വീട്ടിൽനിന്നുപുറത്തായ പോലീസുകാരൻ, 6 കേസിൽ ജാമ്യത്തിന് നെട്ടോട്ടമോടി 32-കാരൻ; എന്തിന് പുരുഷനൊരു ദിനം?

അധികം ശ്രദ്ധിക്കാനിടയില്ല, ഇങ്ങനെയുമൊരു ദിനമുണ്ട് ,നവംബര്‍ 19 അന്താരാഷ്ട്ര പുരുഷദിനം. ചര്‍ച്ചയില്‍ നിറയട്ടേ പുരുഷ ദിനവും. ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന വനിതാദിനത്തിന് ബദലോ എതിരോ അല്ല പുരുഷദിനം. 1999 നവംബര്‍ 19-ന് യുനെസ്കോയുടെ ആഹ്വാനപ്രകാരം ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയില്‍ പുരുഷദിനം ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെടുമ്പോള്‍ പറഞ്ഞ ലക്ഷ്യങ്ങള്‍ ഇവയാണ്: സ്ത്രീ പുരുഷ ബന്ധത്തില്‍ ഊഷ്മളത വളര്‍ത്തുക, ലിംഗസമത്വം നടപ്പിലാക്കാന്‍ ശ്രമിക്കുക, പുരുഷന്മാരുടേയും ആണ്‍കുട്ടികളുടേയും ആരോഗ്യപരിപാലനത്തില്‍ ശ്രദ്ധിക്കുക, സമൂഹത്തിനും കുടുംബത്തിനും സംഭാവനകള്‍ നല്കുന്ന പുരുഷന്മാരേയും ആണ്‍കുട്ടികളേയും അംഗീകരിക്കുക.
ഇന്ത്യയടക്കം അറുപത് രാജ്യങ്ങള്‍ പുരുഷദിനം ആചരിക്കുകയോ ആഘോഷിക്കുകയോ ചെയ്യുന്നു. അമ്മമാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമൊക്കെ ദിനമുള്ളപ്പോള്‍ ആണുങ്ങള്‍ക്കും ഒരു ദിനംനല്കി പ്രാതിനിധ്യം നല്‍കുക എന്നതാണ് ഉദ്ദേശ്യം. എന്നാല്‍, വനിതകള്‍ക്ക് എതിരേയുള്ള എന്തോ ആണ് പുരുഷ ദിനാചരണം എന്ന് തെറ്റിദ്ധരിക്കപ്പെടുന്നു. അര്‍ഹിക്കുന്ന അംഗീകാരവും പരിരക്ഷയും ലഭിക്കുന്നില്ലെന്ന് പുരുഷന്മാര് പരാതിപ്പെടുന്നു. സ്ത്രീ സംരക്ഷണനിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നു. പരാതികളുടെ സത്യാവസ്ഥ അന്വേഷിക്കാതെ പുരുഷനെ പ്രതിയാക്കുന്ന സ്ഥിതി ഗൗരവമായി കാണണമെന്ന് കേരള ഹൈക്കോടതിയുടെ പരാമര്‍ശവുമുണ്ട്.
സ്ത്രീകളേക്കാള്‍ ഏകനാണ്, സംഘടിതനല്ല പുരുഷന് എന്ന് പഠനങ്ങള്‍ പറയുന്നു. അല്ലെങ്കില്‍, താന്‍ ദുര്‍ബലനല്ലെന്ന് കാണിക്കാന്‍ അവന് ' ഈഗോ ' കൊണ്ട് പാടുപെടുന്നു. വിഷമം പങ്കുവെക്കാന്‍ ആളുണ്ടായിരുന്നെങ്കില്‍, ശ്രമിച്ചിരുന്നെങ്കില്‍ പല പുരുഷ ആത്മഹത്യകളും തടയാന്‍ കഴിയുമായിരുന്നു.
