11 കുട്ടികൾ വേണമെന്നായിരുന്നു ആഗ്രഹം; ഇപ്പോൾ കുട്ടികളേ വേണ്ടെന്നായി- അനുപമ പരമേശ്വരൻ

#ലൈഫ്സ്റ്റൈൽ ഡെസ്ക്
അനുപമ പരമേശ്വരൻ | ഫോട്ടോ: www.instagram.com/anupamaparameswaran96/
അനുപമ പരമേശ്വരൻ | ഫോട്ടോ: www.instagram.com/anupamaparameswaran96/

പ്രണയിതാവിൽ നിന്ന് നേരിടേണ്ടി വന്ന നാർസിസ്റ്റിക് അബ്യൂസിനെക്കുറിച്ചുള്ള നടി അനുപമ പരമേശ്വരന്റെ തുറന്നുപറച്ചിൽ ഞെട്ടലോടെയാണ് സോഷ്യൽ മീഡിയ ഉൾക്കൊണ്ടത്. കടുത്ത മാനസിക പീഡനങ്ങളും അവഹേളനങ്ങളും കുട്ടികൾ പോലും വേണ്ടെന്ന തീരുമാനത്തിലാണ് തന്നെ എത്തിച്ചതെന്ന് അവർ ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിൽ തുറന്നുപറയുന്നുണ്ട്. ഒരു സ്ത്രീയായതിലും ആർത്തവമുണ്ടാകുന്നതിലും വരെ തനിക്ക് ലജ്ജ തോന്നുന്ന തരത്തിലായിരുന്നു മുൻ പ്രണയിതാവ് പെരുമാറിയിരുന്നതെന്ന് അവർ പറയുന്നു.

അനുപമ പരമേശ്വരൻ|instagram.com/anupamaparameswaran96/

'ഒരുകാലത്ത് 11 കുട്ടികൾ വേണമെന്ന് ആഗ്രഹിച്ച ആളായിരുന്നു ഞാൻ. എന്നാൽ ഇപ്പോൾ എനിക്ക് കുട്ടികളേ വേണ്ടെന്ന അവസ്ഥയിലെത്തിനിൽക്കുന്നു. ഒരു സ്ത്രീയായതിലും എനിക്ക് ആർത്തവമുണ്ടാകുന്നതിലും വരെ അപകർഷതാബോധം തോന്നുന്ന വിധത്തിലാണ് അയാൾ പെരുമാറിയത്.' അനുപമ പറഞ്ഞു.

പങ്കാളിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന തെറ്റുകൾ ചൂണ്ടിക്കാണിക്കുമ്പോഴെല്ലാം, അത് ആർത്തവവുമായി ബന്ധപ്പെട്ടുള്ള ഹോർമോൺ വ്യതിയാനങ്ങളുടെ ഭാഗമായുള്ള മാനസിക നിലയിലെ വ്യതിയാനങ്ങൾ മൂലമാണെന്ന് പറഞ്ഞ് കുറ്റപ്പെടുത്തുകയായിരുന്നു അയാളുടെ രീതി. 'നിനക്ക് പി.എം.എസ് ആണ്, അല്ലെങ്കിൽ ആർത്തവം വരാറായിട്ടുണ്ട്' എന്ന് പറഞ്ഞ് നിസ്സാരവൽക്കരിക്കുകയും അവഹേളിക്കുകയും ചെയ്യുമായിരുന്നു. ഇതോടെ ഒരു സ്ത്രീയായി ജീവിക്കുന്നതിൽ തന്നെ അറപ്പ് തോന്നിയതായും അനുപമ കൂട്ടിച്ചേർത്തു.

വസ്ത്രധാരണം, തൊഴിൽ തിരഞ്ഞെടുപ്പുകൾ, വ്യക്തിബന്ധങ്ങൾ എന്നിവയിലെല്ലാം അയാൾ അനാവശ്യമായി ഇടപെട്ടിരുന്നു. 'ഡ്രാഗൺ' എന്ന ചിത്രത്തിന്റെ പ്രൊമോഷനുകളിൽ പങ്കെടുക്കാൻ സാധിക്കാതെ പോയതും ഈ ബന്ധം മൂലമാണ്. 'പർദ' എന്ന സിനിമയുടെ പ്രൊമോഷനായി വേദിയിലേക്ക് പോകുന്നകിന് തൊട്ടുമുൻപ് സ്വഭാവഹത്യ നടത്തുന്ന തരത്തിലുള്ള അധിക്ഷേപങ്ങൾ നേരിട്ടു. ആ വേദിയിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുന്നതിനിടയിൽ കരഞ്ഞുപോയത് അതുകൊണ്ടാണെന്നും അനുപമ തുറന്നുപറയുന്നുണ്ട്.

പർദ പ്രൊമോഷനിടെ അനുപമ പരമേശ്വരൻ കരയുന്നു, അനുപമ പരമേശ്വരൻ | Photo: Screen grab/ YouTube: Mana Stars, Instagram/ Anupama Parameswaran

പ്രണയിതാവിന്റെ പേരുപറയാതെ അയാളുടെ മാനസികാരോഗ്യത്തെ വിമർശിച്ച അനുപമ, പ്രശസ്തമായ 'അന്യൻ' സിനിമയിലെ കഥാപാത്രത്തിന്റെ ഇരട്ട വ്യക്തിത്വത്തോടാണ് അയാളെ താരതമ്യം ചെയ്തത്. വിവാഹത്തിനായി സമ്മർദ്ദം ചെലുത്തിയിരുന്നെങ്കിലും മനസ്സ് അനുവദിക്കാത്തതിനാൽ അതിൽ നിന്ന് പിന്മാറുകയായിരുന്നുവെന്നും അവർ വ്യക്തമാക്കി. ഇത്തരം വിഷലിപ്തമായ ബന്ധങ്ങളിൽ അകപ്പെടുന്ന സ്ത്രീകൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ അനുപമയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്. തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ അനുപമയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്.

Content Highlights: Anupama Parameswaran revealed details about a toxic past relationship involving severe narcissistic abuse., She stated that the emotional abuse made her change her mind about wanting children., The abuser gaslit her by attributing her valid concerns to PMS and menstrual mood swings., She faced career interference, including during the promotions of her movies 'Dragon' and 'Parda'.