ഉരിഞ്ഞത് പഴത്തിന്റെ തൊലി തന്നെ, പക്ഷേ ഈ ചിത്രത്തില്‍ ഒരു രഹസ്യം ഒളിഞ്ഞുകിടപ്പുണ്ട്

-
-

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമത്തിൽ നിറഞ്ഞു നിൽക്കുന്നത് കേക്കിന്റെ ചിത്രങ്ങളാണ്. കേക്ക് പോലെ തോന്നിക്കുന്ന എന്നാൽ യഥാർഥ കേക്കല്ലാത്ത ചിത്രങ്ങളും പച്ചക്കറിയുടെയോ മറ്റെന്തെങ്കിലും വസ്തുക്കളുടെയോ രൂപത്തിൽ നിർമിച്ച കേക്കുകളുടെ ചിത്രങ്ങളുമൊക്കെ വൈറലായിരുന്നു. ഇപ്പോൾ സമൂഹമാധ്യമത്തിൽ നിറയുന്നത് ഒരു പഴത്തിന്റെ ചിത്രമാണ്. 

ആദ്യകാഴ്ച്ചയിൽ ഒരു പെൺകുട്ടി പഴത്തിന്റെ തൊലി ഉരിയുന്നതായേ തോന്നൂ. എന്നാൽ വീണ്ടും നോക്കുമ്പോഴാണ് അതു പഴമല്ല പെൺകുട്ടിയുടെ കയ്യാണെന്നു മനസ്സിലാവുക. മേക്അപ് ആർട്ടിസ്റ്റായ മിമി ചോയ് എന്ന പെൺകുട്ടിയാണ് കയ്യിൽ വ്യത്യസ്തമായ മേക്അപ് ചെയ്ത ശ്രദ്ധേയയായിരിക്കുന്നത്. 

കൈ മുട്ടിനു മുകളിലേക്കാണ് മിമി പഴം തൊലിയുരിയുന്നതിനു സമാനമായി പെയിന്റ് ചെയ്തത്. രണ്ടു ചിത്രങ്ങളും ഒരു വീഡിയോയുമാണ് മിമി പങ്കുവച്ചിരിക്കുന്നത്. ആ​ദ്യചിത്രത്തിൽ പഴമല്ലെന്നു സംശയം പോലും തോന്നില്ലെങ്കിലും രണ്ടാമത്തെ ചിത്രത്തിൽ സം​ഗതി വ്യക്തമാകും. തന്റെ കൈ മുഴുവനായും ഉയർത്തിക്കാണിച്ച് പെയിന്റിങ് ആണെന്നത് തെളിയിക്കുന്നുണ്ട്. കയ്യിൽ പെയിന്റ് ചെയ്യുന്നതിന്റെ വീഡിയോയും മിമി പങ്കുവച്ചിട്ടുണ്ട്. 

കണ്ണാടിയിൽ നോക്കിയാണ് താൻ ശരീരത്തിൽ പെയിന്റ് ചെയ്യുന്നതെന്നും മിമി പറയുന്നു. നിരവധി പേരാണ് മിമിയുടെ ക്രിയേറ്റിവിറ്റിയെ അഭിനന്ദിച്ച് കമന്റ് ചെയ്തിരിക്കുന്നത്. 

Content Highlights: lady has used makeup to turn her hand into a banana

Content Highlights: