തെരുവിൽനിന്ന് പാരിസിലെ റാമ്പിലേക്ക്: സ്വപ്നസാക്ഷാത്കാരവുമായി 22-കാരി

നൈജീരിയയിലെ തിരക്കേറിയ തെരുവുകളിൽ ക്യാമറയ്ക്ക് മുന്നിൽ ആത്മവിശ്വാസത്തോടെ കാറ്റ് വാക്ക് നടത്തിയ ആ 22-കാരിയെ സോഷ്യൽ മീഡിയയ്ക്ക് പരിചിതമായിരിക്കും. തെരുവോരങ്ങളെ ഫാഷൻ റാമ്പുകളാക്കി മാറ്റി വീഡിയോകൾ പങ്കുവെച്ച് ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവർന്ന റെയ്ച്ചൽ ഒജുറോമി ഇനി വെറുമൊരു ഇൻഫ്‌ളുവൻസറല്ല; ലോകത്തെ ഏറ്റവും പ്രശസ്തമായ ഫാഷൻ ബ്രാൻഡുകളിലൊന്നായ 'ഷാനലിന്റെ' മോഡലായി പാരിസ് ഫാഷൻ വീക്കിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഇവർ. നൈജീരിയയിലെ ഒരു തെരുവിൽനിന്ന് ആഗോള ഫാഷൻലോകത്തിന്റെ ഏറ്റവും വലിയ വേദിയിലേക്കുള്ള റെയ്ച്ചലിന്റെ ഈ വളർച്ച ഒരു സിനിമാക്കഥയെ വെല്ലുന്നതാണ്.
മാസങ്ങൾക്ക് മുമ്പാണ് നൈജീരിയൻ തലസ്ഥാനമായ ലാഗോസിലെ തെരുവുകളിൽ വെച്ച് ചിത്രീകരിച്ച ഫാഷൻ വീഡിയോകൾ റെയ്ച്ചൽ ഒജുറോമി തന്റെ ഇൻസ്റ്റാഗ്രാം, ടിക് ടോക്ക് അക്കൗണ്ടുകളിൽ പങ്കുവെച്ചു തുടങ്ങിയത്. വസ്ത്രധാരണത്തിലെ തനിമയും, പ്രൊഫഷണൽ മോഡലുകളെപ്പോലും അതിശയിപ്പിക്കുന്ന ആത്മവിശ്വാസത്തോടെയുള്ള കാറ്റ് വാക്കും റെയ്ച്ചലിന്റെ വീഡിയോകളെ വൈറലാക്കി.
ലാഗോസിലെ തെരുവുകളിലൂടെ റെയ്ച്ചൽ നടന്നുനീങ്ങിയപ്പോൾ 'ഈ പെൺകുട്ടിയെ ഏതെങ്കിലും പ്രമുഖ മോഡലിംഗ് ഏജൻസികൾ ഉടനടി തിരഞ്ഞെടുക്കണം', 'ഇവൾക്ക് അർഹിക്കുന്നത് ലോകോത്തര ഫാഷൻ റാമ്പുകളാണ്' എന്ന കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. ആളുകളുടെ പ്രതികരണങ്ങൾ റെയ്ച്ചലിന് നൽകിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല.