പുരുഷന്റെ പ്രാധാന്യം ഓര്‍മ്മിക്കാനും നിലനിര്‍ത്താനും കൂട്ടായ്മ ഉണ്ടാവേണ്ടതിന്റെ പശ്ചാത്തലവും ഇതാണ്. തൃശൂര്‍ ആസ്ഥാനമായ പുരുഷാവകാശ സംരക്ഷണ സമിതി, മെന്‍സ് റൈറ്റ്സ് ഫൗണ്ടേഷന്, ജെന്‍ഡര്‍ ഈക്വാളിറ്റി മൂവ്മെന്റ്, മെന്‍സ് അഡൈ്വസറി നെറ്റ് വര്‍ക്ക് എന്നിവ പുരുഷന്മാരെ കൂടെ കൂട്ടാനും സഹായ സഹകരണങ്ങള്‍ നല്‍കാനും രൂപവത്ക്കരിക്കപ്പെട്ട സംഘടനകളാണ്. വനിതാ കമ്മിഷന് പോലെ പുരുഷ കമ്മിഷനും വേണമെന്നതാണ് സംഘടനകളുടെ പ്രധാന ആവശ്യം.
സംഘടനകളിലൊന്നില്‍ അംഗമായ അടൂരിലെ 50 കാരനായ പോലീസുദ്യോഗസ്ഥന് പറയുന്നത് നിയമങ്ങളൊന്നും പുരുഷന് അനുകൂലമല്ലെന്നാണ്. ഭാര്യയും രണ്ട് മക്കളും അകന്ന് കഴിയുന്നു, അതും താന്‍ സ്വന്തമായി നിര്‍മിച്ച വീട്ടില്‍. ഗാര്‍ഹിക പീഡനമെന്ന് ഭാര്യ നല്കിയ പരാതികള്‍ പോലീസ് തള്ളിക്കളഞ്ഞു. ഇപ്പോള്‍ കളക്ടര്‍ക്ക് പരാതി നല്കിയിരിക്കുന്നു. ഭാര്യ തന്റെ അമ്മയെ മര്‍ദ്ദിച്ചിരുന്നെന്നും താന്‍ ആത്മഹത്യയുടെ വക്കിലാണെന്നും അദ്ദേഹം പറയുന്നു. 80 കഴിഞ്ഞ അച്ഛനും അമ്മയോടുമൊപ്പം കഴിയുന്ന അദ്ദേഹം പ്രതിമാസം 10,000 രൂപ ഭാര്യക്ക് ചെലവിനും നല്കുന്നു.
ഇക്കഴിഞ്ഞ ജനുവരിയില്‍ വിവാഹിതനായ എറണാകുളത്തുകാരനായ 32-കാരന് ഇപ്പോള്‍ നേരിടുന്നത് ഭാര്യാവീട്ടുകാര്‍ നല്കിയ ആറു കേസുകള്‍. രണ്ടു മാസം കഴിഞ്ഞപ്പോഴെ വിവാഹമോചനം വേണമെന്ന് ഭാര്യ. കാരണം ബെംഗളൂരോ ഗള്‍ഫിലോ ജോലി നോക്കണമെന്നു പറഞ്ഞത് പരിഗണിച്ചില്ല, ടൂര്‍ കൊണ്ടുപോയില്ല, ഡ്രസ് വാങ്ങി നല്‍കിയില്ല... ഗാര്‍ഹിക പീഡനത്തിന് പോലീസില്‍ പരാതി. പിന്നെ കോടതിയില്‍ കേസായി. അഞ്ചു ദിവസം മാത്രം തന്റെ വീട്ടില്‍നിന്ന ഭാര്യയെ അച്ഛനും അമ്മയുമടക്കം ഉപദ്രവിച്ചെന്നാണ് പരാതി. ഇപ്പോള്‍ ജാമ്യമെടുക്കാനായി അച്ഛനുമമ്മയുമായി നിരന്തര കോടതി യാത്ര. സമാധാനം, സാമ്പത്തികം, അഭിമാനം എന്നിവ നഷ്ടമെന്ന് യുവാവ്.
കേസുകളിലെ കതിരും പതിരും നിയമവഴിക്ക് വേര്‍തിരിക്കട്ടെ. ഇവര്‍ക്ക് കൂട്ടായി നില്ക്കുന്ന സംഘടനകള്‍ പുരുഷദിനാചരണം ശക്തമാക്കുകയാണ്. നവംബര്‍ 19 ന് കേരള ഹൈക്കോടതിക്ക് മുന്നില്‍ രാജ്യവ്യാപക പ്രക്ഷോഭത്തിന് തുടക്കമിടും. അതിന് മുന്നോടിയായി നവംബര്‍ 17 ന് തൃശൂരുനിന്ന് ഹൈക്കോടതി വരെ സംഘടനകള്‍ ബൈക്ക് റാലി നടത്തി.
