എന്തുചെയ്തിട്ടും വയർ കുറയുന്നില്ലേ? വയർ കുറയ്ക്കാൻ എളുപ്പവഴിയുമായി കരീന കപൂറിന്റെ ന്യൂട്രീഷനിസ്റ്റ് | Flat Stomach

വയറിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാനും കാലുകൾക്കും തുടകൾക്കും ദൃഢത നൽകാനും മണിക്കൂറുകളോളം ജിമ്മിൽ ചെലവഴിക്കേണ്ടതില്ലെന്ന് പ്രശസ്ത പോഷകാഹാര-ഫിറ്റ്‌നസ് വിദഗ്ദ്ധയും കരീന കപുറിന്റെ ന്യൂട്രീഷ്യനിസ്റ്റുമായ രുജുത ദിവേക്കർ. വീട്ടിൽവെച്ച് വളരെ ലളിതമായി ചെയ്യാവുന്ന വ്യായാമമുറകളിലൂടെ വയർ കുറയ്ക്കാമെന്നാണ് രുജുത പറയുന്നത്.
എല്ലാവരും ആലില വയർ വേണമെന്ന് ആഗ്രഹിക്കുന്നവരാണ്. അതിനായി 100 ക്രഞ്ചസും ആബ്‌സും ചെയ്യാറുണ്ട്, പക്ഷെ വയർ പുറത്തേക്ക് വരുന്നു എന്നല്ലാതെ കുറയുന്നില്ല. കാലുകളുടെ ബലക്കുറവും ശരീരത്തിന്റെ പുറകുവശത്തെ സ്റ്റിഫ്‌നെസ്സുമായിരിക്കാം അതിന് കാരണം.
കാലിന്റെ ബലക്കുറവും ശരീരത്തിന്റെ സ്റ്റിഫ്‌നെസ്സും മാറ്റുന്നതിനായുള്ള വ്യായാമ മുറകളാണ് റുതുജ പങ്കുവച്ചിരിക്കുന്നത്. ഈ വ്യായാമമുറകളിലൂടെ വയറും കുറയും ദഹനവും മെച്ചപ്പെടുമെന്നും റുതുജ പറയുന്നു. കാലിലെ പേശികൾക്ക് ബലം വയ്ക്കാനും വയറിലെ അടിഞ്ഞുകൂടിയ കൊഴുപ്പ് കുറയ്ക്കാനും അടിവയറ്റിലെ പേശികൾക്ക് മുറുക്കം നൽകാനും ഈ വ്യായാമമുറകൾ സഹായിക്കുന്നു.തുടയിലെയും കാൽമുട്ടുകളിലെയും പേശികളെ ശക്തിപ്പെടുത്തുകയും അസ്ഥികളുടെ സാന്ദ്രത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുപോലെ നട്ടെല്ലിന് താങ്ങ് നൽകുന്ന പേശികളെ ബലപ്പെടുത്തുന്നതിനാൽ ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവർക്കുണ്ടാകുന്ന നടുവേദന പരിഹരിക്കാൻ ഇത് ഉപകരിക്കും.
എങ്ങനെ ചെയ്യാം?
ഒരു യോഗ മാറ്റിൽ കമിഴ്ന്നു കിടക്കുക. കാൽ ബോൾസ്റ്ററിൽ കയറ്റിവയ്ക്കണം. തുടർന്ന് കൈകൾ നെഞ്ചിന്റെ അരികുവശത്തായി ചേർത്ത് കുത്തിനിർത്തി നെറ്റി തറയിൽ മുട്ടിച്ച് കിടക്കണം. തുടർന്ന് തുടകളും വയറും മുറുക്കി അരയ്ക്ക് കീഴ്‌പ്പോട്ടുള്ള ഭാഗം ബോൾസ്റ്ററിൽ ബലംകൊടുത്തുകൊണ്ട് നല്ലപോലെ നിവർത്തുക. ഇത് അല്പ സമയം ഹോൾഡ് ചെയ്യുക.
വ്യായാമം ചെയ്യുമ്പോൾ പെട്ടെന്ന് ആയാസം കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. നടുവിന് കഠിനമായ വേദനയുള്ളവരോ പരിക്കുകളുള്ളവരോ വിദഗ്ധരുടെ നിർദേശം സ്വീകരിച്ച ശേഷം മാത്രം ഈ വ്യായാമം ചെയ്യുക. ദിവസവും ഏതാനും മിനിറ്റുകൾ ഇതിനായി മാറ്റിവെച്ചാൽ തന്നെ പ്രകടമായ മാറ്റങ്ങൾ അനുഭവപ്പെടും.