'ആ സംശയം നമ്മളെ ഉള്ളിൽ നിന്ന് കൊല്ലും'; രണ്ടുതവണ ഗർഭമലസിയതിനെക്കുറിച്ച് തുറന്നുപറഞ്ഞ് ഗൗഹർ ഖാൻ

ആദ്യ കുഞ്ഞിനെ വരവേൽക്കുന്നതിന് മുമ്പ് താൻ കടന്നുപോയ കടുത്ത മാനസിക സംഘർഷങ്ങളെയും രണ്ട് മിസ് ക്യാരേജുകളെയും കുറിച്ച് മനസ്സ് തുറന്ന് ബോളിവുഡ് താരം ഗൗഹർ ഖാൻ. പ്രായം കൂടുന്നതിനനുസരിച്ച് ഗർഭധാരണ സാധ്യതകളെക്കുറിച്ചുള്ള ആശങ്കകൾ തന്നെ അലട്ടിത്തുടങ്ങിയത് ആദ്യ ഗർഭം അലസിയതിന് ശേഷമാണെന്ന് താരം വെളിപ്പെടുത്തി.
സോഹ അലി ഖാന്റെ പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് തന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ ആ അധ്യായത്തെക്കുറിച്ച് 42-കാരിയായ ഗൗഹർ മനസ്സ് തുറന്നത്.
Read Also: 68-ാം വയസ്സിലും ഫിറ്റ്നസിൽ വിട്ടുവീഴ്ചയില്ല; നീതു കപൂറിന്റെ ആരോഗ്യരഹസ്യം ഇതാണ്
2020 ഡിസംബറിലായിരുന്നു ഗൗഹർ ഖാനും സൈദ് ദർബാറും തമ്മിലുള്ള വിവാഹം. 2023 മെയ് മാസത്തിൽ, 39-ാം വയസ്സിലാണ് ഗൗഹർ ആദ്യ മകൻ സെഹാന് ജന്മം നൽകിയത്. പിന്നീട് 2025 സെപ്റ്റംബറിൽ, 42-ാം വയസ്സിൽ രണ്ടാമത്തെ മകൻ ഫർവാനും ഇവരുടെ ജീവിതത്തിലേക്ക് എത്തി.
36-ാം വയസ്സിലായിരുന്നു തന്റെ വിവാഹമെന്നും, അതുകൊണ്ടുതന്നെ ഉടൻ തന്നെ കുട്ടികൾ വേണമെന്ന നിർബന്ധമോ സമയപരിധിയോ താനും സൈദും വെച്ചിരുന്നില്ലെന്നും ഗൗഹർ പറയുന്നു. വിവാഹത്തിന്റെ ആദ്യ വർഷം അഭിനയത്തിരക്കുകൾക്കായിരുന്നു മുൻഗണന നൽകിയത്.
'വിവാഹസൽക്കാരത്തിന്റെ പിറ്റേന്ന് രാവിലെ തന്നെ ഞാൻ ഷൂട്ടിങ്ങിനായി പോയിരുന്നു. ആദ്യത്തെ ഒരു വർഷം മുഴുവൻ ഷൂട്ടിങ് തിരക്കുകളിലായിരിക്കുമെന്ന് എനിക്കറിയാമായിരുന്നു. സമയത്തെക്കുറിച്ച് ഞങ്ങൾക്ക് യാതൊരു ആശങ്കയുമുണ്ടായിരുന്നില്ല,' ഗൗഹർ ഓർത്തെടുക്കുന്നു.
Read Also: കമൽഹാസനുമായുള്ള പ്രണയവും വേർപിരിയലും; 60 രൂപയിൽ നിന്ന് ജീവിതം തിരിച്ചുപിടിച്ച സരിക
എന്നാൽ ആദ്യ ഗർഭം അലസിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ഗർഭം ധരിച്ച് രണ്ടര മാസമായപ്പോഴായിരുന്നു ആ ദുരന്തം സംഭവിച്ചത്. സ്കാനിങ്ങിൽ കുഞ്ഞിന്റെ ഹൃദയമിടിപ്പ് വരെ കണ്ടതിന് ശേഷമുണ്ടായ ആ വേർപാട് വലിയ മാനസിക ആഘാതമാണ് നൽകിയത്.
'ആദ്യത്തെ കുഞ്ഞിനെ നഷ്ടപ്പെട്ടപ്പോഴാണ് ഞാൻ എന്റെ പ്രായത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. അതിനുമുമ്പ് എനിക്ക് അങ്ങനെയൊരു പേടിയേ ഉണ്ടായിരുന്നില്ല. എന്റെ മെഡിക്കൽ റിപ്പോർട്ടുകളെല്ലാം വളരെ മികച്ചതായിരുന്നു. എഗ്ഗ് കൗണ്ടും എ.എം.എച്ച്. ലെവലുമെല്ലാം കൃത്യമായിരുന്നു. എന്നിട്ടും ആദ്യ ഗർഭം അലസിയപ്പോൾ വലിയൊരു ശൂന്യതയും ഭയവുമാണ് എന്നെ പിടികൂടിയത്,' താരം പറഞ്ഞു.
ആദ്യ ഗർഭമലസലിന് ശേഷം ഏതാനും മാസങ്ങൾ കാത്തിരുന്ന ശേഷമാണ് ഗൗഹർ വീണ്ടും ഗർഭിണിയായത്. എന്നാൽ നിർഭാഗ്യവശാൽ അഞ്ചാം ആഴ്ചയിൽ തന്നെ ആ ഗർഭവും അലസിപ്പോയി. എങ്കിലും തളരാതെ മുന്നോട്ട് പോയ ഗൗഹറിന്റെ ജീവിതത്തിലേക്ക് അധികം വൈകാതെ തന്നെ സന്തോഷം തിരികെയെത്തി.
'രണ്ടാമത്തെ ഗർഭമലസലിന് ശേഷം എനിക്ക് വളരെ എളുപ്പത്തിൽ വീണ്ടും ഗർഭം ധരിക്കാൻ സാധിച്ചു. അങ്ങനെയാണ് സെഹാൻ ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നത്,' ഗൗഹർ സന്തോഷത്തോടെ പങ്കുവെച്ചു.
ഓരോ സ്ത്രീയുടെ ജീവിതത്തിലും ബയോളജിക്കൽ ക്ലോക്കിനെക്കുറിച്ചുള്ള അതായത് പ്രായവും പ്രത്യുൽപാദന ശേഷിയും സംബന്ധിച്ച ഭയം കടന്നുവരുന്നത് വ്യത്യസ്ത ഘട്ടങ്ങളിലായിരിക്കുമെന്ന് ഗൗഹർ ചൂണ്ടിക്കാട്ടുന്നു.
'ചിലർക്ക് കുടുംബത്തിൽ നിന്നോ പങ്കാളിയിൽ നിന്നോ ഉള്ള സമ്മർദം കാരണമാകാം ഈ ഭയം വരുന്നത്. പക്ഷേ എനിക്ക് അത് സംഭവിച്ചത് ഗർഭം അലസിയതിന് ശേഷമാണ്. ഇനി എനിക്ക് സ്വാഭാവികമായി അമ്മയാകാൻ കഴിയുമോ എന്ന ആ സംശയം നമ്മളെ ഉള്ളിൽ നിന്ന് കൊല്ലും,' ഗൗഹർ കൂട്ടിച്ചേർത്തു.
Content Highlights: Bollywood star Gauhar Khan discusses her pregnancy struggles, including two miscarriages, and how age-related concerns affected her journey to motherhood.