പട്ടിണിയോട് പടവെട്ടിയ കാലം, ബംഗാളി പെൺകുട്ടിയെ ഡോക്ടറാക്കിയ നിയോഗം; ഐസക്കിന്റെ അലിവിന്റെ ജീവിതകഥ

കർണാടക വനാതിർത്തിയിലെ മലയോര ഗ്രാമമായ മാമ്പൊയിലിൽ ആ ജൂണിലും കനത്ത മഴ പെയ്തിരുന്നു. അന്നത്തെ പെരുമഴയിൽ നനയാതിരിക്കാൻ, പുസ്തകങ്ങൾ ഷർട്ടിനുള്ളിൽ ഒളിപ്പിച്ചുവെച്ചാണ് ആ പത്തുവയസ്സുകാരൻ മണക്കടവ് ശ്രീപുരം സ്കൂളിലേക്ക് ഓടിയിരുന്നത്. എരിയുന്ന വയറുമായി സ്കൂളിലെത്തുമ്പോഴേക്കും ഉള്ളിലാകെ ഒരു സങ്കടപ്പെരുമഴ പെയ്തു തീർന്നിരിക്കും. അന്ന് വിദ്യാലയത്തിൽനിന്നുള്ള ഉച്ചക്കഞ്ഞിയാണ് വിശപ്പടക്കാനുള്ള ഏക മാർഗം. തിരികെ വീട്ടിലേക്ക് വരുന്ന വഴിയിലുള്ള ചായക്കടയിലെ മധുര പലഹാരങ്ങൾ കാണുമ്പോൾ വിശപ്പിരട്ടിക്കും. പക്ഷേ അതൊന്നും വാങ്ങാൻ കാശില്ലല്ലോ. വീട്ടിലെത്തിയാലും വിശപ്പടക്കാൻ വഴിയൊന്നുമില്ല. ആ വിശപ്പിനേക്കാൾ ഭീകരമായിരുന്നു വീട്ടിൽ അപ്പൻ മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്ന സാഹചര്യം. കുടിയേറ്റ കുടുംബങ്ങളിലെ ആ കാലത്തെ പൊതുശീലമാണ് ഗൃഹനാഥന്റെ മദ്യപാനം. അന്തിനേരത്തെ ആ സംഘർഷങ്ങൾക്കൊടുവിൽ ഇളയ സഹോദരങ്ങളുടെ കൈയും പിടിച്ച് ഉറങ്ങാൻ കിടക്കുമ്പോൾ മനസ്സിൽ ഭീതിയുടെ ഇടി വെട്ടും. എന്താവും തങ്ങളുടെ ഭാവി? ഈ മഴക്കാലമൊന്ന് തോർന്ന് കിട്ടിയാൽ എന്തെങ്കിലുമൊരു ജോലിക്ക് പോവണമെന്നായിരിക്കും ആ നേരത്തെ ചിന്ത. സ്കൂളിലേക്കുള്ള പുസ്തകത്തിനും കുടയ്ക്കുമൊക്കെ അങ്ങനെ കാശൊപ്പിക്കാം. പറ്റിയാൽ രാവിലെ അടുത്തുള്ള കടയിൽനിന്നൊരു കാലിച്ചായ കുടിക്കാം.
ജീവിതത്തിലെ ആദ്യത്തെ പ്രതിസന്ധിയായ വിശപ്പിനാണ് കുഞ്ഞുപ്രായത്തിലേ സിനുതോമസ് പരിഹാരം തേടിയത്. അതിനുള്ള പരിശീലനക്കളരി വീട്ടിൽ തന്നെയുണ്ടായിരുന്നു. നാടുണരുംമുന്നേ അപ്പൻ റബ്ബർ വെട്ടിന് പോകും. അപ്പോൾ വെട്ടം തെളിച്ച് കൂടെപ്പോവണം, വീട്ടിലെ പശുക്കൾക്ക് പുല്ലരിഞ്ഞുകൊടുക്കണം. പാടത്തും പറമ്പിലുമെല്ലാം ഇടവേളയില്ലാതെ പണികളുണ്ടാവും.
മഴക്കാലത്ത് റബ്ബർമരങ്ങൾ ഉറക്കത്തിലാവും. പാല് തേടി മനുഷ്യർ പോലും അടുത്തേക്ക് വരാത്ത കാലം. കുഞ്ഞ് സിനുവിനും അത് പണിയില്ലാക്കാലമായിരുന്നു. ആ നേരത്താണ് ഭാവിയെക്കുറിച്ചുള്ള ചിന്തകൾ ഇരുട്ടുനിറഞ്ഞ ചിത്രങ്ങളായി കടന്നുവരുന്നതും.
സിനുവിന്റെ അമ്മ മേരി തൊട്ടടുത്തുള്ള സ്കൂളിൽ ഉച്ചക്കഞ്ഞിയുണ്ടാക്കാൻ പോയെങ്കിൽ മാത്രമേ ആ വീട്ടിലെ അടുപ്പിന്റെ ഉറക്കം മാറൂ. നാലുമക്കളും വയറുനിറയെ ഉണ്ണണമെങ്കിൽ അമ്മച്ചി തന്നെ അധ്വാനിച്ചേ പറ്റൂ. അപ്പൻ തോമസ് നല്ല പരിശ്രമശാലിയാണ്, എല്ലുമുറിയെ പണിയെടുക്കും. പക്ഷേ പണിയെടുക്കുന്ന കാശുപോലും മദ്യത്തിന് തികയില്ല. ലഹരിയുടെ ലോകത്താവുമ്പോൾ അപ്പൻ വീട് മറക്കും, വീട്ടിലെ കാര്യങ്ങളും.
