'എനിക്ക് 32 വയസ്സായി, ഇക്കാര്യങ്ങൾ സമ്മതിക്കുന്നതിൽ ലജ്ജയില്ല'; അപർണ പറയുന്നു

#ലൈഫ്സ്റ്റൈൽ ഡെസ്ക്
അപര്‍ണ തോമസ് | Photo:Instagram/Aparna Thomas
അപര്‍ണ തോമസ് | Photo:Instagram/Aparna Thomas

മുപ്പതുകളിലെത്തി നിൽക്കുന്ന ജീവിതത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളിൽ വന്നിട്ടുള്ള മാറ്റങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് ഇൻഫ്‌ളുവൻസർ അപർണ തോമസ്. വളർച്ച എന്നത് നേർരേഖയിലൂടെയുള്ള ഒരു യാത്രയല്ലെന്നും അനുഭവങ്ങളുടെ കൂടിച്ചേരലാണെന്നും അപർണയുടെ തുറന്നുപറച്ചിൽ ഓർമിപ്പിക്കുന്നു. ഒരുകാലത്ത് വലിയ ഉത്സാഹത്തോടെ ചെയ്ത ചില കാര്യങ്ങൾ ഇന്നുചെയ്യുമ്പോൾ ഭയം തോന്നിയേക്കാം, ഉപേക്ഷിക്കേണ്ടി വന്നേക്കാം. പഠിച്ചതായിരിക്കില്ല ഒരുപക്ഷേ, ജീവിതത്തിൽ പ്രയോജനപ്പെടുക. ഇഷ്ടമുള്ളത് ചെയ്ത് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ കഴിയുന്നതാണ് ജീവിതത്തിലെ വലിയ വിജയമെന്ന് അപർണ പറയുന്നു.

അപർണ പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം

എനിക്ക് 32 വയസ്സായി. ഇക്കാര്യങ്ങൾ അംഗീകരിക്കുന്നതിൽ എനിക്ക് പ്രയാസമില്ല. 4 വർഷം ഒരു ഫ്‌ളൈറ്റ് അറ്റൻഡന്റായി മണിക്കൂറുകൾ മറിച്ചൊരു ചിന്തയില്ലാതെ ആകാശത്ത് ചെലവഴിച്ച വ്യക്തിയാണ് ഞാൻ. പക്ഷെ ഇപ്പോൾ ചെറിയൊരു കുലുക്കം പോലും ജീവിതത്തിൽ ഞാനെടുത്ത എല്ലാ തീരുമാനങ്ങളെയും ചോദ്യം ചെയ്യാൻ എന്നെ പ്രേരിപ്പിക്കുകയാണ്. വർഷങ്ങളായി ഞാൻ രാവിലെ എഴുന്നേൽക്കാൻ ശ്രമിക്കുന്ന വ്യക്തിയാണ് ഞാൻ. എന്നാൽ രാവിലെ എട്ടുമണിക്ക് മുൻപ് എഴുന്നേൽക്കേണ്ടി വന്നാൽ ആ ദിവസത്തിന്റെ മൂഡ് മുഴുവൻ നഷ്ടപ്പെടും.

സാമ്പത്തികശാസ്ത്രത്തിൽ എനിക്ക് രണ്ടുബിരുദങ്ങൾ ഉണ്ട്. പക്ഷെ ഞാൻ ഇതുവരെ അത് ഉപയോഗിച്ചിട്ടില്ല. എന്റെ സർട്ടിഫിക്കറ്റ് എന്തെങ്കിലും ആവശ്യങ്ങൾക്ക് വേണ്ടി കാണിക്കേണ്ടി വന്നിട്ടില്ല. സത്യം പറഞ്ഞാൽ അതിലൊരു സർട്ടിഫിക്കേറ്റ് ഞാൻ സർവകലാശാലയിൽ പോയി വാങ്ങിയിട്ടുപോലുമില്ല. പത്തുവർഷത്തോളമായി അതു അവിടെത്തന്നെ കിടക്കുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

