ചന്ദനവും മഞ്ഞളും ചേർത്ത നാടൻ ഫെയ്സ് പാക്ക് മുതൽ മുത്തശ്ശിയുടെ ഹെയർ മാസ്ക് വരെ; സൗന്ദര്യക്കൂട്ടുകൾ വെളിപ്പെടുത്തി രശ്മിക

ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന നടി രശ്മിക മന്ദാനയുടെ സൗന്ദര്യവും ആകർഷകമായ ചർമകാന്തിയും എന്നും ആരാധകർക്കിടയിൽ വലിയ ചർച്ചയാകാറുണ്ട്. വിറ്റാമിൻ സി സിറമുകളും ആധുനിക ബ്യൂട്ടി ഉൽപ്പന്നങ്ങളും ഇന്ന് ചർമസംരക്ഷണത്തിനായി ഉപയോഗിക്കുന്നുണ്ടെങ്കിലും, തന്റെ ഈ തിളക്കത്തിന് പിന്നിൽ കുട്ടിക്കാലത്ത് വീട്ടിലെ മുതിർന്ന സ്ത്രീകൾ കൈമാറിയ ചില പരമ്പരാഗത നാടൻ പൊടിക്കൈകൾ ഉണ്ടെന്ന് വെളിപ്പെടുത്തുകയാണ് താരം.
തന്റെ നീളമുള്ളതും തിങ്ങിനിറഞ്ഞതുമായ മുടിയുടെയും സുന്ദരമായ ചർമത്തിന്റെയും രഹസ്യം വീട്ടിലുണ്ടാക്കുന്ന തനത് കൂട്ടുകളാണെന്ന് രശ്മിക പറയുന്നു. എന്റെ മുത്തശ്ശി ജീവിച്ചിരുന്നപ്പോൾ മുടിക്കായി ഒരു പ്രത്യേക ഹെയർ മാസ്ക് ഉണ്ടാക്കി തരുമായിരുന്നു. അത് ശരിക്കും അത്ഭുതപ്പെടുത്തുന്ന ഒന്നായിരുന്നു. എന്തൊക്കെ ചേരുവകളാണ് അതിൽ ചേർത്തതെന്ന് എനിക്കറിയില്ല, പക്ഷെ ആ മാസ്ക് ഉപയോഗിക്കാൻ തുടങ്ങിയതോടെ എന്റെ മുടി വളരെ കട്ടിയുള്ളതും നീളമുള്ളതുമായി വളർന്നു. അതുപോലെ, മുഖത്തിന് പ്രകൃതിദത്തമായ തിളക്കം ലഭിക്കാൻ ചന്ദനവും മഞ്ഞളും കൂട്ടിയിണക്കി ഉപയോഗിക്കാൻ അമ്മ എപ്പോഴും നിർദേശിക്കാറുണ്ടായിരുന്നു, രശ്മിക പറയുന്നു.
മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ എന്ന ഘടകത്തിന് വിരുദ്ധ ബാഹ്യ വീക്കങ്ങൾ തടയാനുള്ള കഴിവും ആന്റിഓക്സിഡന്റ് ഗുണങ്ങളുമുണ്ട്. ഇത് ചർമത്തിലെ ചെറിയ തടിപ്പുകളെയും നീറ്റലിനെയും ശാന്തമാക്കും.തണുപ്പും ശാന്തതയും നൽകുന്ന പ്രകൃതിദത്ത ഘടകമാണ് ചന്ദനം. ചർമ്മത്തിലെ എണ്ണമയം താത്കാലികമായി കുറയ്ക്കാൻ ഇത് സഹായിക്കും.
എന്നാൽ, നാടൻ കൂട്ടുകൾ ഉപയോഗിക്കുമ്പോൾ ചില സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നുണ്ട്. കാരണം, പ്രകൃതിദത്ത കൂട്ടുകൾ നൽകുന്നത് താത്കാലിക ആശ്വാസം മാത്രമാണ്. കഠിനമായ മുഖക്കുരു, പാടുകൾ, എക്സിമ തുടങ്ങിയ അവസ്ഥകൾക്ക് ഇത് ശാശ്വത പരിഹാരമല്ല. അടുക്കളയിലെ എല്ലാ ചേരുവകളും ഒന്നിച്ചു ചേർത്ത് ഉപയോഗിക്കരുത്. പ്രത്യേകിച്ചും നാരങ്ങാനീര്, ബേക്കിംഗ് സോഡ, വീര്യമേറിയ എസ്സെൻഷ്യൽ ഓയിലുകൾ എന്നിവ മുഖത്ത് തേക്കുന്നത് പൊള്ളലിനും അലർജിക്കും കാരണമാകും. പ്രകൃതിദത്തം എന്ന് കരുതുന്ന പലതും എല്ലാവരുടെയും ചർമ്മത്തിന് അനുയോജ്യമാകണമെന്നില്ല. അതിനാൽ മുഖത്ത് അപ്ലൈ ചെയ്യുന്നതിന് മുൻപ് കൈയിലോ കഴുത്തിലോ ചെറിയ അളവിൽ തേച്ചുപിടിച്ച് അലർജിയില്ലെന്ന് ഉറപ്പുവരുത്തുക.
മഞ്ഞളും ചന്ദനവും ചേർത്ത് മുഖത്ത് ശക്തമായി ഉരയ്ക്കരുത്. ഇത് ചർമത്തിലെ കോശങ്ങളെ നശിപ്പിക്കും.
Content Highlights: Discover how Rashmika Mandanna uses natural ingredients like turmeric and sandalwood for skincare, emphasizing traditional methods for radiant skin.