ഓടാനായില്ലെങ്കിൽ നടക്കും,നടക്കാനായില്ലെങ്കിൽ ഇഴയും; ഒടുവിൽ വേദിയിലേക്ക് തിരിച്ചെത്തി സെലിൻ ഡിയോൺ

#സ്വന്തം ലേഖിക
സെലിന്‍ ഡിയോണ്‍ പാരീസ് ഫാഷന്‍ വീക്കില്‍ | ഫോട്ടോ:ഗെറ്റി ഇമേജസ്
സെലിന്‍ ഡിയോണ്‍ പാരീസ് ഫാഷന്‍ വീക്കില്‍ | ഫോട്ടോ:ഗെറ്റി ഇമേജസ്

Every night in my dreams

I see you, I feel you,

That is how I know you go on

Far across the distance

And spaces between us

You have come to show you go on..
സെലിൻ ഡിയോൺ പാടി ലോകമേറ്റുപാടിയ ടൈറ്റാനിക്കിലെ ഈ എവർഗ്രീൻ പ്രണയഗാനത്തിലെ വരികളോട് ചേർന്നുനിൽക്കുന്ന അനുഭവമായിരുന്നു പാരീസ് ഫാഷൻ വീക്കിലെ സെലിൻ ഡിയോണിന്റെ സാന്നിധ്യം. തമ്മിലുള്ള ദൂരത്തിനും ഇടവേളകൾക്കുമപ്പുറത്ത് താനിവിടെത്തന്നെയുണ്ടെന്ന് സെലിൻ ലോകത്തെ ഓർമിപ്പിക്കുകയായിരുന്നു. കടുത്ത ശാരീരികബുദ്ധിമുട്ടുകൾക്കും അപൂർവ രോഗാവസ്ഥയ്ക്കും മുന്നിൽ താൻ അടിപതറിയില്ലെന്ന് പ്രഖ്യാപിക്കാൻ പാരീസ് വേദിയിൽ അവൾ തിരഞ്ഞെടുത്തത് 14 വർഷങ്ങൾക്ക് മുൻപ് ലോകം ഏറ്റുപാടിയ തന്റെ തന്നെ ഗാനമായ 'ഐ ആം എലൈവ്' ആണ്.

നാഡീവ്യൂഹ രോഗമായ സ്റ്റിഫ് പേഴ്‌സൺ സിൻഡ്രോം ബാധിച്ച് പൊതുവേദികളിൽനിന്ന് മാറിനിന്ന സെലിന്റെ തിരിച്ചുവരവ് സംഗീത ചരിത്രത്തിലെ, പാരീസ് ഫാഷൻ വീക്കിലെത്തന്നെ ഏറ്റവും വികാരഭരിതമായ നിമിഷങ്ങളിലൊന്നായി മാറി. സംഗീതപ്രേമികളെയും ഫാഷൻ ലോകത്തെ വമ്പന്മാരെയും ഒരുപോലെ കണ്ണീരണിയിച്ചുകൊണ്ട് വേദിയിൽ വീണ്ടും സെലിൻ മാജിക്!!! എഴുന്നേറ്റുനിന്ന് കയ്യടിച്ചുകൊണ്ട് അവർ അവൾക്ക് സ്വാഗതം പറഞ്ഞു.'എനിക്ക് എന്റെ ജീവശ്വാസം തിരിച്ചുകിട്ടിയതുപോലെ തോന്നുന്നു,' എന്നായിരുന്നു പ്രകടനത്തിനുശേഷമുള്ള സെലിന്റെ പ്രതികരണം.

2022ലാണ് സെലിന് സ്റ്റിഫ് പേഴ്‌സൺ സിൻഡ്രോം സ്ഥിരീകരിക്കുന്നത്, പത്തുലക്ഷത്തിൽ ഒരാൾക്കുമാത്രം പിടിപെടുന്ന ആ അപൂർവരോഗം അവളെ പിടിമുറുക്കുമ്പോൾ കരിയറിന്റെ ഉച്ചസ്ഥായിയിലായിരുന്നു സെലിൻ. പേശികൾ കഠിനമാവുകയും അസഹനീയമായ വേദനയും വിറയലും അനുഭവപ്പെടുകയും ചെയ്യുന്ന രോഗം അവളെ വോക്കൽകോർഡ്‌സിലെ പേശികളെയും പിടികൂടി. ഒരു ഗായികയെ സംബന്ധിച്ച് ഏറ്റവും ഭയാനകമായ സാഹചര്യം. ഇതോടെ സംഗീതപര്യടനങ്ങൾ സെലിൻ പൂർണമായും റദ്ദാക്കി. പൊതുവിടങ്ങളിൽനിന്ന് സ്വയം മാറിനിന്നു..ഉൾവലിഞ്ഞെങ്കിലും രോഗത്തിനുമുൻപിൽ മുട്ടുമടക്കാൻ അവൾ ഒരുക്കമായിരുന്നില്ല.

