28 കോടിയുടെ ഡയമണ്ട് മോതിരം, 40 ലക്ഷത്തിന്റെ വാച്ച്; വിംബിൾഡണിൽ തിളങ്ങി സെറീനാ വില്യംസ്

#Lifestyle Desk
സെറീനാ വില്യംസ് ആഡംബര വാച്ചും, വിവാഹ മോതിരവും ധരിച്ച് വിംബിൾഡണിൽ | Photos: AFP, AP
സെറീനാ വില്യംസ് ആഡംബര വാച്ചും, വിവാഹ മോതിരവും ധരിച്ച് വിംബിൾഡണിൽ | Photos: AFP, AP

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ടെന്നീസ് ഇതിഹാസ താരം സെറീനാ വില്യംസ് വീണ്ടും കോർട്ടിലെത്തിയിരിക്കുകയാണ്. വിംബിൾഡണിലെ സിംഗിൾസ് പോരാട്ടത്തിനായാണ് ആരാധകർക്ക് ആവേശമായി 44-കാരിയായ സെറീന വീണ്ടും ബാറ്റേന്തിയത്. എതിരാളിയായ ഓസ്‌ട്രേലിയൻ താരത്തോട് പരാജയപ്പെട്ടെങ്കിലും വിംബിൾഡണിലേക്കുള്ള സെറീനയുടെ മടങ്ങിവരവിന് തിളക്കം ഏറെയായിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന ആക്‌സസറികളും മാനിക്യൂറുമെല്ലാമാണ് സെറീനയെ ശ്രദ്ധാകേന്ദ്രമാക്കിയത്.

രണ്ട് മണിക്കൂറും 22 മിനുറ്റും നീണ്ട മത്സരത്തിനായി സെന്റർ കോർട്ടിലെത്തിയ സെറീനാ വില്യംസിന്റെ കൈവിരലിൽ വിവാഹമോതിരം ഉണ്ടായിരുന്നു. പ്രമുഖ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിന്റെ സഹസ്ഥാപകനും സെറീനയുടെ ഭർത്താവുമായ അലക്‌സിസ് ഒഹാനിയൻ ആണ് ഈ മോതിരം സമ്മാനിച്ചത്. നടുവിൽ ഓവൽ ആകൃതിയിലുള്ള 17 കാരറ്റ് ഡയമണ്ടും ഇരുവശങ്ങളിലുമായി ചെറിയ രണ്ട് ഡയമണ്ടുകളുമുള്ള ഈ മോതിരത്തിന്റെ വില 30 ലക്ഷം ഡോളർ അഥവാ 28 കോടി രൂപയാണ്.

സെറീനയുടെ കൈവിരലുകളിലെ നഖങ്ങളായിരുന്നു ശ്രദ്ധയാകർഷിച്ച മറ്റൊരു കാര്യം. അധികം തിളക്കമില്ലാത്ത, എന്നാൽ ആഡംബരം തുളുമ്പുന്ന, ലളിതമായ മാനിക്യൂറാണ് സെറീന ചെയ്തിരുന്നത്. കറുപ്പോ ചുവപ്പോ പോലുള്ള കടുത്ത നിറങ്ങൾ ഇല്ലായിരുന്നു. ബ്ലഷ് പിങ്ക് നെയിൽപോളിഷിനൊപ്പം കണ്ണാടി പോലെ വെളിച്ചം പ്രതിഫലിപ്പിക്കുന്ന സൂക്ഷ്മമായ മുത്തുകളുണ്ട്. നെയിൽ ആർട്ടിനോടുള്ള തന്റെ ഇഷ്ടം തുറന്നുപറഞ്ഞിട്ടുള്ള സെറീന ഏറെ അനുയോജ്യമായ തരത്തിലാണ് നഖങ്ങളെ മനോഹരമാക്കിയത്.

സെറീന ധരിച്ചിരുന്ന ആഡംബര വാച്ചിലും ആരാധകരുടെ കണ്ണുടക്കിയിരുന്നു. സ്വിസ് വാച്ച് കമ്പനിയായ ഓഡെമർസ് പിഗ്വെറ്റിന്റെ റോയൽ ഓക്ക് ഓഫ്‌ഷോർ സെൽഫ് വൈൻഡിങ് ക്രോണോഗ്രാഫ് എന്ന വാച്ചാണ് താരം കൈത്തണ്ടയിൽ ധരിച്ചിരുന്നത്. വാച്ചിന്റെ വില ഏകദേശം 45900 ഡോളർ അഥവാ 40 ലക്ഷം രൂപയാണ്. പിങ്ക് നിറത്തിലുള്ള വാച്ച് നിർമിച്ചത് 22 കാരറ്റ് വൈറ്റ് ഗോൾഡ് ഉപയോഗിച്ചാണ്. അലങ്കരിച്ചത് വജ്രങ്ങൾ കൊണ്ടും. വെറും 11.5 മില്ലിമീറ്റർ മാത്രം കനമുള്ള ഡയൽ നിർമിച്ചത് 18 കാരറ്റ് വൈറ്റ് ഗോൾഡുകൊണ്ടാണ്. 

Content Highlights: Tennis legend Serena Williams shone at Wimbledon with ultra-luxury accessories during her court return. She sported a 17-carat oval diamond wedding ring worth ₹28 crores and an Audemars Piguet watch worth over ₹40 lakhs.