'എന്റെ ബാഗ് മകള്‍ റാഹയുടെ ബാഗ് പോലെയായി, രണ്‍ബീര്‍ സമ്മാനിച്ച ബ്രേസ്‌ലെറ്റ് എപ്പോഴും കൂടെയുണ്ടാകും'

ആലിയ ഭട്ട്/  ആലിയ ഭട്ട് രണ്‍ബീര്‍ കപൂറിനൊപ്പം | Photo: instagram/ vogue india/ alia bhatt
ആലിയ ഭട്ട്/ ആലിയ ഭട്ട് രണ്‍ബീര്‍ കപൂറിനൊപ്പം | Photo: instagram/ vogue india/ alia bhatt

മ്മയായ ശേഷവും ബോളിവുഡില്‍ സജീവമായ നടിയാണ് ആലിയ ഭട്ട്. കുഞ്ഞിന് ജന്മം നല്‍കി ദിവസങ്ങള്‍ക്കുള്ളില്‍ ആലിയ  ജിം ക്ലാസിലും യോഗ ക്ലാസിലും തിരിച്ചെത്തിയിരുന്നു. വളരെ വേഗത്തില്‍ ഫിറ്റ്‌നെസ് തിരിച്ചുപിടിക്കാനും താരത്തിന് കഴിഞ്ഞു. രണ്‍വീര്‍ സിങ്ങിനൊപ്പം അഭിനയിച്ച 'റോക്കി ഓര്‍ റാണി കി പ്രേം കഹാനി' എന്ന ചിത്രത്തിലെ ഗാനരംഗത്തില്‍ ആലില വയറുമായാണ് ആലിയ പ്രത്യക്ഷപ്പെട്ടത്‌. ആലിയയുടെ പ്രസവം കഴിഞ്ഞ് നാല് മാസത്തിന് ശേഷം ചിത്രീകരിച്ച പാട്ട് രംഗമായിരുന്നു ഇത്. ഇത്രയും വേഗത്തില്‍ ഫിറ്റ്‌നെസ് വീണ്ടെടുത്ത ആലിയയെ കണ്ട് ആരാധകര്‍ അമ്പരക്കുകയും ചെയ്തു.

ഇപ്പോഴിതാ മകള്‍ റാഹയ്‌ക്കൊപ്പമുള്ള ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ്‌ ആലിയ. കഴിഞ്ഞ നവംബര്‍ ആറിനാണ് ആലിയ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇപ്പോള്‍ റാഹയ്ക്ക് എട്ടു മാസം കഴിഞ്ഞു. മുംബൈയില്‍ നിന്ന് ലണ്ടനിലേക്കുള്ള യാത്രയില്‍ തന്റെ ബാഗില്‍ നിറയെ റാഹയുടെ സാധനങ്ങളാണ് ഉണ്ടാകാറുള്ളതെന്നും റാഹയുടെ ബാഗ് പോലെയായി ഇപ്പോള്‍ തന്റെ ബാഗെന്നും ആലിയ പറയുന്നു. വോഗ് ഇന്ത്യയുടെ 'ഇന്‍ ദ ബാഗ് വിത്ത് ആലിയ ഭട്ട്' എന്ന യുട്യൂബ് വീഡിയോയിലാണ് ആലിയ മനസ് തുറക്കുന്നത്.

ഭര്‍ത്താവും ബോളിവുഡ് നടനുമായ രണ്‍ബീര്‍ കപൂര്‍ സമ്മാനിച്ച സ്വര്‍ണ ബ്രേസ്‌ലെറ്റും ആലിയ എപ്പോഴും ബാഗില്‍ കൊണ്ടുനടക്കാറുണ്ട്. ഒരു പിറന്നാളിന് രണ്‍ബീര്‍ തന്ന സമ്മാനമാണെന്നും അത് തന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണെന്നും ആലിയ പറയുന്നു. ഈ ബ്രേസ്‌ലെറ്റ് കൈയില്‍ ധരിച്ചാല്‍തന്നെ ഷൂട്ടിങ് സമയങ്ങളില്‍ ഊരിവെയ്‌ക്കേണ്ടി വരും. അതിനാലാണ് ബാഗില്‍ കൊണ്ടുനടക്കുന്നത്. ആലിയ കൂട്ടിച്ചേര്‍ക്കുന്നു.

അടുക്കും ചിട്ടയും ഇല്ലാത്ത വ്യക്തിയാണ് താനെന്നും അതിനാല്‍ ബാഗില്‍ പല സാധനങ്ങളും വാരി വലിച്ചിടാറാണുള്ളതെന്നും ആലിയ പറയുന്നു. തന്റെ ബാഗ് തുറന്നാല്‍ താന്‍ എത്രത്തോളം അടുക്കും ചിട്ടയും ഇല്ലാത്തയാളാണെന്ന് മനസിലാകും. ഒരു സാധനവും ഞാന്‍ കൃത്യസ്ഥലത്ത് വെയ്ക്കില്ല. പലപ്പോഴും പലത് മിസ് ആകും. യാത്രക്കിടെ വിമാനത്തില്‍ പലപ്പോഴും സണ്‍ഗ്ലാസ് മറന്നുവെയ്ക്കും. വിമാനം ഇറങ്ങിയ ശേഷമാകും അതോര്‍ക്കുക. പുറത്തുകടക്കുന്നതിന്‌ മുമ്പ് അതെടുക്കാനായി വീണ്ടും ഓടും. അത് കണ്ട് ആളുകളെല്ലാം തന്നെ തുറിച്ചുനോക്കുമെന്നും പാസ്‌പോര്‍ട്ട് മറന്നുവെച്ചോ എന്ന് ചോദിക്കുമെന്നും ആലിയ വീഡിയോയില്‍ പറയുന്നു.