'കുടിയേറ്റ കുടുംബമാണ് ഞങ്ങളുടേത്. കുടിയേൽക്കുക എന്ന് പറയുന്നതിലുള്ള കുടി അപ്പന്റെ സ്വഭാവത്തിലും ഏറ്റുപോയി. പഠിക്കണം പഠിക്കണം എന്ന് എപ്പോഴും പറഞ്ഞോണ്ടിരിക്കുമായിരുന്നു അമ്മച്ചി. വലിയ ഭക്തയായിരുന്നു. പ്രാർത്ഥിക്കാൻ മാത്രമേ അമ്മച്ചിക്ക് അറിയത്തുള്ളൂ. അപ്പന്റെ മദ്യപാനം. അമ്മയുടെ അത്യധ്വാനം. വിശപ്പിനോടുള്ള പോരാട്ടം. ചെറുതിലേ കാണുന്ന കാഴ്ചയാണിത്. ഇതിൽനിന്നൊക്കെ രക്ഷപ്പെടണമെന്നുള്ള ആഗ്രഹം അന്നേ ഉണ്ടായിരുന്നു....' സിനുവിന്റെ ഓർമയിലെ കുട്ടിക്കാലത്തിന് സങ്കടങ്ങളുടെ നിറമാണ് കൂടുതലുള്ളത്.
വായനയുടെ കൈപിടിച്ച കാലം
വായനയോട് വല്ലാത്ത ഭ്രമമായിരുന്നു ആ കുട്ടിക്ക്. കൈയിൽ കിട്ടുന്ന പുസ്തകങ്ങളെല്ലാം ഉറ്റചങ്ങാതിമാർ. അതോടെ മുന്നിൽ മറ്റൊരു ലോകം തെളിഞ്ഞു. വ്യത്യസ്ത എഴുത്തുകളിലെ ആശയങ്ങളും അനുഭവ ലോകങ്ങളും ആ കുട്ടിയുടെ മനസ്സിൽ സാഹചര്യങ്ങളെ മുറിച്ചുകടക്കാനുള്ള കരുത്ത് പാകിത്തുടങ്ങി.
'രണ്ടു മലകളുടെ ഇടയിലുള്ള ഒരു സ്ഥലമാണ് മാമ്പൊയിൽ. അങ്ങനെയൊരു ഗ്രാമത്തിൽ ജനിച്ചു വളരുമ്പോൾ നമുക്ക് ലോകത്തെക്കുറിച്ചോ ചുറ്റുപാടുകളെക്കുറിച്ചോ ദീർഘവീക്ഷണമൊന്നും കിട്ടാനിടയില്ല. പരിമിതമായ സാഹചര്യങ്ങളേ അവിടെയുള്ളൂ. പക്ഷേ ഞങ്ങളുടെ ഗ്രാമത്തിലൊരു പബ്ലിക് ലൈബ്രറിയുണ്ടായിരുന്നു. കണ്ണൂർ ജില്ലയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട പൊതുജന വായനശാലകളിലൊന്നാണത്. അതൊരു അനുഗ്രഹമായി. ആ വായനശാലയും അവിടുത്തെ പള്ളിയും എന്നെ മുന്നോട്ട് നടത്തുന്നതിൽ വലിയ പങ്ക് വഹിച്ചു. വായന വളർന്നപ്പോൾ നോവലുകളും മാതൃഭൂമി ആഴ്ചപ്പതിപ്പുമൊക്കെ വഴികാട്ടികളായി. ഇതോടെ എന്റെ ഉള്ളിലും ചില അഭിലാഷങ്ങൾ മുളപൊട്ടി. ഈ സാഹചര്യത്തിൽനിന്നൊക്കെ രക്ഷപ്പെടണമെന്നു തോന്നിത്തുടങ്ങി...' സിനുവിന്റെ ഉള്ളിൽ പ്രതീക്ഷയുടെ ഒരു തരി കനൽ വീണു. അതൊരു തീയായി ആളിക്കത്താൻ കാലം കുറച്ചു കാത്തുനിൽക്കാൻ പറഞ്ഞെന്ന് മാത്രം.
എം.ടിയുടെ എല്ലാ നോവലുകളും പത്താംക്ലാസിലെത്തുംമുന്നേ തന്നെ സിനു വായിച്ചു തീർത്തു. മലയാറ്റൂരും മാധവിക്കുട്ടിയും ഉറൂബും തകഴിയും കാക്കനാടനുമൊക്കെ സൃഷ്ടിച്ച കഥാപാത്രങ്ങൾ ആ കൗമാരക്കാരന്റെ ഉള്ളിൽ പുതിയൊരു ലോകം സൃഷ്ടിച്ചു. തകർന്ന നാലുകെട്ടുകളും അതിനുള്ളിൽ കിടന്ന് വീർപ്പുമുട്ടിയ നായകൻമാരും അവരുടെ ജീവിതത്തോടുള്ള പടവെട്ടലുകളുമെല്ലാം സിനുവിലും ജീവിതത്തോട് പൊരുതാനുള്ള ആവേശമുണ്ടാക്കി. മനുഷ്യന്റെ ഏകാന്തതയും മാനസിക സംഘർഷങ്ങളുമെല്ലാം അതിജീവിച്ചുവന്ന കഥാപാത്രങ്ങൾ അയാളോട് കൽപിച്ചു,'ഞങ്ങളിതാ,കാലത്തെ മറികടന്നു,പ്രതിസന്ധികളോട് പൊരുതിജയിച്ചു. താങ്കൾക്കും അത് സാധ്യമാണ്.'
ലോകം വിശാലമാണെന്നും അതിലേക്കുള്ള വാതായനങ്ങൾ തുറക്കേണ്ടത് സ്വന്തം ഉള്ളിൽനിന്നാണെന്നും ആ വായനയിലൂടെ സിനുവിന്റെ മനസ്സിലുറച്ചു.
