'വധു കൂലിപ്പണി കഴിഞ്ഞെത്തിയതോടെ വിവാഹം, രാത്രി 8.30ന് ഞങ്ങള്‍ പരസ്പരം രക്തഹാരം അണിയിച്ചു'

#എം.ബി ബാബു
കെ വേണുവും മണിയും | Photo: Mathrubhumi
കെ വേണുവും മണിയും | Photo: Mathrubhumi

''അതിവിപ്ലവത്തില്‍നിന്ന് വിപ്ലവത്തിലേക്കും പിന്നീട് സാംസ്‌കാരിക-പൊതുരംഗത്തേക്കും പാര്‍ട്ടി വഴിമാറിയ കാലം. അക്കാലത്തായിരുന്നു മണിയും ഞാനും തമ്മിലുള്ള വിവാഹം''- ചിന്തകനും മുന്‍ നക്‌സലൈറ്റ് നേതാവുമായ  കെ. വേണു, തൃശ്ശൂര്‍ നഗരത്തില്‍ അമ്പാടിക്കുളത്തെ വീട്ടിലിരുന്ന്, ഭാര്യ മണിയെക്കുറിച്ചുള്ള ഓര്‍മകളിലൂടെ യാത്രചെയ്യുകയാണ്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് 75-കാരിയായ മണി മരിച്ചത്.

സഖാക്കള്‍ വിവാഹത്തെക്കുറിച്ച് ചിന്തിക്കാന്‍േപാലും പാടില്ലെന്ന പാര്‍ട്ടിയുടെ നയം അടിയന്തരാവസ്ഥയോടെ മാറി. കൂട്ടുകാരായ സഖാക്കളില്‍ ബഹുഭൂരിപക്ഷവും വിവാഹത്തെക്കുറിച്ച് ചിന്തിച്ചു. 35-കാരനായ കെ. വേണുവും അതേക്കുറിച്ച് ആലോചിച്ചു. വേണു വിവാഹത്തെക്കുറിച്ച് മൂന്ന് നിബന്ധനകള്‍ മുന്നോട്ടുെവച്ചു-വധുവിന്റെ പ്രായം എന്റേതിനെക്കാള്‍ പരമാവധി അഞ്ചു വയസ്സു മാത്രമേ കുറയാന്‍ പാടുള്ളൂ. പിന്നാക്ക വിഭാഗത്തില്‍പ്പെട്ടയാളായിരിക്കണം എന്നതായിരുന്നു രണ്ടാമത്തെ നിബന്ധന. വധു കൂലിത്തൊഴിലാളി ആയിരിക്കണമെന്നത് മൂന്നാമത്തെ ആവശ്യം.

ഒരു കേസില്‍ മുഖ്യപ്രതിയായ കെ. വേണു ഒളിവില്‍പ്പോയ സമയത്താണ് അന്തിക്കാട്ട് കരിക്കൊടിസമരം നടക്കുന്നത്. സമരകേന്ദ്രം അന്തിക്കാട്ടുള്ള സി.പി.എമ്മിന്റെ സജീവ പ്രവര്‍ത്തകനായ ശങ്കരന്റെ വീടായിരുന്നു. ഒളിവില്‍ കഴിഞ്ഞുകൊണ്ടുതന്നെ വേണു, ശങ്കരന്റെ വീട്ടിലെത്തുമായിരുന്നു. ഒരു ദിവസം ശങ്കരന്റെ വീട്ടില്‍വെച്ച് വടക്കാഞ്ചേരിയിലെ സഖാവായ ഭരതന്‍ വേണുവിനോട് പറഞ്ഞു- ''നിനക്ക് വിവാഹം കഴിക്കാനുള്ള സ്ത്രീയെ കണ്ടെത്തിയിട്ടുണ്ട്. നാളെ വിവാഹത്തിന് തയ്യാറാകുക. കരിക്കൊടി സമരത്തില്‍ സജീവമായിരുന്നു ശങ്കരന്റെ മകള്‍ മണി.

വിവാഹവേളയില്‍ (ഫയല്‍ ചിത്രം)

ഒളിവില്‍ കഴിയുന്നതിനാല്‍ രാത്രി എട്ടിനാണ് വേണുവിന് ശങ്കരന്റെ വീട്ടിലെത്താനായത്. വധു കൂലിപ്പണി കഴിഞ്ഞാണ് എത്തിയത്. മണിയോട് അച്ഛന്‍ ശങ്കരന്‍ പറഞ്ഞു: ''നിന്റെ വിവാഹമാണിപ്പോള്‍ നടക്കാന്‍ പോകുന്നത്.'' രാത്രി 8.30-ന് രക്തഹാരവും ബൊക്കെയും കൈമാറി. 1981 മാര്‍ച്ച് എട്ടിന് വിവാഹം നടന്നപ്പോള്‍ വീട്ടില്‍ കെ.ജി. ശങ്കരപ്പിള്ളയും ബി. രാജീവനും ഉള്‍പ്പെടെ ഇരുനൂറോളം പേരുണ്ടായിരുന്നു. വിവാഹം കഴിഞ്ഞ ഉടന്‍തന്നെ മണിയെയും കൂട്ടി സംസ്ഥാനം വിട്ടു. പാര്‍ട്ടി ഓഫീസുകളിലായിരുന്നു താമസം. മണി ഗര്‍ഭിണിയായപ്പോള്‍ അന്തിക്കാട്ടിലെ വീട്ടിലെത്തിച്ച് 1984-ല്‍ ജാമ്യം കിട്ടുംവരെ ഒളിവില്‍പ്പോയി. 

പിന്നീട് അന്തിക്കാട്ടുതന്നെ കൂരകെട്ടി താമസമാക്കി. മണി കൂലിപ്പണിക്കുപോയി കുടുംബം പുലര്‍ത്തി. പിന്നീട് വീടുവിറ്റ് തൃശ്ശൂരില്‍ സ്ഥലംവാങ്ങി. പുസ്തകമെഴുതി പണമുണ്ടാക്കാമെന്ന് കരുതിയെങ്കിലും നടന്നില്ല. ഞാറു നട്ടും കൊയ്ത്തിനു പോയും പശുവിനെ വളര്‍ത്തിയും മണി വീടുനോക്കി, മക്കളെ വളര്‍ത്തി. മുഖം കറുപ്പിക്കാതെ നിന്നു. വല്ലപ്പോഴുമെത്തുന്ന ഭര്‍ത്താവ്. മണിയുടെ വരുമാനംകൊണ്ട് തൃശ്ശൂരില്‍ ചെറിയ വീടുവെച്ചു. പക്ഷേ, വൈകാതെ, മണിയെ അര്‍ബുദം ബാധിച്ചു.

12 വര്‍ഷം മുന്‍പ് പൂര്‍ണമായും ഭേദമായ അസുഖം അടുത്തിടെ തിരികെ വന്നു. മണി പറയുമായിരുന്ന ഒരു കാര്യം വേണു ഓര്‍ക്കുന്നു: ''നിങ്ങടെ ഈ ദുര്‍ഘടംപിടിച്ച ജീവിതത്തില്‍ പിടിച്ചുനില്‍ക്കാനും പിടിച്ചുനിര്‍ത്താനും എനിക്കല്ലാതെ ആര്‍ക്കാണ് കഴിയുക?'' അത് ശരിയാണെന്ന് വേണുവിന്റെ ജീവിതം സാക്ഷി.

Content Highlights: activist intellectual k venu and wife nakuleshwari love story and life