ഗൗണോ ലെഹങ്കയോ; ഫ്യൂഷൻ ലുക്കിൽ തിളങ്ങി പ്രിയങ്ക ചോപ്ര

#ലൈഫ്സ്റ്റൈൽ ഡെസ്ക്
പ്രിയങ്ക ചോപ്ര | Photo:mimixjerry/instagram
പ്രിയങ്ക ചോപ്ര | Photo:mimixjerry/instagram

ലോസ് ആഞ്ചലസിലെ വസതിയിൽ ഭർത്താവും ഗായകനുമായ നിക്ക് ജോനാസിനൊപ്പം ദീപാവലി വിരുന്ന് നടത്തി പ്രിയങ്ക ചോപ്ര. ബർഗണ്ടിയും സ്വർണ്ണ നിറങ്ങളും ഇടകലർന്ന സ്ട്രാപ്പ്ലെസ്സ് ഗൗണിൽ അതീവ സുന്ദരിയായാണ് പ്രിയങ്ക ദീപാവലി വിരുന്നിൽ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യൻ പാരമ്പര്യ കരകൗശലവിദ്യയായ സർദോസിയും ബീഡ് വർക്കുകളും ഗോൾഡൻനൂലുകളും അത്യധികം സൂക്ഷ്മമായി നെയ്‌തെടുത്തതായിരുന്നു ഈ വസ്ത്രം.

കോർസെറ്റ് മോഡലിലുള്ള സ്ട്രാപ്പ്ലെസ്സ് കട്ടിംഗും കഴുത്തുഭാഗത്ത് ദുപ്പട്ടയെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ഡിസൈനും വസ്ത്രത്തിന് ഇൻഡോ-വെസ്‌റ്റേൺ ലുക്ക് നൽകി. പ്രിയങ്കയുടെ കോളർബോണും തോളുകളും എടുത്തുകാണിക്കുന്ന ഒരു ഓഫ്-ദി-ഷോൾഡർ ഡിസൈനായിരുന്നു ഇത്.

വസ്ത്രധാരണത്തിന് അനുയോജ്യമായ മിനിമൽ ആഭരണ ശൈലിയാണ് പ്രിയങ്ക തിരഞ്ഞെടുത്തത്. മുടിയിൽ ചാർത്തിയ മുല്ലപ്പൂവും ലളിതമായ കുന്ദൻ മാംഗ് ടീക്കയും കൈകളിൽ അണിഞ്ഞ വളകളും പ്രിയങ്കയുടെ ലുക്കിന് പൂർണ്ണത നൽകി. ബറി ലിപ്സ്റ്റിക്കും സ്‌മോക്കി ഐ മേക്കപ്പുമാണ് താരം അണിഞ്ഞത്. ക്രീം-വൈറ്റ് നിറത്തിലുള്ള പരമ്പരാഗത കുർത്ത സെറ്റണിഞ്ഞ് നിക്ക് ജോനാസും പ്രിയങ്കയ്ക്ക് ഒപ്പം തിളങ്ങി.

കണ്ടാൽ ലെഹങ്കയാണോ എന്ന് തോന്നുന്ന രീതിയിലാണ് ഗൗൺ തയ്യാറാക്കിയിരിക്കുന്നത്. കോർസെറ്റ് കട്ടിംഗുകളും ഓഫ്-ഷോൾഡർ ശൈലിയും സർദോസി പോലുള്ള പരമ്പരാഗത തുന്നൽവേലകളുമായി സമന്വയിപ്പിക്കുമ്പോൾ കൈവരുന്ന ചാരുതയാണ് പ്രിയങ്കയുടെ വസ്ത്രത്തിനും മനോഹാരിത നൽകിയത്. പേസ്റ്റൽ നിറങ്ങളേക്കാൾ ബർഗണ്ടി, റൂബി, എമറാൾഡ് തുടങ്ങിയ നിറങ്ങൾ സ്വർണ്ണ നിറത്തിനൊപ്പം ചേർക്കുമ്പോൾ വസ്ത്രങ്ങൾക്ക് കൂടുതൽ രാജകീയ പ്രൗഢി ലഭിക്കുമെന്ന് മനസ്സിലാക്കിത്തരുന്നതായിരുന്നു പ്രിയങ്കയുടെ ഗൗൺ. ഏത് മോഡേൺ ഗൗണിനൊപ്പവും മുല്ലപ്പൂ തലയിലണിഞ്ഞാൽ സുഗന്ധം മാത്രമല്ല അറിയാതെ ഒരു പരമ്പരാഗത ലുക്ക് കൈവരും.

പ്രശസ്ത മോഡൽ വിന്നി ഹാർലോ, ഗായിക റിയ രാജ്, പ്രമുഖ യൂട്യൂബർ ലില്ലി സിംഗ് തുടങ്ങി നിരവധി അന്താരാഷ്ട്ര പ്രമുഖരാണ് ലോസ് ആഞ്ചലസിലെ വീട്ടിൽ നടന്ന ആഘോഷങ്ങളിൽ പങ്കെടുത്തത്.

Content Highlights: Priyanka Chopra dazzled in a strapless gown at her Los Angeles home, celebrating Diwali with husband Nick Jonas and international celebrities.