'ഓരോ നോവലിലെ കഥാപാത്രങ്ങളും എനിക്ക് പ്രചോദനമായിരുന്നു. അതോടെ മുന്നിലുളള ബുദ്ധിമുട്ടുകളും പ്രയാസങ്ങളും എനിക്കൊരു പ്രശ്നമല്ലാതായി. അത്യാവശ്യം ജോലികൾ ചെയ്ത് തന്നെ പഠനം മുന്നോട്ടുകൊണ്ടുപോകാമെന്ന് ഉറപ്പിച്ചു....'.
ആ നേരത്താണ് ഇടവക വികാരി ഫാ.അഗസ്റ്റിൻ പാണ്ടിയേൻമാക്കൽ സിനുവിനെ ഉപദേശിക്കുന്നത്.'പഠിക്കുന്നില്ലെങ്കിൽ നിന്റെ ജീവിതം നാട്ടിലെ കൂലിപ്പണിക്കാരനേക്കാൾ കഷ്ടമാവും. അതുകൊണ്ട് നാട്ടിലെ പണികൾക്കല്ല,വിദ്യാഭ്യാസത്തിനാണ് ശ്രദ്ധ കൊടുക്കേണ്ടത്.'അച്ചന്റെ വാക്കുകൾ മനസ്സിൽ തറച്ചു. വിദ്യാഭ്യാസം മാത്രമാണ് മുന്നോട്ടുള്ള വഴിയെന്ന് സിനു മനസ്സിലാക്കി. അതിന് സെമിനാരിയിൽ ചേരണം.സമപ്രായക്കാരായ പല സുഹൃത്തുക്കളും സെമിനാരി ജീവിതം തിരഞ്ഞെടുത്തിരിക്കുന്നു.അവിടെ പഠിക്കാനുള്ള സാഹചര്യമുണ്ടാവും. അതിനൊപ്പം ആത്മീയമായൊരു ഉണർവും സാധ്യമാണ്. ആ ഒരു വിശ്വാസത്തിൽ സിനുവും സെമിനാരിയുടെ വാതിലിൽ മുട്ടി. ആത്മീയ വഴികളിലേക്കുള്ള ആ വാതായനം സിനുവിനു മുന്നിൽ തുറക്കപ്പെട്ടു. അദ്ദേഹം ഐസക്ക് തോമസായി പരിണാമംകൊണ്ട് ആ സെമിനാരിയിലേക്ക് കയറിപ്പോയി.
സെമിനാരി ദിനങ്ങൾ
ഭരണങ്ങാനം മേലമ്പാറയിലെ കുന്നിൻമുകളിലുള്ള ദീപ്തി ഭവൻ എംഎസ്ടി സെമിനാരിയിലെത്തുമ്പോൾ ആ പത്താംക്ലാസുകാരന്റെ മനസ്സിൽ സന്ദേഹങ്ങളേക്കാളേറെ സന്തോഷങ്ങളായിരുന്നു. നേരത്തിന് ഭക്ഷണം,പഠിക്കാനുള്ള പ്രോത്സാഹനം. എല്ലാംകൊണ്ടും ജീവിതത്തിൽ വലിയൊരു മാറ്റമുണ്ടായിരിക്കുന്നു.ഒപ്പം വൈദികനാകാനുള്ള ആഗ്രഹവും ആ കുഞ്ഞുമനസ്സിൽ ജ്വലിച്ചുവന്നു.
'സെമിനാരിയിൽ ആത്മീയമായ അന്തരീക്ഷമാണെങ്കിലും നമുക്ക് വളരാനും വായിക്കാനും പഠിക്കാനുമുള്ള സാഹചര്യമുണ്ട്. പള്ളിയുടെ അന്തരീക്ഷത്തോടു ചേർന്ന് നിന്നതോടെ പോസിറ്റീവായ മാർഗനിർദേശം കിട്ടാൻ തുടങ്ങി. അവിടുത്തെ വൈദികർ എന്റെ രക്ഷകർത്താക്കളായി. സൈന്യത്തിലൊക്കെ ചേർന്നാൽ കിട്ടുന്നപോലെ ശാരീരികമായിട്ടും മാനസികമായിട്ടും നല്ല മനക്കട്ടി കിട്ടുന്ന രീതിയിലേക്കാണ് നമ്മൾ പരുവപ്പെടുന്നത്. ഇത് എന്റെ ജീവിതത്തെ കെട്ടിപ്പടുക്കാൻ സഹായിച്ചു. ചിട്ടയും സമയബോധവും ജീവിതത്തിന്റെ ഭാഗമായി. ദൈവിക വഴിയിലൂടെ സഞ്ചരിക്കാൻ തുടങ്ങിയതോടെ സംഘർഷങ്ങൾ അയഞ്ഞു. പഠനവും മുന്നോട്ട് പോയി.'ഐസക് തോമസ് ഓർക്കുന്നു.
ഭരണങ്ങാനത്തെ മൂന്നുവർഷത്തെ പഠനത്തിന് ശേഷം ശ്രീരംഗപട്ടണത്തിലുള്ള സെമിനാരിയിലെത്തി. അതുകഴിഞ്ഞ് മൂന്നുവർഷം മധ്യപ്രദേശിലെ ഉജ്ജയനിലായിരുന്നു വിദ്യാഭ്യാസം. അവിടെനിന്ന് ഫിലോസഫിയിൽ ബിരുദം നേടിയ സമയത്താണ് ഐസക്കിന്റെ ഉള്ളിൽ നേരത്തെത്തന്നെ ഒളിഞ്ഞിരുന്ന ഒരു തത്വചിന്ത വീണ്ടും തലപൊക്കിയത്. 'എന്റെ സാഹചര്യം നന്നായി മാറിയിട്ടുണ്ട്. പക്ഷേ വീട്ടിലെ പരിതാപകരമായ അന്തരീക്ഷം അതേപടി തുടരുകയാണ്. അപ്പോൾ ഒറ്റയ്ക്ക് എന്ത് വിമോചനമാണ് ഞാൻ അന്വേഷിക്കുന്നത്? അത് വ്യർത്ഥമല്ലേ?'ആ ചിന്ത അയാളിൽ അസ്വസ്ഥത ജനിപ്പിച്ചു.
