നെപ്പോ കിഡ് പരിഹാസങ്ങളും ട്രോളുകളും; 892 കോടി ബ്രാൻഡ് മൂല്യവുമായി ആലിയ രൺബീറിനെയും കടത്തിവെട്ടി

ആലിയ ഭട്ട്‌|photo:instagram.com/aliaabhatt/
ആലിയ ഭട്ട്‌|photo:instagram.com/aliaabhatt/

ന്ന് 890 കോടിയിലധികം രൂപ ബ്രാൻഡ് മൂല്യമുള്ള, ഹോളിവുഡിലും ബോളിവുഡിലും തിളങ്ങിനിൽക്കുന്ന ഇന്ത്യയിലെ ഒന്നാം നമ്പർ നായികയാണ് ആലിയ ഭട്ട്. എന്നാൽ, ഇന്നത്തെ ഈ സ്വീകാര്യതയ്ക്കും വിജയത്തിനും പിന്നിൽ കഠിനാധ്വാനത്തിന്റെയും രൂക്ഷമായ വിമർശനങ്ങളെ അതിജീവിച്ചതിന്റെയും വലിയൊരു കഥയുണ്ട്. നെപ്പോ കിഡ് പരിഹാസങ്ങളും ട്രോളുകളും അതിജീവിച്ചാണ് അവർ തന്റെ അഭിനയജീവിതം മുന്നോട്ടുകൊണ്ടുപോയത്.

സിനിമാഭിനയത്തിനൊപ്പം പരസ്യരംഗത്തും തന്റേതായ സാമ്രാജ്യം അവർ പടുത്തുയർത്തി. ഏറ്റവും പുതിയ ക്രോൾ (Kroll) സെലിബ്രിറ്റി ബ്രാൻഡ് വാല്യുവേഷൻ റിപ്പോർട്ട് പ്രകാരം, ഇന്ത്യയിലെ മുൻനിര വനിതാ സെലിബ്രിറ്റികളിൽ ഏറ്റവും ഉയർന്ന ബ്രാൻഡ് മൂല്യമുള്ള താരമായി ആലിയ ഭട്ട് മാറിയിരിക്കുകയാണ്. വലിയ ബ്രാൻഡ് മൂല്യമുള്ള ഇന്ത്യൻ താരങ്ങളുടെ മൊത്തത്തിലുള്ള പട്ടികയിൽ ഷാരൂഖ് ഖാൻ, രൺവീർ സിംഗ്, വിരാട് കോഹ്ലി തുടങ്ങിയ പ്രമുഖർക്ക് തൊട്ടുപിന്നിലായി ആറാം സ്ഥാനത്ത് ആലിയ ഭട്ട് ഇടംപിടിച്ചിട്ടുണ്ട്. ഭർത്താവ് രൺബീർ കപൂറിനെയും കടത്തിവെട്ടിയാണ് ആലിയയുടെ മുന്നേറ്റം. 761 കോടി രൂപ ബ്രാൻഡ് മൂല്യവുമായി പത്താം സ്ഥാനത്താണ് രൺബീർ.

ഹോളിവുഡ് അരങ്ങേറ്റവും മികച്ച സിനിമകളുടെ തിരഞ്ഞെടുപ്പും ആലിയയുടെ ബ്രാൻഡ് മൂല്യം ഇത്രയധികം ഉയരാൻ കാരണമായി. അന്താരാഷ്ട്ര ലക്ഷ്വറി ബ്രാൻഡായ ഗുച്ചിയുടെ ആദ്യ ഇന്ത്യൻ ഗ്ലോബൽ ബ്രാൻഡ് അംബാസഡർ കൂടിയാണ് ആലിയ. കൂടാതെ വസ്ത്രങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, ഇലക്ട്രോണിക്‌സ് തുടങ്ങി നിരവധി മുൻനിര ബ്രാൻഡുകളുടെ മുഖമായി താരം പ്രവർത്തിക്കുന്നുണ്ട്.സ്വന്തമായി തുടക്കം കുറിച്ച 'എഡ്-എ-മമ്മ' എന്ന കുട്ടികളുടെ വസ്ത്ര ബ്രാൻഡിന്റെ വിജയവും ഒരു ബിസിനസ്സുകാരി എന്ന നിലയിൽ ആലിയയുടെ ജനപ്രീതിയും മൂല്യവും കൂട്ടി.

ഓഡിഷനിൽ പുറത്താക്കപ്പെട്ടു

സംവിധായകൻ മഹേഷ് ഭട്ടിന്റെയും നടി സോണി രസ്ദാന്റെയും മകളായി ജനിച്ചതിനാൽ ആലിയക്ക് ചലച്ചിത്ര ലോകത്തേക്ക് പ്രവേശനം എളുപ്പമായിരുന്നു എന്നത് സത്യമാണ്. എന്നാൽ കരിയറിന്റെ തുടക്കത്തിൽ നിരസിക്കപ്പെടലുകൾ ആലിയയും നേരിട്ടിരുന്നു. ഒൻപതാം വയസിൽ വയസ്സിൽ സഞ്ജയ് ലീലാ ബൻസാലിയുടെ 'ബ്ലാക്ക്' എന്ന ചിത്രത്തിൽ അഭിനയിക്കാൻ എത്തിയ ആലിയയെ ഓഡിഷനിൽ മോശം പ്രകടനമായതിനാൽ ഒഴിവാക്കിയിരുന്നു.

