ഒമ്പതാം മാസത്തിലേക്ക്; സീമന്തം ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് സഞ്ജന ഗൽറാണി

Photos: instagram.com/sanjjanaagalrani/
Photos: instagram.com/sanjjanaagalrani/

സാമൂഹിക മാധ്യമത്തിൽ സജീവമാണ് തെന്നിന്ത്യൻ താരം സഞ്ജന ​ഗൽറാണി. അമ്മയാകാനുള്ള കാത്തിരിപ്പിലാണ് താരമിപ്പോൾ. ഇപ്പോഴിതാ ഒമ്പതു മാസം ​ഗർഭിണിയായിരിക്കുന്ന സഞ്ജന ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.

സീമന്തം ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ് സഞ്ജന പങ്കുവെച്ചിരിക്കുന്നത്. ഭർത്താവ് ഡോ.അസീസ് പാഷയും കുടുംബാം​ഗങ്ങളും അടുത്ത സു​ഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. 

ലളിതമായ തെന്നിന്ത്യൻ ആചാരപ്രകാരം സീമന്തം ചടങ്ങുകൾ നടത്തിയെന്നും ഒമ്പതാം മാസത്തിലേക്ക് കടക്കുന്നുവെന്നുമാണ് ചിത്രങ്ങൾക്കൊപ്പം സഞ്ജന കുറിച്ചത്. ചടങ്ങിനായി ഒരുക്കിയ മധുര പലഹാരങ്ങളും പഴങ്ങളും പൂക്കളുമെല്ലാം ചിത്രങ്ങളിലുണ്ട്.

ചില സുഹൃത്തുക്കൾ കുടുംബത്തേക്കാൾ നല്ലതാണ് എന്നു പറയുന്നത് ചിലപ്പോഴൊക്കെ സത്യമാണ് എന്നു പറഞ്ഞ് ചടങ്ങിൽ നിന്നുള്ള ഒരു വീഡിയോയും സഞ്ജന പോസ്റ്റ് ചെയ്തിട്ടുണ്ട്. ശരിയായ ആളുകൾക്കൊപ്പം നിൽക്കുമ്പോൾ ജീവിതം മനോ​ഹരമാകുമെന്നും ഇതിനൊപ്പം സഞ്ജന കുറിച്ചു. കരുത്തായി കൂടെ നിൽക്കുന്ന ഭർത്താവിന് നന്ദി പറയുന്നുമുണ്ട് സഞ്ജന. 

നേരത്തേ അമ്മയാകാനുള്ള തീരുമാനത്തെക്കുറിച്ചും സഞ്ജന പങ്കുവെച്ചിരുന്നു. മുപ്പത്തിനാലു വയസ്സായിരിക്കുകയാണ്. മാതൃത്വത്തെ പുൽകാനുള്ള സമയം അതിക്രമിച്ചു എന്നു തോന്നി. അതിലുപരി കോവിഡ് വന്നതോടെ എല്ലാവരുടെയും ജോലിയും ജീവിതവുമൊക്കെ മന്ദ​ഗതിയിലായി. കുഞ്ഞിനെ സ്വീകരിക്കാൻ ഇതാണ് മികച്ച സമയമെന്ന് തോന്നി- സഞ്ജന പറഞ്ഞു. 


 

Content Highlights: kannada actress sanjjanaa galrani seemantham baby shower