'ആത്മീയ വഴിയിൽ തുടരണമെന്ന് ആഗ്രഹമുണ്ട്. എങ്കിലും വീടിനെക്കുറിച്ചുള്ള ചിന്തയ്ക്കായിരുന്നു മുൻതൂക്കം. അവിടെ അപ്പന്റെ മദ്യപാനം അതേപടി തുടരുകയാണ്. അമ്മയുടെ കഷ്ടപ്പാടുകൾക്ക് ഒട്ടും അറുതിയായിട്ടില്ല. എന്റെ കൂടപ്പിറപ്പുകളൊന്നും സ്വന്തമായൊരു വഴിക്ക് എത്തിയിട്ടുമില്ല. ആ ആലോചനയ്ക്കൊടുവിൽ ഞാൻ വീട്ടിലേക്ക് തന്നെ തിരികെ വരാൻ തീരുമാനിച്ചു.'
ഐസക്കിന്റെ ആ തിരിച്ചുവരവാകട്ടെ സംഘർഷങ്ങളുടെ നടുക്കടലിലേക്കായിരുന്നു. ഇനിയെന്തു ചെയ്യണമെന്നോ എങ്ങനെ മുന്നോട്ടുപോവണമെന്നോ അറിയാത്ത അവസ്ഥ. എങ്കിലും വിദ്യാഭ്യാസം മുന്നോട്ടുകൊണ്ടുപോവാൻ തന്നെയായിരുന്നു ഐസക്കിന്റെ തീരുമാനം.അതുവഴി മാത്രമേ ജീവിതത്തിലൊരു മോചനം സാധ്യമാവൂ.
'ആ സമയത്താണ് എം.ജി. യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഗാന്ധിയൻ തോട്സിൽ സാമൂഹിക പഠനത്തിൽ ഒരു പി.ജി.പ്രോഗ്രാം ഉണ്ടെന്ന് അറിയുന്നത്. വലിയ ഫീസൊന്നും കൊടുക്കാൻ മാർഗമില്ലാത്തതുകൊണ്ട് ഞാനതിന് തന്നെ ചേർന്നു. പഠനത്തിനുള്ള പണം കണ്ടെത്താൻ ഒഴിവുദിവസങ്ങളിൽ കൂലിപ്പണിക്ക് പോയി. കെട്ടിടം നിർമിക്കുന്ന മൈക്കാട് പണിയായിരുന്നു കൂടുതലും. കഴിവുള്ള തൊഴിലാളിയൊന്നുമല്ലല്ലോ. അതുകൊണ്ടുതന്നെ അവിദഗ്ധ തൊഴിലാളികൾക്കുള്ള ശമ്പളമേ കിട്ടു. എന്നാലും കിട്ടുന്ന കാശ് വലുതായിരുന്നു. അത് പഠനത്തിന് നല്ല സഹായമേകി. അവിടെനിന്നുതന്നെ പഠിച്ച് യുജിസി നെറ്റും എംഫിലും പി.എച്ച്.ഡിയും നേടാനായി.'
ഒരിക്കൽ തന്നെ കുഴക്കിയ അതേ വിഷയത്തിലായിരുന്നു എം.ഫിലിന് ഐസക്കിന്റെ ഗവേഷണം 'കരിയർ ഡിസിഷൻ മേക്കിങ് ആൻഡ് ദ നീഡ് ഓഫ് കരിയർ ഗൈഡൻസ്'. ജീവിതത്തിൽ താൻ നേരിട്ട പ്രതിസന്ധിയെ ഐസക് ഗവേഷണം നടത്തിതന്നെ തോൽപ്പിച്ചുകളഞ്ഞു. അപ്പോഴേക്കും കുറെയേറെ അതിജീവന പാഠങ്ങളിലും ഐസക് ഡോക്ടറേറ്റെടുത്തിരുന്നു. കോട്ടയത്തുള്ള ട്രാഡ എന്ന ഡീ അഡിക്ഷൻ സെന്ററിൽ കൗൺസലിങ് പഠിക്കുകയും അവിടുത്തെ റസിഡൻഷ്യൽ കൗൺസിലറാവുകയും ചെയ്തു. അവിടെ മദ്യവിമുക്തിയായിരുന്നു ഐസക്കിന്റെ പഠനവിഷയം. ജീവിതത്തെ ഗതിതിരിച്ചുവിട്ട വിഷയംതന്നെ ജീവിതത്തിന്റെ ഗതിമാറ്റത്തിനുതകുമോ എന്നൊരു അന്വേഷണം.
'ആ പഠനകാലത്താണ് മദ്യപാനമെന്ന രോഗാവസ്ഥയെക്കുറിച്ച് ഞാൻ കൂടുതൽ മനസ്സിലാക്കുന്നത്. അതൊരു നിയോഗമായി. ധാരാളം മദ്യപരെ ലഹരിയിൽനിന്ന് മോചിപ്പിക്കാനുള്ള അവസരം കിട്ടി. ആ കൂട്ടത്തിൽ എന്റെ അപ്പന്റെ മദ്യപാനസ്വഭാവവും നിർത്താനായി.'
