'എനിക്കിനിയൊരു സ്വാഭാവിക ജീവിതം ഉണ്ടാകില്ലെന്ന് ന്യൂറോ സര്‍ജന്‍ അന്ന് വിധിയെഴുതി'; ശ്രീജ പറയുന്നു

വരനെ ആവശ്യമുണ്ട് എന്ന സിനിമയില്‍ കുക്കറമ്മ ഡയലോഗ് പറഞ്ഞു തുടങ്ങിയപ്പോള്‍ കാണികള്‍ പുരികം ചുളിച്ചു. 'ഇത് കാവ്യാമാധവന്റെ ശബ്ദമല്ലേ?',
ചിലര്‍ ചോദിച്ചു, 'അല്ല ദിവ്യാ ഉണ്ണി' മറ്റു ചിലര്‍ തിരുത്തി. 'അല്ലല്ല നയന്‍താര...' ചിലരൊക്കെ ഉറപ്പിച്ചു. വൈകാതെ കണ്‍ഫ്യൂഷന്‍ മാറി. ആ ശബ്ദവും ഈ ശബ്ദവും എല്ലാം ഒന്നുതന്നെ. പൂക്കാലം വരവായിലെ ഗീതുമോള്‍, അനിയത്തിപ്രാവിലെ മിനി, നിറത്തിലെ സോന, മീശമാധവനിലെ രുക്മിണി... ഒരുപിടി നല്ല സിനിമകളിലെ ഉശിരന്‍ കഥാപാത്രങ്ങള്‍. അവര്‍ കൊഞ്ചിയതും കരഞ്ഞതും പിണങ്ങിയതും ഇണങ്ങിയതുമൊക്കെ ആ ശബ്ദത്തിലൂടെയായിരുന്നു. അണിയറയിലെ ശബ്ദസൗന്ദര്യം ശ്രീജാ രവി, കുക്കറമ്മയായി അരങ്ങിലെത്തിയപ്പോള്‍ ആ ശബ്ദത്തില്‍ മലയാളികള്‍ വെള്ളിത്തിരയിലെ ബാല്യ-യൗവ്വനങ്ങളെ ഓര്‍ത്തെടുത്തു. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന സിനിമാ പുരസ്‌കാരം നാലു തവണ സ്വന്തമാക്കിയ ശ്രീജ തെന്നിന്ത്യന്‍ സിനിമയിലെ ശബ്ദസാന്നിദ്ധ്യമായി മാറിയിട്ട് നാലരപ്പതിറ്റാണ്ടു കഴിയുന്നു. മലയാളത്തില്‍ മാത്രം നൂറ്റിയിരുപത്തഞ്ചോളം നായികമാരുടെ ശബ്ദമായി അവര്‍ മാറി. നിരവധി സിനിമകളില്‍ വേഷമിട്ടു. നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായിരുന്ന കണ്ണൂര്‍ നാരായണിയുടെ മകളാണ് ശ്രീജ. ശ്രീജയുടെ മകള്‍ രവീണയും ഡബ്ബിങ്-അഭിനയ രംഗത്ത് സജീവം.
