.

ചരിത്രനേട്ടവുമായി മിസ് യൂണിവേഴ്സ് 2026

പ്യൂർട്ടോ റിക്കോയിൽ നടന്ന മത്സരത്തിൽ ജെന്നിഫർ ബാരെറ്റോയാണ് മിസ് യൂണിവേഴ്സ് 2026 കിരീടം നേടിയത്. ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ മെലിസ ന്യൂനസ് ഒന്നാം റണ്ണറപ്പും വെനസ്വേലയുടെ ക്ലാര വേഗാസ് ഗോയറ്റ്‌സ് രണ്ടാം റണ്ണറപ്പുമായി. ഫിലിപ്പീൻസിന്റെ ബിയ മില്ലൻ-വിൻഡോർസ്‌കി മൂന്നാം റണ്ണറപ്പും ന്യൂസിലൻഡിന്റെ ജോർജിയ വാഡിങ്ടൺ നാലാം റണ്ണറപ്പുമായി.

കിരീടനേട്ടത്തിനപ്പുറം മത്സരവേദിയിൽ ലഭിച്ച സൗഹൃദത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞ വിവിക, പുതിയ മിസ് യൂണിവേഴ്സിന് ആശംസകളും നേർന്നു. ഭാര്യയും അമ്മയുമായ ഒരാൾ ആദ്യമായി മിസ് യൂണിവേഴ്സ് കിരീടം നേടിയത് ചരിത്രനേട്ടമാണെന്നും അവർ കുറിപ്പിൽ പരാമർശിച്ചു.

Content Highlights: Miss Universe Philippines Bea Millan-Windorski gave her own gown to Miss Universe Poland Vivika Lewandowski for the 2026 finals., Vivika faced a crisis as she did not pack a final gown, not expecting to reach the final stages., Jennifer Barreto won the Miss Universe 2026 crown in Puerto Rico.