ബാഗില്‍ ഇപ്പോള്‍ കൂടുതലും റാഹയുടെ സാധനങ്ങളാണ് ഉണ്ടാകാറുള്ളത്. അവളുമായി പാര്‍ക്കിലെല്ലാം വരുമ്പോള്‍ ആവശ്യം വരുന്ന സാധനങ്ങളാണ് ബാഗ് നിറയേയുള്ളത്.നാപ്കിനുകളും കളിപ്പാട്ടങ്ങളും ചെറിയ കൈയുറകളും സോക്‌സുകളും പസിഫയറുകളും ബാഗിലുണ്ടാകും. കൈയുറകള്‍ എപ്പോഴും രണ്ട് ജോഡി വെയ്ക്കും. റാഹ വായില്‍ എപ്പോഴും കൈയിടുന്നതിനാല്‍ അത് ഇടയ്ക്ക് മാറ്റേണ്ടിവരും. അതിനാല്‍ ഒന്നില്‍ കൂടുതല്‍ എണ്ണം എപ്പോഴും വേണം. ആലിയ കൂട്ടിച്ചേര്‍ക്കുന്നു.

മോയ്‌സ്ച്ചുറൈസറും സണ്‍സ്‌ക്രീനും താന്‍ എപ്പോഴും കൈയില്‍ കരുതാറുണ്ടെന്നും താരം പറയുന്നു. മേക്കപ്പ് ചെയ്യുന്നതിന് മുമ്പാണ് അത് രണ്ടും ഉപയോഗിക്കുക. ഇതിനൊപ്പം അഞ്ചോളം ഹെയര്‍ ടൈയും ഒരു കൂട്ടം ലിപ് ബാമും ആലിയ ബാഗില്‍ നിന്ന് പുറത്തെടുക്കുന്നുണ്ട്. ഇതിനൊപ്പം ഒരു ഐ മാസ്‌ക്കും ലിപ്സ്റ്റിക്കും ഐ ഡ്രോപ്‌സും കാണാം. കൂടുതല്‍ വെളിച്ചത്തിന് മുന്നില്‍ നിന്ന് ജോലി ചെയ്യുന്നതിനാല്‍ തന്റെ കണ്ണ് എപ്പോഴും വരണ്ടുപോകുമെന്നും ചിലപ്പോള്‍ വെള്ളമൊലിക്കുമെന്നും അതിനാലാണ് ഐ ഡ്രോപ്‌സ് ഉപയോഗിക്കുന്നതെന്നും ആലിയ പറയുന്നു. ചുണ്ടിന് ഇളം നിറങ്ങള്‍ വേണമെന്ന് തോന്നുമ്പോള്‍ ലിപ്സ്റ്റിക്ക് ഉപയോഗിക്കും. അതല്ലെങ്കില്‍ ലിപ് ബാം ആണ് എപ്പോഴും ഉപയോഗിക്കുക. യാത്രക്കിടയില്‍ ഐ മാസ്‌ക് നിര്‍ബന്ധമാണ്. ഹോട്ടല്‍ റൂമില്‍ ലൈറ്റെല്ലാം ഓഫ് ചെയ്ത് കിടക്കാന്‍ പോകുമ്പോഴാണ് കര്‍ട്ടന്‍ നീക്കി ഇടാത്തത് കാണുക. ബെഡില്‍ നിന്ന് എണീറ്റുപോയി കര്‍ട്ടന്‍ നീക്കാന്‍ മടിയാണ്. അപ്പോഴാണ് ഐ മാസ്‌ക് പ്രയോജനപ്പെടുക. ആ സമയത്ത് തൊട്ടടുത്തുള്ള ബാഗിലെ ഐ മാസ്‌ക്ക് കണ്ണിന് മുകളിലിട്ട് ഉറങ്ങുമെന്നും ആലിയ പറയുന്നു. 

കിന്റ്ല്‍ ടാബ്‌ലറ്റും യാത്രക്കിടയില്‍ ആലിയ കൈയില്‍ കരുതാറുണ്ട്. ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് ധാരാളം വായിക്കാറുണ്ടായിരുന്നു. അധികവും ഗര്‍ഭസംബന്ധമായ പുസ്തകങ്ങളായിരുന്നു. അത് തനിക്ക് കൂടുതല്‍ ആവേശവും ഊര്‍ജ്ജവും നല്‍കിയെന്നും ആലിയ കൂട്ടിച്ചേര്‍ക്കുന്നു. 


 

Content Highlights: actress alia bhatt reveals her bag consists of daughter rahas stuff