ചെറുപ്പത്തിൽ ഒരു ന്യൂറോ സർജൻ ആകണമെന്നായിരുന്നു റെയ്ച്ചലിന്റെ ആഗ്രഹം. ആദ്യകാലങ്ങളിൽ ഒരു പ്രധാന തൊഴിലായി അവർ കണ്ടിരുന്നില്ല. എന്നാൽ പിന്നീട് ഫിലിം മേക്കിംഗും ഫാഷനും പഠിച്ചതോടെ മോഡലിങ്ങിന്റെ വ്യാപ്തി മനസ്സിലായത്. ഒരു ഡിസൈനറുടെയും സർഗ്ഗാത്മക ടീമിന്റെയും ആശയങ്ങളെ ലോകത്തിന് മുന്നിൽ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ചുമതലയാണ് മോഡലിന്റേതെന്ന് തിരിച്ചറിഞ്ഞതോടെ് റെയ്ച്ചൽ ഈ മേഖലയിലേക്ക് പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിച്ചു. ലോകത്തിലെ ഏറ്റവും പ്രമുഖ മോഡലിംഗ് ഏജൻസികളായ ന്യൂയോർക്കിലെ നോ സ്‌മോക്കിംഗ്, പാരിസിലെ സേഫ് മാനേജ്മെന്റ്, ലണ്ടനിലെ സുപ വേൾഡ് വൈഡ്, മദർ ഏജൻസിയായ നെക്സ്റ്റ് കാനഡ എന്നിവയുമായി കരാറൊപ്പിട്ട വിവരം റെയ്ച്ചൽ ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചു.'നമ്മൾ അത് നേടിയിരിക്കുന്നു! ആറുമാസത്തോളമായി നമ്മൾ ഒന്നിച്ചു കണ്ട സ്വപ്നം ഇന്ന് യാഥാർത്ഥ്യമായിരിക്കുന്നു,' എന്നായിരുന്നു റെയ്ച്ചലിന്റെ ഇൻസ്റ്റാഗ്രാം കുറിപ്പ്. എന്നാൽ അതൊരു തുടക്കം മാത്രമായിരുന്നു. പാരിസ് ഫാഷൻ വീക്കിന്റെ ഭാഗമായി ലോകപ്രശസ്ത ബ്രാൻഡായ ഷാനലിനായി റാമ്പിൽ നടക്കാൻ ക്ഷണം ലഭിച്ചതായിരുന്നു കാലം അവൾക്ക് കാത്തുവച്ച സമ്മാനം.
പാരിസിലെ ഈഫൽ ടവറിന് മുന്നിൽ നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ഒക്ടോബർ ആദ്യവാരത്തോടെ യൂറോപ്പിലെത്തിയ വിവരം റെയ്ച്ചൽ പങ്കുവെച്ചു. വോഗ് മാഗസിന് നൽകിയ അഭിമുഖത്തിൽ ഷാനലിൽ നിന്ന് കോൾ വന്ന നിമിഷത്തെക്കുറിച്ച് റെയ്ച്ചൽ ഓർത്തെടുക്കുന്നുണ്ട്. ആദ്യമൊക്കെ അത്ഭുതത്തോടെ കാര്യങ്ങളെ ശാന്തമായി നേരിട്ടെങ്കിലും, ഫാഷൻ ഷോയ്ക്കായുള്ള ലൈൻ-അപ്പിൽ മറ്റ് അന്താരാഷ്ട്ര മോഡലുകൾക്കൊപ്പം നിന്നപ്പോൾ നിയന്ത്രണം വിട്ട് കരഞ്ഞുപോയെന്ന്് റെയ്ച്ചൽ പറയുന്നു. 'എന്താണ് നടക്കുന്നത് എന്ന് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല, അറിയാതെ കരഞ്ഞുപോയി,' റെയ്ച്ചൽ പറഞ്ഞു.
മാത്യു ബ്ലേസിയുടെ ക്രിയേറ്റീവ് ഡയറക്ഷനിൽ അരങ്ങേറിയ ഷാനലിന്റെ സ്പ്രിങ് സമ്മർ ഫാഷൻ ഷോയിലാണ് റെയ്ച്ചൽ ചുവടുവെച്ചത്. റെയ്ച്ചലിന്റെ ചുവടുവെപ്പുകൾ ലോകമെമ്പാടുമുള്ള ഫാഷൻ പ്രേമികളുടെയും ആഗോള മാധ്യമങ്ങളുടെയും പ്രശംസ പിടിച്ചുപറ്റി. പ്രതീക്ഷകളും ആഗ്രഹങ്ങളും സത്യസന്ധമാണെങ്കിൽ ലോകത്തെവിടെ നിന്നും ലക്ഷ്യസ്ഥാനത്ത് എത്താം എന്നതിന്റെ ഉത്തമ ഉദാഹരണമായി മാറിയിരിക്കുകയാണ് ഇന്ന് റെയ്ച്ചൽ ഒജുറോമി. അർപ്പണബോധവും കഴിവും സോഷ്യൽ മീഡിയയുടെ അനന്ത സാധ്യതകളും ഒത്തുചേർന്നപ്പോൾ നൈജീരിയൻ തെരുവിൽ നിന്ന് പാരിസിന്റെ രാജകീയ റാമ്പിലേക്ക് വെറും മാസങ്ങൾ കൊണ്ട് നടന്നു കയറിയ ഈ 22കാരിയുടെ കഥ വലിയൊരു പ്രചോദനമാണ്
Content Highlights: Discover how Rachel Ojurumi transformed from a street influencer to a Chanel model at Paris fashion week, capturing hearts worldwide.