ഇടര്‍ച്ചകള്‍ നിറഞ്ഞ പഴയകാലമാണ് ശ്രീജയ്ക്ക് ഇടറാത്ത ശബ്ദം സമ്മാനിച്ചത്. ആ പഴയകാലത്തെപ്പറ്റി ശ്രീജയ്ക്ക് ഓര്‍മകള്‍ ഏറെയാണ്...'അച്ഛന്‍ എന്‍ജിനീയറായിരുന്നു. വിവാഹശേഷമാണ് അമ്മ കലാരംഗത്തേക്ക് വരുന്നത്. സിനിമകളിലും നാടകങ്ങളിലുമൊക്കെ അഭിനയിച്ചു, ശബ്ദം കൊടുത്തു. ഞങ്ങള്‍ ഒമ്പത് മക്കള്‍. അതിനിടെ അച്ഛന്‍ മരിച്ചു. ജീവിതം വഴിമുട്ടിത്തുടങ്ങി. എന്റെ മൂത്ത സഹോദരങ്ങളൊക്കെ ചെറിയ ജോലികള്‍ക്കു പോയിത്തുടങ്ങി. ഏറ്റവും ഇളയവരായ ഞങ്ങള്‍ നാലുപേരെയും കൂട്ടി അമ്മ ചെന്നൈയിലെത്തി. അമ്മ മൊഴിമാറ്റ ചിത്രങ്ങളിലൊക്കെ ശബ്ദം കൊടുക്കും. സിനിമകളില്‍ ചെറുവേഷങ്ങള്‍ ചെയ്യും. ആവഴി ഞാനും ശബ്ദം കൊടുക്കാന്‍ തുടങ്ങി. ഉത്തരായനം എന്ന സിനിമയിലായിരുന്നു അരങ്ങേറ്റം. അന്ന് പത്ത് വയസ്സ് പ്രായം. പിന്നീട് തമ്പ് ഉള്‍പ്പെടെയുള്ള സിനിമകള്‍. ഇരുപതുരൂപയൊക്കെയാണ് പ്രതിഫലം. ശബ്ദംകൊണ്ട് വിശപ്പുമാറ്റിയ നാളുകള്‍.
പലരുടെയും സഹായത്തോടെ അമ്മ ഞങ്ങളെ കോണ്‍വെന്റ് സ്‌കൂളുകളില്‍ ചേര്‍ത്തു. ഒരു സ്‌കൂളില്‍ അമ്മ അധ്യാപികയായി. അന്നൊക്കെ ചെന്നൈയില്‍ വീട് വാടകയ്ക്ക് കിട്ടാന്‍ പ്രയാസം. ഭര്‍ത്താവ് മരിച്ച ഒരു സ്ത്രീ. ചെറുപ്പം. സിനിമയുടെ വര്‍ക്കുള്ളപ്പോള്‍ കൂട്ടിക്കൊണ്ടു പോകാനും തിരികെവിടാനും പ്രൊഡക്ഷന്‍ വണ്ടി വീട്ടിലെത്തും. അതൊക്കെ തെറ്റായി കണക്കാക്കിയിരുന്ന സമൂഹം. സ്‌കൂളിലെ ജോലിക്കൊപ്പം അമ്മ ട്യൂഷനെടുക്കും. തുന്നല്‍ ജോലി ചെയ്യും. നാടകത്തില്‍ അഭിനയിക്കും. അമ്മയുടെ പരിചയത്തില്‍ ആരുടെയെങ്കിലുമൊക്കെ മക്കളുടെ പഴയ ഉടുപ്പുകളായിരുന്നു ഞങ്ങളുടെ വേഷം. കഷ്ടപ്പാടില്‍ നിന്ന് കരകയറാനുള്ള തോണി ഞങ്ങള്‍ അമ്മയും മക്കളും ആവുന്നത്ര ശക്തിയോടെ ഒന്നിച്ചു തുഴഞ്ഞു.
മലയാളത്തിലായിരുന്നു തുടക്കം. ബേബി അഞ്ജു, പ്രശോഭ്, വിമല്‍, ബേബി മീന, ചൈതന്യ അവര്‍ക്കൊക്കെ ശബ്ദം കൊടുത്തു. പിന്നെ തമിഴിലേക്കുമെത്തി. ഇളനീര്‍ എന്ന സിനിമയിലാണ് നായികയ്ക്കു വേണ്ടി ആദ്യം ശബ്ദം കൊടുക്കുന്നത്. കാറ്റത്തെ കിളിക്കൂട് എന്ന സിനിമയില്‍ രേവതിക്കും ബാലതാരങ്ങള്‍ക്കും ശബ്ദം കൊടുത്തു. 3000 രൂപയായിരുന്നു പ്രതിഫലം. ഗൃഹലക്ഷ്മി ഫിലിംസിന്റെ സിനിമയായിരുന്നു അത്. ഗംഗാധരേട്ടന്‍ പ്രതിഫലത്തിനൊപ്പം എനിക്കൊരു സൈക്കിളും തന്നു. അതായിരുന്നു ആദ്യത്തെ അംഗീകാരം. സേതുബന്ധനം, ഓര്‍മകള്‍ മരിക്കുമോ, ഈ യുഗം തുടങ്ങിയ സിനിമകളില്‍ ബാലതാരമായി ചെറുവേഷങ്ങള്‍ ചെയ്തു. ഒഴിവുകാലം എന്ന സിനിമയില്‍ രോഹിണിക്ക് ശബ്ദം കൊടുത്തു. അങ്ങനെ ടീനേജ് ഹീറോയിന്‍സിന് ശബ്ദം കൊടുത്തു തുടങ്ങി. മാതു, ചാര്‍മിള, സുനിത അങ്ങനെ ഒരുപാട് നടിമാരുടെ ശബ്ദമായി മാറി. മത്സരവും അടിച്ചമര്‍ത്തലുമൊക്കെ ഉണ്ടായിരുന്നു. തരുന്ന പ്രതിഫലം വാങ്ങിപ്പോകണം എന്ന സ്ഥിതി.
