സാരിയും സ്‌നീക്കറുമിട്ട് ഭാരതി ഓടി ; വൈറലായി 80-കാരിയുടെ പ്രകടനം

ഭാരതി|photo:instagram.com/inforstyle/
ഭാരതി|photo:instagram.com/inforstyle/

പ്രായം കൂടുന്തോറും ആരോഗ്യത്തിനും ക്ഷയം സംഭവിക്കും. ശാരീരികവും മാനസികവുമായി കൂടുതല്‍ സഹായം ആവശ്യം വരുന്ന  സമയം കൂടിയാണിത്. കായിക ക്ഷമത കുറയുന്നത് കൊണ്ട് നടക്കുന്നതിലും ദൈനംദിന കാര്യങ്ങള്‍ ചെയ്യുന്നതിലും ബുദ്ധിമുട്ടുകള്‍ നേരിടും. പ്രായമാകുമ്പോള്‍ ഫിറ്റ്‌നെസിലുള്ള ശ്രദ്ധയും പൊതുവേ കുറയും.

എന്നാല്‍ ചിലരാകട്ടെ പ്രായമൊക്ക വെറും നമ്പര്‍ മാത്രമാണെന്ന് ജീവിതം കൊണ്ട് തെളിയിക്കും. പ്രായത്തിന്റെ അവശതകളെ അവര്‍ മനോധൈര്യം കൊണ്ടാണ് അതിജീവിയ്ക്കുന്നത്. അത്തരത്തിലാണ് ഭാരതിയെന്ന എണ്‍പതുകാരിയും സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയത്.

മുംബൈയില്‍ വച്ചുനടന്ന ഒരു മാരത്തണില്‍ മിന്നുന്ന പ്രകടനം നടത്തിയതാണ് ഭാരതിയെ സോഷ്യല്‍ മീഡിയയിലെ താരമാക്കി മാറ്റിയത്. അവരുടെ പേരക്കുട്ടിയായ ഡിമ്പിളാണ് തന്റെ മുത്തശിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്.

18-ാമത് ഐക്കോണിക് ടാറ്റ മുംബൈ മാരത്തണിലാണ് ഭാരതി പങ്കെടുത്തത്. യുവാക്കളോടൊപ്പം കുട്ടികളും ഭിന്നശേഷിക്കാരും വിവിധ പ്രായത്തിലുള്ളവരുമെല്ലാം ഇതില്‍ പങ്കാളികളായി. വ്യത്യസ്തമായ സാമൂഹികലക്ഷ്യങ്ങളുമായി സംഘടിപ്പിച്ചതാണ് ഈ മാരത്തണ്‍.

സാരിയും സ്‌നീക്കറും അണിഞ്ഞാണ് ഭാരതി മാരത്തണില്‍ പങ്കെടുത്തത്. അങ്ങനെയാണ് ഭാരതി മാരത്തണിലെ താരമായത്. പ്രായത്തിന്റെ ആകുലതകളെ ഒട്ടും വകവെയ്ക്കാതെയാണ് ഊര്‍ജസ്വലയായി ഭാരതിയോടുന്നതെന്ന് വീഡിയോയില്‍ കാണാം.

51 മിനിറ്റില്‍ 4.2 കിലോമീറ്ററാണ് ഭാരതി ഓടിയെത്തിയത്. ഈ പ്രായത്തില്‍ ഇതുപോലൊരു മാരത്തണില്‍ അതും സാരി ധരിച്ചുള്ള ഓട്ടം ഒട്ടും നിസ്സാരമായി കാണാന്‍ കഴിയില്ലെന്നാണ് വീഡിയോക്ക് കീഴെ പലരും കമന്റ് ചെയ്തത്. മാരത്തണില്‍ പങ്കെടുക്കാന്‍  എല്ലാ ദിവസവും ഭാരതി പരിശീലനം നേടിയിരുന്നു. 

Content Highlights: old woman,saree,sneakers, mumbai marathon, Bharti