നടക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ ഇഴയും!

'എന്റെ ജീവിതത്തിന്റെ കണ്ടക്ടർ എന്റെ ശബ്ദമാണ്.' കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഐ ആം സെലിൻ ഡിയോൺ എന്ന ഡോക്യുമെന്ററിയിൽ സെലിൻ ശബ്ദത്തെ നിർവചിക്കുന്നത് ഇങ്ങനെയാണ്. ആ ശബ്ദമാണ് തനിക്ക് സന്തോഷം നൽകിയിരുന്നതെന്ന് അവൾ പറയുന്നുണ്ട്. സെലിൻ അനുഭവിച്ച ശാരീരികവും മാനസികവുമായ പ്രയാസങ്ങളെ ലോകത്തിന് മുന്നിൽ വെളിപ്പെടുത്തിയത് ഈ ഡോക്യുമെന്ററിയാണ്.പൊതുവേദിയെ ശബ്ദംകൊണ്ട് കീഴടക്കിയവൾ ശബ്ദമില്ലാതെ പൊതുവേദിയിൽനിന്ന് അപ്രത്യക്ഷയായി..പക്ഷേ വേദിക്കുപിന്നിൽ അവൾ പോരാടിക്കൊണ്ടിരിക്കുകയായിരുന്നു. ഓരോ ദിവസവും കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. വർഷങ്ങളോളം നീണ്ട കഠിനമായ ഫിസിയോതെറാപ്പി, വോക്കൽ ട്രെയിനിങ്, പ്രത്യേക ചികിത്സകൾ.. മണിക്കൂറുകളാണ് തന്റെ വോക്കൽ കോർഡുകളെ വീണ്ടും കരുത്തുറ്റതാക്കാൻ അവൾ ചെലവഴിച്ചത്. 'എനിക്ക് ഓടാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ നടക്കും, നടക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ ഇഴയും. എങ്കിലും ഞാൻ എന്റെ ശബ്ദം ഇല്ലാതാക്കില്ല. ഞാൻ അവസാനിപ്പിക്കില്ല, ഞാൻ ഒന്നും അവസാനിപ്പിക്കില്ല.' മാനസികമായും ശാരീരികമായും തകർന്നുപോയ ആ നാളുകളെ ഇടർച്ചയോടെയാണ് സെലിൻ ഓർത്തെടുത്തത്..ആ വാക്കുകൾ പ്രചോദനമേകിയത് ദശലക്ഷക്കണക്കിന് ആരാധകർക്കാണ്. ഒടുവിൽ അവൾ തിരിച്ചുവന്നിരിക്കുന്നു, അതേ ആരാധകർ പറയുന്നത് പോലെ 'ദ ക്വീൻ ഈസ് ബാക്ക്!!' ഇച്ഛാശക്തിയുടെമാത്രം വിജയം.