ഓൺലൈൻ ഷോപ്പിങ് ആണ് എന്റെ തെറാപ്പി. എനിക്ക് പാകമാകാതെ വാങ്ങിയത് മുഴുവൻ മടക്കി അയയ്‌ക്കേണ്ടി വന്നാലും കടയിൽ പോകാതെ ഓൺലൈനായി സാധനങ്ങൾ വാങ്ങുന്നത് സമ്മർദം കുറയ്ക്കാനുള്ള എന്റെ മാർഗമാണ്. ഒരുപാട് കാര്യങ്ങൾ ചെയ്യാൻ എനിക്കറിയാം. പക്ഷെ എന്തെങ്കിലും ഒരു പ്രത്യേക കാര്യത്തിൽ എനിക്ക് അസാമാന്യമായ കഴിവുണ്ടോ എന്ന് എനിക്കറിയില്ല. പക്ഷെ അതെന്നെ ഒരിക്കലും അലട്ടിയിട്ടില്ല. എനിക്കും ചുറ്റും കഴിവുള്ള അനേകം ആളുകൾ ഉണ്ടെന്ന് എനിക്കറിയാം.

ഈ പ്രായത്തിനുള്ളിൽ എന്റെ ജീവിതത്തിലെ പല വഴികളും ഞാൻ മാറ്റിമറിച്ചു. മീഡിയയിൽ ജോലി ചെയ്യുന്നത് അവസാനിപ്പിച്ചാണ് ഫ്‌ളൈറ്റ് അറ്റൻഡ് ആയത്. പിന്നീട് ഞാൻ യഥാർഥത്തിൽ എനിക്കിഷ്ടമുള്ള കാര്യം ചെയ്യാൻ തുടങ്ങി, കണ്ടന്റ് ക്രിയേഷൻ. അതിപ്പോൾ എന്റെ മുഴുവൻ സമയ ജോലിയാണ്. ഉപജീവനമാർഗം അതാണ്. പക്ഷെ എനിക്കറിയാവുന്ന പകുതിയോളം പേരും അതൊരു യഥാർഥ തൊഴിലായി അംഗീകരിക്കുന്നില്ല. വലിയ കാര്യങ്ങൾക്ക് വേണ്ടി ജനിച്ച ആളാണ് ഞാനെന്ന് എനിക്ക് എല്ലായ്‌പ്പോഴും തോന്നിയിട്ടുണ്ട്. എന്റെ ഏറ്റവും വലിയ ഭയം ഉപയോഗപ്പെടുത്താത്ത എന്റെ കഴിവുകളാണ്. പ്രായം കൂടുന്തോറും അത് വലുതാവുകയാണ്. എന്നിരുന്നാലും എന്റെ ജീവിതം ഞാൻ ആസ്വദിക്കുന്ന രീതി എനിക്കിഷ്ടമാണ്. വളർച്ച എന്നുപറയുന്നത് ഒരു നേർരേഖയല്ല, നന്ദിയുള്ളവരായിരിക്കുക. - അപർണ കുറിക്കുന്നു.

നിങ്ങളെ ഇന്നത്തെ നിങ്ങളാക്കി മാറ്റിയിരിക്കുന്നതിൽ ജീവിതത്തിലെ ഓരോ വഴിത്തിരിവുകൾക്കും പങ്കുണ്ടെന്ന് ഓർമപ്പെടുത്തൽ കൂടിയാണ് സ്വന്തം അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ അപർണ പങ്കുവെച്ച കുറിപ്പ്. അതുകൊണ്ട് ആ യാത്രയിൽ സംതൃപ്തരായിരിക്കുക. വലിയ കാര്യങ്ങൾ ചെയ്യുക എന്നാൽ ലോകം മുഴുവൻ അറിയപ്പെടുന്ന പ്രശസ്തി മാത്രമല്ല, ചെയ്യുന്ന കാര്യങ്ങളിൽ സംതൃപ്തി കണ്ടെത്തുകയും സ്വന്തം ജീവിതത്തെ സ്‌നേഹിക്കുകയും ചെയ്യുക എന്നത് കൂടിയാണ്. പ്രായം കൂടുമ്പോഴും അനുഭവങ്ങൾ കൂടുമ്പോഴും മുൻപ് തോന്നിയിട്ടില്ലാത്ത ഭയങ്ങൾ അല്ലെങ്കിൽ കരുതൽ വരുന്നത് സ്വാഭാവികമാണ്. അത് നിങ്ങളെ ദുർബലയാക്കുന്നില്ല, മറിച്ച് കൂടുതൽ മാനുഷികതയുള്ളവരാക്കുകയാണ് ചെയ്യുന്നത്.

Content Highlights: Aparna Thomas reflects on turning 32 and embracing life's changes., Discusses transitioning from media and flight attendant to full-time content creation., Highlights that personal growth is not a straight line and finding peace is true success.