അതിനുശേഷം ഐസക് മൂലമറ്റം സെന്റ് ജോസഫ് കോളേജ് സോഷ്യൽ സർവീസ് വിഭാഗത്തിൽ അധ്യാപകനായി. ആ സമയത്താണ് നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസറാവുന്നത്. അങ്ങനെ രാജീവ് ഗാന്ധി യൂത്ത് ഡവലപ്മെന്റ് സെന്ററിൽ എം.ജി.യൂണിവേഴ്സിറ്റി പ്രതിനിധിയായി പരിശീലനത്തിന് പോയത് മറ്റൊരു വഴിത്തിരിവായി. അതോടെ കരിയർ ഗൈഡൻസിന്റെയും മെന്ററിങ്ങിന്റെയും പ്രാധാന്യം തിരിച്ചറിഞ്ഞ ഐസക് പഠനത്തിന്റെ ദിശയറിയാതെ ഉഴലുന്ന വിദ്യാർത്ഥികൾക്ക് മാർഗനിർദേശം നൽകുന്ന ജോലിയിലേക്ക് വഴിമാറി. അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമുള്ള പരിശീലനവുമായി ഇന്ത്യയിലെ 25 സംസ്ഥാനങ്ങളിൽ ഐസക് സഞ്ചരിച്ചു. സ്കൂളുകളിൽ ചെന്ന് വിദ്യാർത്ഥികളോട് സംവദിച്ചു. അവരുടെ ഭാവി സ്വപ്നങ്ങൾക്ക് തീപിടിപ്പിച്ചു. അങ്ങനെയൊരു യാത്രയ്ക്കിടയിലാണ് ഐസക്ക് എട്ടാംക്ലാസിൽ പഠിക്കുന്ന ജെസിൻഡയെ കണ്ടുമുട്ടുന്നത്.
അത്ഭുത നിയോഗം
അന്ന് ബംഗാൾ സിലിഗുരിയിലെ ഗുഡ്ഷെപ്പേഡ് സ്കൂളിൽ വിദ്യാർത്ഥികളോട് ഭാവിയിലെ ലക്ഷ്യങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഐസക്ക്. ഇടയ്ക്ക് ബിൽഗേറ്റ്സിന്റെ പ്രശസ്തമായൊരു ഉദ്ധരണിയിലൂടെയും ഐസക്ക് കടന്നുപോയി.
'ദരിദ്രനായി ജനിക്കുന്നത് ഒരാളുടെയും തെറ്റല്ല. പക്ഷേ ദാരിദ്ര്യം പിടിച്ചാണ് മരിക്കുന്നതെങ്കിൽ അത് നിങ്ങളുടെ മാത്രം തെറ്റാണ്.' ഈയൊരു വാക്കുകൾ കേട്ടപ്പോൾ കുട്ടികളാകെ കൈയടിച്ചു. പലരുടെയും കണ്ണുകളിൽ പ്രതീക്ഷയുടെ തിളക്കം ജനിക്കുന്നത് ഐസക്കിന് കാണാം.
'കുട്ടികളെ പ്രചോദിപ്പിക്കുന്ന കാര്യങ്ങളാണ് പൊതുവിൽ എല്ലായിടത്തും ഞാൻ സംസാരിക്കുന്നത്. അവരോട് അധികം ലോകതത്ത്വങ്ങളും ഉപദേശങ്ങളുമൊന്നും പറഞ്ഞിട്ട് കാര്യമില്ല. അതിനുപകരം പാവപ്പെട്ട സാഹചര്യങ്ങളിൽ ജനിച്ചുവളർന്നാലും ഒരാൾക്ക് ജീവിതം കെട്ടിപ്പടുക്കാനാവും എന്നത് അനുഭവത്തിലൂടെ പറഞ്ഞാൽ അതാവും കുഞ്ഞുങ്ങൾക്ക് മനസ്സിൽ പതിയാൻ ഏറ്റവുമെളുപ്പം.' അതിനുള്ള ഏറ്റവും നല്ല പാഠപുസ്തകം ഐസക്കിന്റെ കൈയിലുണ്ടല്ലോ. ചെറുപ്പത്തിലെ കഷ്ടപ്പാടുകളും കടന്നുവന്ന വഴികളിലെ കല്ലും മുള്ളും കണ്ണീരുമെല്ലാം മറികടന്ന ആ പഴയ കുട്ടിയുടെ കഥ ഐസക്ക് മുന്നിലിരിക്കുന്നവരോട് പറയും. പക്ഷേ അന്ന് ഐസക്ക് പറഞ്ഞ കഥയിൽ മറ്റൊരാൾകൂടെ കടന്നുവന്നു.
' ഈ കുഞ്ഞുങ്ങളെ കണ്ടപ്പോൾ എനിക്കെന്റെ മോളെ ഓർമ വന്നു. ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇവരെപ്പോലെ ഇങ്ങനെ കുസൃതികാട്ടി നടക്കേണ്ട പ്രായമാവുമായിരുന്നു അവൾക്കും. ഒന്നര വയസ്സിലാണ് കുഞ്ഞ് ഞങ്ങളെ വിട്ടുപോവുന്നത്. ഞാനവളെ ഓർത്തു. അവളെക്കുറിച്ചും ഈ ക്ലാസിലിരിക്കുന്ന കുട്ടികളോട് പറഞ്ഞു. ആ ക്ലാസ് കഴിഞ്ഞതും കുറെ കുട്ടികൾ എന്റെ അടുത്തേക്ക് ഓടിവന്നു. അന്ന് ആദ്യമായി കാണുന്ന ആ കുട്ടികളൊക്കെ അവരുടെ സ്വന്തം അച്ഛനെപ്പോലെ എന്നെ ആശ്വസിപ്പിച്ചു. ഞങ്ങളെ സാറിന്റെ മോളെപ്പോലെ തന്നെ കണ്ടാൽ മതിയെന്നൊക്കെയുള്ള അവരുടെ ആശ്വാസ വചനങ്ങൾ കേട്ടപ്പോൾ എന്റെയും കണ്ണുനിറഞ്ഞു. ആ കുഞ്ഞുമുഖങ്ങളിലെ നിഷ്കളങ്ക സ്നേഹം ഹൃദയത്തിൽ തൊട്ടു' ഐസക്ക് ആ ദിനം ഓർക്കുന്നു. പക്ഷേ അന്ന് ഐസക്കിന്റെ സംസാരംകേട്ട് ദൂരെനിന്ന് കണ്ണുതുടച്ച് മടങ്ങിയൊരു പെൺകുട്ടിയുണ്ടായിരുന്നു, ജെസിൻഡ. പക്ഷേ കാലം ആ കൂടിക്കാഴ്ചയ്ക്ക് ചെറിയൊരു ഇടവേള കൂടെ എടുത്തു.