1990-കളില്‍ കൊല്‍ക്കത്ത, മുംബൈ, ലഖ്നൗ എന്നിവിടങ്ങളിലാണ് ഇന്ത്യയിലെ ആദ്യ പുരുഷാവകാശ സംഘടനകള്‍ ഉടലെടുക്കുന്നത്. പിരിറ്റോ പുരുഷ് (പീഡിപ്പിക്കപ്പെട്ട മനുഷ്യന്), പുരുഷ് ഹക്ക സംരക്ഷണ സമിതി (പുരുഷാവകാശ സംരക്ഷണ സമിതി), പത്നി അത്യാചാര്‍ വിരുദ്ധി മോര്‍ച്ച (ഭാര്യമാരുടെ പീഡനത്തില്‍ പ്രതിഷേധം) എന്നിവയാണ് സംഘടനകള്‍. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 498 A (ഭര്‍ത്താവ്, ഭര്‍തൃബന്ധുക്കള്‍ എന്നിവരില്‍ നിന്നുള്ള പീഡനം) ദുരുപയോഗം ചെയ്യുന്നു എന്നതായിരുന്നു സംഘടനകളുടെ പ്രധാന പരാതി. പരാതിക്കാര്‍ക്കായി 'സേവ് ഇന്ത്യന്‍ ഫാമിലി' എന്ന ഹെല്‍പ്പ് ലൈന്‍ 2005-ല്‍ സ്ഥാപിതമായി. 2007 നവംബര്‍ 19-ന് സേവ് ഇന്ത്യന്‍ ഫാമിലി ഫൗണ്ടേഷന് ഇന്ത്യയില്‍ ആദ്യമായി അന്താരാഷ്ട്ര പുരുഷദിനം ആഘോഷിച്ചു.
സേവ് ഇന്ത്യന്‍ ഫാമിലി ഫൗണ്ടേഷന്, ഇന്ത്യന്‍ സോഷ്യല്‍ അവയര്‍നെസ് ആന്‍ഡ് ആക്ടിവിസം ഫോറം എന്നീ രണ്ട് ഗ്രൂപ്പുകള്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നടത്തുന്ന ദേശീയ കുടുംബാരോഗ്യ സര്‍വേയില്‍ പുരുഷന്മാരുടെ പ്രശ്നങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് ആത്മഹത്യ ചെയ്യുന്നവരില്‍ 72.5 ശതമാനവും പുരുഷന്മാരാണ്. വിവാഹിതരായ പുരുഷന്മാരുടെ ആത്മഹത്യക്ക് കാരണം കുടുംബ സമ്മര്‍ദ്ദമാണെന്നും പഠനമുണ്ട്. 2016-ല്‍ പുറത്തിറങ്ങിയ 'മാര്‍ട്ടിയേഴ്സ് ഓഫ് മാര്യേജ്' എന്ന ഡോക്യുമെന്ററി ഇതിനെ സാധൂകരിക്കുന്നു. മുംബൈക്കാരിയായ ചലച്ചിത്ര നിര്‍മ്മാതാവും ആക്ടിവിസ്റ്റുമായ ദീപിക നാരായണ്‍ ഭരദ്വാജിന്റേതാണ് ഡോക്യുമെന്ററി. സ്ത്രീധന വിരുദ്ധ നിയമങ്ങള്‍ ദുരുപയോഗം ചെയ്തതിനാല്‍ ദുരിതമനുഭവിക്കുന്ന പുരുഷന്മാരുടെ കഥ ദീപിക പകര്‍ത്തിയത് സ്വന്തം ബന്ധുക്കളായ പുരുഷന്മാരുടെ ജീവിതത്തില്‍ നിന്നാണ്. 2024-ലെ പുരുഷ ദിനത്തിലെ പ്രതിപാദ്യവിഷയം തന്നെ 'പുരോഗമനാത്മകമായ പുരുഷ മാതൃകകള്‍' എന്നാണ്.
Content Highlights: international mens day issues and challenges faced by them