പ്രാദ കോലാപ്പുരി ചെരിപ്പിറക്കി, ഇന്ത്യൻ നിർമിതം; വില 83000 രൂപ

ലണ്ടൻ: ഇന്ത്യയിലെ പരമ്പരാഗത കോലാപ്പുരി ചെരിപ്പുകളിൽനിന്ന് പ്രചോദനമുൾക്കൊണ്ട് ഇറ്റാലിയൻ ആഡംബര ബ്രാൻഡായ പ്രാദ പുത്തൻ ചെരിപ്പിറക്കി. ഒരു ജോഡിക്ക് 750 യൂറോയാണ് (ഏകദേശം 83,000 രൂപ) വില. ഇന്ത്യയുടെയോ കോലാപ്പുരി ചെരിപ്പിന്റെയോ പേരു പരാമർശിക്കാതെ അതേപോലുള്ള ചെരിപ്പ് അവതരിപ്പിച്ചതിന് കഴിഞ്ഞവർഷം ജൂണിൽ പ്രാദ വ്യാപകവിമർശനം നേരിട്ടിരുന്നു. സാംസ്‌കാരിക അപഹരണത്തിന്റെ പേരിലായിരുന്നു ഇത്.
ഇക്കാരണത്താൽ, പരമ്പരാഗതമായി കോലാപ്പുരി ചെരിപ്പുണ്ടാക്കുന്ന, മഹാരാഷ്ട്രയിലെയും കർണാടകത്തിലെയും കൈത്തൊഴിലുകാരുമായി സഹകരിച്ചാണ് ഇത്തവണ പ്രാദ 'ലിമിറ്റഡ് എഡിഷൻ' ചെരിപ്പുമായി എത്തിയിരിക്കുന്നത്. പ്രാദയ്ക്ക് ലോകമെമ്പാടുമുള്ള 40 കടകൾവഴിയും ഓൺലൈനായുമാണ് വിൽപ്പന.
പരമ്പരാഗത നിർമാണവിദ്യയുെടയും സമകാലിക രൂപകല്പനയുെടയും മുന്തിയ നിർമാണവസ്തുക്കളുടെയും സമന്വയമാണ് തങ്ങളുടെ ചെരിപ്പെന്ന് പ്രാദ പറയുന്നു. കോലാപ്പുരി ചെരിപ്പുകളുണ്ടാക്കുന്ന 180 കൈത്തൊഴിലുകാർക്ക് ഇന്ത്യയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയും (നിഫ്റ്റ്) കർണാടക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലെതർ ആൻഡ് ഫാഷൻ ടെക്‌നോളജിയുമായിച്ചേർന്ന് പരിശീലനപരിപാടിയും പ്രാദ പ്രഖ്യാപിച്ചിട്ടുണ്ട്. പരമ്പരാഗത അറിവുകളുടെ സംരക്ഷണത്തിന് സഹായിക്കുകയാണ് ഉദ്ദേശ്യം.
കോലാപ്പുരി ചെരിപ്പ്
മഹാരാഷ്ട്രയിലെ കോലാപ്പുരി ഗ്രാമത്തിന്റെ പേരിൽ അറിയപ്പെടുന്ന ഈ ചെരിപ്പിന്റെ ചരിത്രം 12-ാം നൂറ്റാണ്ടിൽതുടങ്ങുന്നു. തുകലും പ്രകൃതിദത്തചായങ്ങളും ഉപയോഗിച്ച് കൈകൊണ്ടു തുന്നിയെടുക്കുന്ന ഈ ചെരിപ്പ് ചൂടുകാലാവസ്ഥയ്ക്ക് അനുയോജ്യമാണ്. 2019-ൽ കേന്ദ്രസർക്കാർ ഇതിന് ഭൗമസൂചികാപദവി നൽകിയിരുന്നു. ഒരു ജോഡി കോലാപ്പുരി ചെരിപ്പിന് ഇന്ത്യയിൽ 5000 രൂപയിൽത്താഴെയേ വിലയുള്ളൂ.
Content Highlights: Prada released a luxury version of Kolhapuri sandals priced at approximately 83,000 INR., Collaboration with Maharashtra and Karnataka artisans to address past cultural appropriation concerns.