2012-ൽ കരൺ ജോഹറിന്റെ 'സ്റ്റുഡന്റ് ഓഫ് ദി ഇയർ' എന്ന ചിത്രത്തിലേക്ക് 500-ഓളം പെൺകുട്ടികളോടൊപ്പം ഓഡിഷൻ നൽകിയാണ് ആലിയ തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ സിനിമയിൽ അഭിനയിക്കണമെങ്കിൽ 16 കിലോ തൂക്കം കുറയ്ക്കണം എന്ന കർശന നിബന്ധനയാണ് കരൺ ജോഹർ മുന്നോട്ടുവെച്ചത്. മൂന്ന് മാസത്തെ കഠിനമായ പ്രയത്‌നത്തിലൂടെയാണ് ആലിയ അത് നേടിയെടുത്തത്.

ട്രോളുകൾ

സ്റ്റുഡന്റ് ഓഫ് ദി ഇയർ വലിയ വിജയമായെങ്കിലും, ആലിയയുടെ പ്രകടനത്തിന് രൂക്ഷമായ വിമർശനങ്ങളാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. പല അന്താരാഷ്ട്ര-ദേശീയ മാധ്യമങ്ങളും താരത്തെ 'വാഷ് ഔട്ട്' എന്നും, എക്‌സ്പ്രഷനുകൾ ഇല്ലാത്ത, ഡാൻസ് ചെയ്യാൻ അറിയാത്ത നടി എന്നും അവരെ പരിഹസിച്ചു.കൂടാതെ, ഒരു ചാറ്റ് ഷോയിൽ അന്നത്തെ ഇന്ത്യൻ പ്രസിഡന്റ് ആരാണെന്ന ചോദ്യത്തിന് തെറ്റായ ഉത്തരം നൽകിയതോടെ സോഷ്യൽ മീഡിയയിൽ ആലിയ വലിയ രീതിയിൽ ബോഡി ഷെയ്മിംഗിനും ട്രോളുകൾക്കും ഇരയായി. 'ബുദ്ധിയില്ലാത്ത നടി' എന്ന ലേബൽ വരെ അവരെ ചാർത്തിയവരുണ്ട്. ബോളിവുഡിലെ ചേരിതിരിവുകളെക്കുറിച്ചും 'സ്വജനപക്ഷപാതത്തെക്കുറിച്ചും ചർച്ചകൾ ഉയർന്നപ്പോഴൊക്കെ അതിന്റെ പ്രധാന ഇരയായി മാറിയത് ആലിയ ഭട്ടായിരുന്നു. 'പ്രിവില്ലേജ് കൊണ്ട് മാത്രം അവസരങ്ങൾ നേടിയവൾ' എന്ന തരത്തിലുള്ള ആരോപണങ്ങൾ അവർക്ക് നേരിടേണ്ടി വന്നു.

'എനിക്ക് സിനിമാ പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്ന് വലിയ പ്രിവിലേജുകൾ ലഭിച്ചിട്ടുണ്ട് എന്നത് ഞാൻ സമ്മതിക്കുന്നു. എന്നാൽ അത്തരം പ്രിവിലേജുകൾ കൊണ്ട് ഒരു വാതിൽ തുറക്കാൻ സാധിച്ചേക്കാം, പക്ഷേ ഇൻഡസ്ട്രിയിൽ നിലനിൽക്കണമെങ്കിൽ കഠിനാധ്വാനം ചെയ്‌തേ മതിയാകൂയെന്നാണ് ആലിയ ഭട്ട് പ്രതികരിച്ചത്. തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് വാദപ്രതിവാദങ്ങൾ കൊണ്ടല്ല, മറിച്ച് അഭിനയ മികവ് കൊണ്ടാണ് ആലിയ മറുപടി നൽകിയത്.

മികച്ച നടി

'ഗ്ലാമർ നടി' എന്ന ലേബൽ മാറ്റിവെച്ച് ഇംതിയാസ് അലിയുടെ ഹൈവേ എന്ന ചിത്രത്തിലൂടെ മികച്ച അഭിനയപാടവമാണ് അവർ കാഴ്ച വെച്ചത്. ഉഡ്താ പഞ്ചാബ്, രാസി എന്നീ ചിത്രങ്ങളിലൂടെ മയക്കുമരുന്നിന് അടിമയായ ബിഹാറി പെൺകുട്ടിയായും ഇന്ത്യൻ ചാരവനിതയായും അഭിനയിച്ച് ഫിലിംഫെയർ അവാർഡുകൾ വാരിക്കൂട്ടി. ഗംഗുഭായ് കത്തിയാവാഡി എന്ന സഞ്ജയ് ലീലാ ബൻസാലിയുടെ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി തകർപ്പൻ പ്രകടനം പുറത്തെടുത്ത് ദേശീയ ചലച്ചിത്ര പുരസ്‌കാരവും ആലിയ സ്വന്തമാക്കി.'ഇവർക്ക് സിനിമയിൽ ഭാവിയില്ല' എന്ന് എഴുതിത്തള്ളിയ നിരൂപകർക്ക് മുന്നിലാണ് ആലിയ ഭട്ട് ഇന്ന് ഇന്ത്യയിലെ ഏറ്റവും ഉയർന്ന ബ്രാൻഡ് മൂല്യമുള്ള താരമായി നിലയുറപ്പിച്ചിരിക്കുന്നത്.

Content Highlights: Alia Bhatt achieved an 892 crore brand value, surpassing Ranbir Kapoor., Ranked 6th among Indian celebrities in the Kroll valuation report., Overcame 'nepo-kid' criticism and early career rejections through hard work., Global ambassador for Gucci and founder of the 'Ed-a-Mamma' brand., Transitioned from a 'glamour' tag to a critically acclaimed national award-winning actress.