ഊന്നുവടിയുമായെത്തിയ ഗായികയുടെ വസ്ത്രം ശരിയാക്കി സ്റ്റേജിലേക്ക് കയറാൻ സഹായിച്ച് ലേഡി ഗാഗ- വീഡിയോ

ഗ്രാമി പുരസ്കാരവേദിയിൽ ലേഡി ഗാഗ കാണിച്ച സ്നേഹ സഹായത്തെ വാഴ്ത്തുകയാണ് സാമൂഹികമാധ്യമങ്ങളിപ്പോൾ. ഊന്നുവടിയിലെത്തിയ അമേരിക്കൻ ഗായിക എസ്.സെഡ്.എ. (സൊനാലി ഇമാനി റോവ്) യുടെ വസ്ത്രം ശരിയാക്കിക്കൊടുത്ത് അവരെ സ്റ്റേജിലേക്ക് കയറാൻ സഹായിക്കുകയായിരുന്നു ഗാഗ.
പുരസ്കാരമത്സരത്തിൽ ലേഡി ഗാഗയടക്കമുള്ളവരെ മറികടന്ന് ഏറ്റവും മികച്ച പോപ് ഡുവോ വിഭാഗത്തിൽ ഡോജോ കാറ്റും എസ്.സെഡ്.എ.യും പുരസ്കാരം സ്വന്തമാക്കിയിരുന്നു. തനിക്ക് ഈ വിഭാഗത്തിൽ പുരസ്കാരമില്ലെന്നറിഞ്ഞിട്ടും എസ്.സെഡ്.എ.യെ സഹായിക്കാൻ ഗാഗ കാണിച്ച മനസ്സിനെ ആരാധകരും ഏറ്റെടുത്തു.
ഊന്നുവടിയുമായെത്തിയ എസ്.സെഡ്.എ. നീളൻ വസ്ത്രമിട്ട് വേദിയിലേക്ക് കയറാൻ അൽപം പരിഭ്രമിച്ചിരുന്നു. ഉടൻ സീറ്റിൽ നിന്ന് എഴുന്നേറ്റുവന്ന് കുനിഞ്ഞ് ഗാഗ വസ്ത്രം ശരിയാക്കിക്കൊടുക്കുകയായിരുന്നു.
ഈ ലോകത്തിന് വേണ്ട എല്ലാമാണ് നിങ്ങൾ, 2022 ഗ്രാമി പുരസ്കാരവേദിയിലെ അനൗദ്യോഗികജേതാവാണ് ലേഡി ഗാഗ, വിലപ്പെട്ട നിമിഷങ്ങളിൽ നമ്മൾ പ്രതീക്ഷിക്കുന്ന സുഹൃത്താണ് ലേഡി ഗാഗ, എസ്.സെഡ്.എ.യുടെ വസ്ത്രത്തിൽ തൊട്ട് ഗാഗ അവരെ സാന്ത്വനിപ്പിച്ചു തുടങ്ങിയ കമന്റുകളാണ് ഗാഗയെക്കുറിച്ച് ആരാധകർ ട്വിറ്ററിൽ കുറിച്ചത്.
മികച്ച പരമ്പരാഗത പോപ് വോക്കൽ ആൽബം വിഭാഗത്തിൽ ടോണി ബെന്നെറ്റിനൊപ്പം ഇത്തവണ ഗാഗ പുരസ്കാരം നേടിയിട്ടുണ്ട്.
Content Highlights: grammy awards, lady gaga helping sza with dress, solana imani rowe