1986-ല്‍ ആയിരുന്നു അമ്മയുടെ മരണം. ചെന്നൈയില്‍ എത്തി ആദ്യ വര്‍ഷങ്ങളിലൊന്നില്‍ അമ്മയ്ക്ക് ഒരു തവണ ഹാര്‍ട്ട് അറ്റാക്ക് വന്നതാണ്. പക്ഷേ, അമ്മയുടെ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കാനോ കൃത്യമായി മരുന്ന് കഴിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്താനോ ഉളള പക്വത അന്ന് ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. പിന്നെ അമ്മയ്ക്ക് വയറിന് എന്തോ ഒരു അസുഖം പിടിപെട്ടു. അന്ന് ഞാനും ഇളയ സഹോദരനും മാത്രമായിരുന്നു അമ്മയുടെ കൂടെ. ഞങ്ങള്‍ അമ്മയെയും കൊണ്ട് ആസ്പത്രികള്‍ കയറിയിറങ്ങും. പട്ടിണിയും കഷ്ടപ്പാടുമാണെങ്കിലും ആരെയും സഹായിക്കുന്ന ആളായിരുന്നു അമ്മ. അമ്മയ്ക്ക് സുഖമില്ലെന്നറിഞ്ഞപ്പോള്‍ പലരും ഞങ്ങളെ സഹായിച്ചു.
ഒടുവില്‍ അമ്മ മരിച്ചു. കാന്‍സറായിരുന്നെന്ന് പിന്നീടാണ് അറിയുന്നത്. ഞങ്ങളുടെ മൂത്ത സഹോദരന്‍ അന്ന് ചെന്നൈയിലുണ്ട്. മറ്റു സഹോദരങ്ങളെല്ലാം പലയിടങ്ങളില്‍. അവര്‍ക്കാര്‍ക്കും അമ്മയെ അവസാനമായി കാണാന്‍ പോലും കഴിഞ്ഞില്ല. ആ ദിവസങ്ങളെ എങ്ങനെ മറികടന്നു എന്ന് അറിയില്ല. ചില സിനിമകള്‍ക്ക് ഡബ്ബ് ചെയ്യാന്‍ പോയി നില്‍ക്കുമ്പോള്‍ അമ്മയെ ഓര്‍മ്മവരും. കരച്ചില്‍ വന്ന് ശബ്ദം കൊടുക്കാനാവാതെ തിരിച്ചുവന്ന ദിവസങ്ങളുണ്ട്.
ഡബ്ബിങ് സ്റ്റുഡിയോകളില്‍ വച്ചാണ് ഞാന്‍ രവിയേട്ടനെ കാണുന്നത്. ഗായകനാണ്. തലശ്ശേരിയാണ് സ്വദേശം. ഞങ്ങള്‍ പ്രണയത്തിലായി. ഇനി വിവാഹം എന്ന് ഉറപ്പിച്ച സമയത്ത് എനിക്കൊരു രോഗം പിടിപെട്ടു. ശരീരത്തിന്റെ ഇടതു വശത്ത് ഇടയ്ക്കിടെയുണ്ടാകുന്ന തളര്‍ച്ച. ചെന്നൈയിലെ വലിയ ആസ്പത്രിയില്‍ ഞാന്‍ കിടപ്പിലായി. വാല്‍വ് മാറ്റിവെക്കണമെന്നും ഇനി സ്വാഭാവിക ജീവിതം ഉണ്ടാകില്ലെന്നും അവിടുത്തെ ന്യൂറോ സര്‍ജന്‍ പറഞ്ഞു. അമ്മയുടെ മരണവും വന്നെത്തിയ രോഗവും...ഏറെക്കുറെ ജീവിതം അവസാനിച്ചപോലെ.