പൊതുവേദിയിൽനിന്ന് സെലിൻ വിട്ടുനിൽക്കുന്നതിന് 17 വർഷം മുമ്പുതന്നെ രോഗലക്ഷണങ്ങൾ ശരീരം പ്രകടിപ്പിച്ചിരുന്നു. 2008ൽ നടന്ന ഒരു സംഗീത പര്യടനത്തിനിടയിലാണ് രോഗബാധമൂലം സെലിൻ കഷ്ടപ്പെടുന്നത്. കോച്ചലുകൾ അനുഭവപ്പെട്ടു, പേശികളെ നിയന്ത്രിക്കാനാവാതെ അസഹനീയമായ വേദനയാൽ അവർ തളർന്നു. പ്രത്യേകിച്ച് വോക്കൽകോർഡുകളെ. പക്ഷേ പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ് രോഗം സ്ഥിരീകരിക്കുന്നത്. തുടർന്ന് ചികിത്സ ആരംഭിച്ചു. പതിയെ നടക്കാൻ പോലും സാധിക്കാതെ സെലിൻ തളർന്നു. അതോടെയാണ് സംഗീതപരിപാടികളിൽനിന്ന് വിട്ടുനിൽക്കാൻ അവൾ തീരുമാനിക്കുന്നത്. അതൊരിക്കലും എളുപ്പമുള്ള തീരുമാനമായിരുന്നില്ല. സംഗീതത്തെ അക്കാലത്ത് ഒരുപാട് മിസ് ചെയ്തിരുന്നതായി നിറകണ്ണുകളോടെ സെലിൻ ഓർക്കുന്നുണ്ട്. മക്കളായ റെനെ ചാൾസ്, ഇരട്ടക്കുട്ടികളായ എഡ്ഡി, നെൽസൺ എന്നിവരാണ് ഏത് പ്രതിസന്ധിയിലും മുന്നോട്ട് നടക്കാൻ അവർക്കന്ന് കരുത്തുപകർന്നത്.

സെലിൻ എന്ന ഗായികയിലേക്കുള്ള വളർച്ച

1968 മാർച്ച് 30-ന് കാനഡയിലെ ക്യുബെക്കിലുള്ള ചാർലെമാഗ്‌നെയെന്ന കൊച്ചുഗ്രാമത്തിലാണ് സെലിൻ ഡിയോണിന്റെ ജനനം. 14 മക്കളുള്ള ഒരു സാധാരണ സംഗീതകുടുംബത്തിലെ ഏറ്റവും ഇളയ കുട്ടിയായിരുന്നു സെലിൻ. അഞ്ചാം വയസ്സിൽ മാതാപിതാക്കളുടെ റസ്റ്റോറന്റിൽ പാടിത്തുടങ്ങിയ ആ കൊച്ചുപെൺകുട്ടിയുടെ ശബ്ദമാധുര്യം വളരെ പെട്ടെന്നാണ് ലോക ശ്രദ്ധനേടിയത്. പന്ത്രണ്ടാം വയസ്സിൽ അമ്മയ്ക്കും സഹോദരനുമൊപ്പം ചേർന്ന് എഴുതി റെക്കോർഡ് ചെയ്ത ഗാനം, റെനെ ആഞ്ചലിലിന്റെ കൈകളിൽ എത്തിയതോടെയാണ് സെലിന്റെ ജീവിതം മാറിമറിഞ്ഞത്. സെലിനിലെ അപൂർവ പ്രതിഭയെ തിരിച്ചറിഞ്ഞ റെനെ, അവളുടെ കന്നി ആൽബം നിർമിക്കാനായി സ്വന്തം വീടുവരെ പണയം വെച്ചു. ആ വിശ്വാസം വൃഥാവിലായില്ല.1980-കളിൽ ഫ്രഞ്ച് ഭാഷാ ഗാനങ്ങളിലൂടെ കാനഡയിലും യൂറോപ്പിലും തരംഗമായി മാറിയ സെലിൻ, 1988-ലെ യൂറോവിഷൻ ഗാനമത്സരത്തിൽ സ്വിറ്റ്‌സർലൻഡിനെ പ്രതിനിധീകരിച്ച് ഒന്നാം സ്ഥാനം നേടിയതോടെ ലോകവേദിയിലേക്ക് ചുവടുവെച്ചു. തുടർന്ന് ഇംഗ്ലീഷ് ഭാഷ പഠിച്ച്, 1990-ൽ പുറത്തിറക്കിയ യൂണിസൺ എന്ന ആൽബത്തിലൂടെ ആഗോള സംഗീത ലോകത്തെ കാൽക്കീഴിലാക്കി. റെനെ തന്നെ പിന്നീട് സെലിന്റെ ജീവിതപങ്കാളിയായി. അവരുടെ പ്രണയവും വിവാഹവും സംഗീതലോകത്തെ അതിമനോഹരമായ ഏടുകളായിരുന്നു. 2016ൽ കാൻസർ ബാധിതനായി റെനെ ലോകത്തോട് വിടപറഞ്ഞു.

