‘ഒരു ഭർത്താവ് എന്നതിനേക്കാൾ നല്ലൊരു മുൻഭർത്താവാണ് ആമിർ, റീനയോടും കിരണിനോടും ഇന്നും നല്ല സ്‌നേഹം’

ബോളിവുഡിന്റെ പ്രിയപ്പെട്ട താരമാണ് ആമിർ ഖാൻ. തന്റെ സിനിമകളിലെ കാർക്കശ്യവും കഥാപാത്രങ്ങളോടുള്ള ആത്മാർത്ഥതയും കൊണ്ട് അദ്ദേഹം എന്നും ശ്രദ്ധേയനാണ്. എന്നാൽ, അതിലുപരി തന്റെ വ്യക്തിജീവിതത്തിലും, പ്രത്യേകിച്ച് മുൻഭാര്യമാരുമായുള്ള ബന്ധത്തിലും അദ്ദേഹം പുലർത്തുന്ന സമീപനം ബോളിവുഡിൽ എപ്പോഴും ചർച്ചയാവാറുണ്ട്. 'ഒരു ഭർത്താവ് എന്നതിനേക്കാൾ നല്ലൊരു മുൻഭർത്താവാണ് ഞാൻ' എന്ന് ആമിർ തന്നെ തമാശയായി പറയാറുള്ള കാര്യത്തിലെ സത്യസന്ധത വെളിപ്പെടുത്തുകയാണ് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ അമീൻ ഹാജി.
'ലഗാൻ' എന്ന ചിത്രത്തിൽ ആമിറിനൊപ്പം അഭിനയിച്ച് ദശാബ്ദങ്ങളായുള്ള ആത്മബന്ധമുള്ള അമീൻ ഹാജിയും ഭാര്യ ഷാർലറ്റും അടുത്തിയിടെ നൽകിയ അഭിമുഖത്തിലാണ് ആമിർ ഖാന്റെ വ്യക്തിത്വത്തെക്കുറിച്ചും അദ്ദേഹത്തിന്റെ മുൻഭാര്യമാരായ റീന ദത്ത, കിരൺ റാവു എന്നിവരുമായുള്ള അപൂർവ്വമായ ബന്ധത്തെക്കുറിച്ചും മനസ്സ് തുറന്നത്. വിവാഹബന്ധം വേർപിരിഞ്ഞെങ്കിലും മുൻഭാര്യമാരുമായുള്ള ആമിറിന്റെ ബന്ധത്തിൽ ഒരു വ്യാജവുമില്ലെന്ന് അമീൻ ഹാജിയുടെ ഭാര്യ ഷാർലറ്റ് വ്യക്തമാക്കി. 'തന്റെ കുടുംബവുമായും മുൻഭാര്യമാരുമായും അദ്ദേഹം പുലർത്തുന്ന ബന്ധം തികച്ചും ആത്മാർത്ഥമാണ്. അഭിനയമോ കൃത്രിമത്വമോ അവിടെയില്ല. തികച്ചും പരിശുദ്ധമായ സ്‌നേഹം മാത്രമാണ് ആ ബന്ധങ്ങളുടെ അടിസ്ഥാനം-അവർ പറഞ്ഞു.
മുൻഭാര്യമാരുടെ വ്യക്തിത്വത്തെയും അവരുടെ സ്വാതന്ത്ര്യത്തെയും ആമിർ എന്നും ആദരിച്ചിട്ടുണ്ടെന്ന് അമീൻ ഹാജി കൂട്ടിച്ചേർത്തു. 'റീന ദത്ത ഇപ്പോഴും റീന ദത്ത തന്നെയാണ്. ആമിർ അവരുടെ സ്വാതന്ത്ര്യത്തെയും ചിന്തകളെയും എന്നും ബഹുമാനിച്ചിരുന്നതിനാൽ വിവാഹശേഷവും അവർ തന്റെ മതമോ സർനെയിമോ മാറ്റിയില്ല. തങ്ങളുടെ മക്കളായ ഇറയ്ക്കും ജുനൈദിനും പേരിട്ടത് പോലും റീന തന്നെയാണ്. ആമിർ ഖാൻ ആദ്യം റീന ദത്തയെയാണ് വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ ഇറ, ജുനൈദ് എന്നിങ്ങനെ രണ്ട് മക്കളുണ്ട്. പിന്നീട് 2005-ൽ സംവിധായിക കിരൺ റാവുവിനെ വിവാഹം കഴിച്ചു. സറോഗസിയിലൂടെ ആസാദ് എന്ന മകനും പിറന്നു. 2021-ൽ ഇരുവരും വേർപിരിഞ്ഞെങ്കിലും ഇന്നും ഊഷ്മളമായ സൗഹൃദവും സഹകരണവും അവർ നിലനിർത്തുന്നുണ്ട്.
സഹോദരതുല്യമായ സ്‌നേഹം
തന്റെ ആദ്യ സംവിധാന സംരംഭമായ 'കോയി ജാനേ നാ' എന്ന ചിത്രത്തിന്റെ നിർമ്മാണ വേളയിൽ ആമിർ തനിക്ക് നൽകിയ പിന്തുണയെക്കുറിച്ചും അമീൻ ഹാജി ഓർത്തെടുത്തു. ചിത്രത്തിലെ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഒരു പ്രമുഖ താരത്തെ അന്വേഷിക്കുകയായിരുന്ന അമീനെ സഹായിക്കാൻ ആമിർ തന്നെ മുന്നോട്ടുവരികയായിരുന്നു.
'ഒരു പ്രമുഖ താരം ചെയ്യേണ്ട വേഷത്തെക്കുറിച്ച് ഞാൻ ആമിറിനോട് ചർച്ച ചെയ്തിരുന്നു. തൊട്ടടുത്ത ദിവസം അദ്ദേഹം എന്നെ വിളിച്ച് 'അമീൻ, ആ വേഷം ഞാൻ ചെയ്താൽ നിന്റെ സിനിമയ്ക്ക് അത് സഹായകരമാകുമോ?' എന്ന് ചോദിച്ചു. പക്ഷേ, അത് ആമിറിനെപ്പോലൊരു വലിയ താരത്തിന് ചേർന്ന വേഷമല്ലെന്ന് ഞാൻ പറഞ്ഞു. എന്നാൽ അദ്ദേഹം പറഞ്ഞത്, 'നീ ഈ സിനിമയ്ക്കായി എത്രത്തോളം അധ്വാനിച്ചുവെന്ന് എനിക്കറിയാം. എന്റെ സ്വന്തം സഹോദരൻ ഫൈസൽ ആണെങ്കിൽ ഞാൻ എങ്ങനെ സഹായിക്കുമോ, അതുപോലെ നിന്നെയും സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്നു' എന്നായിരുന്നു മറുപടി. അങ്ങനെയാണ് 2021-ൽ പുറത്തിറങ്ങിയ ചിത്രത്തിലെ 'ഹർ ഫൺ മൗല' എന്ന ഗാനരംഗത്ത് എല്ലി അവ്റാമിനൊപ്പം ആമിർ ഖാൻ അതിഥിതാരമായി എത്തിയത്. ഒരു യഥാർത്ഥ സഹോദരനെപ്പോലെ മറ്റുള്ളവരെ ഉയർത്തിക്കൊണ്ടുവരാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് ആമിറെന്ന് അമീൻ പറയുന്നു.
സിനിമകളുടെ പരാജയത്തിലും സോഷ്യൽ മീഡിയയിൽ നിന്നുണ്ടാകുന്ന ക്രൂരമായ അധിക്ഷേപങ്ങളിലും തളരാത്ത പോസിറ്റീവ് മനോഭാവമാണ് ആമിറിന്റേതെന്ന് ഷാർലറ്റ് നിരീക്ഷിക്കുന്നു. 'ലാൽ സിംഗ് ഛദ്ദ' എന്ന ചിത്രത്തിന് ശേഷം വലിയ തോതിലുള്ള അധിക്ഷേപങ്ങളും വിമർശനങ്ങളുമാണ് ആമിറിന് നേരിടേണ്ടി വന്നത്. ഇന്ന് ആർക്കും ആർക്കെതിരെയും എന്തും പറയാം. എന്നാൽ എത്രയൊക്കെ നെഗറ്റീവിറ്റി നേരിടേണ്ടി വന്നാലും ആമിർ ആളുകളിലെ നല്ല വശങ്ങൾ മാത്രമാണ് കാണാൻ ശ്രമിക്കുന്നത്. ബന്ധങ്ങളിൽ വിശ്വാസവും സ്‌നേഹവും നിലനിർത്താൻ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടെന്നും ഷാർലറ്റ് പറഞ്ഞു. സ്ത്രീകളോട് ആമിർ കാണിക്കുന്ന ബഹുമാനത്തെക്കുറിച്ചും അമീൻ ഹാജി എടുത്തുപറഞ്ഞു. അറിയാവുന്നതോ അറിയാത്തതോ ആയ ഒരു സ്ത്രീയെക്കുറിച്ചും മോശമായി സംസാരിക്കുന്നത് താൻ ഇതുവരെ കേട്ടിട്ടില്ലെന്ന് അമീൻ വെളിപ്പെടുത്തി. താൻ എപ്പോഴെങ്കിലും അത്തരം പരാമർശങ്ങൾ നടത്തിയാൽ പോലും 'അമീൻ, അങ്ങനെ പറയരുത്, അത് കേൾക്കാൻ നല്ലതല്ല' എന്ന് പറഞ്ഞ് ആമിർ തിരുത്താറുണ്ടെന്ന് അദ്ദേഹം തുറന്നുപറഞ്ഞു.
Content Highlights: Aamir Khan maintains a genuine and loving relationship with his ex-wives Reena Dutta and Kiran Rao., Director Ameen Haji and his wife Charlotte praised Aamir's respectful and supportive nature., Aamir supported Ameen's directorial venture 'Koi Jaane Na' by appearing in a special song.