പക്ഷേ, സര്‍ജറിയും വിശ്രമവും താങ്ങാനുള്ള സാമ്പത്തികശേഷി എനിക്ക് ഉണ്ടായിരുന്നില്ല. സര്‍ജറിക്കു നില്‍ക്കാതെ ആസ്പത്രിയില്‍ നിന്നിറങ്ങി. മൈട്രല്‍വാല്‍ പ്രൊലാപ്‌സ് എന്ന രോഗാവസ്ഥയാണ് എന്റേതെന്ന് പിന്നീട് മറ്റൊരു ഡോക്ടര്‍ കണ്ടെത്തി. ആ ഡോക്ടര്‍ പറഞ്ഞതുപോലെ കാര്യമായ മരുന്നും ചികിത്സയുമൊന്നുമില്ലാതെ രോഗം മാറി. അധികംവൈകാതെ ഞങ്ങള്‍ വിവാഹിതരായി. 1993ലാണ് മകള്‍ ഉണ്ടാകുന്നത്. അതിനിടെ സിനിമയില്‍ തിരക്കായിത്തുടങ്ങി.
'അനിയത്തിപ്രാവില്‍ ശാലിനിക്ക് ശബ്ദം കൊടുത്തതായിരുന്നു കരിയറിലെ വഴിത്തിരിവ്. ശാലിനിയും ശാമിലിയും ബാലതാരങ്ങളായിരുന്നകാലത്ത് അവരിരുവര്‍ക്കും ശബ്ദം കൊടുത്തിട്ടുണ്ട്. അനിയത്തിപ്രാവിനു ശേഷം പിന്നീട് കുറേ സിനിമകളില്‍ ശാലിനിക്ക് ശബ്ദം കൊടുത്തു. പിന്നീടങ്ങോട്ട് കാവ്യാമാധവന്‍, റോമ, നയന്‍താര...ഒട്ടേറെ നായികമാര്‍.'തമിഴിലും മലയാളത്തിലുമായി ഇരുപതോളം സിനിമകളില്‍ ശ്രീജ അഭിനയിച്ചിട്ടുണ്ട്. കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, പായുംപുലി, നന്‍പന്‍, എന്നുതുടങ്ങി വരനെ ആവശ്യമുണ്ട് വരെ.
ജീവിതത്തില്‍ ഏറ്റവും സങ്കടപ്പെട്ട, സന്തോഷം തോന്നിയ ഓരോ നിമിഷങ്ങളെ ഓര്‍ത്തെടുക്കാന്‍ പറയുമ്പോള്‍ ശ്രീജയ്ക്ക് അധികം ചിന്തിക്കേണ്ടി വന്നില്ല. 'അമ്മയുടെ മരണം. മകളുടെ ജനനം.' അമ്മയ്‌ക്കൊപ്പം കടന്നുപോയ ദുരിതകാലം ശ്രീജയുടെ ഓര്‍മ്മയില്‍ ഇപ്പോഴുമുണ്ട്.
'അന്ന് അമ്മ ചെന്നൈയിലേക്ക് ഞങ്ങളെയും കൂട്ടി പോയില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ എന്ന് ഞാന്‍ ഇടയ്ക്ക് ചിന്തിക്കാറുണ്ട്. കഷ്ടപ്പാടുകളൊക്കെ മാറി. എന്റെ ശബ്ദം ആളുകളിപ്പോള്‍ തിരിച്ചറിയുന്നു. അവസരങ്ങള്‍ കിട്ടുന്നു. ഇതൊന്നും കാണാന്‍ അമ്മ ഒപ്പമില്ലാതെയായല്ലോ എന്ന് ഞാനോര്‍ക്കും.'
ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്
Content Highlights: dubbing artist sreeja ravi share her experience on working in film industry
Content Highlights: