ചില വിജയ കിരീടങ്ങൾ ശിരസ്സിലല്ല, ഹൃദയത്തിലാണ് തങ്ങിനിൽക്കുക; മിസ്‌വേൾഡ് പരാജയത്തെക്കുറിച്ച് മിസ് ഇന്ത്യ

മിസ് വേൾഡ് 2026ൽ കിരീടം നേടാൻ സാധിച്ചില്ലെങ്കിലും നിരാശയിലല്ലെന്നും മത്സര അനുഭവം വിലമതിക്കാനാവാത്ത ഒന്നാണെന്നും ഫെമിന മിസ് ഇന്ത്യ നികിത പോർവാൾ. മത്സരത്തിന് ശേഷം സോഷ്യൽ മീഡിയയിൽ കുറിച്ച വൈകാരികമായ കുറിപ്പിലാണ് മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച നികിത മനസ്സുതുറന്നത്.
'കിരീടമില്ലാതെ വീട്ടിലേക്ക് മടങ്ങിയെത്തുന്നതാണ് ഏറ്റവും കഠിനമെന്നാണ് ഞാൻ കരുതിയത്. എനിക്ക് തെറ്റി. എന്നോടൊപ്പം വീട്ടിലേക്കെത്തിയ സ്‌നേഹത്തിനും കരുതലിനും മതിയായ വാക്കുകൾ കണ്ടെത്തുകയായിരുന്നു യഥാർഥത്തിൽ കഠിനം.' നികിത പറയുന്നു. മത്സരത്തിൽ കിരീടം സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിലും ഇന്ത്യയെ ആഗോള വേദിയിൽ പ്രതിനിധീകരിക്കാൻ കഴിഞ്ഞതാണ് തന്റെ ജീവിതത്തിലെ വലിയ ഭാഗ്യമെന്നും അവർ പറഞ്ഞു.
ഇന്ത്യയെ പ്രതിനിധീകരിച്ച് മിസ് വേൾഡ് വേദിയിൽ അയച്ചതിന് മിസ് ഇന്ത്യ ഓർഗനൈസേഷന് നന്ദി പറഞ്ഞ നികിത ആളുകൾ സ്‌റ്റേജിൽ കാണുന്നത് മിസ് വേൾഡ് യാത്രയിലെ വളരെക്കുറച്ച് ഭാഗം മാത്രമാണെന്നും കൂട്ടിച്ചേർത്തു. തന്റെ മെന്റർമാർക്കും നികിത നന്ദി പറയുന്നുണ്ട്.
'ഓരോ പാഠത്തിനും തിരുത്തലുകൾക്കും സംഭാഷണങ്ങൾക്കും നന്ദിയുണ്ട്. സ്വപ്‌നം കണ്ടപോലെ ഒരു മത്സരഫലവുമായല്ല ഞാൻ തിരിച്ചെത്തിയത്. എന്നാൽ കരുത്തയും സ്വതന്ത്രയും എന്നോടൊപ്പം ജീവിതകാലം മുഴുവനുണ്ടാകുന്ന പാഠങ്ങളുമായാണ് ഞാൻ മടങ്ങിയെത്തിയത്. മിസ് വേൾഡ് മത്സരത്തിന് ഞാൻ പോയത് കിരീടവുമായി മടങ്ങി വരാമെന്ന പ്രതീക്ഷയിലാണ്. എന്നാൽ ആ യാത്രയിൽ എവിടെയോ വച്ച് ഞാനൊരിക്കലും കണ്ടില്ലാത്ത ഒരു കുടുംബത്തെയാണ് എനിക്ക് ലഭിച്ചത്.
മത്സരവുമായി ബന്ധപ്പെട്ട ഏറ്റവും വിചിത്രവും മനോഹരവുമായ കാര്യം മത്സരാർഥിക്ക് അവർക്ക് വേണ്ടി നിലകൊള്ളുന്ന അക്കൗണ്ടുകളുടെ പിന്നിലെ മുഖങ്ങൾ അറിയില്ല എന്നതാണ്. ആരാണ് പുലർച്ചെ രണ്ടുമണിക്ക് വേണ്ടി നിങ്ങൾക്ക് വേണ്ടി എഡിറ്റ് ചെയ്യുന്നത് എന്ന് അറിയില്ല. നീണ്ട സന്ദേശങ്ങൾ എഴുതുന്നത് എന്ന് അറിയില്ല. കമന്റ് സെക്ഷനിൽ എനിക്ക് വേണ്ടി പോരാടുന്നത് എന്ന് അറിയില്ല. ഓരോ അപ്‌ഡേറ്റിനും അനുസരിച്ച് വിവരങ്ങൾ നൽകുന്നത് എന്നറിയില്ല. പക്ഷെ എങ്ങനെയോ അവരുടെ ഹൃദയങ്ങൾ നിങ്ങൾ അറിയും.' നികിത കുറിക്കുന്നു.
നികിത എന്ന പേരിന് പകരം ഇന്ത്യ എന്ന് വിളിക്കപ്പെട്ട നിമിഷങ്ങളെയും അവർ സന്തോഷത്തോടെ ഓർക്കുന്നുണ്ട്. കിരീടവുമായി വരണമെന്നാഗ്രഹിച്ചാണ് പോയത് എന്നും അതിനുവേണ്ടി കഠിനമായി പ്രയത്‌നിച്ചിരുന്നുവെന്നും അവർ പറയുന്നു. മടങ്ങിയെത്തിയത് മനോഹരമായ ഓർമകളും സൗഹൃദങ്ങളും സ്‌നേഹവും ആയാണ്. ചില വിജയകിരീടങ്ങൾ ശിരസ്സിലല്ല, എന്നന്നേക്കുമായി ഹൃദയത്തിലാണ് ഇരിപ്പുറപ്പിക്കുകയെന്നും കുറിപ്പിൽ അവർ പറയുന്നു.
മധ്യപ്രദേശിലെ ഉജ്ജയിൻ സ്വദേശിയായ നികിത പോർവാൾ നാടകരംഗത്തും മോഡലിംഗ് രംഗത്തും കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ്. കിരീടം കൈവിട്ടെങ്കിലും തോൽവികളിൽ തളരാതെ അഭിനയരംഗത്തും സാമൂഹിക സേവന രംഗത്തും സജീവമായി മുന്നോട്ടുപോകാനാണ് തന്റെ തീരുമാനമെന്ന് നികിത പറയുന്നു. തനിക്ക് ലഭിച്ച സ്‌നേഹത്തിന് നന്ദി പറഞ്ഞുകൊണ്ട് 'ഇത് ഒരു പുതിയ തുടക്കം മാത്രമാണ്' എന്ന് കുറിച്ചാണ് താരം കുറിപ്പ് അവസാനിപ്പിക്കുന്നത്.
Content Highlights: Nikita Porwal represented India at Miss World 2026., Expressed gratitude for the immense love and support from fans despite not winning the crown., Highlighted the life lessons, friendships, and global representation as her true victory., Plans to continue active involvement in acting and social service.