ഇൻസ്റ്റയിൽ താരയുദ്ധവുമായി കോപ്പർ വിയും അംബാഡിയും; ജെൻ സീയുടെ പുതിയ ഡ്രിപ്പ് ഐക്കണുകൾ

ഇൻസ്റ്റഗ്രാമിലിപ്പോൾ ഒരു സ്റ്റാർ ബാറ്റിൽ നടന്നുകൊണ്ടിരിക്കുകയാണ്. അതേ ഒന്നാന്തരമൊരു താരയുദ്ധം..ഈ പോരാട്ടത്തിൽ മുൻപിലുള്ളത് കോപ്പർ വിയും അംബാഡിയുമാണ്. എന്താ പേരത്ര പരിചയമില്ലേ? സംഗതി സിമ്പിളാണ്, പരമ്പരാഗത കേശവൻമാമൻ സങ്കല്പത്തെ കാറ്റിൽപ്പറത്തി ഡ്രിപ്പ് ആറ്റിറ്റ്യൂഡും സ്ലോമോഷൻ സ്വാഗുമായി ജെൻ സീ ലോകം കീഴടക്കിയ ആന്റിയും അങ്കിളുമാണ് കോപ്പർ വിയും അംബാഡിയും.
ആരാധകരുടെ പ്രിയനടൻ ചെമ്പൻ വിനോദാണ് കോപ്പർ വി എന്നറിയപ്പെടുന്ന കക്ഷി. അദ്ദേഹത്തിന് സോഷ്യൽ മീഡിയ നൽകിയ നിക്ക് നെയിം! ചെമ്പ് എന്ന വാക്കിന് ഇംഗ്ലീഷിൽ പറയുന്ന കോപ്പറും വിനോദിന്റെ വിയും ചേർത്താണ് 'കോപ്പർ വി' എന്ന പേര്
ഉണ്ടാക്കിയിരിക്കുന്നത്. അമ്മ വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടി അംബികാ മോഹൻ ആണ് ജെൻ സീയുടെ പ്രിയങ്കരിയായ 'അംബാഡി'.. അംബിക എന്ന പേരിനൊപ്പം കോൺഫിഡന്റ്, സ്റ്റൈലിഷ് എന്നൊക്കെ അർഥം വരുന്ന ബാഡീ എന്ന വാക്കുകൂടി ചേർത്താണ് അംബാഡീ എന്ന പേര് ഉണ്ടാക്കിയിരിക്കുന്നത്. സ്ട്രീറ്റ്വെയർ കോസ്റ്റ്യൂമുകളും, സ്ലോ-മോഷൻ വാക്കുകളും, ആറ്റിറ്റിയൂഡ് ലുക്കുകളുമായി റാപ്പ് സോങ്ങുകളുടെ അകമ്പടിയോടെ സോഷ്യൽ മീഡിയ ഭരിക്കുകയാണ് ഇരുവരും. രണ്ടുപേരുടെയും മ്യൂസിക് ടേസ്റ്റാണ് സോഷ്യൽ മീഡിയ ട്രോളന്മാർ ഇങ്ങനെയൊരു മേക്കോവർ ഇവർക്ക് നൽകാൻ കാരണം.
സാരിയണിഞ്ഞുള്ള പരമ്പരാഗത ലുക്കിനൊപ്പം എമിനെമിന്റെയും മറ്റ് അമേരിക്കൻ റാപ്പർമാരുടെയും തകർപ്പൻ റാപ്പ് ഗാനങ്ങൾ പശ്ചാത്തലമാക്കിയാണ് അംബിക ഇൻസ്റ്റഗ്രാമിൽ ഫോട്ടോകൾ പോസ്റ്റുചെയ്യാറുള്ളത്. ഇത് പതിവായതോടെ ഇവർ പതിയെ ജെൻസീയുടെ പ്രിയ അംബാഡിയായി മാറുകയായിരുന്നു.
സമാനരീതിയിൽ ചെമ്പൻ വിനോദും ഇംഗ്ലീഷ് റാപ്പുകളാണ് പോസ്റ്റുകൾ ഷെയർ ചെയ്യുമ്പോൾ പശ്ചാത്തലമായി ഉപയോഗിക്കാറുള്ളത്. ഇതാണ് ഇവരെ ജെൻ സീയിലേക്ക് ആകർഷിച്ചതും. ഇരുവർക്കും പതിയെ ഫാൻസ് രൂപപ്പെടുകയും ഇവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എഐ വീഡിയോ ഇറങ്ങാനും തുടങ്ങി.
സംഗതി ക്ലിക്കായതോടെ സോഷ്യൽ മീഡിയ പേജുകളിലും ട്രോൾ ഗ്രൂപ്പുകളിലും ഇരുവരുടെയും 'ഡ്രിപ്പ്' ചിത്രങ്ങളും റീലുകളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഫാൻ-മേഡ് പോളുകളും വീഡിയോകളും ഒന്നിനുപിറകേ ഒന്നായി വന്നുകൊണ്ടിരുന്നു. എല്ലാം വൈറലാവുകയും ചെയ്തു. അംബാഡിക്കും കോപ്പർ വിക്കും പുറമെ, സമാന രീതിയിലുള്ള മേക്കോവറുകളുമായി ബാബു ആന്റണിയും രാജേഷ് ഹെബ്ബാറുമെല്ലാം ഈ യൂണിവേഴ്‌സിലേക്ക് കടന്നുവന്നിട്ടുണ്ട്. ഡിജിറ്റൽ ലോകത്തെ പരമ്പരാഗത അങ്കിൾ-ആന്റി സങ്കൽപ്പങ്ങൾക്ക് വിട നൽകി, ജെൻസീ സ്‌നേഹത്തോടെ ഇരുവരെ സോഷ്യൽ മീഡിയയുടെ പുതിയ 'ഡ്രിപ്പ് കിങ് ആൻഡ് ക്വീൻ' ആയി വാഴ്ത്തുകയാണ്.