കുറച്ചുനാൾ കഴിഞ്ഞാണ് സിലിഗുരി അൽഫോൺസാ സ്കൂളിലെ കൗൺസിലർ ജോബിത ജോസ് ഐസക്കിനെ വിളിക്കുന്നത്.ജോബിത മലയാളിയാണ്, മാത്രമല്ല ഐസക്കിന്റെ നാട്ടുകാരിയും.
'ഈ സ്കൂളിൽ നന്നായി പഠിക്കുന്ന കുറെ കുട്ടികളുണ്ട്. പക്ഷേ അവരുടെ ചുറ്റുപാടുകളൊക്കെ ദയനീയമാണ്. ആരെങ്കിലും ഒരു താങ്ങായി നിന്നില്ലെങ്കിൽ ഈ കുട്ടികളൊക്കെ അധികം വൈകാതെ പഠനം നിർത്തും....' ആ കൗൺസിലറുടെ വാക്കുകളിലുണ്ടായിരുന്ന ആധി ഐസക്കിന്റെ മനസ്സിൽ തൊട്ടു. അയാൾ ആ പഴയ കുട്ടിയെ ഓർത്തു. പണ്ട് മാമ്പൊയിലിലെ വൈകുന്നേരങ്ങളിൽ തന്റെ അവസ്ഥയോർത്ത് വിഷമിച്ച പതിനാലുകാരൻ ഓർമയിലേക്ക് ഓടിവന്നു.
'ആ കൗൺസിലറുടെ വിഷമവും പ്രയാസവും മറ്റാരേക്കാളും എനിക്ക് മനസ്സിലായി. അത്യാവശ്യം സാമ്പത്തിക ചുറ്റുപാടുള്ള പലരോടും ഞാനീ കുട്ടികളുടെ കാര്യങ്ങൾ സൂചിപ്പിച്ചുനോക്കി. ഒരുമിച്ചുനിന്നാൽ ഈ കുട്ടികളുടെ പഠനത്തിന് വേണ്ട സഹായം നൽകാമെന്ന് നിർദേശിച്ചുനോക്കി. പക്ഷേ മലയാളി കുട്ടികളെ തന്നെ പഠിപ്പിക്കാനാവുന്നില്ല,അപ്പോഴാണ് ബംഗാളികൾ'എന്ന മട്ടിലായിരുന്നു പലരുടെയും പ്രതികരണം. ഈയൊരു മറുപടി എന്നെ ഞെട്ടിച്ചു. എനിക്കൊറ്റയ്ക്ക് ഇത്രയും പേരുടെ പഠനം ഏറ്റെടുക്കാൻ യാതൊരു വഴിയുമില്ല. പക്ഷേ ഒരാൾക്കെങ്കിലും തുണയാവാൻ പറ്റിയാലോ. ആ ഒരു ചിന്തയിൽ ഞാനാ കൗൺസിലറെ വിളിച്ചു. അപ്പോഴാണ് ജസിൻഡയുടെ കാര്യം അവർ എന്നോട് പറയുന്നത്. അവളൊരു എട്ടാംക്ലാസുകാരിയാണ്. അതുകേട്ടപ്പോൾ എനിക്കെന്റെ മോളെ ഓർമ വന്നു. ഞാനാ കുട്ടിയുടെ കൂടെ നിൽക്കാൻ തീരുമാനിച്ചു'
അങ്ങനെയാണ് ജസിൻഡ മാർഷൽ ലപ്ച എന്ന ചുരുളൻമുടിക്കാരി ഐസക്കിന്റെ ജീവിതത്തിന്റെ ഭാഗമാവുന്നത്. നേപ്പാളിൽനിന്ന് വർഷങ്ങൾക്ക് മുന്നേ ഇന്ത്യയിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമായിരുന്നു ജെസിൻഡ. ഫ്രാൻസിസ് മാർഷൽ ലപ്ചെയുടെയും ശർമിളയും മകൾ. ദാരിദ്ര്യത്താൽ ജനിച്ചുവളർന്ന ഗ്രാമത്തിൽപോലും വേർതിരിവ് അനുഭവിക്കേണ്ടി വന്ന കുടുംബത്തിലെ അംഗം. അവളുടെ അച്ഛനും അമ്മയ്ക്കും പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചൊന്നുമുള്ള അറിവില്ല. എഴുത്തും വായനയുംപോലും അന്യം. അതുകൊണ്ടുതന്നെ ഐസക്കിന് ജെസിൻഡയെ കൈവിടാൻ തോന്നിയില്ല. അന്നുമുതൽ ഐസക്ക് അവളുടെ രക്ഷാകർത്താവായി, മാർഗദർശിയായി.
'അവളെന്നോട് പഠനകാര്യങ്ങളെല്ലാം പറയാൻ തുടങ്ങി. അവളുടെ സ്വപ്നങ്ങൾ പങ്കുവെക്കാൻ തുടങ്ങി. ഹൈസ്കൂളിൽ നല്ല മാർക്കുണ്ടായിരുന്നു ജെസിൻഡയ്ക്ക്. ഐ.സി.എസ്.സി. സിലബസിൽ ഹയർസെക്കൻഡറിക്ക് 92 ശതമാനം മാർക്ക് നേടിയാണ് അവൾ പാസായത്. അതുകഴിഞ്ഞപ്പോൾ ഞാൻ അവളോട് ചോദിച്ചു, ഇനിയെന്താണ് മോളുടെ പ്ലാൻ. അപ്പോൾ അവളൊരു കഥ പറഞ്ഞു. വിദ്യാഭ്യാസമില്ലാത്ത ഒരു ഗ്രാമത്തിന്റെയും ആരോഗ്യസംവിധാനങ്ങളില്ലാത്ത ഒരു നാട്ടിൻപുറത്തിന്റെയും കഥ. അവളുടെ ആ ഗ്രാമത്തിലൊരു ഡോക്ടർ പോലുമില്ല. അതുകൊണ്ട് അവിടെ നിന്ന് പഠിച്ചിറങ്ങുന്ന ആദ്യത്തെ ഡോക്ടറാവണം തനിക്കെന്നായിരുന്നു ആ കുഞ്ഞിന്റെ മറുപടി. അവളുടെ ഉള്ളിലൊരു തീയുണ്ട്. ഒന്ന് തിരി കൊളുത്തിയാൽ മതി,അത് ആളിക്കത്തുമെന്ന് എനിക്ക് ബോധ്യമായി.'
