മംഗൾഗിരി മുതൽ കട്ടം കാഞ്ചീവരം വരെ; ബജറ്റിന്റെ പെട്ടിയോടൊപ്പം ചർച്ചയാകുന്ന നിർമലാ സീതാരാമന്റെ സാരികൾ

ഓരോ തവണയും ബജറ്റിന്റെ പെട്ടി തുറയ്ക്കുംമുമ്പ് ധനമന്ത്രി നിർമലാ സീതാരാമന്റെ സാരിയും ചർച്ചയാകാറുണ്ട്. ഓരോ സാരിക്ക് പിന്നിലും ഓരോ കഥകളുമുണ്ടാകാറുണ്ട്. ഇത്തവണ തമിഴ്‌നാടിന്റെ നെയ്ത്ത് പാരമ്പര്യം പറയുന്ന കാഞ്ചീവരം സിൽക്ക് സാരി ധരിച്ചാണ് എത്തിയത്. കൈകൊണ്ട് നെയ്‌തെടുത്തതാണ് പർപ്പ്ൾ നിറത്തിലുള്ള ഈ 'കട്ടം കാഞ്ചീവരം' സാരി. സ്വർണ നിറത്തിലുള്ള ചെക്ക് ഡിസൈനും ത്രെഡ് വർക്കോട് കൂടിയ കോഫി ബ്രൗൺ നിറത്തിലുള്ള ബോർഡറുമാണ് ഈ സാരിയുടെ പ്രത്യേകത.
കഴിഞ്ഞ വർഷം മധുബനി സാരി ധരിച്ചാണ് ബജറ്റ് അവതരണത്തിനെത്തിയത്. ബിഹാറിലെ മിഥില മേഖലയിൽ നിന്നുള്ള പരമ്പരാഗത നാടോടി കലാരൂപനാണ് മധുബനി. മത്സ്യങ്ങളുടേയും പൂക്കളുടേയും എംബ്രോയ്ഡറിയുള്ള സ്വർണ ബോർഡറുള്ള ഓഫ് വൈറ്റ് കൈത്തറി സാരിയാണ് മന്ത്രി ധരിച്ചിരുന്നത്. മധുബനി കലയ്ക്കും 2021-ലെ പത്മ പുരസ്‌കാര ജേതാവ് ദുലാരി ദേവിക്കും ആദരസൂചകമായാണ് അന്ന് ഈ സാരി ധരിച്ചത്. ഈ സാരി മന്ത്രിക്ക് സമ്മാനിച്ചതും ദുലാരി ദേവിയായിരുന്നു.
2024-ലെ ബജറ്റ് അവതരണത്തിനിടെ വാർത്തകളിൽ ഇടം നേടിയത് ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിന്റെ പാരമ്പര്യം പറയുന്ന മംഗൾഗിരി സിൽക്ക് സാരിയായിരുന്നു. വെള്ള സിൽക്കിൽ മജന്ത നിറത്തിലുള്ള മുന്താണിയും ബോർഡറിലും മുന്താണിയിലും ഗോൾഡൻ വർക്കുമുള്ള സാരി ഏറെ പ്രത്യേകത നിറഞ്ഞതായിരുന്നു. ഗോൾഡൻ നിറത്തിലുള്ള ചെക്ക് ഡിസൈനും സാരിയിലുണ്ടായിരുന്നു. ആന്ധ്രാപ്രദേശിനോടുള്ള പ്രത്യേക പരിഗണനയിലാണ് അന്ന് ആ സാരി തിരഞ്ഞെടുത്തതെന്ന് അന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
2024-ലെ ഇടക്കാല ബജറ്റ് അവതരിക്കാനെത്തിയപ്പോൾ പശ്ചിമ ബംഗാളിൽ നിന്നുള്ള കാന്ത ഹാൻഡ് വർക്കോട് കൂടിയ നീല ടസ്സർ സിൽക്ക് സാരിയാണ് തിരഞ്ഞെടുത്തത്. ഇതിൽ തുന്നിച്ചേർത്ത ഇലകളുടെ ഡിസൈനാണ് ഈ സാരിയുടെ പ്രത്യേകത. രാജ്യത്തെ മത്സ്യബന്ധന മേഖലയിലെ പുരോഗതിയേയും മത്സ്യമേഖലയുടെ വളർച്ചയ്ക്കായി കേന്ദ്രസർക്കാറിന്റെ പദ്ധതികളേയും ധ്വനിപ്പിക്കുന്നതിനായിരുന്നു നീല നിറത്തിലുള്ള സാരി തിരഞ്ഞെടുത്തത് എന്നായിരുന്നു അന്നത്തെ ചർച്ചകൾ.
2023-ൽ കർണാടകയിലെ ദർവാഡിൽ നിന്നുള്ള കസുതി ത്രെഡ് വർക്ക് നിറഞ്ഞ, ടെമ്പ്ൾ ബോർഡറുള്ള ചുവപ്പ് സാരിയാണ് ധരിച്ചത്. കൈ കൊണ്ട് നെയ്‌തെടുത്ത ആ സാരിയിൽ രഥങ്ങളും മയിലുകളും താമരയുമാണ് തുന്നിച്ചേർത്തിരുന്നത്.
2022-ൽ ഒഡിഷയിലെ ഗഞ്ചാമിൽ നിന്നുള്ള സാരിയാണ് ചർച്ചയായത്. ബ്രൗൺ നിറത്തിലുള്ള ഈ ബ്രോംകായ് സാരിക്ക് ഓഫ്-വൈറ്റ് ബോർഡറാണുണ്ടായിരുന്നത്. ഗഞ്ചാമിലെ കൈത്തറി തൊഴിലാളികൾക്കുള്ള ആദരമായാണ് അന്ന് ആ സാരി ധരിച്ചത്.
2021-ൽ ഹൈദരാബാദിലെ പോച്ചംപള്ളിയിൽ നെയ്‌തെടുത്ത പട്ടുസാരിയായിരുന്നു ഔട്ട്ഫിറ്റ്. ചുവപ്പ്, ഓഫ് വൈറ്റ് നിറങ്ങളോട് കൂടിയ ഈ സാരിയിൽ ഇക്കാട്ട് പാറ്റേണുകളും നേരിയ പച്ച ബോർഡറും ഉണ്ടായിരുന്നു.
2020-ൽ തിളക്കമുള്ള മഞ്ഞ പട്ടുസാരിയും അതേ നിറത്തിലുള്ള ബ്ലൗസുമായിരുന്നു വേഷം. നേരിയ നീല ബോർഡറായിരുന്നു ഇതിന്റെ പ്രത്യേകത.
2019-ൽ തന്റെ ആദ്യ ബജറ്റ് അവതരണത്തിനായി ഗോൾഡൻ ബോർഡറുള്ള ലളിതമായ കടുംപിങ്ക് മംഗൾഗിരി സാരിയായിരുന്നു അവർ ധരിച്ചിരുന്നത്.
Content Highlights: nirmala sitharamans budget day sarees from 2019 to 2026