സെലിൻ ഇനി വേദിയിലേക്കെത്തില്ലെന്ന് വിധി എഴുതിയവർക്ക് മുന്നിൽ 2024-ൽ പാരീസ് ഒളിമ്പിക്‌സിന്റെ ഉദ്ഘാടന വേദിയിലൂടെ സെലിൻ മാസ്മരിക തിരിച്ചുവരവ് നടത്തി. ഈഫൽ ഗോപുരത്തിന് മുകളിൽ നിന്ന് എഡിത്ത് പിയാഫിന്റെ പ്രശസ്തമായ ഫ്രഞ്ച് ഗാനം പാടിയപ്പോൾ ലോകം അത്ഭുതത്തോടെയാണ് ആ പ്രതിഭയെ നോക്കിനിന്നത്. ഇപ്പോഴിതാ പാരീസ് ഫാഷൻവീക്കിലും തന്റെ സാന്നിധ്യമറിയിച്ചിരിക്കുകയാണ് സെലിൻ. 'എന്റെ കാലുകൾ തളർന്നാലും, എന്റെ ശബ്ദനാളി വിറച്ചാലും എന്റെ ഹൃദയം നിങ്ങളോടൊപ്പം പാടുന്നത് നിർത്തില്ല,' എന്ന് വേദിയിൽ വെച്ച് സെലിൻ പറഞ്ഞപ്പോൾ കാണികൾ എഴുന്നേറ്റുനിന്ന് കൈയടികളോടെയാണ് ആ വാക്കുകളെ സ്വീകരിച്ചത്.

സെപ്റ്റംബർ ലക്കത്തിലെ ഹാർപേഴ്‌സ് ബസാർ മാസികയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ, രോഗത്തോട് പോരാടുന്ന തന്റെ പുതിയ ജീവിതശൈലിയെക്കുറിച്ച് സെലിൻ മനസ്സുതുറന്നിരുന്നു.'ഈ രോഗം എന്നെ പൂർണ്ണമായി കീഴടക്കിയിട്ടില്ല. ദിവസവും അഞ്ച് മണിക്കൂറിലധികം നീളുന്ന ഫിസിയോതെറാപ്പിയും വോക്കൽ തെറാപ്പിയുമാണ് ഞാൻ ചെയ്യുന്നത്. മുൻപത്തെപ്പോലെ ഉയർന്ന പിച്ചിൽ മണിക്കൂറുകളോളം പാടാൻ എനിക്ക് സാധിച്ചേക്കില്ല. എന്നാൽ എന്റെ നിലവിലെ ശരീര അവസ്ഥയെ അംഗീകരിച്ചുകൊണ്ട് തന്നെ പുതിയ രീതിയിൽ പാടാൻ ഞാൻ പരിശീലിക്കുകയാണ്,' എന്നാണ് സെലിൻ പറഞ്ഞത്. മുമ്പ് താൻ പാടിയ ജനപ്രിയ ഗാനങ്ങൾ പുനഃക്രമീകരിച്ച്, തന്റെ വോക്കൽ റേഞ്ചിന് അനുയോജ്യമായ രീതിയിൽ മാറ്റിയെഴുതിയാണ് ഇപ്പോൾ സ്റ്റേജ് ഷോകൾ പ്ലാൻ ചെയ്യുന്നത്.

സംഗീതം സെലിന് വെറും ശബ്ദതരംഗങ്ങൾ മാത്രമായിരുന്നില്ല, അതവളുടെ ജീവനും ആത്മാവുമാണ്. അതെന്നും അങ്ങനെത്തന്നെയായിരിക്കുമെന്ന് അവൾ വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ആത്മവിശ്വാസവും കഠിനാധ്വാനവും ഉണ്ടെങ്കിൽ ഏത് വലിയ പ്രതിസന്ധിയെയും മറികടക്കാമെന്നതിന്റെ ജീവിക്കുന്ന ഉദാഹരണമായി മാറിയിരിക്കുകയാണ് സെലിൻ ഡിയോൺ. പാരീസിലെ വേദികളിൽ ഉയർന്നുകേട്ട ആ ശബ്ദം, സംഗീത പ്രേമികളുടെ ഹൃദയങ്ങളിൽ ഇനിയും കാലങ്ങളോളം മുഴങ്ങിക്കേൾക്കും; 'മൈ ഹാർട്ട് വിൽ ഗോ ഓൺ' എന്ന ഗാനത്തിലെ വരികൾ പോലെ സെലിന്റെ സംഗീത യാത്രയും തുടരും..

Content Highlights: Celine Dion's return to Paris fashion week was a poignant moment, reminding the world of her resilience despite battling a rare neurological disorder.