ഐസക് തന്നെ ജെസിൻഡയെ മെഡിസിൻ പ്രവേശന പരീക്ഷ എഴുതാനുള്ള പരിശീലനത്തിന് ചേർത്തു. ജെസിൻഡ ആദ്യശ്രമത്തിൽ തന്നെ വൈദ്യശാസ്ത്രം പഠിക്കാനുള്ള നീറ്റ് പ്രവേശന പരീക്ഷയെന്ന കടമ്പ കടന്നു. മികച്ച റാങ്കോടെ സിലിഗുരി സർക്കാർ മെഡിക്കൽ കോളേജിൽ തന്നെ മെറിറ്റ് സീറ്റിൽ പ്രവേശനം കിട്ടി. എല്ലാത്തിനും തുണയായി ഐസക്ക് കൂടെത്തന്നെ നിന്നു.
' ഓരോ പഠനഘട്ടവും അവളെന്നെ അറിയിച്ചു. ഓരോ കുഞ്ഞ് നേട്ടവും സന്തോഷത്തോടെ വിളിച്ച് പറഞ്ഞു. ശരിക്കും മെന്ററിങ് എന്ന പദത്തിന്റെ അർത്ഥം ഞാൻ അനുഭവത്തിലൂടെ പഠിച്ചു. ഞാൻ പഠിച്ച തിയറിയേക്കാൾ എത്രയോ അധികം. ഒരു അഭിലാഷം നേടിയെടുക്കാനുള്ള അദമ്യമായ ആഗ്രഹത്തിൽനിന്ന് തുടങ്ങി അതിനുള്ള തീവ്രപരിശ്രമത്തിലൂടെ പടവുകൾ കയറിക്കയറി ആ കുഞ്ഞ് ലക്ഷ്യത്തിലെത്തുന്നത് എന്നെ സംബന്ധിച്ച് ആനന്ദകരമായ കാഴ്ചയായിരുന്നു.'ഐസക്ക് ആ ദിനങ്ങളിലെ സന്തോഷം ഓർത്തു.
പക്ഷേ ആ നേരത്താണ് കോവിഡ് വരുന്നത്. ലോകമാസകലം ജനജീവിതം അടഞ്ഞുകിടന്നു. ഐസക്കിന്റെ സാമ്പത്തിക സ്രോതസ്സുകൾ വഴിമുട്ടി. അതിന്റെ പേരിൽ ജെസിൻഡയുടെ പഠനം മുടങ്ങുമോയെന്ന് ഐസക്കിന് ആധി തുടങ്ങി. നാട്ടിലാകെ പരിശ്രമിച്ചിട്ടും വരുമാനം കിട്ടുന്ന ഒരു ജോലി ലഭിച്ചില്ല. ആ നേരത്താണ് കുറേയകലെ മറ്റൊരു വഴി തുറക്കുന്നത്.
'ന്യുസിലൻഡിൽ കരിയർ കൗൺസിലർ ജോലിയിൽ ഒരു അവസരമുണ്ടെന്ന് അറിഞ്ഞു. ആ കുഞ്ഞിന് കൊടുത്ത വാക്ക് പാലിക്കാൻ എനിക്കീ ജോലി കിട്ടിയാൽ മതിയെന്ന പ്രാർത്ഥന ദൈവം കേട്ടു. രണ്ടുവർഷത്തെ വർക്ക് വിസയിൽ ഞാൻ ന്യുസിലൻഡിലെത്തി. 2025 മാർച്ചിലാണ് എന്റെ വിസ കാലാവധി അവസാനിച്ചത്. ആ വർഷം മേയിൽ ജെസിൻഡയുടെ കോഴ്സും പൂർത്തിയായി.....'കാലം വരച്ച വരകൾ ഒരേ ലക്ഷ്യത്തിൽ ഒരുമിച്ചുനിന്നു.
2026 മേയ് 24ന് സിലിഗുരി മെഡിക്കൽ കോളേജ് കോൺഫറൻസ് ഹാളിൽ എം.ബി.ബി.എസ്. ബാച്ചിന്റെ ബിരുദദാന ചടങ്ങിന്റെ മുൻനിരയിൽ ഐസക്കുമുണ്ടായിരുന്നു.
'ഈ ഡോക്ടർ കുപ്പായം അങ്ങയുടെയും എന്റെയും സംയുക്ത പരിശ്രമത്തിന്റെ ഫലമാണ്. തീർത്തും ഉൾഗ്രാമത്തിൽ, വിദ്യാഭ്യാസത്തെക്കുറിച്ചൊന്നും യാതൊരു ബോധ്യവുമില്ലാത്ത ഒരു പരിസരത്ത് ജനിച്ചുവളർന്ന എനിക്ക് ഇതൊരു വലിയ സ്വപ്നം സ്വന്തമാക്കിയ നിമിഷമാണ്. അതിന് എന്റെ കൂടെ നിന്നതിനുള്ള കടപ്പാട് വാക്കുകളിൽ ഒതുക്കാനാവില്ല' ജെസിൻഡയുടെ സന്തോഷം ഐസക്ക് നേരിൽക്കണ്ടു. അതുവരെ ദാരിദ്ര്യത്തിന്റെ പേരിൽ സമൂഹത്തിൽനിന്നും മാറ്റിനിർത്തപ്പെട്ട ഫ്രാൻസിസും ശർമിളയും ആ വലിയ സദസ്സിന്റെ മുന്നിലിരുന്ന് കണ്ണ് തുടയ്ക്കുന്നതായിരുന്നു ഐസക്കിനെ അതിലേറെ സന്തോഷിപ്പിച്ച നിമിഷം.
