'ഒരു ശിൽപം പോലെ'-റെഡ് കാർപറ്റ് കീഴടക്കി തമിഴ് വംശജയായ മോഡൽ തബിത മേരി

തബിത മേരി | Photo: instagram/ tabitha mary
തബിത മേരി | Photo: instagram/ tabitha mary

കാൻ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാർപറ്റ് കീഴടക്കി തമിഴ് വംശജയായ മോഡലും കണ്ടറ്റ് ക്രിയേറ്ററുമായ തബിതാ മേരി. ലിക്വിഡ് സിൽവർ നിറത്തിലുള്ള ഗൗണിൽ അതിസുന്ദരിയായാണ് താരം റെഡ് കാർപറ്റിലെത്തിയത്. ബ്രിട്ടീഷ്-ബംഗ്ലാദേശ് ബ്രാൻഡായ ഖാനൂമാണ് തബിതയുടെ ഗൗൺ ഡിസൈൻ ചെയ്തത്.

ഗ്രീക്ക് ശൈലിയിലുള്ള വൺ ഷോൾഡർ ഗൗണിന്റെ വെയ്സ്റ്റ്‌ലൈനിൽ മുത്തുകൾ തുന്നിപ്പിടിപ്പിച്ചിരുന്നു. ഗൗണിന്റെ താഴ്ഭാഗം ഒരു ലോങ് സ്‌കർട്ട് പോലെയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതിനൊപ്പം ഗൗണിലെ അതിസൂക്ഷ്മമായ ചുളിവുകൾ തബിതയ്ക്ക് ഒരു ശിൽപസമാനമായ പ്രതീതി നൽകി.

ഈ ഔട്ട്ഫിറ്റിനേക്കാൾ തബിതയുടെ സ്വാഭാവിക സൗന്ദര്യമാണ് ആളുകളെ ആകർഷിച്ചത്. സൗന്ദര്യത്തിന്റെ അളവുകോൽ വെളുപ്പ് നിറമല്ലെന്നും ഇരുണ്ട നിറമുള്ള തബിത എത്രത്തോളം സുന്ദരിയാണെന്നും ഒട്ടേറെപ്പേർ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെച്ചു. ഒരിക്കലും സൗന്ദര്യ മാനദണ്ഡങ്ങൾക്ക് അനുയോജ്യമല്ലെന്ന് വിധിക്കപ്പെട്ട പെൺകുട്ടി റെഡ് കാർപറ്റ് കീഴടക്കിയപ്പോൾ എന്തൊരു സൗന്ദര്യം എന്നും ചിലർ കുറിച്ചു.

റെഡ് കാർപറ്റിൽ നിന്നുള്ള ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാമിൽ തബിതയും പങ്കുവെച്ചിട്ടുണ്ട്. ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ദിവസമാണെന്നായിരുന്നു തബിതയുടെ ക്യാപ്ഷൻ. കോവിഡുമായി ബന്ധപ്പെട്ട ലോക്ക്ഡൗൺ സമയത്താണ് തബിത ഫാഷൻ ലോകത്തേക്ക് ചുവടുവെച്ചത്. വളരെ വേഗത്തിൽ തന്നെ സോഷ്യൽ മീഡിയയിൽ തബിതയുടെ ഫോളോവേഴ്‌സിന്റെ എണ്ണം കൂടി. ജർമനിയിൽ വളർന്ന അവർ നിലവിൽ സൗത്ത് ഫ്രാൻസിലാണ് താമസിക്കുന്നത്.

Content Highlights: Tabitha Mary made a historic debut at the 79th Cannes Film Festival in 2026., Wore a liquid-silver gown by South Asian-owned brand Khanum’s., Advocates for inclusive beauty standards and challenges colourism., Transitioned from a digital content creator to a global fashion icon.