റോസാപ്പൂക്കളുള്ള കറുത്ത ലെഹങ്കയും ബ്രാലെറ്റും, റാംപിൽ തിളങ്ങി അനന്യ പാണ്ഡെ

ലാക്‌മെ ഫാഷൻ വീക്ക് സമാപിച്ചപ്പോൾ അത് പ്രമുഖ ഡിസൈനർ രോഹിത് ബാലിന്റെ ഗംഭീര തിരിച്ചുവരവിനാണ് സാക്ഷ്യം വഹിച്ചത്. ഗുരുതര ഹൃദ്രോഗത്തെ തുടർന്ന് ഏറെനാളായി അദ്ദേഹം വിശ്രമത്തിലായിരുന്നു. ഫാഷൻ ലോകത്ത് നിന്നുള്ള നീണ്ട ഇടവേള അവസാനിപ്പിച്ച് അദ്ദേഹം മടങ്ങിയെത്തിയത് തൻ്റെ ഏറ്റവും പുതിയ ശേഖരമായ ''കായിനാത്ത്'' പ്രദർശനവുമായായിരുന്നു. 'താനൊരു കൊമേഴ്സ്യൽ ഡിസൈനറല്ല, കലാകാരനാണ്' എന്ന അദ്ദേഹത്തിന്റെ വാക്കുകൾ ലാക്‌മെ ഫാഷൻ വീക്കിലൂടെ ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടു.
ബോളിവുഡ് താരം അനന്യ പാണ്ഡെയായിരുന്നു റാംപിലെ ഷോ സ്റ്റോപ്പർ. വലിയ ചുവന്ന റോസാപ്പൂക്കളുള്ള കറുത്ത വെൽവെറ്റ് ലെഹങ്കയും ബ്രാലെറ്റ് ബ്ലൗസും കേപ്-സ്റ്റൈൽ ജാക്കറ്റും ചേർന്ന നോയർ ഫ്ലോറൽ ലെഹങ്കയിൽ താരം തിളങ്ങി. ഗ്രിഡ് പാറ്റേണിലായിരുന്നു റോസാപൂക്കൾ. അനന്യയുടെ ക്ലാസിക് മേക്കപ്പ് ലുക്കും ഡ്രോപ്പ് സ്റ്റഡ് കമ്മലുകളും യോജിച്ച ബ്രേസ്ലെറ്റും ആരാധകർക്ക് പ്രയങ്കരമായി.
ഷോയിലെ ഓരോ ഡിസൈനും രോഹിത് ബാലിന്റെ തനത് ശൈലിയെ പ്രതിഫലിപ്പിച്ചു. പ്രകൃതിയുടെ വിസ്മയങ്ങളിലൂടെയുള്ള യാത്രയായിരുന്നു കായിനാത്ത്. ഈ ശേഖരം പ്രകൃതിയുടെ ചാരുതയെയും സൗന്ദര്യത്തിൻ്റെ ശാശ്വത ശക്തിയെയും പ്രതിഫലിപ്പിക്കുന്നു. ലക്‌മെയുമായുള്ള പങ്കാളിത്തം അവിശ്വസനീയമായ ഒരു അനുഭവമായിരുന്നു. രോഹിത് ബാൽ പ്രസ്താവനയിൽ പറഞ്ഞു.
Content Highlights: Rohit Bal`s Grand Comeback at Lakme Fashion Week