ആ നേരത്ത് ഐസക് ബൈബിളിലെ ആ വചനമോർത്തു.'നിങ്ങളിൽ എളിയവനിൽ ഒരാൾക്കുവേണ്ടി ചെയ്തത് നിങ്ങൾ എനിക്കു വേണ്ടി തന്നെയാണ് ചെയ്തത്'.അതുകൊണ്ടുതന്നെ തന്റേത് അത്ര വലിയ പ്രവൃത്തിയായൊന്നും അദ്ദേഹം കാണുന്നുമില്ല.
'അങ്ങനെ വിളിച്ചുപറയാൻ മാത്രം വലിയ കാര്യങ്ങളൊന്നും ഞാൻ ഈ ലോകത്ത് ചെയ്തിട്ടില്ല. പക്ഷേ എന്നെക്കൊണ്ട് കഴിയുന്ന ഒരു കുഞ്ഞ് കാര്യം ചെയ്യാനായെന്നതിൽ സന്തോഷം. ഓരോരുത്തരും ഇങ്ങനെ കൊച്ചുകൊച്ചു കാര്യങ്ങൾ ചെയ്തുകൊണ്ടിരുന്നാൽ ഈ ലോകം കൂടുതൽ സുന്ദരമാവും. ഇവിടം ജീവിക്കാനുള്ള കുറെക്കൂടി മെച്ചപ്പെട്ട ഇടമായി മാറും.'
സിലിഗുരിയിൽ ജെസിൻഡയുടെ കുടുംബത്തിനൊപ്പമിരിക്കുന്ന നേരത്ത് ഐസക്കിന്റെ മനസ്സിലൂടെ നാടും വീടും ഒരിക്കൽ കൂടെ മിന്നിമറഞ്ഞു.
അവിടെ ഐസക്കിന്റെ അപ്പൻ തോമസ് മദ്യപാനമൊക്കെ നിർത്തി കൃഷിയും പശു വളർത്തലുമെല്ലാമായി തിരക്കിലാണ്. അമ്മച്ചി മേരിയുടെ മുഖത്ത് ആശ്വാസത്തിന്റെയും അഭിമാനത്തിന്റെയും പുഞ്ചിരിയുണ്ട്.കാരണം അവർ പഠിച്ചത് അഞ്ചാംക്ലാസ് വരെയാണ്,ഭർത്താവ് നാലാംക്ലാസിലും. രണ്ടുംകൂടെ കൂട്ടിയാൽപ്പോലും ഒമ്പതാംക്ലാസ്. പക്ഷേ അവരുടെ നാലുമക്കളുംകൂടെ ആ ഇല്ലായ്മയെ അങ്ങ് ഇല്ലാതാക്കി. ഐസക്കിന്റെ സഹോദരങ്ങളുടെ ആ നേട്ടങ്ങളിങ്ങനെ.
സഹോദരി സിസ്റ്റർ റോസമ്മ: കോട്ടയം രാജമറ്റത്ത് സിസ്റ്റേഴ്സിന്റെ കൗൺസിലർ.അവിടുത്തെ ഇൻഫന്റ് ജീസസ് എന്ന ദത്ത് കേന്ദ്രത്തിന്റെ ചുമതലക്കാരി.
സഹോദരൻ സിജു തോമസ്: ന്യൂസിലാൻഡിൽ ഡ്രഗ് ആൻഡ് അഡിക്ഷൻ ക്ലിനിഷ്യൻ.
സഹോദരൻ ഡോ.സോണി തോമസ്: സൈക്കോളജിയിൽ ഡോക്ടറേറ്റ് നേടി. കണ്ണൂർ അരവഞ്ചാലിൽ 120 കിടക്കകളുള്ള സൈക്യാട്രിക് ഹോസ്പിറ്റൽ നടത്തുന്നു. ഐസക്കാവട്ടെ പാലാ ബ്രില്യന്റിൽ വിദ്യാർത്ഥികൾക്കുള്ല കൗൺസലിങ് വിഭാഗത്തിന്റെ തലവനും.
സിലിഗുരിയിൽനിന്ന് മടങ്ങുമ്പോൾ ഐസക്ക് ഇന്ത്യയുടെ മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾകലാമിനെ വെറുതെ ഓർത്തു. അബ്ദുൾകലാമിന്റെ പണ്ട് വായിച്ച ആ വരികൾ ഇങ്ങനെയായിരുന്നു.
'സ്വപ്നങ്ങൾ യാഥാർത്ഥ്യമാകണമെങ്കിൽ ആദ്യം നിങ്ങൾ സ്വപ്നം കാണണം. അത് ചിന്തകളായി മാറുകയും പിന്നീട് പ്രവൃത്തികളായി മാറുകയും ചെയ്യും. അതാണ് വിജയത്തിന്റെ രഹസ്യം'
ചിത്രങ്ങൾ:എൻ.എം.പ്രദീപ്
Content Highlights: Isaac Thomas overcame childhood poverty and family struggles to achieve academic excellence., He dedicated his life to mentoring underprivileged students through career guidance., Isaac supported Jesinda, a student from Siliguri, through her medical studies by working in New Zealand., Jesinda graduated as a doctor in May 2026, becoming the first in her village., The story emphasizes the power of persistence, education, and social responsibility.